താലിബാൻ ബന്ധം വിളക്കിച്ചേർക്കുന്ന ഇന്ത്യ


ഒരാഴ്ചക്കാലത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ താലിബാൻ ഭരണകൂടത്തിന്റെ വിദേശകാര്യമന്ത്രി മൗലവി ആമിർഖാൻ മുത്തഖിക്ക് രാജ്യം നൽകിയ സ്വീകരണവും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ഉൾപ്പെടെ ദേശീയ നേതാക്കളുമായി അദ്ദേഹം നടത്തിയ ചർച്ചകളും പരമ ദരിദ്ര രാജ്യമായ അഫ്ഗാനിസ്താന്റെ വീണ്ടെടുപ്പിന് ഇന്ത്യ പ്രഖ്യാപിച്ച നാനാവിധ സഹായങ്ങളും രാഷ്ട്രാന്തരീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെടുന്ന സംഭവങ്ങളാണ്.

2001ലെ അമേരിക്കൻ അധിനിവേശത്തെ തുടർന്നുള്ള കാലഘട്ടത്തിൽ കാബൂളിലെ ഭരണനേതൃത്വങ്ങളുമായി ഇന്ത്യ അടുത്ത ബന്ധം പുലർത്തുകയും അടിസ്ഥാന സൗകര്യവികസനത്തിൽ പ്രസ്താവ്യമായ പങ്ക് വഹിക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ, 2021ൽ താലിബാൻ കാബൂൾ തിരിച്ചുപിടിക്കുകയും നാറ്റോ പട പൂർണമായി അഫ്ഗാനിസ്താനിൽനിന്ന് പിന്മാറുകയും ചെയ്തതിൽപിന്നെ താലിബാൻ ഭരണത്തിലിരിക്കുന്ന അഫ്ഗാനിസ്താന്റെ നേരെ സമ്പൂർണ ഉപരോധമാണ് ലോകതലത്തിൽ നിലനിൽക്കുന്നത്. തുടക്കത്തിൽ രാജ്യത്തിന്റെ ചില ഭാഗങ്ങൾ താലിബാൻവിരുദ്ധ വടക്കൻ സഖ്യത്തിന്റെ പിടിയിലായിരുന്നെങ്കിലും പ്രതിയോഗികളെ പൂർണമായി തുരത്തി രാജ്യഭരണം സ്വന്തമാക്കാൻ താലിബാന് സാധിച്ചതോടെ കടുത്ത യാഥാസ്ഥിതിക പ്രതിലോമ പ്രതിച്ഛായ നിലനിർത്തിക്കൊണ്ടുതന്നെ റഷ്യയടക്കമുള്ള ചില ശക്തികളുമായി ബന്ധം സ്ഥാപിക്കുന്നതിൽ അവർ വിജയിച്ചു.

ഇസ്‍ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്താന്റെ പ്രധാനമന്ത്രി മുല്ലാ ഹസൻ അഖൂന്ദിന്റെ നേതൃത്വത്തിൽ സാർവദേശീയ ഉപരോധങ്ങളെ മറികടന്ന് രാജ്യത്തെ സാമ്പത്തിക-വ്യവസായിക-വിദ്യാഭ്യാസരംഗങ്ങളിൽ സാവകാശം കരകയറ്റാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിലാണ് നടക്കുന്നത്. അതേസമയം, ജനസംഖ്യയുടെ പകുതിവരുന്ന വനിതകളുടെ വിദ്യാഭ്യാസപരമായ വികാസം തടസ്സപ്പെടുത്തുന്നതിലും അവക്ക് മുന്നിൽ സർക്കാർ ജോലികളടക്കം തൊഴിൽമേഖലയാകെ കൊട്ടിയടക്കുന്നതിലുമുള്ള കുപ്രസിദ്ധി യു.എൻ ഉപരോധം തുടരാൻ ന്യായമാവുകയാണ്. ഇതു പക്ഷേ, പുറംലോകത്തിന്റെ ഇടപെടലുകൾകൊണ്ടോ ഉപരോധംവഴിയോ തിരുത്താൻ കഴിയുന്നതല്ല, ആഭ്യന്തരരംഗത്തെ സാമൂഹിക പരിഷ്‍കരണ പ്രസ്ഥാനങ്ങളുടെ ശക്തമായ ഇടപെടലുകളും മുന്നേറ്റങ്ങളും വഴി മാത്രമേ മാറ്റിയെടുക്കാൻ കഴിയൂ എന്ന യാഥാർഥ്യം വിസ്മരിച്ചിട്ട് കാര്യമില്ല. അത്തരം പ്രസ്ഥാനങ്ങൾക്ക് ഭൗതികവും ധാർമികവുമായ പിന്തുണ നൽകുകയാണ് പുറംലോകം ചെയ്യേണ്ടത്.

