നരോദഗാമിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നോ?

ഗുജറാത്ത് വംശഹത്യക്കിടെ, അഹ്മദാബാദിലെ നരോദഗാമിൽ നടന്ന കൂട്ടക്കൊലയിൽ പ്രതികളായ മുഴുവൻ പേരെയും കുറ്റമുക്തരാക്കി പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. 21 വർഷം മുമ്പ് ഗോധ്ര സംഭവാനന്തരം, പ്രധാനമന്ത്രി നേരന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയും അമിത് ഷാ ആഭ്യന്തര മന്ത്രിയുമായിരിക്കെ നടന്ന കുരുതി പരമ്പരകളിലൊന്നായിരുന്നു നരോദഗാമിലേത്. ഫെബ്രുവരി 27നായിരുന്നു ഗോധ്രയിൽ സബർമതി എക്സ്പ്രസിന് തീവെച്ചതിനെ തുടർന്ന് അയോധ്യയിൽനിന്ന് മടങ്ങുകയായിരുന്ന കർസേവകരടക്കം 59 പേർ ദാരുണമായി കൊല്ലപ്പെട്ടത്. അതിന്റെ തൊട്ടടുത്ത ദിവസമാണ് നരോദപാട്യയിലും നരോദഗാമിലും മുസ്‍ലിംകളെ ലക്ഷ്യമിട്ട് സംഘ്പരിവാർ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. നരോദപാട്യയിൽ 97 പേർ കൊല്ലപ്പെട്ടപ്പോൾ നരോദഗാമിൽ 11 പേരെ ചുട്ടുകൊല്ലുകയായിരുന്നു ‘ഹിന്ദുത്വ’യുടെ ആൾക്കൂട്ടം.

നരോദപാട്യ കേസിൽ പ്രത്യേക വിചാരണ കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചിരുന്നുവെങ്കിലും 2018ൽ ഹൈകോടതി അത് റദ്ദാക്കി. നരോദഗാം സംഭവത്തിലാകട്ടെ, അതുപോലുമുണ്ടായില്ല. പ്രതികൾക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി ജീവിച്ചിരിക്കുന്ന 67 പ്രതികളെയും വെറുതെ വിട്ടു. രണ്ടിടത്തും കലാപത്തിന് നേതൃത്വം നൽകിയത് ആ സമയം സംസ്ഥാന മന്ത്രികൂടിയായിരുന്ന ബി.ജെ.പി നേതാവ് മായാ കോട്നാനിയടക്കമുള്ള പ്രമുഖരായിരുന്നുവെന്ന് വിവിധ അന്വേഷണ സംഘങ്ങളും വസ്തുതാന്വേഷണ സംഘങ്ങളുമെല്ലാം പലകുറി സാക്ഷ്യപ്പെടുത്തിയതായിരുന്നു. വിഷയത്തിൽ, പ്രമുഖ മാധ്യമ പ്രവർത്തകൻ ആശിഷ് ഖേതാൻ നടത്തിയ ഒളികാമറ റിപ്പോർട്ടും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നിട്ടും കോട്നാനി അടക്കമുള്ളവർ രക്ഷപ്പെട്ടു. കൂട്ടുപ്രതികളായിരുന്ന വി.എച്ച്.പിയുടെ ജയ്ദീപ് പട്ടേൽ, ബജ്റംഗ്ദളിന്റെ തീപ്പൊരി നേതാവ് ബാബു ബജ്റംഗി എന്നിവരും വെറുതെ വിട്ടവരിൽപെടും. പ്രതികൾക്കെതിരെ ഫോറൻസിക് തെളിവുകളടക്കം സമർപ്പിക്കപ്പെട്ടിട്ടും നരോദഗാമിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു വിചാരണ കോടതി.

ഒരർഥത്തിൽ, ഈ വിധിയിൽ പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നുന്നില്ല; മറിച്ചൊന്നു പ്രതീക്ഷിക്കുന്നതിൽ അർഥവുമില്ല. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം ആത്യന്തികമായി സമാനമായ വിധിപ്രസ്താവം തന്നെയാണല്ലോ വിവിധ നീതിപീഠങ്ങളിൽനിന്നുണ്ടായത്. കാൽനൂറ്റാണ്ടോളമായി ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പിയും അന്വേഷണ ഏജൻസികളും കോടതിക്കുമുന്നിൽ തെളിവുകൾ ഹാജരാക്കുന്നതിൽ തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ഏതെങ്കിലും കേസിൽ കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചാൽ ഭരണകൂടം പ്രതികളെ രക്ഷപ്പെടുത്താൻ മറ്റു മാർഗങ്ങൾ തേടുകയും ചെയ്യുന്നു. ബിൽക്കിസ് ബാനു കേസ് തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം. സി.ബി.ഐ കോടതി പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച കേസായിരുന്നു അത്; ബോംബെ ഹൈകോടതി അത് ശരിവെക്കുകയും ചെയ്തു. എന്നാൽ, കുറ്റവാളികളുടെ ശിക്ഷ ഇളവ് ചെയ്ത് ഗുജറാത്ത് സർക്കാർ അവരെ മോചിപ്പിക്കുകയായിരുന്നു.

