നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കാരണങ്ങൾ പഠിച്ചു തിരുത്തി തിരിച്ചുവരുമെന്നാണ് കഴിഞ്ഞദിവസം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചത്. പാർട്ടി പ്രവർത്തകരിൽനിന്നും പൊതുജനങ്ങളിൽനിന്നുമൊക്കെ പ്രതികരണങ്ങൾ ആരായാൻ പാർട്ടി തലത്തിൽ വിപുലമായ നീക്കങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പരാജയം അപ്രതീക്ഷിതമായിരുന്നുവെന്നും എത്ര കയ്പുള്ളതായാലും അണികൾക്ക് പറയാനുള്ളത് കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവർത്തകർക്ക് നിർഭയമായി കാര്യങ്ങൾ അവതരിപ്പിക്കാൻ വേദിയൊരുക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയും പ്രസ്താവിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മൂന്നുദിവസത്തെ നിശ്ശബ്ദതക്കുശേഷം, പിണറായി വിജയൻ ആദ്യമായി പൊതു പ്രസ്താവന പുറപ്പെടുവിച്ചപ്പോഴും, ജനാധിപത്യപരമായ തുറന്ന പരിശോധനയുണ്ടാകുമെന്നാണ് പറഞ്ഞത്. തിരുത്തിനുള്ള സന്നദ്ധത സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രകടിപ്പിച്ചു. പത്തു വർഷത്തെ ഭരണത്തെക്കുറിച്ചും അക്കാലയളവിലെ ഇടതുമുന്നണി പ്രവർത്തനങ്ങളെക്കുറിച്ചും കാര്യമായൊരു തിരിഞ്ഞുനോട്ടം ആവശ്യമാണെന്ന് നേതൃത്വം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നാണ് ഈ പ്രതികരണങ്ങളത്രയും സൂചിപ്പിക്കുന്നത്.
ഫലം വന്നയുടൻ നേതൃത്വത്തിലെ ചിലർ നടത്തിയ പ്രതികരണങ്ങൾ ഇങ്ങനെയായിരുന്നില്ല. ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടർമാരെ സ്വാധീനിച്ചതിനാലുള്ള അനർഹമായ പരാജയം എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് വിലയിരുത്തിയത്. എം.എം. മണി ഉൾപ്പെടെയുള്ള ചില നേതാക്കളും വോട്ടർമാരുടെ ‘നന്ദികേട്’ എടുത്തുകാട്ടി പരാജയകാരണങ്ങളിലേക്ക് പോകാൻ വിസമ്മതിച്ചപ്പോഴാണ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കാര്യങ്ങൾ പഠിക്കേണ്ടതുണ്ടെന്ന തിരിച്ചറിവിലേക്ക് സി.പി.എമ്മും ഇടതുമുന്നണിയും എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പാനന്തരം, ഒന്നാമത്തെ തിരുത്ത് എന്ന നിലയിൽ ഈ നിലപാട് സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെയാണ്.
നമ്മുടെ നാട്ടിൽ ഇടതുപക്ഷത്തിന്റെ നിലനിൽപ് പ്രതിയോഗികൾപോലും ആഗ്രഹിക്കുന്നതാണ്. കമ്യൂണിസ്റ്റ് പാർട്ടികളും അവയുടെ കൂട്ടായ്മകളും ഇടത്-സോഷ്യലിസ്റ്റ് മൂല്യങ്ങളിൽനിന്ന് വ്യതിചലിക്കുന്നുവെന്ന വിമർശനം ആ ആഗ്രഹത്തിന്റെ ഭാഗമാണ്. തുടക്കത്തിൽ അതൊരു ഉൾപ്പാർട്ടി വിമർശനമായിരുന്നുവെങ്കിൽ പിന്നീട് ഭരണവൈകല്യങ്ങൾ ചൂണ്ടിക്കാട്ടി പൊതുസമൂഹം തന്നെ ഈ വിമർശനം ഏറ്റെടുത്തു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയൻ നയിച്ച സർക്കാറിന്റെ പല നയങ്ങളും ‘ജനകീയ ബദൽ’ എന്ന ഇടതുസംസ്കാരത്തെ വെല്ലുവിളിച്ച് മുതലാളിത്ത വികസന നയങ്ങളിലേക്ക് വ്യതിചലിച്ചപ്പോൾ ഇത്തരം വിമർശനങ്ങൾ അതിരൂക്ഷമായിത്തന്നെ ഉയർന്നു.