യു.എൻ ഉപരോധപ്പട്ടികയിൽ പ്രഥമനിരയിലുള്ള ആമിർഖാൻ മുത്തഖിക്ക് പ്രത്യേകാനുമതിയോടെ ഇന്ത്യ സന്ദർശിക്കാൻ അവസരം ലഭിച്ചതിന്റെ പിന്നിൽ മോദി സർക്കാറിന്റെ സമ്മർദതന്ത്രം വിജയിച്ചു എന്നു കരുതാനാണ് ന്യായം. അതാകട്ടെ, അഫ്ഗാനിസ്താന്റെ കടുത്ത ജീവൽ പ്രശ്നങ്ങളോടുള്ള മാനുഷികാനുഭാവത്തേക്കാളേറെ നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളുടെ സമ്മർദഫലമാണ് എന്ന് മനസ്സിലാക്കുന്നതാവും ശരി. പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി നടത്തിയ ഭീകരവിരുദ്ധ ഓപറേഷൻ പാകിസ്താൻ അഭ്യർഥിച്ചതുകൊണ്ടാണ് ഭീകരവിരുദ്ധ ഓപറേഷൻ നിർത്തിവെച്ചതെന്ന് ഇന്ത്യയും താൻ ഇടപെട്ടിട്ടാണ് യുദ്ധം അവസാനിച്ചതെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അവകാശപ്പെടുന്നതിലെ വാസ്തവം എന്തായാലും സായുധപോരാട്ടം തൽക്കാലം നിലച്ചുവെന്നല്ലാതെ ഇന്ത്യക്കും പാകിസ്താനുമിടയിലെ ശത്രുതാനടപടികൾ മാറ്റമില്ലാതെ തുടരുകയാണ്.

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ട്രംപിന് നൽകണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനോടൊപ്പം ആവശ്യപ്പെട്ടത് പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫാണ്. പ്രവചനാതീത വ്യക്തിത്വത്തിന്റെ ഉടമയായ ട്രംപിനെ കരുതിയിരിക്കാൻ നിർബന്ധിക്കുന്നതാണ് സാഹചര്യം. ഇതുകൂടി കണക്കിലെടുത്താവണം ശത്രുവിന്റെ ശത്രു മിത്രം എന്ന ചാണക്യസൂത്രം മുറുകെ പിടിച്ച്, പാകിസ്താന്റെ ശത്രുവായ അഫ്ഗാനിലെ താലിബാനെ ചേർത്തുപിടിക്കുകയാണ് ഇന്ത്യയുടെ നയതന്ത്രമെന്ന് ഏറക്കുറെ വ്യക്തമാണ്.

പാകിസ്താനിൽ തഹ്‍രീകെ താലിബാൻ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളുടെ പിന്നിൽ അഫ്ഗാനിസ്താനാണെന്നാണ് പാക് ആരോപണം. ഏറ്റവുമൊടുവിൽ അഫ്ഗാൻ-പാക് അതിർത്തിയിൽ നടന്ന സായുധ ഏറ്റുമുട്ടലിൽ 53 പാക് സൈനികരെ വധിച്ചതായി അഫ്ഗാനിസ്താനും 200 താലിബാനികളുടെ കഥകഴിച്ചതായി പാകിസ്താനും അവകാശപ്പെടുന്നു. അനേകായിരം അഫ്ഗാനികളെയാണ് പാകിസ്താൻ പുറംതള്ളിക്കൊണ്ടിരിക്കുന്നത്. ഇന്ത്യാസന്ദർശനം തുടരുന്ന അഫ്ഗാൻ വിദേശകാര്യ മന്ത്രി മുത്തഖിയാകട്ടെ, ശക്തമായി തിരിച്ചടിക്കുമെന്ന് ഓർമിപ്പിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങൾ അഫ്ഗാൻ മണ്ണിൽനിന്ന് ഒരിക്കലും അനുവദിക്കുകയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

കാബൂളിലെ നയതന്ത്ര കാര്യാലയം എംബസി തലത്തിലേക്ക് ഉയർത്താനുള്ള തീരുമാനം മോദി സർക്കാർ പ്രഖ്യാപിച്ചതിനോടൊപ്പം ആരോഗ്യ-വിദ്യാഭ്യാസ-വ്യവസായ മേഖലകളിൽ ഒട്ടേറെ പദ്ധതികൾ ഉറപ്പുനൽകുക കൂടി ചെയ്തിട്ടുണ്ട്. മാനുഷിക സഹായങ്ങൾ ഏതു സാഹചര്യത്തിലും ആർക്കായാലും നൽകുന്നതിൽ തെറ്റില്ല. സമാധാനപരമായ സഹവർത്തിത്വവും പരസ്പര സഹകരണവും സൗഹൃദവുമാണ് സാർവലൗകിക തലത്തിൽ പൊതുവെയും അയൽനാടുകളിൽ തമ്മിൽ വിശേഷിച്ചും വളർത്തിയെടുക്കേണ്ടതെന്ന് മറക്കാതിരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു മേഖലയുടെ സുസ്ഥിരത.

Tags:    
News Summary - Strengthening India- Afghanistan Ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.