ബഹിരാകാശയുദ്ധത്തിെൻറ ഭീഷണി നേരിടാനുള്ള പ്രാപ്തി നേടിയെടുക്കുന്നതിൽ ഇന്ത്യ യുടെ കരുത്തുറ്റ ചുവടുവെപ്പ്. എ സാറ്റ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഉപഗ്രഹങ്ങളെ ആക്രമിച്ചു വീഴ്ത്തുന്ന ശേഷി ഇന്ത്യ കൈവരിച്ചതായി പ്രധാനമന്തി നരേന്ദ്ര മോദി രാജ്യത് തെ അറിയിച്ചു. ബഹിരാകാശത്തെ ലക്ഷ്യംവെച്ച ഒരു ഉപഗ്രഹത്തെ മിസൈൽ മൂന്നു മിനിറ്റിനുള്ളി ൽ തകർത്തു ദൗത്യം നിർവഹിച്ചതായി അറിയിച്ച പ്രധാനമന്ത്രി, കരയും കടലും ആകാശവും കടന് ന് ബഹിരാകാശത്തും ശത്രുവിെൻറ ആക്രമണങ്ങൾ പ്രതിരോധിക്കാൻ ഇന്ത്യക്കാവുമെന്ന് ആത ്മവിശ്വാസം പ്രകടിപ്പിച്ചു. ഇതോടെ, ഉപഗ്രഹ പ്രഹര ശേഷിയുള്ള അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ കൂടെ ഇന്ത്യയും ഇടംനേടി. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് െഡവലപ്മെൻറ് ഒാർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ആൻറി സാറ്റലൈറ്റ് മിസൈൽ (എ സാറ്റ്) ആണ് ബുധനാഴ്ച ‘മിഷൻ ശക്തി’ എന്നു പേരിട്ട പരീക്ഷണത്തിൽ വിക്ഷേപിച്ചത്. ശത്രു ഉപഗ്രഹങ്ങളെ സ്തംഭിപ്പിക്കാനും നശിപ്പിക്കാനും സേനാനീക്കങ്ങളറിയാനും മറുനീക്കങ്ങൾ തടയാനും ഉപകരിക്കുന്ന ബഹുവിധ ശേഷിയുള്ള എ സാറ്റ് മിസൈൽ ബഹിരാകാശയുദ്ധത്തിലെ സുപ്രധാനഘടകമാണ്. എൺപതുകളുടെ തുടക്കത്തിൽ അമേരിക്കയും റഷ്യയുമാണ് ഉപഗ്രഹവേധ മിസൈൽ പരീക്ഷണവുമായി രംഗത്തുവരുന്നത്. 2007ൽ ചൈനയും ഇൗ രംഗത്തേക്ക് കടന്നത് ഇന്ത്യക്ക് അസ്വസ്ഥത കൂട്ടി. 2013ൽ ചൈന പരീക്ഷണം ആവർത്തിച്ചു. ഇതോടെ ഇൗ ശേഷി സ്വായത്തമാക്കുകയെന്ന ഡി.ആർ.ഡി.ഒ സജീവമായി കൊണ്ടുനടന്ന സ്വപ്നമാണ് ശാസ്ത്രജ്ഞന്മാർ കഴിഞ്ഞ ദിവസം പൂർത്തീകരിച്ചത്.
