പുറത്തുവിടണം ജാതിക്കുറ്റങ്ങളുടെ ഫാക്ട്ഷീറ്റ്

ഇക്കഴിഞ്ഞ 18ന് ന്യൂനപക്ഷാവകാശ ദിനമായിരുന്നു. ന്യൂ​ന​പ​ക്ഷ​സമൂഹങ്ങൾക്ക് സ്വാ​ത​ന്ത്യ്ര​ത്തി​നും തു​ല്യാ​വ​സ​ര​ങ്ങ​ൾ​ക്കു​മു​ള്ള അ​വ​കാ​ശം ഉ​റ​പ്പു​വ​രു​ത്തു​ക​യും അവരു​ടെ അ​ഭി​മാ​ന​വും അ​ന്ത​സ്സും സം​ബ​ന്ധി​ച്ച അ​വ​ബോ​ധം സൃ​ഷ്ട‌ി​ക്കു​ക​യു​മാ​ണ് ആ ദിനം കൊണ്ട് ലക്ഷ്യമാക്കുന്നത്. എന്നാൽ അന്നേ ദിവസം രാത്രി രാജ്യത്തെ സുപ്രധാന നഗരങ്ങളിലൊന്നായ കാൺപുരിൽ നടന്ന സംഭവം രാജ്യത്തെ ന്യൂനപക്ഷ-ദുർബല സമൂഹങ്ങൾ കടന്നുപോകുന്ന സാഹചര്യങ്ങളുടെ നേർചിത്രം വിശദമാക്കിത്തരും.

കാൺപുരിലെ പഹാവാ ഗ്രാമത്തിൽ ഡിസംബർ 15 മുതൽ ഒമ്പതു ദിവസം നീളുന്ന ബുദ്ധകഥ- അംബേദ്കർ ചരിത പരിപാടിക്കായി ആഴ്ചകൾ മുമ്പേ ഒരുക്കങ്ങൾ തുടങ്ങിയതാണ് അവിടുത്തെ ദലിത് സമൂഹം. വർഷങ്ങളായി സംഘടിപ്പിച്ചു വരുന്ന പരിപാടി ഇക്കുറി നടത്തരുതെന്ന് മേൽജാതിക്കാരിൽ ചിലർ തീട്ടൂരമിറക്കിയിരുന്നു. നാലാം രാത്രി ബുദ്ധകഥാവതരണവും പ്രസാദ വിതരണവും സമാപിച്ച് ശ്രോതാക്കൾ പിരിഞ്ഞുപോയ ശേഷം കുറെ വാഹനങ്ങളിലായി വേദിയിലെത്തിയ ഒരു സംഘം ആക്രമികൾ ആകാശത്തേക്ക് വെടിയുതിർക്കാനും കൈബോംബുകൾ എറിയാനും തുടങ്ങി. വേദിക്കരികിൽ സ്ഥാപിച്ചിരുന്ന സന്ത് രവിദാസിന്റെ പ്രതിമ തകർത്തു . സംഭവസ്ഥലത്തുണ്ടായിരുന്ന സംഘാടകർക്കും സാ​ങ്കേതിക പ്രവർത്തകർക്കും നേരെ കൊടിയ മർദനം അഴിച്ചുവിട്ടു, ബുദ്ധകഥ പരിപാടി തുടരുന്നപക്ഷം അവിടെ മൃതദേഹങ്ങൾ വീഴുമെന്ന ഭീഷണിയും മുഴക്കി.

ബുദ്ധകഥ പരിപാടി ആസൂത്രണം ചെയ്ത വേളയിൽത്തന്നെ സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരുന്നതായി സംഘാടകനായ രാംസാഗർ പാസ്വാൻ പറയുന്നു, അധികാരികൾ അത് ചെവിക്കൊണ്ടില്ല. രണ്ടുപേർക്ക് സാരമായ പരിക്കേറ്റിരിക്കുന്നു, അതിലേറെ ഒരു സമുദായത്തിന്റെ മനസ്സിൽ ആഴത്തിൽ മുറിവ് പറ്റിയിരിക്കുന്നു. അനിഷ്ട സംഭവങ്ങൾ അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്ക് ആക്രമികൾ സ്ഥലം വിട്ടിരുന്നു. കേന്ദ്രവും യു.പിയും ഭരിക്കുന്ന എൻ.ഡി.എയിലെ സഖ്യകക്ഷിയായ അപ്നാദളിന്റെ പ്രധാന നേതാവ് സരോജ് കുരീലിന്റെ സഹായി ഉൾപ്പെടെ ഒരു സംഘം ആളുകൾക്കെതിരെ കേസെടുത്തു, കഴിഞ്ഞ ദിവസം അഞ്ചു പേർ അറസ്റ്റിലുമായി.

