ലോക്ഭവൻ നിയമസഭക്ക് പകരമാകരുത്

ഗവർണർ പദവി കേന്ദ്രത്തിന്റെ ‘റിമോട്ട് കൺട്രോൾ’ ആയി മാറുമ്പോൾ തകരുന്നത് ഫെഡറലിസത്തിന്റെ ആത്മാവാണ്

മ​​ന്ത്രിസഭ രൂപവത്കരിക്കുന്നതിന് അവകാശവാദമുന്നയിച്ച്, തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തമിഴക വെട്രി കഴകം നേതാവ് വിജയ് ഗവർണറെ കണ്ടത് ഭരണഘടനാപരമായി സാധുവും സാധാരണ നടപടിയുമായിരുന്നു. എന്നാൽ, ഭൂരിപക്ഷം തെളിയിക്കുന്നതിന് ആവശ്യമായ 118 എം.എൽ.എമാരുടെ പിന്തുണക്കത്തില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ വാശിപിടിച്ചത് അവിടെ അനിശ്ചിതത്വം സൃഷ്ടിച്ചു. ഗവർണറേക്കാൾ ജനാധിപത്യ ബോധമുള്ള രാഷ്ട്രീയകക്ഷികൾ പിന്തുണയുമായി മുന്നോട്ടുവന്നതോടെ പ്രതിസന്ധി നീങ്ങിയെങ്കിലും ഗവർണർ കാണിച്ച പിടിവാശി പല സംശയങ്ങളും ഉയർത്തുന്നുണ്ട്.

24 മണിക്കൂറിനുള്ളിൽ വിജയ് രണ്ടുതവണ സന്ദർശിച്ച്, സത്യപ്രതിജ്ഞക്ക് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഗവർണർ കൂട്ടാക്കാഞ്ഞത് ജനവിധി അട്ടിമറിക്കാനുള്ള സാവകാശം സൃഷ്ടിക്കാനാണോ എന്ന ആശങ്ക ടി.വി.കെ പ്രവർത്തകരിലുയർന്നിരുന്നു. കോൺഗ്രസും ഡി.എം.കെ സഖ്യകക്ഷികളായ ഇടതുപക്ഷവും ഗവർണറുടെ സമീപനത്തോട് വിയോജിപ്പ് രേഖപ്പെടുത്തി. ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധവും ജനാഭിലാഷത്തെ അവഹേളിക്കുന്നതുമാണെന്നാണ് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചത്.

തമിഴ്നാട് രാഷ്ട്രീയം കുറച്ചേറെ നാളുകളായി ഗവർണറും സർക്കാറും തമ്മിലെ സംഘർഷഭൂമിയാണ്. മുൻ ഗവർണർ ആർ.എൻ. രവിയുമായി എം.കെ. സ്റ്റാലിൻ സർക്കാർ നടത്തിയ ധീരമായ ഏറ്റുമുട്ടലുകൾ ഫെഡറലിസത്തെക്കുറിച്ച് മൗലികമായ ആലോചനകൾക്ക് നിമിത്തമാവുകയും ചെയ്തിരുന്നു. ഹിന്ദുത്വ ഇന്ത്യയിൽ ഫെഡറലിസം അട്ടിമറിക്കുന്നതിന് ഗവർണർ പദവി എങ്ങനെ ദുരുപയോഗിക്കുന്നുവെന്നതിന്‍റെ ക്ലാസിക് ഉദാഹരണമായി മാറുകയായിരുന്നു ഈ തർക്കം. ഒടുവിൽ കേസ് സുപ്രീംകോടതിയിലെത്തുകയും വിഭിന്നമായ ഭരണഘടനാ ബെഞ്ചുകളുടെ വിധികൾക്ക് നിദാനമാകുകയും ചെയ്തത് രാജ്യത്തിന്‍റെ സമകാലിക നിയമപോരാട്ടങ്ങളിലെയും ഫെഡറലിസവുമായി ബന്ധപ്പെട്ട സംവാദങ്ങളിലെയും സുപ്രധാന ഏടാണ്. സമാനമായ മറ്റൊരു തർക്കത്തിലേക്ക് തമിഴ്നാടിനെ തള്ളിവിടുമായിരുന്ന നടപടികളാണ് പുതിയ ഗവർണറുടെ ഭാഗത്തുനിന്നുമുണ്ടായത്.

