സമൂഹമാധ്യമ ദുഃസ്വാധീനം: നയം വേണം; നിയമവും

16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമ ഉപയോഗം വില​ക്കിക്കൊണ്ട് ആസ്ട്രേലിയൻ പാർലമെന്റ് പാസാക്കിയ നിയമം ലോകമെങ്ങും ചർച്ചക്ക് വഴിവെച്ചിരിക്കുന്നു. ലോകത്താദ്യമായി ഒരു രാജ്യം ഇത്തരം നിയമം പാസാക്കിയതോടെ മറ്റു പലേടത്തും അതിന്റെ ന്യായാന്യായങ്ങൾ വിവിധ തലങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്, അതിന്റെ ആവശ്യകത ബോധ്യപ്പെട്ടതുകൊണ്ടാവണം.

യഥാർഥ ജീവിതം മനസ്സിലാക്കി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനാണ് സമൂഹമാധ്യമ ഇടപെടലിന് പ്രായപരിധി നിശ്ചയിക്കുന്നതെന്ന് ആസ്​ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 16 വയസ്സ് തികയാത്തവർക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുറക്കാനോ അവയിലെ ഉള്ളടക്കം കാണാനോ കഴിയാത്തതരത്തിൽ നിയന്ത്രണമേർപ്പെടുത്താൻ പുതുവർഷ​ത്തോടെ പ്രാബല്യത്തിൽ വരുന്ന നിയമം സമൂഹമാധ്യമ കമ്പനികളെ ബാധ്യസ്ഥരാക്കുന്നു. ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും നടത്തുന്ന മെറ്റ കമ്പനി മുതൽ അന്നാട്ടിലെ ചെറുപ്പക്കാരിൽ വൻ പ്രചാരമുള്ള ടിക്-ടോക് വരെ നിയമത്തിന്റെ വരുതിയിൽ വരും.

റെഡിറ്റ്, എക്സ്, സ്നാപ്ചാറ്റ് തുടങ്ങിയവക്കും നിയന്ത്രണം ബാധകമാണ്. നിയമം പാലിക്കാത്ത കമ്പനികൾക്ക് വൻപിഴ ചുമത്താൻ വ്യവസ്ഥ ചെയ്തിരിക്കുന്നു. നിരോധനത്തെ രക്ഷാകർത്താക്കളടക്കം പൊതുവെ സ്വാഗതം ചെയ്തപ്പോൾ കമ്പനികൾ എതിർക്കുകയാണ്. സമൂഹമാധ്യമങ്ങൾ വിലക്കപ്പെടുന്ന കുട്ടികൾ കൂടുതൽ ആപത്കരമായ മറ്റ് ഇന്റർനെറ്റ് മേഖലകളിലേക്ക് വഴിതെറ്റിച്ചെന്നേക്കുമെന്ന വാദം ടിക്-ടോക് ഉയർത്തിയിട്ടുണ്ട്. അതേസമയം, കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം കമ്പനികൾക്കുണ്ടെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നു.

ആസ്ട്രേലിയൻ നിയമത്തിന്റെ പ്രഖ്യാപിത ഉദ്ദേശ്യം നല്ലതാണെന്ന കാര്യത്തിൽ സംശയമില്ല. കൗമാരപ്രായം കുട്ടികളുടെ വളർച്ചയിൽ നിർണായകഘട്ടമാണ്. ആ ഘട്ടത്തിൽ അവരുടെ മാനസികവും ബൗദ്ധികവുമായ വളർച്ചയിൽ മാത്രമല്ല, ശാരീരിക ആരോഗ്യത്തിലും സമൂഹമാധ്യമ ഇടപെടലുകൾക്കുള്ള സ്വാധീനം ചെറുതല്ല. സ്ക്രീൻ ജ്വരം കാഴ്ചയെയും ഏകാഗ്രതയെയും തളർത്തുന്നതായി പഠനങ്ങൾ കാണിച്ചിട്ടുണ്ട്. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ സമൂഹമാധ്യമങ്ങളുണ്ടാക്കുന്ന ദുഷ്ഫലങ്ങൾ വലുതാണ് എന്നും കണ്ടിട്ടുണ്ട്. അതേസമയം, ആസ്ട്രേലിയ പാസാക്കിയ നിയമത്തിന്റെ വിശദാംശങ്ങളും പ്രായോഗികതയും ചോദ്യംചെയ്യപ്പെടുന്നു.

