ആവർത്തിക്കുന്ന വീട്ടുപ്രസവ ദുരന്തങ്ങൾ

ചൈ​​​ന​​​യി​​​ൽ ഏ​​​റെ പ്ര​​​ചാ​​​ര​​​ത്തി​​​ലു​​​ള്ള​​​ അ​​​ക്യു​​പ​​​ങ്ച​​​ർ ചി​​​കി​​​ത്സാ​​​രീ​​​തി​​​യു​​​മാ​​​യി ഒ​​​രു ബ​​​ന്ധ​​​വു​​മി​​​ല്ലാ​​​ത്ത, തീർത്തും പ്രാകൃതമായ ഒരു മുറയാണ് പ്രസവ മരണങ്ങൾക്ക് കാരണക്കാരായ കേരളത്തിലെ വ്യാജ അക്യുപങ്ചർ ചികിത്സകർ സ്വീകരിച്ചുപോരുന്നത്

ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച പുരോഗതിയെക്കുറിച്ച് അഭിമാനിക്കുന്നവരാണ് മലയാളികൾ. അപ്പോഴും, കേരളത്തിന്റെ ആരോഗ്യ പ്രബുദ്ധതക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപഭ്രംശങ്ങളും നമ്മെ വിടാതെ പിന്തുടരുന്നു. ആധുനിക വൈദ്യത്തിൽ താരതമ്യേന മികച്ചതും ചെലവുകുറഞ്ഞതുമായ ചികിത്സ ലഭിക്കുന്ന നാടായിട്ടും, ഇവിടെ വ്യാജവൈദ്യത്തിനും മന്ത്രവാദ ചികിത്സക്കുമൊന്നും ഒരു കുറവുമില്ല. അക്കൂട്ടത്തിൽ ഏതാനും വർഷമായി കണ്ടുവരുന്ന പുതിയൊരു അപകടമാണ് വീട്ടുപ്രസവങ്ങൾ. പ്ര​​​കൃ​​​തി​​​ചി​​​കി​​​ത്സ, അ​​​ക്യു​​​പ​​​ങ്ച​​​ർ തു​​​ട​​​ങ്ങി​​​യ ബ​​​ദ​​​ൽ ചി​​​കി​​​ത്സാ​​​മു​​​റ​​​ക​​​ളു​​​ടെ പേ​​​രി​​​ലാണ് ഈ ​​​പ്ര​​​സ​​​വ​​​സാ​​​ഹ​​​സ​​​ങ്ങ​​​ൾ അരങ്ങേറുന്നത്. അതിന്റെ അപകടങ്ങൾ ഒട്ടും ചെറുതല്ലെന്ന് സമീപകാല അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അത്തരത്തിലുള്ള പല ദുരന്തങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022 ആ​​​ഗ​​​സ്റ്റി​​​ൽ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ തി​​​രൂ​​​രി​​​ന​​​ടു​​​ത്ത് വീ​​​ട്ടി​​​ലെ പ്ര​​​സ​​​വ​​​ത്തെ​​​ത്തുട​​​ർ​​​ന്ന് കു​​​ഞ്ഞ് മ​​​രി​​​ച്ച സം​​​ഭ​​​വം ഏ​​​റെ വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. 2024 ഫെബ്രുവരിയിൽ തിരുവനന്തപുരം കാരക്കാമണ്ഡപത്തിനടുത്ത് ശമീറ ബീവി എന്ന യുവതിയും കുഞ്ഞും മരിച്ചതും വീട്ടുപ്രസവ പരീക്ഷണത്തിലാണ്. കഴിഞ്ഞവർഷം, മലപ്പുറം ചട്ടിപ്പറമ്പിലും സമാന സംഭവം നടന്നു. ഇപ്പോഴിതാ, ചാവക്കാട് എടക്കഴിയൂർ സ്വദേശിനി മുഹ്സിനക്കും കുഞ്ഞിനും ജീവൻ നഷ്ടപ്പെട്ടതും ഇതേ പരീക്ഷണത്തെത്തുടർന്നാണ്.

