ദയനീയ പതനത്തിന്റെ പാഠങ്ങൾ

വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രമോട്ടർമാർക്ക് പിന്തുണയൊരുക്കി കേരളത്തിന്റെ സാമൂഹികശരീരത്തെ ദുർബലപ്പെടുത്തുന്ന അപായകരമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഇടതുമുന്നണിയുടെ ജനദ്രോഹത്തിന് മതനിരപേക്ഷ, മാനവികകേരളം നൽകിയ കനത്ത പ്രഹരമാണീ ജനവിധി

കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ നൂറു കടന്ന ഭൂരിപക്ഷത്തിന് ഐക്യജനാധിപത്യ മുന്നണി, തുടർച്ചയായി രണ്ടൂഴം ഭരിച്ച ഇടതു ജനാധിപത്യമുന്നണിയെ അധികാരത്തിൽനിന്നു പുറന്തള്ളി ഭരണം പിടിച്ചിരിക്കുന്നു. 140 അംഗ നിയമസഭയിൽ നൂറിലേറെ സീറ്റുകൾ ലക്ഷ്യംവെച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ കച്ചമുറുക്കിയിറങ്ങിയ ടീം യു.ഡി.എഫ് അഭൂതപൂർവമായ വിജയം നേടി. ക്യാപ്റ്റൻ പിണറായി മൂന്നാമൂഴത്തിലേക്ക് ഭരണത്തിന് തുടർച്ചയെഴുതും എന്ന് കഴിഞ്ഞ ദിവസം വരെ അവകാശവാദമുന്നയിച്ചു കൊണ്ടിരുന്ന എൽ.ഡി.എഫ് ശക്തമായ ഭരണവിരുദ്ധ വികാരത്തിൽ കടപുഴകിവീണു. ഭരണകക്ഷിയെ നയിച്ച സി.പി.എമ്മിന്റെ നേതാക്കളും അവരുടെ മടിശ്ശീലയിലുള്ള മാധ്യമങ്ങളും നവമാധ്യമക്കാരുമെല്ലാം ഭരണവിരുദ്ധ തരംഗം ദൃശ്യമല്ല എന്നു അടച്ചുനി​ഷേധിച്ചപ്പോഴും ഇതുവരെ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും പാർല​മെന്റ്-തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിലുമുണ്ടായ ഇടതു/പിണറായി ഭരണത്തിനെതിരായ ശക്തമായ ജനവികാരം ഈ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് സ്വതന്ത്ര നിരീക്ഷകരും മാധ്യമങ്ങളും വിലയിരുത്തിയതാണ്.

