ലോകത്തിൽവെച്ചേറ്റവും സുതാര്യമായ തെരഞ്ഞെടുപ്പ് രീതികളിൽ പെടുന്നതാണ് ഇന്ത്യയിലേതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ (സി.ഇ.സി) പറയുന്നു. ബൂത്ത് ലെവൽ ഓഫിസർമാരുടെ ഒരു യോഗത്തിൽ ഗ്യാനേഷ് കുമാർ ചെയ്ത പ്രസംഗം ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ മഹത്ത്വങ്ങൾ എടുത്തുപറഞ്ഞു. അതെല്ലാം ശരിയായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത ഇന്ത്യക്കാരുണ്ടാകില്ല. അർഹരായ ദശലക്ഷങ്ങൾക്ക് വോട്ടവകാശം നിഷേധിച്ചതിന്റെ കണക്കുകൾ പുറത്തുവന്ന സമയത്താണ് അദ്ദേഹത്തിന്റെ ഈ അവകാശവാദം. സുതാര്യത സാക്ഷ്യപ്പെടുത്തേണ്ടത് നടത്തിപ്പുകാരല്ല, അനുഭവിക്കുന്നവരാണ്. വോട്ടർപട്ടിക, വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പോരായ്മകൾ പരിഹരിക്കാതെ ബാക്കിനിൽക്കുന്നുണ്ട്. വോട്ടുയന്ത്രങ്ങൾ, 17സി ഫോറം തുടങ്ങിയ സംവിധാനങ്ങളിൽ കാലങ്ങളായുള്ള പരാതികൾക്ക് പരിഹാരമായില്ല.

വിവരാവകാശ നിയമമനുസരിച്ചുപോലും വിവരങ്ങൾ ലഭ്യമാകാത്ത അവസ്ഥയുണ്ട്. ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ സംശയനിഴലിലാക്കുന്ന ഘടകങ്ങൾ കുറെയുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ സർക്കാറുകൾ മാറിമാറി വന്നുകൊണ്ടിരുന്നപ്പോഴും, തെരഞ്ഞെടുപ്പു നടത്തിപ്പിന്മേൽ കളങ്കം വീണിരുന്നില്ല. മുൻകാലങ്ങളിൽനിന്ന് ഭിന്നമായി ഇന്ന്, ഇലക്ഷൻ കമീഷനെ നിശ്ചയിക്കുന്നത് യൂനിയൻ സർക്കാറാണ്; അതുകൊണ്ടുതന്നെ കമീഷന്റെ വിധേയത്വം സംശയിക്കപ്പെടുന്നുണ്ട്.

തെരഞ്ഞെടുപ്പ് സുതാര്യവും നീതിപൂർവവുമാണെന്ന് പറഞ്ഞാൽ പോരാ; അത് എല്ലാവർക്കും അനുഭവപ്പെടണം. ഇപ്പോഴത്തെ കമീഷനു കീഴിൽ വോട്ടർപട്ടിക തീവ്രപരിശോധന (എസ്.ഐ.ആർ), വോട്ടുയന്ത്രങ്ങൾ, പരാതിപരിഹാര സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം സംശയനിഴലിലാണ്. മണ്ഡലങ്ങളിലും സംസ്ഥാനങ്ങളിലും വരെ തെരഞ്ഞെടുപ്പഴിമതി ജനഹിതത്തെ അട്ടിമറിച്ചതായി പരാതിയുണ്ട്. എസ്.ഐ.ആർ എന്ന പേരിൽ നടക്കുന്ന വ്യാപകമായ വോട്ടുനിഷേധ യജ്ഞം ലോകത്തിനു മുമ്പാകെ ഇന്ത്യയെ പരിഹാസ്യമാക്കുന്നുണ്ട്. ഒരൊറ്റ വോട്ടറുടെ അവകാശം നിഷേധിക്കുന്നതുതന്നെ ശിക്ഷാർഹമാണ്; ഇവിടെ, കോടികളെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുകയാണ്.

ഇപ്പോൾ, 13.37 കോടി വോട്ടർമാരെ വെട്ടിമാറ്റിയാണ് മൂന്നാം കരട് പട്ടിക പുറത്തുവന്നിരിക്കുന്നത്. 14.1 ശതമാനം വോട്ടർമാരെ വെട്ടിക്കളഞ്ഞത്, തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കാൻ പോന്ന കുറ്റകൃത്യമാണ്. വോട്ടർപട്ടിക ശുദ്ധീകരിക്കുകയെന്നാൽ, യഥാർഥ വോട്ടർമാരെ ഒഴിവാക്കലല്ല, ഉൾപ്പെടുത്തലാണ്. മരിച്ചവരെയും സ്ഥലംവിട്ടവരെയും ഇരട്ടവോട്ടുകളെയും ഒഴിവാക്കേണ്ടതുതന്നെ. എന്നാൽ ഇവിടെ, അക്ഷരപ്പിഴയടക്കമുള്ള നിസ്സാരകാരണങ്ങൾ പറഞ്ഞ് വ്യാപകമായ വെട്ടിയൊതുക്കലാണ് നടക്കുന്നത്. ഭരണപക്ഷത്തെ എതിർക്കുന്നവർ വൻതോതിൽ ഒഴിവാക്കപ്പെട്ടു എന്ന ആരോപണവുമുണ്ട്. യഥാർഥ വോട്ടർമാരെ (ഇതിൽ അനേകം പ്രമുഖരുമുണ്ട്) വട്ടംകറക്കുന്നു. പലർക്കും വിശദീകരണം നൽകാൻ അവസരമില്ല. പട്ടികയുടെ കാര്യം ഇങ്ങനെ. തെരഞ്ഞെടുപ്പിന്റെ ഇതര വശങ്ങളിലും പരാതി ധാരാളം. കമീഷനാകട്ടെ, സുതാര്യമല്ലാത്ത, ഏകപക്ഷീയവും അന്യായവുമായ സമീപനമാണ് കൈക്കൊണ്ടുവരുന്നത്.