സ്ഥിരതയുള്ള സർക്കാർ ഉറപ്പാക്കുക എന്നതിനപ്പുറം, നിയമസഭയുടെയും ജനവിധിയുടെയും അന്തസ്സത്ത മാനിക്കുകയാണ് ഗവർണറുടെ ചുമതല. അമിത ജാഗ്രതയുടെ പേരിൽ ഭരണഘടന ലംഘനം നടത്തുന്നത് തെരഞ്ഞെടുപ്പ് ഫലത്തെ ഗവർണർ അവഹേളിക്കുന്നതിന് തുല്യമാണെന്ന നിയമവിദഗ്ധരുടെ വിമർശനം ശ്രദ്ധേയമാണ്. ബി.​ജെ.പി ഭരണത്തിൽ ഗവർണർമാർ പദവി വിസ്മരിക്കുകയും രാഷ്ട്രീയ കുതിരക്കച്ചവടത്തിന്‍റെ ഭാഗമാവുകയും ചെയ്യുന്നത് പതിവാകുകയാണ്. ഗോവയിൽ ഭൂരിപക്ഷ പിന്തുണയുണ്ടായിട്ടും കോൺഗ്രസിന് സർക്കാർ രൂപവത്കരിക്കാൻ കഴിയാതെ പോയ സന്ദർഭത്തിൽ അവിടത്തെ ബി.ജെ.പി നേതൃത്വത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ആർലേക്കർ. ആർ.എസ്.എസ് രാഷ്ട്രീയ താൽപര്യങ്ങളെ കേരളത്തിലെയും തമിഴ്നാട്ടിലെയും ലോക്ഭവനുകളിൽ കുടിയിരുത്തുന്നതിൽ അദ്ദേഹം ബദ്ധശ്രദ്ധാലുവാണ്.

ഗവർണറല്ല, തെരഞ്ഞെടുക്കപ്പെട്ട സഭകളാണ് ജനങ്ങളുടെ ഇച്ഛയെ പ്രതിനിധീകരിക്കുന്നതെന്ന് 1994ലെ സുപ്രധാനമായ എസ്.ആർ. ബൊമ്മെ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ജനപ്രതിനിധികളുടെ വിശ്വാസം പരീക്ഷിക്കപ്പെടേണ്ടത് നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിലൂടെയാണ്. അല്ലാതെ ലോക് ഭവന്റെ മുറ്റത്തോ അദ്ദേഹത്തിന് എഴുതിക്കൊടുക്കുന്ന കടലാസിലോ അല്ല. ഭരണഘടനാവിരുദ്ധമായ വഴിയാണ് ഗവർണർ സ്വീകരിച്ചത്. ഏറ്റവും വലിയ കക്ഷിയെ ക്ഷണിച്ച് വിശ്വാസവോട്ടെടുപ്പിന് അവസരമുണ്ടാക്കണമെന്നും ഭൂരിപക്ഷം ലോക്ഭവനിൽ തെളിയിക്കേണ്ടതല്ലെന്നും ശക്തമായി പറയുന്നത് ബി.ജെ.പി സർക്കാറിന്റെ മുൻ അറ്റോണി ജനറൽ മുകുൾ റോഹ്തഗിയെപ്പോലെയുള്ള പ്രമുഖ നിയമവിദഗ്ധരാണ്.

ഗവർണർപദവി കേന്ദ്രത്തിന്റെ ‘റിമോട്ട് കൺട്രോൾ’ ആയി മാറുമ്പോൾ തകരുന്നത് ഫെഡറലിസത്തിന്റെ ആത്മാവാണ്. സർക്കാറിയ കമീഷൻ റിപ്പോർട്ട്, പഞ്ചി കമീഷൻ ശിപാർശകൾ, സുപ്രീംകോടതിയുടെ വ്യത്യസ്ത വിധികൾ എന്നിവയെല്ലാം ഗവർണറെ ജനപ്രതിനിധിസഭയുടെ സഹായിയായിട്ടാണ് കാണുന്നത്, അല്ലാതെ യജമാനനായിട്ടല്ല. ഭരണസ്ഥിരത ഉറപ്പുവരുത്തേണ്ട ബാധ്യത ഗവർണറിൽ മാത്രം നിക്ഷിപ്തമല്ല. സഭയും അവിടെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പുമാണ് ഭരണ സ്ഥിരത ഉറപ്പുവരുത്തുന്ന വേദി. അതാണ് ശരിയായ ജനാധിപത്യപരമായ നിലപാട്. പിന്തുണക്കത്തുകൾ മുൻകൂട്ടി ആവശ്യപ്പെടുന്നത് രാഷ്ട്രീയ കുതിരക്കച്ചവടം തടയാനല്ല, മറിച്ച് ജനവിധിയെ അട്ടിമറിക്കാനാണെന്ന സംശയം ഇന്ന് ശക്തമാണ്. പിന്തുണക്കുന്ന എം.എൽ.എമാരുടെ കത്ത് ലഭ്യമാക്കി സത്യ​പ്രതിജ്ഞക്ക് വഴിയൊരുക്കി വിജയ് ഗവർണറുമായുള്ള ആദ്യമത്സരത്തിൽ വിജയിച്ചാണ് മുഖ്യമന്ത്രിപദമേറുന്നത്.

Tags:    
News Summary - Lok Bhavan should not be a substitute for the Legislative Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.