സമൂഹ മാധ്യമങ്ങളിൽ ഭിന്നശേഷിക്കാർക്കെതിരെ വന്ന ചില പരാമർശങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയും ദുർബല വിഭാഗങ്ങൾക്കെതിരായ പരിഹാസങ്ങളും ആക്ഷേപങ്ങളും നിയന്ത്രിക്കാൻ സംവിധാനം വേണമെന്ന് നിർദേശിച്ചും സുപ്രീം കോടതി ഇക്കഴിഞ്ഞ തിങ്കളാഴ്ച ചില നിരീക്ഷണങ്ങൾ നടത്തുകയുണ്ടായി. അംഗവൈകല്യമുള്ളവരെക്കുറിച്ച് നടത്തിയ നിർദയ പരാമർശങ്ങൾക്ക് യുട്യൂബ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നിരുപാധികം ക്ഷമാപണം നടത്താൻ സ്റ്റാൻഡ്-അപ് കൊമേഡിയന്മാരായ വിപുൽ ഗോയൽ, ബൽരാജ് പരംജിത് സിങ് റായ്, നിഷാന്ത് ജഗദിഷ് തൻവർ, സൊണാലി തക്കർ, അവതാരകൻ സമയ് റെയ്‌ന എന്നിവരോട് കോടതി നിർദേശിച്ചു. ഇല്ലെങ്കിൽ പിഴശിക്ഷ ഉണ്ടായേക്കുമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ് മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് സൂചിപ്പിച്ചു. ആരോപിതർ അവരുടെ പരിപാടിയിൽ ഫലിതമെന്ന മട്ടിൽ നടത്തിയ പരാമർശങ്ങൾ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) രോഗികളെ പരിഹസിക്കുന്നതാണെന്നും തക്കശിക്ഷ നൽകണമെന്നും കാണിച്ച് എസ്.എം.എ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയാണ് കേസ് നടത്തുന്നത്.
സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി സർക്കാർ അഭിഭാഷകനോട്, സമൂഹ മാധ്യമങ്ങളിൽ ഇത്തരം ഉള്ളടക്കം നിയന്ത്രിക്കാൻ മാർഗങ്ങൾ ആരായണമെന്നും അതിനു ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച ചെയ്യണമെന്നും നിർദേശിച്ചു. ആവിഷ്കാര സ്വാതന്ത്ര്യം അരികുവത്കരിക്കപ്പെട്ടവരെ ബാധിക്കുന്ന, പണമുണ്ടാക്കുന്ന പരിപാടികൾക്ക് പറഞ്ഞതല്ലെന്നും അത് സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്നും നീതിപീഠം അഭിപ്രായപ്പെട്ടു. സമൂഹ മാധ്യമ ഉള്ളടക്കം വ്യക്തിയുടെ അന്തസ്സിന്‍റെ ചെലവിൽ ആകരുതെന്ന് നിരീക്ഷിക്കുക കൂടി ചെയ്തു ബെഞ്ച്. കോടതിയിൽ ഹാജരായിരുന്ന അറ്റോണി ജനറൽ ആർ. വെങ്കിട്ടരമണിയോട് കുട്ടികൾ, സ്ത്രീകൾ, വയോധികർ, ഭിന്നശേഷിക്കാർ തുടങ്ങിയവരെ ബാധിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന ആക്ഷേപകരമായ പ്രസ്താവനകളെ നിയന്ത്രിക്കാനുള്ള മാർഗരേഖയുടെ കരട് തയാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ മൊത്തം ആശയാവിഷ്കാരത്തെ തടയുന്ന നടപടികളല്ല, അന്തസ്സും തുല്യതയും സംരക്ഷിക്കുന്നതോടൊപ്പം ആവിഷ്കാര സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന സമീപനമാണ് വേണ്ടതെന്ന് പറഞ്ഞുവെച്ചു. പരാമൃഷ്ട ദുർബല വിഭാഗങ്ങളെ അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിന് ആരും എതിരാവാനേ വഴിയുള്ളൂ. നിലവിൽ ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറുകളുമൊക്കെ മാധ്യമ, ആവിഷ്കാര സ്വാതന്ത്ര്യ നിയമങ്ങളും ചട്ടങ്ങളുമൊക്കെ തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് ദുരുപയോഗം ചെയ്ത ചരിത്രം എമ്പാടുമുണ്ട്. ഒട്ടേറെ സ്റ്റാൻഡ് അപ് കൊമേഡിയന്മാരെ, അവരുടെ അവതരണങ്ങൾക്കിടയിലെ സർക്കാർ-സംഘ് പരിവാർ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ രാജ്യതാൽപര്യവും ദേശസുരക്ഷയും സമുദായ സ്പർധയും പോലുള്ള ന്യായങ്ങൾ ചുമത്തി നിയമത്തിന്റെ മുള്ളിൽ കോർത്തിട്ടുമുണ്ട്. കുനാൽ കംറ, അനുഭവ് സിങ് ബസ്സി, മുനവ്വർ ഫാറൂഖി എന്നിവർ നേരിടേണ്ടിവന്ന അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളും പരിപാടി വിലക്കുമൊന്നും രാജ്യം മറന്നിട്ടില്ല.
