ട്രംപിന്റെ അലക്ഷ്യ യുദ്ധത്തിന് അർധവിരാമം

ദീർഘകാല സമാധാനം പശ്ചിമേഷ്യയിൽ കൈവരണമെങ്കിൽ അമേരിക്കയുടെ നയസമീപനങ്ങളിൽ കാതലായ മാറ്റം വരണം. അമേരിക്ക ലോകപൊലീസിന്റെ റോൾ ഉപേക്ഷിക്കുകയാണ് അതിന് ആദ്യം വേണ്ടത്.

ഒട്ടും ന്യായീകരണമില്ലാത്ത ഒരു യുദ്ധം ഇറാനുമേൽ അടിച്ചേൽപിച്ച് ആ രാജ്യത്തിനു മാത്രമല്ല, ലോകത്തിനുതന്നെ ദുരിതം വിതറിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും കൂട്ടാളി ബിന്യമിൻ നെതന്യാഹുവിനും യുദ്ധലക്ഷ്യങ്ങളിൽ ഒന്നും നേടാതെ പൊടുന്നനെ നിർത്തേണ്ടിവന്നിരിക്കുന്നു. രണ്ടാഴ്ചത്തെ സോപാധിക വെടിനിർത്തലിനും സമാധാന ചർച്ചകൾക്കുമുള്ള ധാരണയിലാണ് നാൽപത് ദിവസത്തെ സൈനിക നടപടികൾ തൽക്കാലം നിർത്തിവെക്കുന്നതായി പ്രഖ്യാപനമുണ്ടായത്. പാകിസ്താൻ, തുർക്കിയ, ഈജിപ്ത്, പിന്നണിയിൽ ചൈന എന്നിവർ മുൻകൈയെടുത്താണ് ഇത്തരമൊരു ധാരണ രൂപപ്പെടുത്തിയത്. അതനുസരിച്ച് ഇന്ന്, ഏപ്രിൽ 10ന്, പാക് തലസ്ഥാനമായ ഇസ്‍ലാമാബാദിൽ ഉഭയകക്ഷി ചർച്ചകൾ തുടങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

നാൽപത് ദിവസം മേഖലയിൽ ആകാശവും ഭൂമിയും സംഘർഷഭരിതമായതോടെ കുഞ്ഞുങ്ങളും രോഗികളും ഉൾപ്പെടെ രണ്ടായിരത്തിനു മേൽ പേർ ഇറാനിലും അഞ്ഞൂറിലധികം പേർ ലബനാനിലും മരിക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്. പതിനായിരങ്ങൾക്ക് പരിക്കേറ്റു. വ്യോമാക്രമണങ്ങളിലൂടെ അടിസ്ഥാന സൗകര്യ സംവിധാനങ്ങൾക്കും കനത്ത നാശമുണ്ടായി. തിരിച്ചടിയായി അമേരിക്കൻ താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ എണ്ണ-പ്രകൃതിവാതക വ്യവസായത്തെ ഏതാനും വർഷത്തേക്ക് പിറകോട്ടടിപ്പിക്കുന്ന നഷ്ടങ്ങളാണുണ്ടായത്. ഇതിനു പുറമെയാണ് ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചതിന്റെ ഫലമായുണ്ടായ വ്യവസായ-വ്യാപാര സ്തംഭനവും സാമ്പത്തിക മാന്ദ്യവും. ഗൾഫിലെ പ്രവാസി ഇന്ത്യക്കാർ ഉൾപ്പെടെ വലിയ ജനവിഭാഗത്തിന് ജീവിതോപാധികളിലുണ്ടായ നഷ്ടവും ആശങ്കയും വേറെയും. യുദ്ധത്തിൽ കേട്ടു കേൾവിയില്ലാത്ത രീതിയിൽ ഇറാന്റെ രാഷ്ട്രത്തലവനെയും കുടുംബത്തെയും ഭരണനേതൃത്വത്തെയും വധിച്ചുകൊണ്ടായിരുന്നു അമേരിക്കയും ഇസ്രായേലും ഫെബ്രുവരി 28ന് ആക്രമണം തുടങ്ങിവെച്ചത്.

തുടർന്നുള്ള യാങ്കി-സയണിസ്റ്റ് തേരോട്ടം ഇറാന്റെ മുൻ സുരക്ഷാ തലവനും മുതിർന്ന ഉപദേശകനുമായ അലി ലാരിജാനി, സൈന്യത്തലവൻ അബ്ദുറഹീം മൂസവി ഉൾപ്പെടെയുള്ളവരെ വധിച്ചുകൊണ്ടായിരുന്നു. ഇതിനിടയിൽ ഇടക്കിടെ ഗൾഫിലെ യു.എസ്-ഇസ്രായേലി സൈനിക കേന്ദ്രങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്ത് ഇറാനും ചെറുതല്ലാത്ത പ്രത്യാക്രമണം നടത്തി. ഇറാന്റെ മിസൈൽ-ഡ്രോൺ ശേഷിയെയും ആണവോർജ വികസനവും നിർവീര്യമാക്കിയേ അടങ്ങൂ എന്നുപറഞ്ഞു തുടങ്ങിയ യു.എസ് ആക്രമണങ്ങൾ പ്രസ്തുത ലക്ഷ്യങ്ങളിൽ ഒന്നും നേടിയില്ല. ഇറാന്റെ സൈനിക, വ്യവസായ ആസ്തികൾക്ക് ഭീമമായ നഷ്ടമുണ്ടായി. എന്നാൽ, മറുഭാഗത്ത് യുദ്ധത്തിന്റെ ലക്ഷ്യങ്ങളും ഇറാന് നൽകുന്ന മുന്നറിയിപ്പുകളും ഇടക്കിടെ മാറ്റിപ്പറഞ്ഞ് ട്രംപ് പരിഹാസ്യമാംവിധം അങ്കലാപ്പ് വെളിപ്പെടുത്തുകയായിരുന്നു. ഇടക്ക് ചില ഘട്ടങ്ങളിൽ തെഹ്റാനിലെ ഭരണമാറ്റവും ലക്ഷ്യമായി വിശദീകരിച്ചു ട്രംപും നെതന്യാഹുവും. യുദ്ധത്തിന് തൊട്ടുമുമ്പുവരെ ആഭ്യന്തര അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പ്രതിഷേധിച്ച ഇറാനിലെ പ്രതിപക്ഷ കക്ഷികളെയൊന്നും, പിന്നെ തെരുവിൽ ഭരണകൂടത്തെ താഴെയിറക്കാൻ ഒച്ചയിടുന്നതായി കണ്ടിട്ടില്ല. ഒരു വേള ഭരണാധികാരികളെ വധിക്കുക വഴി ഭരണം മാറി എന്ന് ആശ്വസിക്കുകകൂടി ചെയ്തു ട്രംപ്.