പന്തലും പ്രതിമയും കസേരകളും ചിത്രങ്ങളുമെല്ലാം തകർത്ത ആക്രമികൾ വേദിയിൽനിന്ന് പണത്തിനും ഇലക്ട്രോണിക് ഉപകരണങ്ങൾക്കു​മൊപ്പം കവർന്നു കൊണ്ടുപോയത് എന്തെന്നറിഞ്ഞാൽ ആരും അത്ഭുതപ്പെടും- രാജ്യത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കാക്കുവാനും പൗരജനങ്ങൾക്കെല്ലാം സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ നീതിയും; ചിന്തക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠക്കും ആരാധനക്കും ഉള്ള സ്വാതന്ത്ര്യവും സമത്വവും പ്രാപ്തമാക്കാനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും സുനിശ്ചിതമാക്കി സാഹോദര്യം പുലർത്താനും സഗൗരവം തീരുമാനിച്ചിരിക്കുന്നു എന്ന് ആമുഖത്താളിൽ എഴുതിവെച്ചിട്ടുള്ള ഇന്ത്യയുടെ ഭരണഘടന!

രാജ്യത്തെ ജനങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ ദലിതുകൾക്കും ന്യൂനപക്ഷ സമൂഹങ്ങൾക്കും എത്രകണ്ട് ഉറപ്പാക്കപ്പെടുന്നുണ്ട് എന്ന സംശയം വീണ്ടും ഉയർത്തുന്ന ഈ സംഭവം ചുരുക്കം ചില മാധ്യമങ്ങളല്ലാതെയാരും ചർച്ചാവിഷയമാക്കുന്നില്ല, തുല്യതക്കായി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന, ജാതി സെൻസസ് നടപ്പാക്കണമെന്നാവശ്യപ്പെടുന്ന രാഷ്ട്രീയ പാർട്ടികളടക്കം ഒരു വരി ​പ്രതിഷേധക്കുറിപ്പുപോലുമിറക്കുന്നില്ല.

ഏതാനും മാസം മുമ്പ് മധ്യപ്രദേശിലെ സാഗർ ജില്ലയിൽ നൂറുകോടി ചെലവിട്ട് നിർമിക്കുന്ന സന്ത് രവിദാസ് സ്മാരകത്തിന് തറക്കല്ലിട്ടു ‘അടിച്ചമർത്തലാണ് ഏറ്റവും വലിയ പാപ’മെന്ന സന്ത് രവിദാസ് വചനം ഏറ്റുപറഞ്ഞത് രാജ്യത്തി​ന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. എന്നാൽ, രവിദാസിന്റെ ആദർശങ്ങളെ പിൻപറ്റുന്ന മനുഷ്യരെ അദ്ദേഹത്തിന്റെ പാർട്ടിയും, സർക്കാറുകളും ഏതുവിധത്തിലാണ് അടിച്ചമർത്തുന്നത് എന്നതു സംബന്ധിച്ച് പ്രധാനമന്ത്രി ആലോചിക്കാൻ തയാറാകുമോ? രാജ്യത്തെ ജനസംഖ്യയുടെ 0.70 ശതമാനം മാത്രം വരുന്ന ന്യൂനപക്ഷ വിഭാഗമായ ബുദ്ധമതത്തിന്റെ ആശയധാരകൾ ചർച്ചചെയ്യുന്നതിനോട് ഇത്രമാത്രം അസഹിഷ്ണുത പുലർത്തുന്ന വർഗീയ-വംശീയ ഗ്രൂപ്പുകൾ അവർ പ്രഖ്യാപിത ശത്രുക്കളായി എണ്ണുന്ന മുസ്‍ലിംകളോടും ക്രൈസ്തവരോടും കാണിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പറയാനുണ്ടോ!

പൊതുതെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ ബാക്കിനിൽക്കെ ദലിതുകൾക്കും ന്യൂനപക്ഷങ്ങൾക്കുമുള്ള വാഗ്ദാനപ്പൊതികൾ വാരിക്കോരി നൽകാനുള്ള തയാറെടുപ്പിലാണ് ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷ പാർട്ടികളും. വാഗ്ദാന പത്രികകൾക്കു മുമ്പ് അടിയന്തരമായി പുറത്തുവിടേണ്ടത് ഇക്കഴിഞ്ഞ പത്തുവർഷം രാജ്യത്ത് ദലിതുകൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെ നടമാടിയ അതിക്രമങ്ങളുടെ കൃത്യമായ കണക്കും അതിൽ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച നടപടികളും സംബന്ധിച്ച വിശദ രേഖയാണ്.

ചെരിപ്പിട്ട് നടന്നതിനും, കുതിരപ്പുറത്തേറി വിവാഹ ഘോഷയാത്ര നടത്തിയതിനും അംബേദ്കർ ഗാനം പാടിയതിനുമെല്ലാം അടിയേറ്റു മരിച്ച ദലിതർക്ക് നീതി കിട്ടിയോ എന്ന് രാജ്യം അറിയേണ്ടതുണ്ട്. അമേരിക്കയിൽ സ്വാതന്ത്ര്യം ഒരു പ്രതിമയാണ് എന്നതുപോലെ ഡോ. അംബേദ്കറും ഭരണഘടനയും സു​പ്രീംകോടതി മുറ്റത്തെ പ്രതിമയായി ഒതുങ്ങാതിരിക്കാൻ അത്​ അത്യാവശ്യമാണ്.

Tags:    
News Summary - The fact sheet of caste crimes should be released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.