ഒരൊറ്റ വോട്ടർക്ക് വോട്ടവകാശം നിഷേധിക്കുന്നതുപോലും ഭരണഘടനയുടെ ലംഘനമാണ്. ഇവിടെ ഇരുപതിനായിരത്തിലധികം പേർക്ക് അത് നിഷേധിച്ചു. വികലമായ എസ്.ഐ.ആർ വഴി വോട്ടല്ല, പൗരത്വംതന്നെയും അന്യായമായി നിഷേധിക്കപ്പെട്ടവരുടെ എണ്ണം എത്രയോ ഇരട്ടി വരും
കേരളം, തമിഴ്നാട്, അസം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി യൂനിയൻ ഭരണ പ്രദേശത്തും നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലാണ് ഇന്ന്. മൊത്തം 824 സീറ്റുകളിലേക്ക് 17 കോടിയിലേറെ വരുന്ന സമ്മതിദായകരുടെ ഇഷ്ടാനിഷ്ടങ്ങൾ ഇന്ന് വെളിപ്പെടുകയാണ്. കേരളത്തിൽ വോട്ട് ശതമാനം 80നടുത്ത് വരും; മറ്റിടങ്ങളിൽ അതിൽ കൂടുതലും. പശ്ചിമബംഗാളിലും (92 ശതമാനം) തമിഴ്നാട്ടിലും (85 ശതമാനം) വോട്ട് സർവകാല റെക്കോഡായി. വോട്ടർപട്ടിക “ശുദ്ധീകരണം” അധിക വോട്ട്ശതമാനത്തിന് ഒരു കാരണമാണെങ്കിലും, ഉയർന്ന രാഷ്ട്രീയബോധവും കടുത്ത വാശിയും വോട്ടർമാരെ പതിവിൽക്കവിഞ്ഞ തോതിൽ പോളിങ് ബൂത്തിലേക്ക് എത്തിച്ചു എന്നത് വസ്തുതയാണ്. വോട്ടർ പങ്കാളിത്തം ജനാധിപത്യത്തിന് ശുഭസൂചനയാണ്. അതേസമയം, തെരഞ്ഞെടുപ്പിന്‍റെ പവിത്രതക്ക് കാര്യമായ ക്ഷതം സംഭവിച്ച തെരഞ്ഞെടുപ്പുകാലംകൂടിയാണിത്. സമ്മതിദായകരും സ്ഥാനാർഥികളും പാർട്ടികളും, എന്തിന്, പോളിങ് ഉദ്യോഗസ്ഥർപോലും പലതരത്തിലുള്ള പരാതികൾ ഉന്നയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. അതിൽ വോട്ടവകാശ നിഷേധം എന്ന അതിഗുരുതരമായ പാതകം വരെ ഉണ്ട്.
കേരളത്തിൽ തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ച 20,411 സർക്കാർ ഉദ്യോഗസ്ഥർക്ക് വോട്ട് നിഷേധിച്ചു. അവർക്ക് തപാൽവോട്ട് സൗകര്യം ലഭിച്ചില്ല. സൗകര്യം ചെയ്തുകൊടുക്കേണ്ട കമീഷൻ അത് ചെയ്തില്ല. സൗകര്യം ലഭ്യമാക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിക്കണമെന്ന്, അവസാന അത്താണിയെന്ന നിലക്ക് ഹൈകോടതിയിൽ അപേക്ഷ സമർപ്പിച്ചു. കോടതിയും അത് തള്ളി. വൈകിപ്പോയതിനാൽ തെരഞ്ഞെടുപ്പ് നടപടികളിൽ ഇടപെടാനാകില്ലത്രേ. സമയക്കുറവ് ചൂണ്ടിക്കാട്ടി ഹരജി തള്ളിയ കോടതിതന്നെ, വോട്ട് നിഷേധിക്കപ്പെട്ട 20,000ത്തിലധികം ആളുകളുടെ പേരും മറ്റു വിവരങ്ങളും പരാതിക്കാർ നൽകിയില്ലെന്ന എതിർവാദം അംഗീകരിക്കുകയായിരുന്നു. ജില്ല കലക്ടറേറ്റുകളിൽ പോസ്റ്റൽ വോട്ടിന് സൗകര്യമേർപ്പെടുത്താനായി ജില്ല തിരിച്ചുള്ള കണക്കുവരെ സമർപ്പിച്ച പരാതിക്കാർക്ക് പൂർണപട്ടിക നൽകാൻ കഴിയാതിരുന്നതും അതേ സമയക്കുറവുമൂലമായിരുന്നല്ലോ. കേസ് നിലനിൽക്കില്ലെന്ന കമീഷന്‍റെ വാദം കോടതി അംഗീകരിക്കാതിരുന്നതിൽനിന്നുതന്നെ, കേസ് ന്യായമാണെന്ന് വ്യക്തമാണ്. ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ കഴിയാതിരുന്നത് അവരുടെ കുറ്റംകൊണ്ടല്ല. പരിശീലന ക്ലാസിന്‍റെ ഘട്ടത്തിൽ വോട്ട് ചെയ്യാമെന്ന് കമീഷൻ ആദ്യം പറഞ്ഞു; പക്ഷേ, ബാലറ്റ് യഥാസമയം എത്തിച്ചില്ല. നിയോജകമണ്ഡലങ്ങളിലെ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ സൗകര്യമുണ്ടാകുമെന്ന് പിന്നെ പറഞ്ഞു; പലരുടെയും ബാലറ്റ് അപ്പോഴും എത്തിയില്ല. വോട്ട് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കും എന്നായി പിന്നെ. പക്ഷേ, പലയിടത്തും ബാലറ്റ് തക്കസമയത്ത് എത്തിയില്ല. ഇപ്പോൾ സമയം വൈകിയെങ്കിൽ അതിന് കാരണം വോട്ടർമാരല്ല, കമീഷനാണ്. കമീഷന്‍റെ വീഴ്ചക്ക് ഉദ്യോഗസ്ഥരുടെ വോട്ട് നഷ്ടപ്പെടുത്തുന്നത് എങ്ങനെ ന്യായമാകും? പക്ഷേ, 20,411 പേർ നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്‍റെ രക്തസാക്ഷികളായിരിക്കുന്നു.