ഗ്യാനേഷ് കുമാർ പറഞ്ഞ “സുതാര്യത” യഥാർഥമല്ല. ആകണമെങ്കിൽ, ആരോപണങ്ങൾ കണ്ണടച്ച് തള്ളുന്നതിനു പകരം ആത്മാർഥമായ സ്വയംപരിശോധന നടത്തണം. ആർക്കും പരിശോധിക്കാവുന്ന തരത്തിൽ വോട്ടർ വിവരങ്ങൾ മുഴുവൻ ലഭ്യമാക്കണം. ‘17സി ഫോറം’ വിവരങ്ങളിൽ സുതാര്യത വേണം. സി.സി.ടി.വി ദൃശ്യങ്ങൾ നീക്കംചെയ്യുന്നത് നിർത്തണം. ‘വി.വി പാറ്റ്’ രേഖകൾ പരിമിതമായി മാത്രം പരിശോധനക്ക് നൽകിയാൽ പോരാ.

രേഖപ്പെടുത്തിയ വോട്ടും എണ്ണിയ വോട്ടും തമ്മിലുള്ള പൊരുത്തക്കേട്, പോളിങ് ശതമാനത്തിലെ കണക്ക് പിഴവുകൾ തുടങ്ങി അനേകം പരാതികൾ ബാക്കിയാണ്. കോടതി ഇടപെട്ട ഏതാനും സന്ദർഭങ്ങളിലൊഴികെ പരിഹാരം (പലപ്പോഴും വിശദീകരണം പോലും) ഉണ്ടായിട്ടില്ല. കമ്പ്യൂട്ടർകൊണ്ട് തിരച്ചിൽ നടത്താവുന്ന രേഖകൾ അതിനു സാധ്യമല്ലാത്ത പി.ഡി.എഫിലേക്ക് മാറ്റുന്ന “സുതാര്യത” നാണക്കേടാണ്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധനക്ക് ലഭ്യമാക്കാത്ത “സുതാര്യത”യും സംശയമുയർത്തും. പാർട്ടികളുടെ വരുമാനത്തിനും ചെലവിനും സുതാര്യത വേണം. ഇലക്ടറൽ ബോണ്ട് എന്ന അഴിമതിക്ക് തടയിടാൻ കോടതി വേണ്ടിവന്നു.

സുതാര്യതയെപ്പറ്റി ‘‘ലോകോത്തര’’ അവകാശവാദം ഉന്നയിക്കും മുമ്പ് സി.ഇ.സി കണ്ണും മനസ്സും തുറക്കേണ്ടിയിരുന്നു. മറ്റു രാജ്യങ്ങളിലെ രീതികൾ പഠിക്കുകയുമാവാമായിരുന്നു. വോട്ടർപട്ടിക (കാനഡ, ജർമനി), വോട്ടെടുപ്പ് (നോർവേയും സ്വിറ്റ്സർലൻഡും പേപ്പർ ബാലറ്റുപയോഗിച്ച് സുതാര്യത ഉറപ്പുവരുത്തുന്നു), വോട്ടിങ് നിരീക്ഷണം (കമീഷന്റെ നിരീക്ഷകർക്ക് പകരം സ്വതന്ത്ര ഏജൻസികൾക്ക് ഇടപെടാൻ യു.എസിൽ വകുപ്പുണ്ട്), സാമ്പത്തികം (സ്വീഡനിലെ സുതാര്യരീതി), തുടർപരിശോധന (ഫിൻലൻഡിൽ തെരഞ്ഞെടുപ്പനന്തര സമഗ്ര ഓഡിറ്റിങ് സുതാര്യത ഉറപ്പാക്കുന്നു), പരാതിപരിഹാരം (യൂറോപ്യൻ യൂനിയനിലെ സ്വതന്ത്രരീതി) തുടങ്ങി പഠിക്കാൻ ഏറെയുണ്ട്. ഇന്ത്യയിൽ തെരഞ്ഞെടുപ്പ് കമീഷന്റെ രീതികൾ സുതാര്യമേയല്ല, ഉദ്ദേശ്യശുദ്ധി സംശയിക്കണമെന്ന് പറയുന്നത് പാർട്ടികൾ മാത്രമല്ല, മുൻ കമീഷണർമാരും ജഡ്ജിമാരുമൊക്കെയാണ്. സുതാര്യത വാക്കിലല്ല, പ്രവൃത്തിയിലാണ് കാണേണ്ടത്.

Tags:    
News Summary - SIR Voter Deletion Campaign Sparks Global Criticism in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.