ബഹിരാകാശ ആയുധശേഷിയിൽ ഇന്ത്യ നടത്തിയ ഇൗ കുതിച്ചുചാട്ടം നമ്മുടെ നയത്തിൽ നിന്നുള്ള കുതറിത്തെറിക്കൽ കൂടിയാണ്. 2012 ഏപ്രിലിൽ, അഗ്നി അഞ്ച് മിസൈൽ വിക്ഷേപിച്ചപ്പോൾ തന്നെ എ സാറ്റ് മിസൈൽ വികസിപ്പിക്കാനുള്ള ആത്മവിശ്വാസം ഡി.ആർ.ഡി.ഒ പ്രകടിപ്പിച്ചിരുന്നു. അന്ന് യു.പി.എ ഗവൺമെൻറ് എ സാറ്റ് വികസിപ്പിക്കാൻ അനുമതി നൽകിയിരുന്നില്ല. ഇന്ത്യ ബഹിരാകാശത്തെ ആയുധവത്കരണത്തിൽ വിശ്വസിക്കുന്നില്ലെന്നും നമ്മൾ ശേഷി നേടിയെടുക്കുന്നതിനെക്കുറിച്ചു മാത്രമാണ് പറയുന്നതെന്നും ബഹിരാകാശത്ത് ആക്രമണശേഷി നേടുന്നതിന് ഇപ്പോൾ പരിപാടിയില്ലെന്നുമാണ് 2012 ഏപ്രിൽ 20ന് ഡി.ആർ.ഡി.ഒ അധ്യക്ഷൻ വി.കെ. സാരസ്വത് പറഞ്ഞത്. ബഹിരാകാശയുദ്ധത്തിൽ നിന്നു മുഖം തിരിച്ചുനിന്ന ഇന്ത്യ നയം മാറ്റിയോ ഇല്ലേ എന്ന കാര്യം പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയില്ലെങ്കിലും സുരക്ഷക്കുവേണ്ടിയുള്ള പ്രതിരോധനീക്കം മാത്രമാണിതെന്നും പരീക്ഷണം അന്താരാഷ്ട്ര നിയമങ്ങളെയോ കരാറുകളെയോ ലംഘിക്കുന്നില്ലെന്നും ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. പരീക്ഷണവിജയത്തിൽ ആവേശം കൊള്ളുേമ്പാഴും ഇത് രാഷ്ട്രാന്തരീയ തലത്തിൽ എന്തു പ്രതികരണമുളവാക്കും എന്നതു സംബന്ധിച്ച കരുതൽ പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ വായിക്കാം.
ഇന്ത്യയോടുള്ള ചൈനയുടെ അപ്രീതിയും പാകിസ്താനുമായുള്ള ചങ്ങാത്തവും ഇന്ത്യക്ക് അസ്വാസ്ഥ്യമുണ്ടാക്കുന്നതാണ്. അതിനാൽ, ബഹിരാകാശനയത്തിൽ വീണ്ടുവിചാരത്തിന് ഏതാനും വർഷങ്ങളായി അവർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ൈചനയുടെ 2007ലെ ആദ്യ മിസൈൽ പരീക്ഷണം കഴിഞ്ഞപ്പോൾ തന്നെ അന്നത്തെ ഇന്ത്യൻ ചീഫ് ഒാഫ് ആർമി സ്റ്റാഫ് ജനറൽ ദീപക് കപൂറും ഇൻറഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ചീഫായിരുന്ന ലഫ്. ജനറൽ എച്ച്.എസ്. ലിഡറും ഇന്ത്യ എ സാറ്റ് ശേഷി സ്വന്തമാക്കുന്നതിന് ആവശ്യമുയർത്തി. 2012ലെ അഗ്നി അഞ്ച് പരീക്ഷണം ഇതിനു മറുമരുന്നായി ഉപയോഗിക്കാനുള്ള സാധ്യത വി.കെ. സാരസ്വത് ഉയർത്തിക്കാട്ടിയപ്പോഴും അതിനെ അത്യുക്തിയെന്നു പറഞ്ഞു തള്ളാൻ ഇന്ത്യയിൽ തന്നെ ചില ശാസ്ത്രജ്ഞന്മാർ രംഗത്തുവന്നു. എ സാറ്റ് വിക്ഷേപണം നടത്താത്തിടത്തോളം ഇന്ത്യ വെറും ‘കടലാസു പുലി’യായി തുടരുമെന്ന് അമേരിക്കൻ വിദഗ്ധരും വിലയിരുത്തി.
