റെയിൽവേ സ്റ്റേഷന്റെ പേരിലെ ‘മുഗൾ’ സഹിക്കാൻ കഴിയാതെ മുഗൾ സരായിയുടെ പേരു മാറ്റിയവരിൽനിന്ന് മുഗളായ് വിഭവങ്ങളുടെ കാര്യത്തിൽ സഹിഷ്ണുത പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ
ഇന്ത്യയിലെ ഏറ്റവും രുചികരമായ കബാബ് ഏതാണ്? ഉത്തരങ്ങൾ പലതുണ്ടാവാമെങ്കിലും ലഖ്നോ നഗരത്തിന്റെ പൗരാണിക ഗലികളിലെ കടകളിൽ വിളമ്പുന്ന മൃദുലമായ ടുണ്ടേ, ഗലൗട്ടി കബാബുകളെ ഒഴിച്ചുനിർത്തി ഒരു പട്ടിക തയാറാക്കുക അസാധ്യം.
എന്നാൽ, ഉത്തർപ്രദേശ് സർക്കാറിലെ നിലയവിദ്വാന്മാർക്ക് അതുമാത്രമല്ല, അന്നാട്ടിലെ ഭക്ഷ്യവൈവിധ്യങ്ങളെ അപ്പാടെ അവഗണിക്കാനും അദൃശ്യമാക്കാനും ഒരുവിധ പ്രയാസവുമില്ല. ഏറെ കൊട്ടിഘോഷിച്ച് യു.പി സർക്കാർ നടപ്പാക്കുന്ന ‘ഒരു ജില്ല ഒരു വിഭവം പദ്ധതി’യിലെ വിഭവങ്ങളുടെ പട്ടിക മുഴുവൻ പരതിയാലും ടുണ്ടേ, ഗലൗട്ടി കബാബുളോ അവ്ധി-മുറാദാബാദി ബിരിയാണികളോ അഅ്സംഗഢിലെ ഹൻഡി മട്ടനോ രാംപുരിലെ മട്ടൺ ഖുർമയോ കാണാൻ കഴിയില്ല; സമ്പൂർണ വെജിറ്റേറിയൻ പട്ടിക.
പ്രാദേശിക വിഭവങ്ങൾക്ക് മികച്ച ബ്രാൻഡിങ്ങും വിപണനസാധ്യതയും ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം- 75 ജില്ലകളിലെ 208 വിഭവങ്ങൾ അതിലുൾപ്പെടുത്തിയിട്ടുണ്ട്; ഭക്ഷ്യ എണ്ണ ഉൾപ്പെടെ. എന്നാൽ, നമ്മുടെ രാമശ്ശേരി ഇഡലിയും തലശ്ശേരി ബിരിയാണിയും കോഴിക്കോടൻ ഹൽവയും അമ്പലപ്പുഴ പാൽപായസവും പോലെ ലോകമൊട്ടുക്ക് യു.പിയുടെ ബ്രാൻഡ് മൂല്യം ഉയർത്തിയ വിഭവങ്ങളെ ഒരു ദാക്ഷിണ്യവുമില്ലാതെ വെട്ടിമാറ്റിയിരിക്കുന്നു. പ്രമുഖ ആഹാര ചരിത്രകാരൻ പുഷ്പേഷ് പാന്ത് ഇതിനെ ‘‘പാതിവെന്ത, വിവേചനപൂർണമായ നടപടി’’ എന്നാണ് വിശേഷിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞ് ചർച്ചയായതോടെ ഇത് അന്തിമ പട്ടികയല്ലെന്നും പൊതുജനാഭിപ്രായത്തിന്റെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ അനുമതിയോടെ മാറ്റം വരുത്താനും കൂട്ടിച്ചേർക്കൽ നടത്താനും സാധിക്കുമെന്ന വിശദീകരണവുമായി ഖാദി-ഗ്രാമീണ വ്യവസായ വകുപ്പ് മന്ത്രി രാജേഷ് സച്ചൻ രംഗത്തെത്തിയിട്ടുണ്ട്.