ആ കുറ്റവാളികളെ പാർട്ടി പരിപാടികളിൽ ക്ഷണിച്ച് വമ്പിച്ച സ്വീകരണം നൽകാനും സംഘ്പരിവാർ മറന്നില്ല എന്നിടത്താണ് ഇത് കേവല കോടതി വ്യവഹാരങ്ങൾക്കപ്പുറം മാനമുള്ള ഹിന്ദുത്വയുടെ വംശീയ രാഷ്ട്രീയ പരീക്ഷണങ്ങളാണെന്ന് ബോധ്യപ്പെടുക. 14 പേർ കൊല്ലപ്പെട്ട ബെസ്റ്റ് ബേക്കറി കേസിലും 27 പേരുടെ ജീവനപഹരിച്ച ഒഡെ ഗ്രാമത്തിലെ കൂട്ടക്കൊലയിലുമെല്ലാം ഏതാനും പേർ ശിക്ഷിക്കപ്പെട്ടുവെങ്കിലും തീർത്തും സാങ്കേതിക കാരണങ്ങൾ നിരത്തി പ്രതികളിൽ വലിയൊരു വിഭാഗത്തെയും രക്ഷപ്പെടുത്തുകയായിരുന്നു. നരോദഗാമിലാകട്ടെ, പ്രതികളിലൊരാൾപോലും കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടില്ല! 2008ൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് ഈ കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കപ്പെടുന്നത്. ഒരു വർഷത്തിനുള്ളിൽ 86 പേരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതാണ്. 12 വർഷം നീണ്ട വിചാരണക്കൊടുവിൽ ഇക്കൂട്ടത്തിൽ ആരും പ്രതിയല്ലെന്ന് കോടതി കണ്ടെത്തിയാൽ അതിനർഥമെന്താണ്? മായ കോട്നാനിക്കുവേണ്ടി കേസിൽ സാക്ഷിപറയാൻ സാക്ഷാൽ അമിത് ഷാ തന്നെ കോടതിയിൽ നേരിട്ടെത്തിയ കേസാണ് ഇതെന്നുകൂടി അറിയുമ്പോഴാണ് നരോദഗാം എങ്ങോട്ടാണ് വഴികാട്ടുന്നതെന്ന് ബോധ്യപ്പെടുക.

അതുകൊണ്ടുതന്നെ, രണ്ടായിരത്തിലധികം മനുഷ്യജീവനുകളെ ഇല്ലാതാക്കിയ, പതിനായിരങ്ങൾ കുടിയിറക്കപ്പെട്ട, നൂറുകണക്കിന് സ്ത്രീകൾ ബലാത്സംഗംചെയ്യപ്പെട്ട ഒരു വർഗീയാതിക്രമം മാത്രമായി ഗുജറാത്ത്‍ വംശഹത്യയെ വിലയിരുത്താനാവില്ല. ഇന്ത്യയിൽ മുസ്‍ലിം ന്യൂനപക്ഷത്തിന്‍റെ ജീവിതംതന്നെ വലിയ ചോദ്യചിഹ്നമായി മാറിയ നിർണായക ചരിത്രസന്ധി എന്നുതന്നെ അതിനെ നിരീക്ഷിക്കാവുന്നതാണ്. 21 വർഷം മുമ്പ് ഹിന്ദുത്വയുടെ രാഷ്ട്രീയ പരീക്ഷണശാലയിൽ അരങ്ങേറിയ ആ കൃത്യം ഇന്നിപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നിരിക്കുന്നു. നരോദപാട്യയിലും ഗുൽബർഗ് സൊസൈറ്റിയിലുമൊക്കെ അരങ്ങേറിയ ആൾക്കൂട്ടത്തിന്റെ തേർവാഴ്ച ഇന്നിപ്പോൾ രാജ്യമെങ്ങും നിർബാധം നടന്നുകൊണ്ടിരിക്കുന്നു. ചില സന്ദർഭങ്ങളിലെങ്കിലും ഈ ആൾക്കൂട്ടങ്ങളുടെ അതേ മനോവികാരത്തോടെയാണ് നമ്മുടെ ജുഡീഷ്യറിയും ഇടപെട്ടുകൊണ്ടിരിക്കുന്നതെന്നത് അത്യന്തം നിർഭാഗ്യകരവും അപകടകരവുമാണ്. ആ മനോവികാരത്തിന്റെ നിദർശകമായി നരോദഗാം കോടതി വിധിയെയും കാണാം. എങ്കിലും, ജനാധിപത്യ വിശ്വാസികൾക്ക് നിരാശരാകാൻ കഴിയില്ല. ജനാധിപത്യ വഴികളിൽ സംവാദത്തിന്റെയും സമരത്തിന്റെയും പോരാട്ടം തുടരാൻ അവർക്ക് ബാധ്യതയുണ്ട്. 

Tags:    
News Summary - Madhyamam editorial on naroda gam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.