മാധ്യമങ്ങൾ: സ്വാതന്ത്ര്യം കുറയുന്നു; വംശീയത കൂടുന്നു



ലോകമൊട്ടാകെ മാധ്യമസ്വാതന്ത്ര്യം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സിന്റെ (ആർ.എസ്.എഫ്) പുതിയ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം 180 രാജ്യങ്ങളിൽ ലഭ്യമായ മാധ്യമ സ്വാതന്ത്ര്യ നിലവാരം അപ​ഗ്രഥിച്ച ആർ.എസ്.എഫ് കണ്ടെത്തിയത്, ഏതാണ്ടെല്ലാ ഭൂപ്രദേശങ്ങളിലും മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നേരെയുള്ള അടിച്ചമർത്തൽ വർധിച്ചു എന്നാണ്. ലോക ജനസംഖ്യയുടെ പകുതിയിലേറെയും തെരഞ്ഞെടുപ്പ് നേരിടുമ്പോൾ മാധ്യമ സ്വാതന്ത്ര്യം ആപത്കരമാംവിധം കുറഞ്ഞിരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ട ഭരണകൂടങ്ങൾ തന്നെയാണ് അത് ഇല്ലാതാക്കുന്നതിൽ മുന്നിലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങളെ സംരക്ഷിക്കേണ്ട അധികാരികൾ ആ ഉത്തരവാദിത്തം കൈയൊഴിയുക മാത്രമല്ല, സ്വയംതന്നെ മാധ്യമധ്വംസനത്തിൽ പങ്കാളികളാകുന്നു. ഇസ്രായേലിനെയും യൂറോപ്-അറബ് മേഖലകളിലെ ചില രാജ്യങ്ങളെയും റഷ്യയെയും അമേരിക്കയെയും ചൈനയെയുമെല്ലാം കുറ്റപ്പെടുത്തുന്ന ആർ.എസ്.എഫ് റിപ്പോർട്ട് മൊത്തത്തിൽ സൂചിപ്പിക്കുന്നത്, സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണം കാണുന്നില്ലെന്നാണ്. ലോക മാധ്യമ സ്വാത​ന്ത്ര്യ ദിനമായ മേയ് 3ന് ആർ.എസ്.എഫ് അതിന്റെ റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിന് ഒരാഴ്ച മുമ്പ് ജർമനിയിലെ സിവിൽ ലിബർട്ടീസ് യൂനിയൻ ഫോർ യൂറോപ് എന്ന സംഘടനയും യൂറോപ്യൻ രാജ്യങ്ങളിൽ മാധ്യമ സ്വാതന്ത്ര്യം തകർച്ചയുടെ വക്കിലാണെന്ന് എടുത്തുപറഞ്ഞിരുന്നു. ആർ.എസ്.എഫിന്റെ സ്വാതന്ത്ര്യ സൂചികയിൽ ആദ്യ സ്ഥാനങ്ങളിലുള്ള നോർവേ, ഡെന്മാർക്, സ്വീഡൻ എന്നീ ചില രാജ്യങ്ങളൊഴിച്ചാൽ, മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിൽ മേനി നടിച്ചിരുന്ന അനേകം രാജ്യങ്ങൾ ഇപ്പോൾ അടിച്ചമർത്തലിന്റെ ശൈലി സ്വായത്തമാക്കിയിരിക്കുന്നു എന്നുകൂടി ഈ റിപ്പോർട്ടുകളിൽനിന്ന് വായിച്ചെടുക്കാം.

180 രാജ്യങ്ങളിൽ 161ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2024ലെ ആർ.എസ്.എഫ് സൂചികയിൽ 159ാം സ്ഥാനത്തെത്തി. പ്രത്യക്ഷത്തിൽ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയെങ്കിലും ഇന്ത്യയിലെ സ്ഥിതി മെച്ചപ്പെട്ടു എന്ന് അതിനർഥമില്ലെന്ന് ആർ.എസ്.എഫ് റിപ്പോർട്ട് പ്രത്യേകം എടുത്തുപറയുന്നുണ്ട്. ഇത്തരത്തിൽ ചില രാജ്യങ്ങൾ സൂചികയിൽ മുന്നേറ്റം രേഖപ്പെടുത്തിയത് മുമ്പ് അവക്കു മുകളിലുണ്ടായിരുന്ന മറ്റുചില രാജ്യങ്ങളിൽ സ്ഥിതി കൂടുതൽ വഷളായതുകൊണ്ടു മാത്രമാണ്; മറ്റുചിലർ കൂടുതൽ മോശമായപ്പോൾ നാം മെച്ചപ്പെട്ടതായി തോന്നിക്കുന്നു എന്നു മാത്രം. രാഷ്ട്രീയ പശ്ചാത്തലം, നിയമപരിരക്ഷ, സാമ്പത്തിക ആശ്രിതത്വം, സാമൂഹിക-സാംസ്കാരിക സാഹചര്യം, മാധ്യമപ്രവർത്തകരുടെ സുരക്ഷ എന്നീ അഞ്ച് സൂചകങ്ങളിലും ഇന്ത്യ മെച്ചപ്പെട്ടിട്ടില്ല- ചിലതിൽ മോശമായിട്ടുമുണ്ട്. ഇന്ത്യ ഇപ്പോഴും തുർക്കിയ, ​ശ്രീലങ്ക, പാകിസ്താൻ (പാകിസ്താന് രണ്ട് സ്ഥാനം ഇടിഞ്ഞിട്ടുപോലും) തുടങ്ങിയ രാജ്യങ്ങ​ളേക്കാൾ മോശമാണ്. മാധ്യമപ്രവർത്തകർക്കെതിരെ തീവ്ര വലതുപക്ഷക്കാരുടെ ഭീഷണി, ഓൺലൈൻ വേട്ട, അംബാനി-അദാനിമാർ മാധ്യമങ്ങൾ വാങ്ങിക്കൂട്ടുന്നതു മൂലമുണ്ടായ കുത്തകവത്കരണം എന്നിവക്കു പുറമെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള സമഗ്രാധിപത്യപരമായ നിയമങ്ങളും ഇന്ത്യയെ മോശമായി ബാധിച്ചു.