എണ്ണക്കടത്ത് ദുഷ്കരമായതോടെ വില കുതിച്ചുയർന്ന് ലോക സമ്പദ്‌വ്യവസ്ഥക്കുതന്നെ വലിയ ആഘാതമേൽപിച്ചു. ആഗോള എണ്ണ ഉൽപാദനത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകേണ്ട ഹുർമുസ് കടലിടുക്ക് അടച്ചതിനുപുറമെ ഗൾഫ് രാജ്യങ്ങളിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കുനേരെ ഇറാൻ നടത്തിയ ആക്രമണങ്ങളും കാരണം ഇന്ധന ലഭ്യതയിൽ വന്ന കുറവ് ഒരുവശത്ത്. ഒപ്പം കമ്പോള സമ്പദ് വ്യവസ്ഥയിലെ ഊഹക്കച്ചവടം വഴിയുള്ള വിലക്കയറ്റവും. ഹുർമുസിനു മേലുള്ള ഇറാൻ പിടിത്തം അവസാനിപ്പിക്കണമെന്ന ട്രംപിന്റെ വിശാലപദ്ധതി എവിടെയുമെത്താതെ നിൽക്കുന്നു. മാത്രമല്ല, സമാധാന ചർച്ചക്കായി മുന്നോട്ടുവെച്ച പത്തിന നിർദേശങ്ങളിൽ ഈ വിഷയത്തിൽ ഇറാൻ ഉറച്ച നിലപാടാണ് വ്യക്തമാക്കുന്നത്. അതുൾപ്പെടെ അമേരിക്കയുടെ പതിനഞ്ചിന നിർദേശങ്ങളുമായുള്ള ചേർച്ചയില്ലായ്മ പരിഹരിക്കപ്പെട്ടാലേ സമാധാന ചർച്ചയും മുന്നോട്ടുനീക്കാൻ കഴിയുകയുള്ളൂ.

ദീർഘകാല സമാധാനം പശ്ചിമേഷ്യയിൽ കൈവരണമെങ്കിൽ അമേരിക്കയുടെ നയസമീപനങ്ങളിൽ കാതലായ മാറ്റം വരണം. അമേരിക്ക ലോകപൊലീസിന്റെ റോൾ ഉപേക്ഷിക്കുകയാണ് അതിന് ആദ്യം വേണ്ടത്. അതിന്റെ അർഥം, ഇറാന്റെ ആണവശേഷിയും മിസൈൽ ശേഷിയും മുൻകൂറായി തടയണമെന്ന് തീരുമാനിച്ച രാഷ്ട്രമായ ഇസ്രായേലിന്റെ പിഴച്ച ബുദ്ധി കടമെടുക്കുന്നത് അമേരിക്ക നിർത്തണമെന്നാണ്. ഇറാന്റേതുപോലെ ഭൂവിസ്തൃതിയും ആണവ നിലയ സംരക്ഷണമടക്കമുള്ള ഏതു ലക്ഷ്യത്തിനും മരിക്കാൻ തയാറായി ചാടിയിറങ്ങുന്ന ഒരു ജനതയുമുള്ള ഒരു രാജ്യത്ത് എളുപ്പത്തിൽ പറ്റുന്ന ഒന്നല്ല ഇസ്രായേലുമായി കൂട്ടുചേർന്നുള്ള കളികൾ എന്ന് ഇനിയെങ്കിലും അമേരിക്ക മനസ്സിലാക്കണം. മിക്ക അന്താരാഷ്ട്ര നിരീക്ഷകരും ട്രംപിന്റെ സ്വന്തം റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളുൾപ്പെടെയുള്ളവരും വിദേശകാര്യ വിശാരദന്മാരുമൊക്കെ നിരീക്ഷിക്കുന്നത്, കാര്യമറിയാതെ, കൃത്യമായ യുദ്ധ ലക്ഷ്യവും കർമപരിപാടിയുമില്ലാതെ ഇസ്രായേലിന്റെ പ്രേരണയിൽ എടുത്തുചാടി നടത്തേണ്ട ഒന്നല്ല ഇതുപോലുള്ള സൈനിക സാഹസങ്ങൾ എന്നാണ്. ഈ പാഠങ്ങൾ അമേരിക്ക എത്രവേഗം പഠിക്കുന്നുവോ അത്രയും ലോക സമാധാനത്തിനും ആഗോള സമ്പദ് വ്യവസ്ഥക്കും നന്ന്.

Tags:    
News Summary - Trump's reckless war comes to a halt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.