രാജ്യത്ത് പിടിമുറുക്കുന്ന ഹിന്ദുത്വ ഫാഷിസത്തിന്റെയും യോഗി ആദിത്യനാഥ് നയിക്കുന്ന ഭരണകൂടത്തിന്റെ നാളിതുവരെയുള്ള നയങ്ങളും നിലപാടുകളും നിരീക്ഷിക്കുന്നവർക്ക് ഈ നടപടി അസ്വാഭാവികമോ അസാധാരണമോ ആയി തോന്നാൻ വഴിയില്ല. തൊഴിലാളികളും യുവജനങ്ങളുമുൾപ്പെടെയുള്ള കുറഞ്ഞ വരുമാനക്കാർക്ക് ആശ്രയമായിരുന്ന വഴിയോര ബിരിയാണിക്കടകൾ തല്ലിപ്പൊളിക്കുന്നതും കച്ചവടക്കാരെ ഭീഷണിപ്പെടുത്തി അടിച്ചോടിക്കുന്നതും ഉത്തരേന്ത്യയിൽ പലപ്പോഴും വാർത്തപോലുമല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു. മാംസത്തിന്റെയും മാംസാഹാരത്തിന്റെയും വിൽപനയും ഉപയോഗവും ഒരു ഭീകര കുറ്റകൃത്യമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഉത്തരേന്ത്യയിൽനിന്ന് വ്യത്യസ്തമായി നാം പ്രബുദ്ധത കൽപിച്ചു നൽകുന്ന ബംഗാളിൽപോലും ബി.ജെ.പി വിജയാഘോഷത്തിന്റെ ഭാഗമായി ഇറച്ചിക്കടകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തത് കഴിഞ്ഞ ദിവസം ലോകം കണ്ടതാണല്ലോ. കാവടി യാത്രികർ പോകുന്ന വഴികളിലെ ഭക്ഷണ വിൽപനക്കാർ തങ്ങളുടെ പേര് പരസ്യമായി പ്രദർശിപ്പിക്കണമെന്ന വിചിത്ര നിയമം അടിച്ചേൽപിക്കാൻ യു.പിയിൽ നടന്ന ശ്രമങ്ങളെ ഏതാനും ചില പൗരാവകാശ-മാധ്യമ പ്രവർത്തകരുടെ ജാഗ്രതയും നീതിപീഠത്തിന്റെ ഇടപെടലുംകൊണ്ടു മാത്രമാണ് താൽക്കാലികമായി തടയാനായത്.
മുസ്‍ലിംകളെ മന്ത്രിസഭയിൽനിന്നും സ്ഥാനാർഥി പട്ടികകളിൽനിന്നും ഒഴിവാക്കി ഭരണപങ്കാളിത്തം നിഷേധിച്ചും ചരിത്ര സത്യങ്ങളെ വക്രീകരിച്ചും സാമൂഹിക-സാംസ്കാരിക ചിഹ്നങ്ങളെ തേച്ചുമായ്ച്ചും മുന്നോട്ടുപോകുന്ന ഒരു ഭരണസംവിധാനത്തിന്റെ മറ്റൊരു ആയുധമാണീ പട്ടികയും. മുൻഷി പ്രേംചന്ദും രത്തൻ നാഥ് സർഷാറും മുതൽ ഗുൽസാർ വരെയുള്ള അനുഗൃഹീത എഴുത്തുകാർ കൂടി ചേർന്ന് സമ്പന്നമാക്കിയ, ഉർദു ഭാഷയെപ്പോലും മുസ്‍ലിം മുദ്രചാർത്തി ചവിട്ടിപ്പുറത്താക്കാൻ അത്യാവേശം പുലർത്തുന്നതും അതിന്റെ ഭാഗംതന്നെ. മുഗൾ സരായ് റെയിൽവേ സ്റ്റേഷന്റെ പേരിലെ ‘മുഗൾ’ സഹിക്കാൻ കഴിയാതെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജങ്ഷൻ എന്ന് നാമകരണം ചെയ്തവരിൽനിന്ന് മുഗളായ് വിഭവങ്ങളുടെ കാര്യത്തിൽ സഹിഷ്ണുത പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ.
ഫ്രിഡ്ജിൽ പശുവിറച്ചി സൂക്ഷിച്ചു എന്നാരോപിച്ച് വർഗീയ ആൾക്കൂട്ടം ഒരു വയോധികനെ വീടുകയറി അടിച്ചുകൊന്ന നാടാണ് യു.പി. ഏതൊരു നിമിഷവും അത്തരം ആൾക്കൂട്ട ഭീകരത ആവർത്തിക്കപ്പെടാനും ഇടയുള്ള ദേശം. കന്നുകാലി മാംസത്തിന്റെ പേരിൽ മനുഷ്യന്റെ മാംസത്തിൽ മണ്ണുപറ്റിക്കുന്ന, നാടിന്റെ ഔദ്യോഗിക ഭക്ഷണപ്പട്ടികയിൽനിന്ന് തനത് മാംസ വിഭവങ്ങൾ ഒഴിവാക്കിയ യു.പിക്ക് ഒരു സവിശേഷതകൂടിയുണ്ട് കേട്ടോ: രാജ്യത്തുനിന്ന് ഏറ്റവുമധികം മാംസം കയറ്റിയയക്കുന്ന സംസ്ഥാനം!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.