തിടുക്കത്തിൽ നിർമിച്ച നിയമത്തിൽ മതിയായ മുന്നാലോചനയുടെ അഭാവം മുഴച്ചുനിൽക്കുന്നു. വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ ഉള്ളടക്കം പരിഗണിച്ച് യൂട്യൂബ്, മെസഞ്ചർ കിഡ്സ്, വാട്സ്ആപ്, കിഡ്സ് ഹെൽപ് ലൈൻ, ഗൂഗ്ൾ ക്ലാസ്റൂം തുടങ്ങിയവയെ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയിൽ ചിലതെങ്കിലും കുട്ടി​കളെ ചൂഷണത്തിനും തട്ടിപ്പിനും ദുഃസ്വാധീനത്തിനും ഇരയാക്കുന്നവയാണ്. ഇതിനു പരിഹാരമൊന്നും നിയമത്തിലില്ല. സമൂഹമാധ്യമങ്ങൾ വഴി വലിയ മാനസികപിന്തുണ അനുഭവിക്കുന്ന കുട്ടികൾ അഭയകേന്ദ്രങ്ങളിലും മറ്റുമായി ധാരാളമുണ്ട്. അവർക്ക് കുടുംബങ്ങളുമായും മനഃശാസ്ത്ര കൗൺസലർമാരുമായുള്ള ബന്ധം മുറിയാൻ സമൂഹമാധ്യമവിലക്ക് ഇടവരുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നു. ഇതും പരിഗണിക്കാതെയാണ് നിയമമുണ്ടാക്കിയത്. ഇതിനുപുറമെ, സമൂഹമാധ്യമങ്ങളിൽ ഇന്നുള്ള (പരിമിതമായ) മേൽനോട്ടവും സുരക്ഷയും പോലുമില്ലാത്ത ഇന്റർനെറ്റിലെ അധോലോകത്തിന്റെ പിടിയിലേക്ക് കുട്ടികൾ ചെന്നെത്തുമെന്ന ഭീതിയും പരിഹരിക്കപ്പെടാതെ കിടക്കുന്നു. ചുരുക്കത്തിൽ, സദുദ്ദേശ്യത്തോടെയുള്ള ഒരു നിയമം ഒന്നുകിൽ വെറുമൊരു ​അപ്രായോഗിക സ്വപ്നമായോ, സ്വയം തോൽപിക്കുന്ന അപക്വ നീക്കമായോ ഭവിക്കാം. ഈ വഴിക്ക് ചിന്തിക്കുന്ന മറ്റു രാജ്യങ്ങൾ അടക്കം പരിഗണിക്കേണ്ട വിഷയമാണിത്.

ഇന്ത്യയിൽ സമൂഹമാധ്യമങ്ങളുടെ ദുഃസ്വാധീനം വലിയൊരു അനുഭവസത്യമാണ്. സൈബർ തട്ടിപ്പുകളെപ്പറ്റി പ്രധാനമന്ത്രി അടക്കം ഈയിടെയായി ഉറക്കെ ചിന്തിക്കുന്നുണ്ട്. എങ്കിലും കുട്ടികളിൽ അവ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഗണിക്കപ്പെടുന്നില്ല. സത്യത്തിൽ അവ പ്രത്യേക ശ്രദ്ധ അർഹിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളടക്കമുള്ള ഇന്റർനെറ്റ് സംവിധാനങ്ങളിൽ നിയന്ത്രണം വരുത്തുന്നതിൽ ഏറെ മുന്നിലാണ് ഇന്ത്യ.

അതേസമയം, അതിപ്രധാനമായ ഈ വിഷയത്തിൽ സുചിന്തിതവും സമഗ്രവുമായ നയം നമുക്കില്ല. രാജ്യരക്ഷയും ക്രമസമാധാനവുമായി ബന്ധപ്പെട്ട, സർക്കാറുകളുടെ ഉത്കണ്ഠകളെ മാത്രമാണ് നമ്മുടെ നാട്ടിലെ വിലക്കുകൾ അഭിമുഖീകരിക്കുന്നത്. വളരുന്ന തലമുറയെക്കുറിച്ചും വ്യാപകമായി പരത്തപ്പെടുന്ന വിദ്വേഷ സന്ദേശങ്ങളെക്കുറിച്ചുമുള്ള സമൂഹത്തി​ന്റെ ഉത്കണ്ഠ സർക്കാറിനോ പാർലമെന്റിനോ വലിയ വിഷയമായിട്ടില്ല. നാം ടിക്-ടോക് നിരോധിച്ചതാകട്ടെ സുരക്ഷയോ സാമൂഹിക ഭദ്രതയോ ഒന്നും നോക്കിയല്ല. ചൈനയോടുള്ള രാഷ്ട്രീയ വൈരം പ്രകടിപ്പിക്കാൻവേണ്ടി മാത്രമാണ്. മിക്ക സമൂഹമാധ്യമങ്ങളും അമേരിക്കൻ കമ്പനികളുടേതായതിനാൽ അവയെ തൊടുമ്പോൾ യു.എസ് സർക്കാർ ഇടപെടുന്ന സാഹചര്യവുമുണ്ട്.

എന്നാൽ, ഇതേ അമേരിക്കയിൽ (ഫ്രാൻസിലെപ്പോലെ) കുട്ടികളുടെ സുരക്ഷക്കായി സമൂഹമാധ്യമങ്ങൾക്കുമേൽ ഭാഗികമായ നിയന്ത്രണമുണ്ടുതാനും. ഇന്ത്യയിൽ സമൂഹമാധ്യമങ്ങളു​ടെ സ്വാധീനവും ഗുണദോഷങ്ങളും സമൂത്തിന്റെ വിശാല കാഴ്ചപ്പാടിലൂടെ വിലയിരുത്താൻ നടപടി ഉണ്ടാകേണ്ടതുണ്ട്. സുരക്ഷയും സ്വാതന്ത്ര്യവും, സ്വകാര്യതയും കമ്പോള താൽപര്യങ്ങളും, സന്തുലിതമായി പരിഗണിക്കപ്പെടുന്ന നയവും നിയമങ്ങളും ആവശ്യമുണ്ട്. അതിന് പാർലമെന്റിന്റേതായ പഠനസമിതിയെ നിശ്ചയിക്കുന്നത് നന്നായിരിക്കും.

Tags:    
News Summary - Social Media Laws and its Implications Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.