കഴിഞ്ഞ നാലുവർഷത്തിനിടെ സംസ്ഥാനത്ത് 25ഓളം വീട്ടുപ്രസവ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് വളരെ ഉയർന്ന നിരക്കാണ്. മറ്റൊരു കണക്കുകൂടി പരിശോധിക്കുമ്പോൾ ഇക്കാര്യം കൂടുതൽ വ്യക്തമാകും. ഏറ്റവും പുതിയ സാമ്പിൾ സർവേ സ്റ്റഡി (എസ്.ആർ.എസ്) റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ മാതൃമരണ നിരക്ക് 30 ആണ്. മറുവശത്ത്, 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെയുള്ള ഒമ്പത് മാസത്തിനിടെ കേരളത്തിൽ നടന്ന ഗാർഹിക പ്രസവങ്ങളുടെ എണ്ണം 350ൽ താഴെയാണ്. ഇതിൽ ഒമ്പതുപേർ മരണപ്പെട്ടു. സം​​​സ്ഥാ​​​ന​​​ത്ത് ചി​​​ല ആ​​​ദി​​​വാ​​​സി ഊ​​​രു​​​ക​​​ൾപോലെ അപൂർവം ചില മേഖലകൾ ഒ​​​ഴി​​​ച്ചു​​​നി​​​ർ​​​ത്തി​​​യാ​​​ൽ, ബാക്കിയെല്ലായിടത്തും ചികിത്സസൗകര്യങ്ങൾ ലഭ്യമാണ്. നമ്മുടെ ത്രിതല ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെട്ടതുമാണ്. എന്നി​​​ട്ടും, ഈ ചികിത്സാ സംവിധാനങ്ങളത്രയും ഉപേക്ഷിച്ച് ആ​​​ളു​​​ക​​​ൾ വീ​​​ട​​​ക​​​ങ്ങ​​​ൾ​​​ത​​​ന്നെ പ്ര​​​സ​​​വ​​​ത്തി​​​നാ​​​യി തി​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത് എന്തുകൊണ്ടായിരിക്കും? ഈ ചോദ്യത്തിന് ഉത്തരമന്വേഷിച്ച് പോകുമ്പോൾ എത്തിപ്പെടുക, പ്രസവ മുറികളിൽ മരണക്കുരുക്കൊരുക്കുന്ന ബദൽ ചികിത്സാ ലോബികളിലാണ്; വിശേഷിച്ചും വ്യാജ അക്യുപങ്ചർ ചികിത്സകരിൽ. ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന അം​​​ഗീ​​​ക​​​രി​​​ച്ച​​​തും ചൈ​​​ന​​​യി​​​ൽ ഏ​​​റെ പ്ര​​​ചാ​​​ര​​​ത്തി​​​ലു​​​ള്ള​​​തു​​​മാ​​​യ അ​​​ക്യു​​പ​​​ങ്ച​​​ർ ചി​​​കി​​​ത്സാ​​​രീ​​​തി​​​യു​​​മാ​​​യി ഒരു ബ​​​ന്ധ​​​വു​​മി​​​ല്ലാ​​​ത്തതും തീർത്തും പ്രാകൃതവുമായ ഒരു മുറയാണ് ഇക്കൂട്ടർ സ്വീകരിക്കുന്നത്. ആധുനികവൈദ്യത്തിന്റെ ചികിത്സ രീതികളോടുള്ള വിരോധമാണ് ഇക്കൂട്ടരുടെ മുഖമുദ്ര. അതുകൊണ്ടുതന്നെ, ചികിത്സയല്ല, ചികിത്സ നിഷേധമാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. മാർച്ച് 19ന് മരിച്ച മുഹ്സിനയുടെ അനുഭവം അതാണ് വ്യക്തമാക്കുന്നത്. ജനുവരിയിലായിരുന്നു മുഹ്സിനയുടെ വീട്ടുപ്രസവം. ആറാം നാൾ കുഞ്ഞ് മരിച്ചു; പിന്നീട് അണുബാധയുണ്ടായിട്ടും മുഹ്സിനക്ക് ആവശ്യമായ ചികിത്സ നൽകാൻ ഭർത്താവും ബന്ധുക്കളും