സുപ്രീംകോടതി വിധി ധിക്കരിച്ച് കുഷി നഗർ മദനി മസ്ജിദ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചതിന് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട ഹരജിയിൽ ഉത്തർപ്രദേശ് സർക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചതാണ് കഴിഞ്ഞ ദിവസത്തെ സുപ്രധാന വാർത്തകളിലൊന്ന്. ഇനിയൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ പള്ളി ഇടിച്ചുനിരത്തുന്നതിൽനിന്ന് അധികൃതരെ വിലക്കിയിട്ടുമുണ്ട് കോടതി. കോർട്ട് അലക്ഷ്യത്തിന് നടപടിയെടുക്കാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ രണ്ടാഴ്ചക്കകം ബോധിപ്പിക്കണമെന്നാണ് ആദിത്യനാഥ് സർക്കാറിനോട് പരമോന്നത കോടതി കൽപിച്ചിരിക്കുന്നത്. തീവ്ര ഹിന്ദുത്വ സംസ്ഥാന സർക്കാറിന്റെ മറുപടി എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.
എന്നാൽ, മദനി മസ്ജിദിനുവേണ്ടി ഹാജരായ ഹുസൈഫ അഹ്മദി കോടതിക്കുമുന്നിൽ ബോധിപ്പിച്ചത്, സംഭവത്തിൽ വ്യക്തമായ കോടതിയലക്ഷ്യം നടന്നിട്ടുണ്ടെന്നാണ്. നോട്ടീസ് നൽകാതെയാണ് സ്വകാര്യ ഭൂമിയിൽ അനുമതിയോടെ പണിത പള്ളി പൊളിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ഹരജിക്കാർ, അനുമതിയുണ്ടെന്ന് റിപ്പോർട്ട് നൽകിയ സബ് ഡിവിഷനൽ മജിസ്ട്രേറ്റിനെ സ്ഥലം മാറ്റിയാണ് അധികൃതർ പൊലീസുമായി വന്ന് പള്ളി പൊളിച്ചതെന്ന് കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയുണ്ടായി. അയോധ്യയിലെ ബാബരി മസ്ജിദിനു മേൽ വർഗീയവാദികൾ അധിനിവേശ ശ്രമം നടത്തിയ പശ്ചാത്തലത്തിൽ 1991ൽ പാർലമെന്റ് പാസാക്കിയ ആരാധനാലയ സംരക്ഷണ നിയമപ്രകാരം, 1947 ആഗസ്റ്റ് 15ന് ഏതെല്ലാം ആരാധനാലയങ്ങൾ ആരുടെയെല്ലാം കൈവശമുണ്ടായിരുന്നുവോ അതിലൊന്നിനെയും തൊടാൻ പാടില്ലാത്തതാണ്. പിന്നീട് ബാബരി മസ്ജിദ്-രാമജന്മഭൂമി അവകാശത്തർക്കത്തിൽ ഹിന്ദു സംഘടനകൾക്കനുകൂലമായി വിധി പ്രസ്താവിച്ച സുപ്രീംകോടതി ബെഞ്ചും ഈയിളവ് ഹൈന്ദവ സമൂഹത്തിന്റെ വികാരം മാനിച്ച് മാത്രം നൽകിയതാണെന്നും മറ്റൊരു പള്ളിയുടെമേലും അവകാശവാദമുന്നയിക്കാൻ ഇത് ന്യായമായിക്കൂടെന്നും വ്യക്തമാക്കിയതുമാണ്.
പക്ഷേ, വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിന്റെ മേൽ ഹിന്ദുത്വവാദികൾ അവകാശവാദമുയർത്തിയ കേസ് സുപ്രീംകോടതിയിലെത്തിയപ്പോൾ അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഗവേഷണം നടത്താൻ പുരാവസ്തു വകുപ്പിന് അവകാശമുണ്ടെന്ന് നൽകിയ ഉത്തരവ് ആയുധമാക്കി മഥുര ഈദ്ഗാഹ് മസ്ജിദ് മുതൽ പല പള്ളികളുടെയും മേൽ അവകാശവാദമുന്നയിക്കുകയും അവയുടെ അടിഭാഗം തുരന്ന് അന്വേഷണം നടത്താൻ എ.എസ്.ഐയോട് നിർദേശിക്കണമെന്ന് ഹിന്ദുത്വ സർക്കാറുകളോട് ആവശ്യപ്പെടുകയും ചെയ്തു. എത്രത്തോളമെന്നാൽ, അയോധ്യയിലെ കേസ് പ്രത്യേക സാഹചര്യത്തിൽ വേണ്ടിവന്നതാണെന്നും അതിന്റെ മറവിൽ എല്ലാ മുസ്‍ലിം ആരാധനാലയങ്ങളുടെയും അടിഭാഗം തുരക്കാൻ പോവേണ്ട കാര്യമില്ലെന്നും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് നൽകിയ ഉപദേശം പോലും യോഗി ആദിത്യനാഥ് പ്രഭൃതികൾ കാറ്റിൽപറത്തുകയായിരുന്നു. സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ചതെന്നാരോപിച്ച് യു.പിയിലെ സംഭലിൽ പള്ളിക്കുള്ളിൽ സർവേ അധികൃതർ കടന്നുകയറിയപ്പോൾ ജയ് ശ്രീറാം വിളിച്ച് ഹിന്ദുത്വരും പിറകെ വന്നതോടെ രംഗം അനിയന്ത്രിതമായി. ഉടൻ നടന്ന പൊലീസ് വെടിവെപ്പിൽ അഞ്ച് നിരപരാധികൾക്ക് ജീവഹാനി സംഭവിച്ച ദാരുണ സംഭവത്തിന്റെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല.
