ഉമ്മന്‍ചാണ്ടി അറിയാന്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ 31 അഴിമതിക്കേസുകള്‍ ഉണ്ടെന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍െറ ആരോപണം ഉയര്‍ത്തിയ വിവാദം പെട്ടെന്ന് അവസാനിക്കുന്ന മട്ടില്ല. തിരുത്തിയില്ളെങ്കില്‍ വി.എസിനെതിരെ അപകീര്‍ത്തിക്കേസ് കൊടുക്കുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മുന്നറിയിപ്പ്. തന്‍െറ പേരില്‍ ഒരു എഫ്.ഐ.ആര്‍ (പൊലീസ് തയാറാക്കുന്ന പ്രഥമ വിവര റിപ്പോര്‍ട്ട്) പോലും ഇല്ളെന്ന് വാദിക്കുന്ന മുഖ്യമന്ത്രി അങ്ങനെയൊന്നുണ്ടെങ്കില്‍ കൊണ്ടുവരൂ എന്ന് അച്യുതാനന്ദനെ വെല്ലുവിളിക്കുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ 31 കേസുണ്ടെന്ന് ആരോപിച്ച അച്യുതാനന്ദന്‍െറ കണക്കില്‍ മന്ത്രിമാര്‍ക്കെല്ലാം കൂടി എതിരായി 136 കേസുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു കേസെങ്കിലും ഉണ്ടെന്ന് തെളിയിക്കൂ എന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി.

അച്യുതാനന്ദന്‍ തിരുത്തുമോ മുഖ്യമന്ത്രി കേസ് കൊടുക്കുമോ എന്ന് വരുംദിവസങ്ങളില്‍ വ്യക്തമാകും. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിയിലും വെല്ലുവിളിയിലും പുറമേക്ക് കാണാത്ത വലിയ പന്തികേടുണ്ട്. അഞ്ചുവര്‍ഷം ഭരിച്ച ഒരു മുഖ്യമന്ത്രി വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പറയേണ്ടത്, താനും തന്‍െറ മന്ത്രിസഭയിലെ അംഗങ്ങളും അഴിമതി മുക്തരാണെന്നാണ്. ഞങ്ങളുടെ മേല്‍ അഴിമതിയുടെ കറ പുരണ്ടിട്ടില്ളെന്നാണ്. താനും തന്‍െറ മന്ത്രിമാരും ക്ളീന്‍ ആണെന്നാണ്. യു.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കാഴ്ചവെച്ചത് അഴിമതിരഹിത ഭരണമാണ് എന്നാണ്. അഞ്ചുവര്‍ഷം അഴിമതിയില്ലാതെ ഭരിച്ച ഞങ്ങള്‍ക്കെതിരെ പ്രതിപക്ഷനേതാവ് ദുരാരോപണം ഉന്നയിക്കുകയാണ് എന്നാണ് ഉമ്മന്‍ചാണ്ടി പറയേണ്ടത്. എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ വിശദീകരണത്തിലെവിടെയും അങ്ങനെയൊരു അവകാശവാദമില്ല. എഫ്.ഐ.ആര്‍ ഉണ്ടെങ്കില്‍ കൊണ്ടുവരൂ എന്നല്ലാതെ തന്‍െറ ഭരണത്തില്‍ അഴിമതിയുണ്ടായില്ളെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ഇതുതന്നെയാണ് ഒരു മുഖ്യമന്ത്രിയുടെ വലിയ പരാജയം. ഒരു ഭരണമുന്നണിയുടെ അല്ളെങ്കില്‍ കക്ഷിയുടെ ഏറ്റവും വലിയ ബലഹീനത. ഈ ബലഹീനതയാണ് അച്യുതാനന്ദന്‍ അദ്ദേഹത്തിന്‍െറ ശൈലിയില്‍ മുതലാക്കുന്നത്. 