തയാറായില്ല. മുഹ്സിനയുടെ പ്രസവം ‘കൈകാര്യം’ ചെയ്ത പ്രദേശത്തെ വ്യാജ അക്യുപങ്ചർ ചികിത്സകയുടെ ഉപദേശത്തെ തുടർന്നായിരുന്നു ഈ ചികിത്സ നിഷേധം. സംഭവം കേസായതോടെ, മുഹ്സിനയുടെ ഭർത്താവ് റിമാൻഡിലായി. ഭർത്താവിന്റെ ബന്ധുക്കൾക്കും കുപ്രസിദ്ധയായ ആ ചികിത്സകക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഹ്സിനയുടെ കുടുംബം കഴിഞ്ഞ ദിവസം വാർത്തസമ്മേളനം നടത്തുകയുണ്ടായി.

മുഹ്സിനയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടതുപോലെ, വിഷയത്തിൽ കൃത്യവും സമഗ്രവുമായൊരു അന്വേഷണം നടന്നാൽ ഈ വ്യാജ ചികിത്സ മാഫിയയെക്കുറിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് ഉറപ്പാണ്. ഏതാനും വർഷമായി ഈ മാഫിയ ഇവിടെ അക്യുപങ്ചർ എന്ന പേരിൽ ‘ചികിത്സ’ നടത്തുന്നുണ്ട്. അ​​​ക്യു​​പ​​​ങ്ച​​​ർ ഒ​​​രു അം​​​ഗീ​​​കൃ​​​ത മു​​​ഖ്യ​​​ചി​​​കി​​​ത്സ രീ​​​തി​​​യാ​​​യി ഇ​​​നി​​​യും ഭ​​​ര​​​ണ​​​കൂ​​​ടം അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. എന്നാൽ, ഒ​​​രു അ​​​നു​​​ബ​​​ന്ധ ചി​​​കി​​​ത്സ ​​​രീ​​​തി എ​​​ന്ന രീ​​​തി​​​യി​​​ൽ പ​​​രി​​​മി​​​ത​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി നൽകുന്ന ഉത്തരവ് 2003ൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിരുന്നു. അം​​​ഗീ​​​കൃ​​​ത മെ​​​ഡി​​​ക്ക​​​ൽ ബി​​​രു​​​ദ​​​മു​​​ള്ള അ​​​ക്യു​​പ​​​ങ്ച​​ർ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ഡി​​​പ്ലോ​​​മ​​​ക്കാ​​​ർ​​​ക്ക് ചി​​​കി​​​ത്സ​​​ ന​​​ട​​​ത്താ​​​മെ​​​ന്നാ​​​ണ് ​​ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​ത്ത​​​ര​​​ത്തി​​​ൽ എം.ബി.ബി.എസ്, ബി.എച്ച്.എം.എസ് തുടങ്ങിയ മെഡിക്കൽ ബിരുദമുള്ളവർ ഇവിടെ ചി​​​കി​​​ത്സ ന​​​ട​​​ത്തു​​​ന്നുണ്ട്. എ​​​ന്നാ​​​ൽ, മേ​​​ൽ​​​സൂ​​​ചി​​​പ്പി​​​ച്ച വ്യാ​​​ജ​​​ന്മാ​​​ർ​​​ക്ക് ഇ​​​തൊ​​​ന്നും ബാ​​​ധ​​​ക​​​മ​​​ല്ല. പ​​​ല​​​​പ്പോ​​​ഴും ശാ​​​സ്ത്ര​​​ത്തി​​​ൽ അ​​​ടി​​​സ്ഥാ​​​ന ​​​വി​​​ദ്യാ​​​ഭ്യാ​​​സംപോ​​​ലും ആ​​​ർ​​​ജി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​രാ​​​ണ് ഇ​​​വി​​​ടെ അ​​​ക്യു​​​പ​​​ങ്ച​​​ർ പ്ര​​​ചാ​​​ര​​​ക​​​രും ​ചി​​​കി​​​ത്സ​​​ക​​​രു​​​മാ​​​യി വി​​​രാ​​​ജി​​​ക്കു​​​ന്ന​​​ത്.

