‘ഓർവെല്ലിയൻ ദുഷ്ട വ്യവസ്ഥ’ക്ക് നീതിപീഠത്തിന്റെ ബ്രേക്ക്
പൗരാവകാശങ്ങളുടെ കാവലാളായി നമ്മുടെ ജുഡീഷ്യറി ഉയരുന്നത് ജനാധിപത്യ പ്രേമികൾക്ക് പുളകമുണ്ടാക്കുന്ന സംഭവമാണ്. പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതും അതിനിടയിൽ അരാജകത്വം സൃഷ്ടിക്കുന്നതും തമ്മിലെ അകലം നിയമപാലകർ കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്
ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് നോവലിസ്റ്റ് ജോർജ് ഓർവെൽ എഴുതിയ 1984 എന്ന പ്രഖ്യാത നോവൽ അടിസ്ഥാനമാക്കിയുള്ള ഒരു സൂചനയോടെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച അലഹബാദ് ഹൈകോടതിയിലെ ജസ്റ്റിസുമാരായ അതുൽ ശ്രീധരനും അചൽ സച്ദേവും ചേർന്ന ബെഞ്ച് ശ്രദ്ധേയമായ ഒരു വിധി പുറപ്പെടുവിച്ചത്. സർവാധിപത്യ ഭരണത്തിലെ ഭീകരവും ജനാധിപത്യവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യങ്ങൾക്ക് ഇടമില്ലാത്തതുമായ ഭരണക്രമത്തിലെ അവസ്ഥ വരച്ചുകാണിക്കുന്ന ഓർവെലിന്റെ പ്രയോഗങ്ങളായ ഇരട്ടമൊഴി, വല്യേട്ടൻ കാണുന്നുണ്ട്, ചിന്താ പൊലീസ് തുടങ്ങിയവ ഇന്നും ഏകാധിപത്യ ഭരണകൂടങ്ങളെക്കുറിച്ച വിവരണങ്ങൾക്കിടയിൽ കടന്നുവരാറുണ്ട്. ഏപ്രിലിൽ ഡൽഹിക്കടുത്ത് നോയ്ഡയിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് കലാപത്തിന് ആഹ്വാനം നൽകി എന്ന ആരോപണത്തിൽ ആകൃതി ചൗധരി എന്ന നിയമ വിദ്യാർഥിയെ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തതിനെ വിമർശിച്ചുകൊണ്ടായിരുന്നു അലഹബാദ് ഹൈകോടതി ഇത് പറഞ്ഞത്. ഇത്തരം തന്നിഷ്ടപ്രകാരമുള്ള നടപടികൾ തുടർന്നാൽ യു.പി സംസ്ഥാനം ഒരുതരം ഓർവെല്ലിയൻ ദുഷ്ടരാഷ്ട്രമായിത്തീരും (ഓർവെല്ലിയൻ ഡിസ്റ്റോപ്പിയ) എന്ന ശക്തമായ താക്കീതാണ് ബെഞ്ച് നൽകിയത്.
