പതിനൊന്ന് ദിവസം നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ കേരളത്തിന്‍റെ മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി. സതീശനെ കോൺഗ്രസ് ഹൈകമാന്‍ഡ് തീരുമാനിച്ചു. മേയ് 18ന് തിങ്കളാഴ്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ യു.ഡി.എഫിന് ലഭിച്ച ഐതിഹാസിക വിജയത്തിനുമേൽ കരിനിഴൽ വീഴ്ത്തി കഴിഞ്ഞ 11 ദിവസമായി കേരളത്തിലും ഡൽഹിയിലും മുഖ്യമന്ത്രിപദത്തിന്റെ പേരിൽ നടന്ന അവകാശത്തർക്കങ്ങൾക്കാണ് കഴിഞ്ഞ ദിവസം അറുതിയായത്.
ഭരണവിരുദ്ധ വികാരവും സാമൂഹിക ധ്രുവീകരണ രാഷ്ട്രീയവും ചർച്ചയാക്കി ജനങ്ങൾ നൽകിയ വമ്പിച്ച ഭൂരിപക്ഷം, വെറും ഗ്രൂപ് പോരുകളുടെയും വ്യക്തിതാൽപര്യങ്ങളുടെയും പേരിൽ തുലച്ചുകളയുന്ന കാഴ്ച ജനാധിപത്യവിശ്വാസികളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. പത്തുവർഷം ഭരിച്ച ഇടതുപക്ഷത്തെ കൈയൊഴിഞ്ഞ് അധികാരം യു.ഡി.എഫിന്‍റെ കൈകളിലേൽപിക്കുമ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തർക്കം ഇത്ര രൂക്ഷമാകുമെന്ന് ജനം പ്രതീക്ഷിച്ചതല്ല.
കോൺഗ്രസിന്റെ സഹജസ്വഭാവമായ ഗ്രൂപ് ഭിന്നതയടക്കം സകല അനൈക്യങ്ങളും മാറ്റിവെച്ച് ഒറ്റ ടീമായാണ് യു.ഡി.എഫ് ജനങ്ങളോട് വോട്ട് തേടിയത്. മികച്ച രീതിയിൽ അതിന് നേതൃത്വം നൽകാൻ വി.ഡി. സതീശന് ആവുകയും ചെയ്തു. എന്നാൽ, വമ്പൻ വിജയത്തിനു ശേഷം കോൺഗ്രസിനകത്തു നടന്ന അധികാരത്തിനു വേണ്ടിയുള്ള കിടമത്സരം പാർട്ടിക്കുള്ളിലെ ഗ്രൂപ് തർക്കമായല്ല, ജനഹിതത്തെ സംഘടനാ അധികാരമുപയോഗിച്ച് റാഞ്ചാനുള്ള കുതന്ത്രമായാണ് ജനങ്ങൾ കണ്ടത്-അതുകൊണ്ടാണ്, സാധാരണക്കാരും പൊതുസമൂഹവും സാംസ്കാരിക പ്രവർത്തകരുമെല്ലാം രൂക്ഷമായ പ്രതികരണങ്ങളുമായി മുന്നിട്ടിറങ്ങിയത്.
അൽപം വൈകിയാണെങ്കിലും അതുൾക്കൊള്ളാനും തിരിച്ചറിയാനും കോൺഗ്രസ് ഹൈകമാന്‍ഡിന് സാധിച്ചുവെന്നത് ശ്ലാഘനീയമാണ്. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നടത്തിയ വാർത്തസമ്മേളനം ഉയർന്ന നിലവാരം പുലർത്തുന്നതും ഗ്രൂപ്പുകൾക്കതീതമായി കോൺഗ്രസ് ഒറ്റക്കെട്ടായി നീങ്ങുമെന്ന സന്ദേശം കൈമാറുന്നതുമായിരുന്നു. അത് പൂർണാർഥത്തിൽ സാക്ഷാത്കരിക്കാനുള്ള ചുമതല മുഖ്യമന്ത്രിയെന്ന നിലയിൽ വി.ഡി. സതീശന്‍റെ മേൽ വന്നു ചേരുകയാണ്.
കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ടാണ് വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ നിയമസഭക്കകത്തും പുറത്തും അദ്ദേഹം കാഴ്ചവെച്ച വസ്തുതകളിലൂന്നിയുള്ള പോരാട്ട വീര്യം ഭരണസാരഥ്യത്തിലും അദ്ദേഹത്തിന് കരുത്താകുമെന്ന് പ്രതീക്ഷിക്കാം. വെറുമൊരു ഭരണമാറ്റത്തിനപ്പുറം, ജനാധിപത്യ മൂല്യങ്ങളിലും മതേതരത്വത്തിലും അടിയുറപ്പിച്ച ഒരു രാഷ്ട്രീയ സംസ്കാരത്തെ ശക്തിപ്പെടുത്തിയുള്ള ജനക്ഷേമ ഭരണമാണ് കേരളം പ്രതീക്ഷിക്കുന്നത്.
നീതി നിഷേധിക്കപ്പെട്ട ഒട്ടനവധി ജനവിഭാഗങ്ങൾ വലിയൊരു മാറ്റം കൊതിച്ചാണ് യു.ഡി.എഫിന് വോട്ട് ചെയ്തത്. അവരുടെ അവകാശങ്ങൾക്കുവേണ്ടി നിലയുറപ്പിക്കുമ്പോൾ സാമുദായിക നേതാക്കളുടെ അനാവശ്യ ഇടപെടലുകളും വിദ്വേഷ രാഷ്ട്രീയ വിത്തുകൾ മുളപ്പിക്കാനാഗ്രഹിക്കുന്നവരുടെ വംശീയ പ്രചാരണങ്ങളും തലപൊക്കുമെന്നുറപ്പ്. മുഖ്യമന്ത്രിപദ ലബ്ധിയെപ്പോലും വർഗീയമായി ചിത്രീകരിച്ച് അവർ വിഷപ്രയോഗങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അതിനെയെല്ലാം മറികടന്ന് പാർശ്വവത്കരിക്കപ്പെട്ടവരുടെയും സാധാരണക്കാരുടെയും ശബ്ദമായി മാറാൻ പുതിയ മുഖ്യമന്ത്രിക്ക് കഴിയണം.
കേരളത്തിന്റെ സാമൂഹിക ഐക്യം തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ കൃത്യമായ അകലത്തിൽ നിർത്താൻ പുതിയ ഭരണകൂടത്തിന് സാധിക്കണം. സാമുദായിക ധ്രുവീകരണത്തിലൂടെ അധികാരം നിലനിർത്താൻ ശ്രമിച്ചവർക്കുള്ള മറുപടിയായി സതീശന്റെ മതേതര നിലപാടുകളെ ജനങ്ങൾ ഹൃദയപൂർവം സ്വീകരിച്ചതിന്‍റെ പ്രതിഫലനമാണ് അദ്ദേഹത്തിന്‍റെ മുഖ്യമന്ത്രി പദവി. അതുകൊണ്ട്, ഭരണത്തിന്റെ ഓരോ ഘട്ടത്തിലും ഈ ജനകീയ പിന്തുണ നിലനിർത്താനും വിഭാഗീയതയുടെ കറപുരളാത്ത ഒരു മന്ത്രിസഭയെ നയിക്കാനും അദ്ദേഹത്തിന് വലിയ ഉത്തരവാദിത്തമുണ്ട്.
സങ്കുചിതമായ ജാതി-മത ചിന്തകൾക്കപ്പുറം എല്ലാവരെയും തുല്യമായി കാണുന്ന ഒരു ഭരണാധികാരിയെയാണ് കേരളം ഇന്ന് തേടുന്നത്. വികസനവും കരുതലുമാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്. അഴിമതിയില്ലാത്ത, സുതാര്യവും നീതിപൂർവകവുമായ ഒരു ഭരണം കാഴ്ചവെക്കാൻ വി.ഡി. സതീശന് സാധിക്കട്ടെ. ജനാധിപത്യം കൂടുതൽ അർഥവത്താകുന്ന, വിദ്വേഷമില്ലാത്ത ഒരു പുതിയ കേരളത്തിനായി നമുക്ക് കാത്തിരിക്കാം. പുതിയ മുഖ്യമന്ത്രിക്ക് ‘മാധ്യമം’ എല്ലാ ഭാവുകങ്ങളും നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.