ഭാരത് സേവക് സമാജിന്റെ (ബി.എസ്.എസ്) സർട്ടിഫിക്കറ്റ് ചുവരിൽ തൂക്കിയാണ് ഇക്കൂട്ടർ ചികിത്സ നടത്തുന്നത്. വൈദ്യശാസ്ത്രത്തിൽ ഒരു വിവരവുമില്ലാത്ത ഈ വ്യാജന്മാരുടെ ചികിത്സ പലപ്പോഴും വലിയ അപകടത്തിലും മ​​​ര​​​ണ​​​ത്തി​​​ലു​​​മെ​​​ല്ലാം ക​​​ലാ​​​ശി​​​ച്ച​​​ത് നേ​​​ര​​​ത്തേ വ​​​ലി​​​യ വാ​​​ർ​​​ത്ത​​​യാ​​​യി​​​രു​​​ന്നു. പക്ഷേ, അ​​​തെ​​​ല്ലാം വാ​​​ർ​​​ത്ത​​​യി​​​ലൊ​​​തു​​​ങ്ങി. നമ്മു​ടെ നിയമത്തിന്റെ അപര്യാപ്തതയാണ് ഇതിന്റെ പ്രശ്നം. അ​​​ക്യു​​​പ​​​ങ്ച​​​റി​​​ൽ മ​​​രു​​​ന്ന് സ​​​മ്പ്ര​​​ദാ​​​യ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ നി​​​ല​​​വി​​​ലെ നി​​​യ​​​മ​​​വ്യ​​​വ​​​ഹാ​​​ര​​​ങ്ങ​​​ളി​​​ൽ ഇ​​​ത് ‘ചി​​​കി​​​ത്സ’ എ​​​ന്ന നി​​​ർ​​​വ​​​ച​​​ന​​​ത്തി​​​ൽ വ​​​രുന്നി​​​ല്ല എ​​​ന്ന​​​തി​​നാ​​ൽ വ്യാജന്മാർ രക്ഷപ്പെടുകയാണ് പതിവ്. മുഹ്സിനയുടെ കാര്യത്തിലും ഇത് സംഭവിക്കാൻ സാധ്യതയുണ്ട്. ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന് 2021ലെ പുതിയ ആരോഗ്യ നിയമ പ്രകാരം ചില നടപടികൾ കൈക്കൊള്ളാൻ സാധിക്കുമായിരുന്നു. നിർഭാഗ്യവശാൽ, മുമ്പ് പ്രസവദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട​​പ്പോഴെല്ലാം അജ്ഞാതമായ കാരണങ്ങളാൽ നമ്മുടെ ആരോഗ്യ വകുപ്പ് കൈമലർത്തി. അതിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ ദുരന്തങ്ങളെന്ന് പറയേണ്ടിവരും. അതിനാൽ, മ​​​ഹാ​​​രാ​​​ഷ്ട്ര​​​യി​​​ലും പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലു​​​മെ​​​ല്ലാം നടപ്പാക്കിയ​​​തു​​​​പോ​​​ലെ ശക്തമാ​​​യ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം​​ത​​​ന്നെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്.

Tags:    
News Summary - Recurring home birth tragedies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.