ടെലികമ്യൂണിക്കേഷൻസ് നിയമം (2023), കരട് ബ്രോഡ്കാസ്റ്റിങ് സർവിസസ് നിയന്ത്രണ നിയമം (2023), ഡിജിറ്റൽ വ്യക്തിഗത ഡേറ്റ സംരക്ഷണ നിയമം (2023) എന്നിവ പുതിയ മാരണ നിയമങ്ങളാണ്. മാധ്യമങ്ങളെ വരുതിയിൽ നിർത്താനും വാർത്ത സെൻസർ ചെയ്യാനും വിമർശകരുടെ വായ് മൂടാനും സർക്കാറിന് അത്യസാധാരണമായ അധികാരം നൽകുന്ന നിയമങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. നരേന്ദ്ര മോദി 2014ൽ ഭരണമേറ്റതിൽ പിന്നെ ഇന്ത്യയിലെ മാധ്യമങ്ങൾ ‘അനൗദ്യോഗിക അടിയന്തരാവസ്ഥ’അനുഭവിക്കുന്നു. ഒരു ജനാധിപത്യ രാജ്യമെന്ന പദവി ഇപ്പോഴും അർഹിക്കുന്നില്ല എന്ന് ആർ.എസ്.എഫ് പറയുന്നത്, ‘ജനാധിപത്യങ്ങളുടെ മാതാവ്’എന്ന് മോദി ആവർത്തിച്ച് വിശേഷിപ്പിക്കുന്ന ഇന്ത്യയെപ്പറ്റിയാണ്. അഫ്ഗാനിസ്താനിൽ വനിത റിപ്പോർട്ടർമാർക്ക് സ്വാതന്ത്ര്യമില്ല എന്ന് ആർ.എസ്.എഫ് ചൂണ്ടിക്കാട്ടുന്നു. സ്വാതന്ത്ര്യത്തിൽ ഏറ്റവും കുറവ് സംഭവിച്ച മേഖല ഫലസ്തീനാണ്. ഇസ്രായേൽ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ലക്ഷ്യമിട്ട് ആക്രമിക്കുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ നൂറിലധികം ഫലസ്തീനി റിപ്പോർട്ടർമാർ കൊല്ലപ്പെട്ടു.

അധികൃതരും സമൂഹവും സാഹചര്യങ്ങളും എത്രത്തോളം മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുന്നു എന്ന മാനദണ്ഡമാണ് ആർ.എസ്.എഫ് ഉപയോഗിക്കുന്നത്. അതേസമയം, ലഭ്യമായ സ്വാതന്ത്ര്യം തന്നെയും മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്- പ്രത്യേകിച്ച് ഗസ്സ വംശഹത്യയുടെ പശ്ചാത്തലത്തിൽ. നിർമിതബുദ്ധി അടക്കമുള്ള സാ​​ങ്കേതികവിദ്യകൾ വ്യാജവാർത്തക്ക് സൗകര്യമൊരുക്കുമ്പോൾ പടിഞ്ഞാറൻ ‘സ്വതന്ത്ര’മാധ്യമങ്ങളെ ആവേശിച്ച വംശീയതയും തീവ്രവർഗീയതയും എത്ര വിപത്കരമെന്ന് കാണാതിരുന്നു കൂടാ. വംശഹത്യക്ക് കളമൊരുക്കുന്ന തരത്തിൽ ന്യൂയോർക് ടൈംസ്, ബി.ബി.സി, വാഷിങ്ടൺ പോസ്റ്റ്, സി.എൻ.എൻ തുടങ്ങിയ ‘സ്വതന്ത്ര’മാധ്യമങ്ങൾ കള്ളവാർത്തകളടക്കം പ്രചരിപ്പിച്ച അനേകം ഉദാഹരണങ്ങൾ ഇതിനകം വെളിപ്പെട്ടിട്ടുണ്ട്. ഫലസ്തീൻ ശബ്ദങ്ങൾക്ക് ഇടംനൽകാതെ, ഇസ്രായേലി സേനയിൽ ‘എംബെഡ്’ചെയ്ത റിപ്പോർട്ടർമാരെ മാത്രം ആശ്രയിച്ച് ഇത്തരം മാധ്യമങ്ങൾ നടത്തിയത് മാധ്യമപ്രവർത്തനമല്ല, പ്രൊപഗാൻഡയാണ് എന്ന വിമർശനവും ​പ്രസക്തമാണ്. ഭരണകൂടങ്ങൾ മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നില്ല എന്നതുപോലെത്തന്നെ ഉത്കണ്ഠപ്പെടുത്തേണ്ടതാണ്, ലഭ്യമായ സ്വാതന്ത്ര്യം പടിഞ്ഞാറൻ മുഖ്യധാരാ മാധ്യമങ്ങൾ വരെ ദുരുപയോഗം ചെയ്യുന്നു എന്നത്. രണ്ടും അപകടകരമാണ്.

Tags:    
News Summary - Media: Declining Freedom; Racism is on the rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.