എ.എസ്.ഐ പോലുള്ള സർക്കാർ വകുപ്പുകളും നീതിന്യായ കോടതികളും വരെ ഹിന്ദുത്വ ഉപജാപങ്ങൾക്ക് വിധേയരാണെന്നുവന്നാൽ നമ്മുടെ മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയും രാജ്യവും ദ്രുതഗതിയിൽ അതിതീവ്ര വലതുപക്ഷത്തിന്റെ സമ്പൂർണ പിടിയിലമരുന്നുവെന്ന് കരുതേണ്ടിവരും. മതസഹിഷ്ണുത, സമാധാനപരമായ സഹവർത്തിത്വം, മാനുഷിക സൗഹൃദം പോലെ മനുഷ്യരാശി കാലാകാലങ്ങളിൽ പവിത്രതരമെന്ന് കരുതിവന്ന മൂല്യങ്ങൾ നിഘണ്ടുക്കളിലൊതുങ്ങുന്ന കാലം വിദൂരമല്ലെന്ന് ഭയക്കേണ്ടിയും വരും. ഏഴു നൂറ്റാണ്ടിലധികം കാലം ഇന്ത്യ ഭരിച്ച മുസ്‍ലിം രാജാക്കന്മാരുടെ കാലത്ത് അവരോ പ്രജകളോ നിർമിച്ച പള്ളികളും ദർഗകളും മഖ്ബറകളുമെല്ലാം യാതൊരു അടിസ്ഥാനവുമില്ലാത്ത അവകാശവാദങ്ങളുടെ പേരിൽ പൊളിച്ചുമാറ്റുന്ന പ്രക്രിയയാണിവിടെ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
കീഴ്കോടതികൾ വരെ ഇതിനനുകൂലമായ വിധികൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുമ്പോൾ ഇരയാക്കപ്പെടുന്നവർ പരമോന്നത കോടതിയെ സമീപിക്കുകയല്ലാതെ ഗത്യന്തരമില്ല. അതിനും വേണമല്ലോ പരിധി. ഈ പശ്ചാത്തലത്തിൽവേണം ഫെബ്രുവരി 18ന് സുപ്രീംകോടതി നൽകിയ ഉത്തരവിനെ വീക്ഷിക്കാൻ. 1991ലെ ആരാധനാലയ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി നേതാവ് അശ്വിനികുമാർ ഉപാധ്യായ സമർപ്പിച്ച ഹരജിയിൽ ഇനിയാരും കക്ഷി ചേരേണ്ടെന്ന് സുപ്രീംകോടതി വിലക്കുകയായിരുന്നു. കക്ഷിചേരാനുള്ള അപേക്ഷകൾക്ക് പരിധി വേണമെന്നുണർത്തിക്കൊണ്ട് എല്ലാ ഹരജികളും ഒരുമിച്ച് ഏപ്രിലിൽ പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മാറ്റിവെച്ചിരിക്കുകയാണ്.
അതിനിടെ എന്തെന്ത് കുതന്ത്രങ്ങളാണ് യോഗി ആദിത്യനാഥും സമാന മനസ്കരം കരുതിവെച്ചിരിക്കുന്നതെന്ന് കാണാനിരിക്കുന്നതേയുള്ളൂ. അതേസമയം, മഹാ കുംഭമേളയിൽ തിക്കിലും തിരക്കിലുംപെട്ട് ഒട്ടനവധി പേർക്ക് ജീവഹാനി നേരിട്ടപ്പോൾ ഓടിരക്ഷപ്പെട്ട ഹൈന്ദവ സഹോദരീ സഹോദരന്മാരെ പ്രയാഗ് രാജിലെ ജുമാമസ്ജിദിലും യാദ്ഗാറെ ഹുസൈനി ഇന്റർ കോളജിലും ഒട്ടനവധി മദ്റസകളിലും അഭയവും സംരക്ഷണവുമൊരുക്കിയ യഥാർഥ മനുഷ്യസ്നേഹികളുടെ സേവന വാർത്തകളും മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു. ആയിരത്തോളം ഹിന്ദു കുടുംബങ്ങളാണ് തന്മൂലം രക്ഷപ്പെട്ടതെന്ന് ഫെബ്രുവരി രണ്ടിലെ ടൈംസ് ഓഫ് ഇന്ത്യയും മറ്റു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പറഞ്ഞിട്ടെന്താ, ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകമെങ്കിൽ. ദൈവസ്മരണക്കും മനുഷ്യസ്നേഹത്തിനുമായി നിർമിക്കപ്പെട്ട പള്ളികൾ വയനാട് ഉരുൾ ദുരന്തം പോലുള്ള സന്ദിഗ്ധ സന്ദർഭങ്ങളിൽ ചേതനയറ്റ ശരീരങ്ങളുടെ ശുചീകരണത്തിനുവരെ പ്രയോജനപ്പെട്ടത് കേരളം നേരിൽ കണ്ടതാണ്. പക്ഷേ, മാനുഷിക വികാരത്തേക്കാൾ പൈശാചികമായ അസഹിഷ്ണുതയാണ് മനസ്സുകളെ ഹരംപിടിപ്പിക്കുന്നതെങ്കിൽ അതിന് ഫലപ്രദമായ പ്രതിരോധം എവ്വിധം തീർക്കുമെന്ന് മനുഷ്യസ്നേഹികൾ സത്വരമായി ആലോചിക്കേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.