എന്നാൽ, ആ സന്ദർഭങ്ങളിലൊന്നും ജനങ്ങളെ കേൾക്കാൻ സർക്കാറും പാർട്ടിയും തയാറായില്ല; പകരം, വിമർശനങ്ങൾ ഉയർത്തിയ വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും മാധ്യമങ്ങൾക്കുമെതിരെ സമാനതകളില്ലാത്ത ഗൂഢാലോചന സിദ്ധാന്തങ്ങൾ അവതരിപ്പിച്ച് പ്രതിരോധം തീർക്കുകയായിരുന്നു. പാർട്ടി അടിമത്തവും പിണറായി വിജയൻ എന്ന നേതാവിനോടുള്ള ആരാധനയും മൂത്ത് നേതൃത്വവും അണികളുമെല്ലാം ഈ സിദ്ധാന്തങ്ങൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ വലിയ പ്രചാരണം നൽകി പാർട്ടിക്ക് രക്ഷാകവചമൊരുക്കിയപ്പോൾ ജനവികാരം സമ്പൂർണമായും അവഗണിക്കപ്പെട്ടു. പാർലമെന്റ്, തദ്ദേശ, ഉപതെരഞ്ഞെടുപ്പുകളിലൂടെ ജനം മുന്നറിയിപ്പ് നൽകിയപ്പോഴും പാർട്ടിയും നേതൃത്വവും അവഗണിച്ചു. ഒടുവിൽ വൻ പതനമാണ് സി.പി.എമ്മിനും ഇടതുമുന്നണിക്കുമുണ്ടായത്; രാജ്യസഭയിലേക്ക് സ്വന്തമായി ഒരാളെ അയക്കാനുള്ള ശക്തിപോലും ഇടതുമുന്നണിക്ക് നഷ്ടമായിരിക്കുകയാണ്. ഇങ്ങനെയൊരു അവസ്ഥയിലേക്ക് എങ്ങനെ നിപതിച്ചുവെന്ന് അവർ എത്രയും വേഗത്തിൽ ആലോചിക്കട്ടെ.
നയപരവും ഭരണപരവും സംഘടനാപരവുമായ വീഴ്ചകൾ സി.പി.എമ്മിനും ഇടതുമുന്നണിക്കും സംഭവിച്ചുവെന്ന് പിണറായിയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ അവസാന അഞ്ചുവർഷങ്ങൾ വിലയിരുത്തുന്ന ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇടതുമുന്നണിയുടെ അടിസ്ഥാന നയങ്ങളെപ്പോലും വെല്ലുവിളിച്ചുള്ള, പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടുന്നതടക്കം, ഒട്ടേറെ നീക്കങ്ങൾ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായി. സി.പി.എമ്മിന്റെ ദേശീയ നേതൃത്വത്തിനും ഘടകകക്ഷികൾക്കുമെല്ലാം തങ്ങളുടെ നിസ്സഹായാവസ്ഥ ആ നിമിഷങ്ങളിൽ പ്രകടിപ്പിക്കേണ്ടിവന്നു. കെട്ടിട നിർമാണ പെർമിറ്റ് ഫീ ഉൾപ്പെടെ കൂട്ടിയതും ലൈഫ് പദ്ധതി ഏതാണ്ട് നിശ്ചലാവസ്ഥയിലായതും പി.എസ്.സി നിയമനങ്ങൾക്ക് വേഗക്കുറവുണ്ടായതും ആരോഗ്യ വകുപ്പിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും ഉയർന്നുകേട്ട വിമർശനങ്ങളുമെല്ലാം ഭരണപരമായ വീഴ്ചകൾ തന്നെയായിരുന്നു.
കേരളത്തിന്റെ സാമുദായിക സൗഹാർദത്തെ തകർക്കും വിധത്തിലെ വിദ്വേഷ പ്രവർത്തനങ്ങൾ നടത്തുന്നവരെ ഒപ്പം നടത്തിയത് മതനിരപേക്ഷ സമൂഹത്തെ ഒന്നടങ്കം നടുക്കി. ഇവയെല്ലാം യഥാസമയം വിമർശിക്കപ്പെട്ടുവെങ്കിലും അവയൊന്നും പരിഗണിക്കപ്പെട്ടില്ല. സ്വാഭാവികമായും അതൊരു ഭരണവിരുദ്ധ വികാരമായി പരിണമിച്ചു. നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിലും സമാനമായ വികാരമുണ്ടായിരുന്നുവെന്നാണ് വിമതരുടെ തെരഞ്ഞെടുപ്പ് വിജയവും പിണറായിയുടെ മണ്ഡലമായ ധർമടത്തെ വോട്ടിങ് പാറ്റേണും വ്യക്തമാക്കുന്നത്. അവയെല്ലാം ചേർന്നുവന്നപ്പോഴാണ് സഭയിലെ ആളെണ്ണം 35ലൊതുങ്ങിയത്. ചരിത്രത്തിൽ, ഇടതുപക്ഷം മുമ്പും പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്; തിരിച്ചുവന്നിട്ടുമുണ്ട്. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ പരാജയം ഒന്നിന്റെയും അവസാനമല്ലെന്നുതന്നെ പറയാം. നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിൽ ഇനിയും സക്രിയമായ ഒരു ഇടതുപക്ഷം അനിവാര്യമാണെന്നിരിക്കെ സി.പി.എമ്മിനും ഇടതുമുന്നണിക്കും ഇടതുമൂല്യങ്ങൾ വീണ്ടെടുത്താൽ ഇനിയുമൊരു തിരിച്ചുവരവ് ആകാവുന്നതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.