അഞ്ചു മാസമായി തടവിൽ കഴിയുന്ന വിദ്യാർഥിനിക്കെതിരെ ഗൗതം ബുദ്ധ നഗർ ജില്ല മജിസ്ട്രേറ്റ് എൻ.എസ്.എ പ്രകാരം ഇറക്കിയ അറസ്റ്റ് ഉത്തരവ് റദ്ദാക്കി, അവരെ വിട്ടയക്കാൻ ഹൈകോടതി ഉത്തരവ് നൽകിയെങ്കിലും നോയ്ഡ പൊലീസിന്റെ ജാമ്യം ലഭിച്ച അഞ്ചെണ്ണമൊഴിച്ചുള്ള എഫ്.ഐ.ആറുകൾ നിലവിലുള്ളതിനാൽ ഉടൻ അവർക്ക് ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിയില്ല. 24കാരിയായ ആകൃതി ചൗധരി ഡൽഹി സർവകലാശാലയിൽ നിയമം പഠിക്കുകയാണ്. തുച്ഛമായ മിനിമം വേതനം വർധിപ്പിക്കണം, ജോലിസമയം 10-12 മണിക്കൂർ എന്നതിൽനിന്ന് ദിവസം എട്ട് മണിക്കൂർ എന്ന് നിജപ്പെടുത്തണം, അയൽ സംസ്ഥാനമായ ഹരിയാനയിലേതുപോലെ തങ്ങൾക്കും വേതന വർധന അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നോയ്ഡയിൽ തൊഴിലാളികൾ നടത്തിയ സമരത്തിന് മറ്റു പലരേയുംപോലെ അനുഭാവം പ്രകടിപ്പിക്കാൻ എത്തിയതാണ് അവരും. എന്നാൽ, ഈ പങ്കാളിത്തത്തെ ഭരണകൂടം ചിത്രീകരിച്ചത് വാഹനങ്ങൾ കത്തിക്കുന്നതുൾപ്പെടെയുള്ള ആക്രമണം നടത്തി കലാപമുണ്ടാക്കാൻ പ്രേരിപ്പിച്ചു എന്ന നിലയിലായിരുന്നു. ഇതിനൊന്നും കൃത്യമായ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. ഏപ്രിൽ 13നു നടന്ന സമരത്തെക്കുറിച്ചുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അവരെ തലേദിവസമായ ഏപ്രിൽ 12ന് അറസ്റ്റ് ചെയ്തുവെന്നും അറിയുക. മാത്രമല്ല, കോടതി അന്വേഷിച്ചപ്പോൾ വെളിവായ മറ്റൊരു കാര്യം ബി.എൻ.എസ്.എസ് (ഭാരതീയ നാഗരിക സുരക്ഷാ സംഹിത) വകുപ്പ് 130 അനുസരിച്ച് നൽകിയ നോട്ടീസിന് മുമ്പായി അറസ്റ്റിനെക്കുറിച്ച് അറിയിക്കുന്ന വകുപ്പ് 126 പ്രകാരമുള്ള നോട്ടീസ് ആരോപിതക്ക് നൽകിയിരുന്നില്ല എന്നും, ധിറുതിയിൽ തന്നിഷ്ടപ്രകാരമാണ് ജില്ല മജിസ്ട്രേറ്റ് അറസ്റ്റ് നടത്തിയതെന്നുമായിരുന്നു. അഞ്ച് മാസമായി തടവിൽ കഴിയുന്ന ആകൃതി ചൗധരി പങ്കെടുത്ത പ്രതിഷേധം ജനാധിപത്യത്തിൽ അനുവദനീയമായ ഒന്നുമാത്രമാണെന്നാണ് കോടതി നിരീക്ഷിച്ചത്. അത്തരം പ്രതിഷേധങ്ങൾ സമൂഹത്തിന്റെ സേഫ്റ്റി വാൽവാണെന്നും അടക്കിവെച്ച ജനരോഷത്തിന് അത്തരം ഒരു ബഹിർഗമനം അനുവദിച്ചില്ലെങ്കിൽ പൊട്ടിത്തെറിയായിരിക്കും ഫലം എന്നും ബെഞ്ച് നിരീക്ഷിച്ചു. ജില്ല മജിസ്ട്രേറ്റായ മേധാ രൂപം (അവർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ മകൾകൂടിയാണ്) സ്വീകരിച്ച നടപടികൾ അത്യന്തം ഹീനമായിരുന്നുവെന്നും അതിൻഫലമായി അവരനുഭവിച്ച പ്രയാസങ്ങൾക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ ഉദ്യോഗസ്ഥയും ഒപ്പം കൃത്യത്തിൽ പങ്കാളികളായ മറ്റ് ഉദ്യോഗസ്ഥരും സ്വന്തം നിലക്ക് വഹിക്കണമെന്നുംകൂടി കോടതി ഉത്തരവിട്ടു.