ഒരൊറ്റ വോട്ടർക്ക് വോട്ടവകാശം നിഷേധിക്കുന്നതുപോലും ഭരണഘടനയുടെ ലംഘനമാണ്. ഇവിടെ ഇരുപതിനായിരത്തിലധികം പേർക്ക് അത് നിഷേധിച്ചു. ഇലക്ഷൻ കമീഷന്‍റെ വികലമായ എസ്.ഐ.ആർ വഴി വോട്ടല്ല, പൗരത്വംതന്നെയും അന്യായമായി നിഷേധിക്കപ്പെട്ടവരുടെ എണ്ണം എത്രയോ ഇരട്ടി വരും. വോട്ടർപട്ടിക “ശുദ്ധീകരണം” എന്ന പേരിൽ നടന്ന നീതിനിഷേധം പലതവണ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല. കമീഷന്‍റെ പക്ഷപാതിത്വത്തെപ്പറ്റി ധാരാളം ആരോപണങ്ങളുണ്ടായിട്ടും തിരുത്തിയിട്ടില്ല. മാതൃകാ പെരുമാറ്റച്ചട്ടം പ്രതിപക്ഷ കക്ഷികൾക്കും നേതാക്കൾക്കും മാത്രമാണ് ബാധകമാക്കുന്നത്. വോട്ടെടുപ്പിന്‍റെ തലേന്ന് വോട്ടർമാരെ സ്വാധീനിക്കും വിധം അധികാര ദുർവിനിയോഗം നടത്തിയ പ്രധാനമന്ത്രിയെ വിമർശിക്കാൻപോലും കമീഷനായില്ല. 2019ൽ മിസൈൽ പരീക്ഷണം മുതലെടുത്താണ് മോദി വോട്ടുതലേന്ന് ചട്ടം ലംഘിച്ചത്. അന്ന് കമീഷൻ അനങ്ങാതിരുന്നതിന്‍റെ ധൈര്യത്തിലാവാം, ഇക്കുറി മോദി ആകാശവാണിയും ദൂരദർശനും ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളെ പരസ്യമായി കുറ്റപ്പെടുത്തി. ചട്ടലംഘനം മാത്രമല്ല അത്; വനിതാസംവരണത്തെ പ്രതിപക്ഷം അട്ടിമറിച്ചു എന്ന വ്യാജംകൂടിയാണ് പ്രധാനമന്ത്രി പ്രചരിപ്പിച്ചത്. കമീഷൻ അനങ്ങിയില്ല. ഉദാഹരണങ്ങൾ ധാരാളം. പശ്ചിമബംഗാളിൽ വോട്ടെണ്ണലിന് സംസ്ഥാന ഉദ്യോഗസ്ഥരെ മാറ്റി യൂനിയൻ സർക്കാറിന്‍റെ ഉദ്യോഗസ്ഥരെ വ്യാപകമായി വെച്ചത് തെരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യതയെ ബാധിച്ചിട്ടും കമീഷൻ തിരുത്തിയില്ല; കോടതി തിരുത്തിച്ചുമില്ല. ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള വിവേചനാധികാരം കമീഷനുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് സാങ്കേതികമായി ശരിയാവാം. പക്ഷേ, ഈ കമീഷൻ പൂർണമായും മോദി സർക്കാറിന്‍റെ സ്വന്തം നോമിനികളാണെന്ന വസ്തുതയിരിക്കെ അവരുടെ നടപടി തിരുത്തിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യതക്കേൽക്കുന്ന ക്ഷതം കുറക്കാമായിരുന്നു. വോട്ടർപട്ടിക മുതൽ വോട്ടെണ്ണൽ വരെ എല്ലാ ഘട്ടങ്ങളിലും ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗിക്കുകയും അവയുടെ വിശ്വാസ്യത തകർക്കുകയും ചെയ്യുന്നതിൽ ഇന്നത്തെ ഇലക്ഷൻ കമീഷൻ ഏറെ മുന്നോട്ടുപോയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.