അച്യുതാനന്ദന്‍ ഉന്നയിച്ച കേസുകെട്ടിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയടക്കം വേറെയും മന്ത്രിമാര്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍, അവരും ഉമ്മന്‍ചാണ്ടി ഭരണം ക്ളീന്‍ ആയിരുന്നു എന്ന് അവകാശപ്പെടുന്നില്ല. കഴമ്പുള്ള ഒരു അഴിമതി ആരോപണം പോലും സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന് ഉയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് പോലും പറയാന്‍ കഴിയുന്നില്ല. എന്തുകൊണ്ടാണ് ഇവിടെ ഒരു ക്ളീന്‍ സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിച്ചുവെന്ന് മുഖ്യമന്ത്രിയോ സഹപ്രവര്‍ത്തകരോ അവകാശപ്പെടാത്തത്? സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്. അവരുടെ അനുഭവങ്ങളിലൂടെയും മാധ്യമങ്ങളിലൂടെ ലഭിക്കുന്ന അറിവുകളുടെയും അടിസ്ഥാനത്തില്‍. അങ്ങനെ വിലയിരുത്തുന്ന ജനങ്ങളില്‍ ഒരാള്‍പോലും യു.ഡി.എഫിന്‍്റെ അഞ്ചുവര്‍ഷത്തെ ഭരണം അഴിമതി തൊട്ടുതീണ്ടാത്തതാണെന്ന് വിശ്വസിക്കുന്നില്ല. ഈ സത്യം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നന്നായി അറിയാം. അതുകൊണ്ടാണ് അബദ്ധത്തില്‍ പോലും ‘ഈ സര്‍ക്കാര്‍ അഴിമതി മുക്തമാണ്’ എന്ന് അവരാരും പറയാത്തത്. അത്രയും സത്യസന്ധതയും തിരിച്ചറിവും നമ്മുടെ നേതാക്കള്‍ കാണിക്കുന്നു എന്നതില്‍ നമുക്ക് ആശ്വസിക്കാന്‍ വകയുണ്ട്.

ഇനി ആദ്യം പറഞ്ഞ എഫ്.ഐ.ആറിന്‍െറ കാര്യം. ഗുജറാത്തില്‍ 2002ല്‍ നടന്ന കലാപത്തില്‍ രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. ബഹുഭൂരിപക്ഷവും മുസ്ലിംകള്‍. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ സര്‍ക്കാരിന്‍െറ നിയന്ത്രണത്തില്‍ നടന്ന കൂട്ടക്കൊല എന്നാണ് നാമൊക്കെ ആ കലാപത്തെ വിശേഷിപ്പിക്കുന്നത്. ഇന്നത്തെ പ്രധാനമന്ത്രി അവിടെ മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തിനെതിരെ ഒരു പൊലീസുകാരനും എഫ്.ഐ.ആര്‍ ഇട്ടിട്ടില്ല. അതുതന്നെയാണ് ആര്‍.എസ്.എസുകാര്‍ നമ്മോട് ചോദിക്കുന്നത്: മോദിക്കെതിരെ ഒരു എഫ്.ഐ.ആര്‍ എങ്കിലും ചൂണ്ടിക്കാട്ടാമോ? എഫ്.ഐ.ആര്‍ ഇല്ളെങ്കില്‍ നിരപരാധിയാകുമോ? ഗുജറാത്തില്‍ കലാപത്തിന് നേതൃത്വം കൊടുത്ത മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും എങ്ങനെയാണ് കേസില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് നമുക്കറിയാം. എഫ്.ഐ.ആറില്‍ പേരുള്ളവര്‍ പോലും പിന്നീട് പ്രതികളല്ലാതായി. പ്രതികളായവര്‍ കോടതിയിലത്തെിയപ്പോള്‍ കുറ്റവാളികളല്ലാതായി. ഇതാണ് എഫ്.ഐ.ആറിന്‍െറ പൊരുള്‍. മധ്യപ്രദേശിലെ വ്യാപം തട്ടിപ്പ് കേസ് നാം മറന്നിട്ടില്ല. എം.ബി.ബി.എസ് പ്രവേശനത്തിനും സര്‍ക്കാര്‍ സര്‍വീസിലെ ചില ജോലികള്‍ക്കും പരീക്ഷ നടത്തുന്ന മധ്യപ്രദേശ് പ്രഫഷനല്‍ എക്സാമിനേഷന്‍ ബോര്‍ഡിലൂടെ വന്‍ അഴിമതിയാണ് നടന്നത്. ബി.ജെ.പി ഭരണത്തില്‍ കുറേക്കാലമായി ഇതുതുടരുകയായിരുന്നു. തട്ടിപ്പിലെ പ്രധാന കണ്ണികള്‍ ബി.ജെ.പിയുടെ പ്രമുഖ നേതാക്കള്‍. മുഖ്യമന്ത്രി ശിവ്രാജ്സിങ് ചൗഹാനെതിരെയും ആരോപണം ഉയര്‍ന്നു. അപ്പോഴും ബി.ജെ.പിക്കാര്‍ ചോദിച്ചു: മുഖ്യമന്ത്രിക്കെതിരെ ഒരു എഫ്.ഐ.ആര്‍ എങ്കിലും ഉണ്ടൊ?