രണ്ടൂഴം പൂർത്തീകരിച്ച പിണറായി വിജയൻ സർക്കാർ അത്രമേൽ ജനങ്ങളെ വെറുപ്പിച്ചിരുന്നു. ഇതു തിരിച്ചറിഞ്ഞാവണം, സർക്കാറിന്റെ അവസാന മണിക്കൂറുകളിൽ പെൻഷൻ, ക്ഷേമനിധി, സർവിസ് ആനുകൂല്യ സൗജന്യങ്ങൾ വാരിക്കോരി പ്രഖ്യാപിച്ചതും കേന്ദ്രത്തിലെ സംഘ് പരിവാർ ശൈലിയിൽ നരേന്ദ്ര മോദിയെ പോലെ (കമ്യൂണിസ്റ്റ് സ​ർവാധിപതികളെപ്പോലെയും) നാടാകെ കൂറ്റൻ ഹോർഡിങ്ങുകളിൽ ഒരേയൊരു അധികാരിയായി വിഗ്രഹം പോലെ വിരാജിച്ചതും. കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയോടുള്ള ഈ പരിഹാസം അവജ്ഞയോടെ തള്ളിക്കളഞ്ഞ ജനം, മറ്റാരുണ്ട് എന്ന അഹന്തയുടെ ചോദ്യത്തിന് യു.ഡി.എഫിന് കൂറ്റൻ സ്കോർ സമ്മാനിച്ച് ചുട്ട മറുപടി നൽകിയിരിക്കുന്നു. ജയിച്ചുകയറിയ ഇടതുമുന്നണി സ്ഥാനാർഥികളുടെ ഭൂരിപക്ഷം പരിശോധിച്ചാൽ എത്ര ശക്തമാണ് ഇടതു ഭരണത്തിനെതിരായ ജനവികാരം എന്നു മനസ്സിലാക്കാനാവും. പാർട്ടി പിഴച്ചാൽ പൊതുജനം മാത്രമല്ല, അണികളും പിഴുതെറിയും എന്നതിന്റെ തെളിവാണ് അഴിമതിയും അഹമ്മതിയും സ്വജനപക്ഷപാതിത്വവും വഴി നേതാക്കൾ നശിപ്പിച്ച സി.പി.എമ്മിനെ കൈയൊഴിഞ്ഞ് യു.ഡി.എഫ് പിന്തുണയിൽ മത്സരിച്ച അമ്പലപ്പുഴയിലെ ജി. സുധാകരൻ, തളിപ്പറമ്പിലെ ടി.കെ. ഗോവിന്ദൻ, പയ്യന്നൂരിലെ ഇ. കുഞ്ഞികൃഷ്ണൻ എന്നിവർ നേടിയ മിന്നുന്ന പ്രതികാരജയം.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം ഇടതുമുന്നണി സർക്കാർ രണ്ടാമൂഴത്തിലേക്ക് കടന്നത് ഭരണനേട്ടം എന്നതിലുപരി, കോവിഡ്കാല പ്രതിസന്ധിയുടെ ആനുകൂല്യത്തിലായിരുന്നു. ഇടതുസർക്കാറിനെതിരെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ആക്ഷേപങ്ങളും പരാതികളും പ്രതിപക്ഷം ശക്തമായി ഉയർത്തിക്കൊണ്ടുവന്നെങ്കിലും സാമൂഹിക നിയന്ത്രണങ്ങളുടെ കോവിഡ് കാലത്ത് ഭരണകൂടത്തിനു ലഭിച്ച അധികക്കാഴ്ചയും ആധികാരികതയും എൽ.ഡി.എഫിന് രണ്ടാമൂഴത്തിലേക്ക് ഈസി വാക്കോവർ നൽകി. അങ്ങനെ, കേരളത്തിലാദ്യമായി ഭരണത്തുടർച്ചയിലേക്ക് കടന്ന സി.പി.എം മുന്നണിയും നായകൻ പിണറായി വിജയനും രണ്ടാം ടേമിൽ പൂർണമായി മാറുന്നതാണ് കണ്ടത്. ഭരണത്തിലും രാഷ്ട്രീയത്തിലും പരിചയസമ്പന്നരെ പൂർണമായും ഒഴിവാക്കി പുതുതലമുറയെ കാബിനറ്റിലേക്കുകൂട്ടിയ പിണറായി, അധികാരം കമ്യൂണിസ്റ്റ് സമഗ്രാധിപത്യത്തിന്റെ തനതു ശൈലിയിൽ മുഖ്യമന്ത്രിയിൽ കേന്ദ്രീകരിച്ചു. അതിന്റെ എല്ലാ വീഴ്ചയും ഭരണദുരന്തങ്ങളായി ജനങ്ങൾക്കു​മേൽ പതിച്ചു.

കേരള മോഡൽ മേനിനടിച്ച രംഗങ്ങളിൽ പോലും അടിതെറ്റിയപ്പോൾ ‘സിസ്റ്റത്തിന് തകരാറുണ്ട്’ എന്നു മന്ത്രിമാർ തന്നെ ഏറ്റുപറഞ്ഞു. അപ്പോഴും ഭരണപരാജയം ബോധ്യപ്പെടുത്തേണ്ട പാർട്ടി നേതൃത്വവും അണികളും അധികാരികളെ വാഴ്ത്തുപാട്ടു പാടി വഴിതെറ്റിക്കുകയായിരുന്നു. എന്നാൽ, ജനം ഭരണവിരുദ്ധവികാരം കിട്ടിയ അവസരങ്ങളിലെല്ലാം വോട്ടുകുത്തി ബോധ്യപ്പെടുത്തി. അതിൽനിന്ന് പഠിച്ചു തിരുത്തുന്നതിനുപകരം പരാജയത്തെക്കുറിച്ച തെറ്റായ നിഗമനങ്ങളിലെത്തുകയായിരുന്നു സി.പി.എമ്മും ഇടതുമുന്നണിയും. അതിലൊന്നായിരുന്നു ന്യൂനപക്ഷ രാഷ്ട്രീയത്തിനെതിരായ സി.പി.എം ഏറ്റുമുട്ടൽ. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയെ പിന്തുണച്ച ന്യൂനപക്ഷങ്ങൾ അവരുടെ പാർലമെന്റ് പ്രാതിനിധ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന മുന്നണിക്ക് പിന്തുണ നൽകി. അതിന്റെ ന്യായം ചികയുന്നതിനു പകരം മുസ്‍ലിം/ന്യൂനപക്ഷ രാഷ്ട്രീയ നിലപാടുകളെ എതിർപക്ഷത്തുനിർത്തി യക്ഷിവേട്ടക്കു മുതിരുകയായിരുന്നു സി.പി.എം. ബി.ജെ.പി​ പ്രമോട്ട് ചെയ്യുന്ന മുസ്‍ലിംവിരുദ്ധ വെറുപ്പിന്റെ രാഷ്ട്രീയം കേരളത്തിലടക്കം പടരുന്ന സന്ദർഭത്തിൽ ജമാഅത്തെ ഇസ്‍ലാമി എന്ന കൊച്ചുസംഘടന മുതൽ മുസ്‍ലിംലീഗിനെ വരെ കരുവാക്കി സി.പി.എമ്മും ഇടതുമുന്നണിയും കൈക്കൊണ്ട ഈ പ്രതിലോമ നിലപാട് പ്രയോഗത്തിൽ സംഘ്പരിവാറിന് വഴി എളുപ്പമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭ പിടിക്കാനും ഇപ്പോൾ തലസ്ഥാന ജില്ലയിൽ ഇടതുപക്ഷത്തിന്റെ മൂന്നു സീറ്റുകളിൽ ജയം നേടാനും ബി.ജെ.പിക്ക് കഴിഞ്ഞത് ഈ സൗകര്യത്തിൽ നിന്നാണ് എന്നത് കാണാതിരുന്നുകൂടാ.

കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രമോട്ടർമാർക്ക് പശ്ചാത്തലസൗകര്യവും പിന്തുണയുമൊരുക്കി കേരളത്തിന്റെ സാമൂഹികശരീരത്തെ ദുർബലപ്പെടുത്തുന്ന അപായകരമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഇടതുമുന്നണിയുടെ ജനദ്രോഹത്തിന് മതനിരപേക്ഷ, മാനവികകേരളം നൽകിയ കനത്ത പ്രഹരം കൂടിയാണ് ഈ ദയനീയ പരാജയം. പരാജയകാരണങ്ങൾ പഠിച്ച്, വേണ്ട തിരുത്തലുകൾ വരുത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രസ്താവിച്ചിട്ടുണ്ട്. എങ്കിൽ നല്ലത്. ഇടതുപക്ഷ രാഷ്ട്രീയം കൈയൊഴിഞ്ഞ്, കേന്ദ്രത്തിലെ സംഘ്പരിവാർ ഭരണകൂടത്തിന്റെ മുന്നിൽ നിസ്സഹായത തുറന്നു പ്രകടിപ്പിച്ച സി.പി.എം മുന്നണിക്ക് ജനം നൽകിയ ശിക്ഷയാണിതെന്ന് തിരിച്ചറിഞ്ഞ് പഴയ പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുമെങ്കിൽ ഇടതിനു കൊള്ളാം, കേരളത്തിനും-പൂജ്യത്തിൽനിന്ന് മൂന്നു സീറ്റിലേക്ക് ബി.ജെ.പി വളർന്ന സാഹചര്യത്തിൽ വിശേഷിച്ചും.

പശ്ചിമബംഗാൾ, തമിഴ്നാട് ഫലങ്ങളിൽനിന്ന് നിലവിലെ രാഷ്ട്രീയ സന്നിഗ്ധാവസ്ഥകൾ തിരിച്ചറിഞ്ഞ് ഉചിതമായ പ്രവർത്തനം കാഴ്​ച വെക്കാൻ വൻഭൂരിപക്ഷം നേടിയ യു.ഡി.എഫിനും ബാധ്യതയുണ്ട്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് ഉയർത്തിക്കൊണ്ടുവന്ന രാഷ്ട്രീയ നയനിലപാടുകൾക്കുള്ള അംഗീകാരമാണ് അവരുടെ അതിഗംഭീര വിജയം. ആ ജനവികാരത്തെ സാർഥകമാക്കുന്ന രീതിയിലുള്ള ഒരു സർക്കാറും ഭരണവുമാണ് യു.ഡി.എഫിൽ നിന്നും കേരളം പ്രതീക്ഷിക്കുന്നത്. പത്തുവർഷം പുറത്തിരുന്ന ശേഷം നന്നായി ഗൃഹപാഠം ചെയ്തുള്ള ഒരു തിരിച്ചുവരവിൽ അവർ നിരാശപ്പെടുത്തില്ല എന്നു പ്രത്യാശിക്കുക.

Tags:    
News Summary - Lessons of a miserable fall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.