നീതിപീഠത്തിന്റെ അസാധാരണവും ശക്തവുമായ ഉത്തരവും രൂക്ഷമായ നിരീക്ഷണങ്ങളും തന്നിഷ്ടമനുസരിച്ചും ഭരണകക്ഷിയുടെ തൃപ്തിനേടാനും അധികാരം പ്രയോഗിക്കുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേകിച്ചും, എക്സിക്യൂട്ടിവിന് പൊതുവായും ഒരു പാഠമാകേണ്ടതാണ്. വ്യക്തികളുടെ സ്വാതന്ത്ര്യത്തിനു മേൽ കൈവെക്കുമ്പോൾ അതിനു മതിയായ അടിസ്ഥാനം ഉണ്ടാവണമെന്ന തത്ത്വം ഉദ്യോഗസ്ഥർക്ക് ബോധ്യംവരണമെങ്കിൽ ഇത്തരം ചില പ്രഹരങ്ങൾ അവർക്ക് കിട്ടിയേ തീരൂ എന്നായിട്ടുണ്ട്. ദേശീയ സുരക്ഷാ നിയമം നൽകുന്ന അസാധാരണ അധികാരങ്ങളിൽ പെട്ട കരുതൽ തടങ്കൽ നടപടി എവിടെയും എടുത്ത് പ്രയോഗിക്കാനുള്ളതല്ല, തടവിലിട്ടില്ലെങ്കിൽ കുറ്റകൃത്യത്തിലേക്ക് നയിക്കും എന്നു വിശ്വസനീയമായ തെളിവുകളിലൂടെ സമർഥിക്കാൻ കഴിയുമ്പോഴേ അത് പറ്റൂ എന്ന് നിയമപാലകർ തിരിച്ചറിയാൻ ഇതുപോലുള്ള വിധിയും അതിനൊപ്പമുള്ള പിഴയും ഉപകരിച്ചെങ്കിൽ എന്നാരും ആഗ്രഹിച്ചുപോകും. പിഴക്കു പുറമെ കോടതിയുടെ പ്രതികൂല പരാമർശങ്ങൾ കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ സർവിസ് രേഖകളിലും സ്ഥലം പിടിക്കണമെന്ന് കോടതി നിർദേശിച്ചതും ഇതിന്റെ ഗൗരവം വർധിപ്പിക്കുമെന്നതിൽ സംശയമില്ല.
പൊലീസ് ഭാഷ്യമനുസരിച്ചുള്ള ആക്രമണം നടത്താൻ ഏതെങ്കിലും പ്രചാരണമോ പ്രേരണയോ നടത്തിയതായി സർക്കാറിന് ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പൗരാവകാശങ്ങളുടെ കാവലാളായി നമ്മുടെ ജുഡീഷ്യറി ഉയരുന്നത് ജനാധിപത്യ പ്രേമികൾക്ക് പുളകമുണ്ടാക്കുന്ന സംഭവമാണ്. പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതും അതിനിടയിൽ അരാജകത്വം സൃഷ്ടിക്കുന്നതും തമ്മിലെ അകലം നിയമപാലകർ കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. അതില്ലാതെ തങ്ങൾക്ക് തോന്നുമ്പോൾ ആരെയും പിടിച്ചകത്താക്കി സായുജ്യംകൊള്ളുന്നവർക്ക് കോടതിയുടെ ഭാഗത്തുനിന്ന് ശകാരമേൽക്കുമ്പോൾ അത് സമൂഹത്തിനു മൊത്തം ഗുണം ചെയ്യും. ഭരണഘടനയോടും അതിന്റെ മൂല്യങ്ങളോടും കൂറ് കാണിക്കേണ്ട ഇടമാണ് സിവിൽ സർവിസ്, അധികാരം ആത്മനിഷ്ഠമായോ അന്യപ്രേരണയാലോ പയറ്റേണ്ട ഒരായുധമല്ല എന്നെല്ലാം ഭരണ നിർവാഹകർ ഉൾക്കൊള്ളുമ്പോഴാണ് ജനാധിപത്യ സ്വത്വം അതിന്റെ ആത്മാവിനെ കണ്ടെത്തുക. ഈ മൗലിക പാഠം ഒരിക്കൽകൂടി ഓർമിപ്പിച്ചിരിക്കുന്നു അലഹബാദ് ഹൈകോടതി വിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.