ഇന്ത്യയില്‍ ഏറ്റവും കൊടിയ അഴിമതി നടന്നത് രണ്ടാം യു.പി.എ സര്‍ക്കാരിന്‍െറ കാലത്താണ് (2009-2014). അഴിമതിയുടെ വ്യാപ്തി അക്കങ്ങള്‍ കൊണ്ട് മനസ്സിലാവുന്നതിന് അപ്പുറത്തേക്ക് പോയി. സ്പെക്ട്രം ഇടപാടില്‍ സര്‍ക്കാരിന് നഷ്ടപ്പെട്ടത് 1.86 ലക്ഷം കോടി രൂപയാണ്. കല്‍ക്കരി പാടത്ത് ആവിയായ കോടികള്‍ അതിലുമധികം വരും. ഈ സര്‍ക്കാരിനെ നയിച്ച മന്‍മോഹന്‍ സിങ്ങിനെതിരെ ഒരു എഫ്.ഐ.ആര്‍ പോലും ഉണ്ടായിരുന്നില്ല. മന്‍മോഹന്‍ സിങ് അല്ല ഭരണം നിയന്ത്രിച്ചിരുന്നത് 10ാം നമ്പര്‍ ജന്‍പഥില്‍ നിന്നായിരുന്നുവെന്ന് മന്‍മോഹന്‍െറ മാധ്യമ ഉപദേശകനും മുഖ്യവക്താവുമായിരുന്ന സഞ്ജയ ബാരു ‘ദ ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍’ എ ഗ്രനഥത്തില്‍ വ്യക്തമായി പറയുന്നുണ്ട്. എന്നിട്ടെന്താ 10ാം നമ്പര്‍ ജന്‍പഥിലെ ഗുണഭോക്താക്കള്‍ക്കെതിരെ ആരെങ്കിലും എഫ്.ഐ.ആര്‍ ഇട്ടോ. എന്നാല്‍ ഒരു കാര്യം ശ്രദ്ധേയമാണ്. 2014ല്‍ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി അവകാശപ്പെട്ടിരുന്നില്ല, അവരുടെ ഭരണം ക്ളീന്‍ ആണെന്ന്. ഇപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ അവകാശപ്പെടാത്തതുപോലെ. എന്നാല്‍, വ്യക്തിപരമായി മന്‍മോഹന്‍ അഴിമതിക്കാരനല്ലല്ളോ എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. എഴുതിയത് വായിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ വ്യത്യാസമുണ്ട്. ഉമ്മന്‍ചാണ്ടി വ്യക്തിപരമായി അഴിമതിക്കാരനല്ലല്ളോ എന്ന് ആരും പറയുന്നതായി നാം കേള്‍ക്കുന്നില്ല. എന്തുകൊണ്ട്?

സരിതാനായരുടെ സോളാര്‍ തട്ടിപ്പു കമ്പനിയുമായി ബന്ധം പുലര്‍ത്തിയെന്ന ആരോപണം വന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ പ്രധാനികളായിരുന്ന ടെന്നി ജോപ്പനെയും ജിക്കുമോന്‍ ജേക്കബിനെയും സലിം രാജിനെയും പുറത്താക്കേണ്ടി വന്നത്. ആരോപണം നിയമസഭയിലും പുറത്തും ഉയര്‍ന്നിട്ടും ഈ മൂന്നുപേരെയും രക്ഷപ്പെടുത്താനായിരുന്നു മുഖ്യമന്ത്രി ശ്രമിച്ചത്. തന്‍െറ നിലനില്‍പ്പ് കൂടി അപകടത്തിലാവുന്ന ഘട്ടത്തിലാണ് ഇവരെ പുറത്താക്കിയത്. അവരിപ്പോള്‍ തട്ടിപ്പു കേസിലെ പ്രതികളാണ്. സലിം രാജിന്‍െറ പേരില്‍ ഭൂമി തട്ടിപ്പ് കേസുകളുമുണ്ട്. ഉമ്മന്‍ചാണ്ടിയെ അടുത്തറിയുന്നവര്‍ക്കറിയാം ജോപ്പനും ജിക്കുമോനും സലിം രാജും ആരായിരുന്നുവെന്ന്. കേരളത്തില്‍ മറ്റൊരു മുഖ്യമന്ത്രിയുടെ സ്റ്റാഫിലും ഇതുപോലെ ക്രിമിനലുകള്‍ കടന്നുകൂടിയിട്ടില്ല. എഫ്.ഐ.ആര്‍ എവിടെ എന്നല്ളേ ചോദിച്ചത്? എഫ്.ഐ.ആര്‍ അല്ല, കുറ്റപത്രം തന്നെയുണ്ട് ഇവരുടെയൊക്കെ കയ്യില്‍. 