ദുർബല വിഭാഗങ്ങൾക്ക് ദൃശ്യ-സൈബർ മാധ്യമങ്ങളിലൂടെയുള്ള ആക്രമണങ്ങളിൽനിന്ന് സംരക്ഷണം വേണമെന്നതിലും കുറ്റക്കാർക്ക് തക്കശിക്ഷ നൽകണമെന്നതിലും പക്ഷാന്തരമില്ല. അവയിൽ പലതിലും വ്യാഖ്യാന ഭേദങ്ങളിലൂടെ കുറ്റമാരോപിക്കാനുള്ള സാധ്യതയും വിരളമാവും. പരാമൃഷ്ട കേസിലെ ഹരജിക്കാരുടെ അഭിഭാഷക ചൂണ്ടിക്കാട്ടിയതുപോലെ ഐ.ടി ആക്ടിന്‍റെ വകുപ്പുകളും സിനിമാട്ടോഗ്രഫി ആക്ടും മാധ്യമങ്ങളിലെ ഉള്ളടക്കം അംഗവൈകല്യമുള്ളവരെ ലക്ഷ്യം വെച്ചുകൂടാ എന്ന് കൃത്യമായി നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ, പ്രശ്നം ഉടലെടുക്കുന്നത് നിയമം ദുരുപയോഗം ചെയ്യാൻ മുതിരുമ്പോഴാണ്. അതിനുള്ള പഴുതുകൾ നിയമത്തിൽനിന്ന് ചുഴിഞ്ഞെടുത്ത് തങ്ങൾക്കിഷ്ടപ്പെടാത്തവരെ ലക്ഷ്യംവെക്കുന്നതിൽ നിലവിലെ ഭരണകൂടങ്ങളിൽ പലതും നല്ല മിടുക്കു കാട്ടാറുമുണ്ട്. അതുകൊണ്ട് സ്വാതന്ത്ര്യങ്ങളിൽ കൈവെക്കുന്ന ഇടങ്ങളിൽ സ്വാതന്ത്ര്യത്തിനു അപവാദങ്ങൾ നിർണയിക്കുന്നതും കുറ്റം നിർവചിക്കുന്നതും അതീവ സൂക്ഷ്മതയോടെയാവണം.
ഉദാഹരണമായി പൊതുപ്രവർത്തകരായ സ്ത്രീകളെ വിമർശിക്കുന്നതിനെ സ്‍ത്രീവിരുദ്ധ പരാമർശങ്ങളുടെ വകുപ്പിൽപെടുത്തി നടപടികളെടുത്താൽ പിന്നെ കേസിൽ നിന്ന് രക്ഷപ്പെടാൻ പ്രയാസമാവും. നിയമനടപടികൾ തന്നെ പലപ്പോഴും ശിക്ഷയായി ഭവിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത കലാകാരെ നിസ്സാരമായ വ്യതിയാനങ്ങളുടെ പേരിൽ കടുത്ത നടപടികൾക്ക് വിധേയരാക്കി നിശ്ശബ്ദമാക്കുന്നതും. അതിനാൽ ആവിഷ്കാര സ്വാതന്ത്ര്യങ്ങളിൽ നിയന്ത്രണം ഏറെ കരുതലോടെ നടപ്പാക്കേണ്ടതാണ്. അറ്റോണി ജനറൽ തന്നെ കോടതിയെ ബോധിപ്പിച്ചതു പ്രകാരം എക്സിക്യൂട്ടിവിന്‍റെ നയസമീപനങ്ങളിലും നടപടികളിലും വ്യക്തികളുടെ സ്വാതന്ത്ര്യവും അന്തസ്സും തുല്യതയും സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ, നീതി ഉറപ്പുവരുത്താൻ നിലവിലെ നിയമങ്ങൾ തന്നെ മതിയാകും. കേസിന്റെ അന്തിമ വിധിയിൽ പരമോന്നത കോടതി ഇതെല്ലാം പരിഗണിക്കുമെന്നുതന്നെ ന്യായമായും പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.