എന്നാൽ, സാേങ്കതിക വൈദഗ്ധ്യത്തിെൻറ അഭാവമല്ല, ബഹിരാകാശയുദ്ധത്തിലേക്കു കടക്കുന്നതിനെച്ചൊല്ലിയുള്ള ആശങ്കകളാണ് ഇന്ത്യയെ ഇത്രയും കാലം എ സാറ്റ് വിക്ഷേപണദൗത്യത്തിൽ നിന്നു പിന്തിരിപ്പിച്ചതെന്ന് ചരിത്രം പറയുന്നു. മേഖലയിൽ അതിഗുരുതരമായ അരക്ഷിതാവസ്ഥയും ബഹിരാകാശ ആയുധവത്കരണത്തിലുള്ള മത്സരസാധ്യതയുമടക്കമുള്ള പ്രത്യാഘാതങ്ങൾക്ക് പരീക്ഷണം വഴിയൊരുക്കും. ബഹിരാകാശ മാലിന്യങ്ങളുടെ വിപാടനത്തിന് രൂപം കൊടുത്ത ഇൻറർ ഏജൻസി സ്പേസ് ഡെബ്രിസ് കോഒാഡിനേഷൻ കമ്മിറ്റിയിൽ അംഗവും സംഘടനയുടെ മാർഗരേഖ തയാറാക്കാൻ മുൻകൈയെടുക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. 2007 ജനുവരിയിൽ ചൈന നടത്തിയ ആദ്യവിക്ഷേപണത്തിൽ നശിച്ച ഫെങ് യുൻ ഒന്ന് സി എന്ന കാലാവസ്ഥ ഉപഗ്രഹം 2500 മുതൽ 3000 വരെ കഷണങ്ങളായി ഭ്രമണപഥത്തിൽ ചിതറിത്തെറിച്ചു. 2013 ലെ ചൈനയുടെ പരീക്ഷണത്തിൽ ഇത്തരമൊരു മാലിന്യശകലം തട്ടി ഒരു റഷ്യൻ ഉപഗ്രഹം നശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ആപത്കരമായ ബഹിരാകാശ മാലിന്യത്തിന് ഇടയാക്കുന്ന എ സാറ്റ് പരീക്ഷണം ഇന്ത്യയെ തിരിഞ്ഞുകൊത്തും. മിസൈലിെൻറ തദ്ദേശീയ വികസനം പ്രതിരോധ, ആയുധനിർമാണ വ്യവസായത്തിലെ വൻതോതിലുള്ള അന്താരാഷ്ട്ര നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കാനും ഉപരോധമടക്കം ക്ഷണിച്ചുവരുത്താനുമിടയുണ്ട്. അതിനാൽ, കരുതലോടു വേണം മിസൈൽ പരീക്ഷണമെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകിയിരുന്നതാണ്. എ സാറ്റ് പരീക്ഷണം ബഹിരാകാശ മാലിന്യവിസർജനത്തിന് ഇടയാക്കാതെ ഭൂമിയുടെ അന്തരീക്ഷത്തിൽ കത്തിത്തീരുന്ന വിധത്തിലുള്ള താഴ്ന്ന വിതാനത്തിലാകുക, ഉപഗ്രഹങ്ങൾ നശിപ്പിക്കാതെ, സ്തംഭിപ്പിച്ചും നിർവീര്യമാക്കിയുമുള്ള ‘മൃദുവേധ’ രീതികൾ പരീക്ഷിക്കുക തുടങ്ങിയ നിർദേശങ്ങൾ അവർ മുന്നോട്ടുവെച്ചിരുന്നു.
ഇന്ത്യൻ പരീക്ഷണത്തിെൻറ വിശദാംശങ്ങൾ പുറത്തുവരുന്നേയുള്ളൂ. ചൈനയും പാകിസ്താനുമൊഴികെയുള്ള വൻശക്തികളുടെ പ്രതികരണവും വന്നു കഴിഞ്ഞിട്ടില്ല. പരീക്ഷണഫലം രാജ്യത്തെ മുഴുവൻ ഉദ്വേഗത്തിൽ നിർത്തിയ ശേഷം പ്രഖ്യാപിക്കാൻ തെരഞ്ഞെടുപ്പ് പ്രചാരണവേള ഉപയോഗിച്ചതിെൻറ നൈതികത പ്രതിപക്ഷം ചോദ്യം ചെയ്തിട്ടുണ്ട്. അതിനുമപ്പുറം, ഇന്ത്യയുടെ ബഹിരാകാശനയം പൊളിച്ചെഴുതിയ പരീക്ഷണം ഗുണമോ ദോഷമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് തെളിയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.