എഫ്.ഐ.ആറിന്‍െറ കാര്യം ചോദിക്കുമ്പോള്‍ മറ്റുചിലതു കൂടി പറയണം. ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ ഇട്ടിരുന്നു. പരാതി വന്നപ്പോള്‍ ചെയ്തതല്ല. കോടതി ആവശ്യപ്പെട്ടപ്പോള്‍ ചെയ്യേണ്ടിവന്നു. ബാര്‍ ഉടമകളില്‍ നിന്ന് മാണി കോഴ വാങ്ങിയെ ന്ന ആരോപണം അന്വേഷിച്ചത് ക്രൈം ബ്രാഞ്ച് എസ്.പി ആര്‍. സുകേശനായിരുന്നു. ആരോപണത്തില്‍ കഴമ്പുണ്ടെന്നും കേസില്‍ കുറ്റപത്രം നല്‍കാന്‍ തെളിവുകളുണ്ടെന്നും സുകേശന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന് റിപ്പോര്‍ട്ട് നല്‍കി. വിജിലന്‍സ് ഡയറക്ടര്‍ ആ റിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്തില്ല. പകരം മറ്റൊന്ന് എഴുതിയുണ്ടാക്കി കോടതിയില്‍ കൊടുത്തു. കോടതി അത് സ്വീകരിച്ചില്ല. ഹൈകോടതി വിജിലന്‍സ് ഡയറക്ടറുടെ അധികാര ദുര്‍വിനിയോഗത്തെ വിമര്‍ശിച്ചു. തുടരന്വേഷണത്തിന് കോടതി നിര്‍ദേശിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി മാണിക്ക് അനുകൂലമായി റിപ്പോര്‍ട്ട് ഉണ്ടാക്കി. ആദ്യം മാണിക്കെതിരെ റിപ്പോര്‍ട്ട് കൊടുത്ത സുകേശനെ കള്ളക്കേസില്‍ പെടുത്തി. ഇതാണ് മന്ത്രിക്കെതിരായ പരാതി അന്വേഷിച്ച എസ്.പിയുടെ അനുഭവം. ഡി.ജി.പി പദവിയിലുള്ള ജേക്കബ് തോമസിനെ സര്‍ക്കാര്‍ മൂലക്കിലിരുത്തിയത് മന്ത്രിമാര്‍ ഉള്‍പ്പെട്ട അഴിമതിക്കേസ് ന്യായമായി അന്വേഷിച്ചതിനായിരുന്നു. ജേക്കബ് തോമസിനെ സര്‍ക്കാര്‍ പീഡിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം വരുമ്പോള്‍ അന്വേഷണം എങ്ങനെയുണ്ടെന്ന് സൂചിപ്പിക്കാനാണ് ഈ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചത്. 

പൊതുപ്രവര്‍ത്തകരുടെ അഴിമതി അന്വേഷിക്കാനുള്ള വിജിലന്‍സിനെ നോക്കുകുത്തിയാക്കിയെന്ന സംശയം ഹൈകോടതി തന്നെയാണ് പ്രകടിപ്പിച്ചത്. മന്ത്രിമാര്‍ക്കെതിരായ പരാതികള്‍ വിജിലന്‍സ് അന്വേഷിച്ചാല്‍ എന്തായിരിക്കും ഫലമെന്ന് മുന്‍കൂട്ടി പറയാം. എക്സൈസ് മന്ത്രി കെ. ബാബുവിനെതിരായ അന്വേഷണത്തിന്‍െറ ഗതി എന്തായെന്ന് നമുക്കറിയാം. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ചോദിക്കുന്നത്, എഫ്.ഐ.ആര്‍ ഉണ്ടെങ്കില്‍ കാണിക്കൂ എന്നത്. പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയെന്ന ആരോപണം വന്നാല്‍ അന്വേഷിക്കാനുള്ള സംവിധാനം സ്വതന്ത്രമായിരിക്കണം. സര്‍ക്കാരിന്‍െറ പല ഡിപ്പാര്‍ട്മെന്‍റുകളില്‍ ഒന്നായി അത് നിലനിന്നാല്‍ മന്ത്രിമാര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഉണ്ടാകില്ല. മുന്‍ മന്ത്രിമാര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഉണ്ടാവുകയും ചെയ്യും. നിയമനിര്‍മാണത്തിലൂടെ ഒരു സ്വതന്ത്ര സംവിധാനം രൂപീകരിക്കാവുന്നതേയുള്ളു. അത്തരമൊരു സംവിധാനം വന്നശേഷം ‘തനിക്കെതിരെ എഫ്.ഐ.ആര്‍ എവിടെ’ എന്ന് ഒരു മുഖ്യമന്ത്രി ചോദിച്ചാല്‍ അതില്‍ യുക്തിയുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.