ഇൻഡ്യ മുന്നണിയുടെ ഭാവി

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻവിജയം സമ്മാനിച്ചത് ഇൻഡ്യ മുന്നണിയിലെ മുഖ്യഘടകമായ കോൺഗ്രസിന്റെ നിഷേധാത്മക നിലപാടാണെന്ന പരാതി മറ്റു ഘടകകക്ഷികളിൽനിന്നും മതേതര വൃത്തങ്ങളിൽനിന്നും ഗൗരവതരമായിതന്നെ ഉയർന്നുകൊണ്ടിരിക്കുന്നു. സീറ്റൊന്നും കിട്ടിയില്ലെങ്കിലും 6.34 ശതമാനം വോട്ട് വിഹിതം കോൺഗ്രസ് നേടിയിട്ടുണ്ട്. ‘ആപി’ന്റെ വോട്ട് വിഹിതം കൂടി ചേർന്നാൽ മൊത്തം 49.90 ശതമാനമായി ഉയർന്ന് വോട്ടെണ്ണത്തിൽ ബി.ജെ.പിയെ കടത്തിവെട്ടാമായിരുന്നു; താമരക്ക് ലഭിച്ച 13 സീറ്റുകളെങ്കിലും ഇൻഡ്യക്ക് പിടിച്ചെടുക്കാമായിരുന്നു എന്നൊക്കെയാണ് കണക്ക്.

പ്രത്യക്ഷത്തിൽ ശരിയെന്ന് ​തോന്നാവുന്ന ഈ കണക്കുകൂട്ടലിന് ഗൗരവപ്പെട്ട മറുവശമുണ്ടെന്ന് കാണാതിരുന്നുകൂടാ. ഇൻഡ്യ മുന്നണിയുടെ മൗലികദൗർബല്യത്തിലേക്ക് വിരൽചൂണ്ടുന്നതാണ് ആ മറുവശം. 2023 ജൂലൈയിൽ ബി.ജെ.പി വിരുദ്ധ മതേതര കൂട്ടായ്മക്ക് രൂപം നൽകാൻ മുൻകൈയെടുത്ത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മിനിമം പൊതുപരിപാടി തയാറാക്കാൻ വിളിച്ചുചേർത്ത വിവിധ കക്ഷിനേതാക്കളുടെ യോഗത്തിൽനിന്ന് വിട്ടുനിന്നപ്പോൾ തന്നെ അപായ സിഗ്നൽ തെളിഞ്ഞിരുന്നു. മുന്നണി ലോക്സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയാൽ പ്രധാനമന്ത്രി ആരായിരിക്കുമെന്ന ചോദ്യത്തിന്റെ ഉത്തരത്തിൽ ഉടക്കി നിതീഷ് കുമാർ പഴയ കൂട്ടാളികളായ ബി.ജെ.പിയോടൊപ്പം പോയതോടെ ആദ്യ ഭീഷണി യാഥാർഥ്യമായി. എന്നാലും മിനിമം പരിപാടി തയാറാക്കാതെയും നേതാവിനെ തെരഞ്ഞെടുക്കാതെയും ഫാഷിസ്റ്റുകളെ ലോക്സഭ ഇലക്ഷനിൽ തോൽപിക്കുക എന്ന ഏക ഇന അജണ്ടയോടെ മുന്നോട്ടുപോവാൻ കോൺഗ്രസ്, എസ്.പി, തൃണമൂൽ, ഡി.എം.കെ, എൻ.സി.പി, എ.എ.പി, ഉദ്ധവ് ശിവസേന, ആർ.ജെ.ഡി, ഇടതു പാർട്ടികൾ, മുസ്‍ലിംലീഗ് തുടങ്ങിയ കക്ഷികൾ തീരുമാനിച്ച് രംഗത്തിറങ്ങിയപ്പോൾ വൻ ജനപിന്തുണയാണ് ദേശീയതലത്തിൽ ലഭിച്ചത്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മതേതര മുന്നേറ്റത്തിന് ശക്തി പകർന്നു. മാത്രമല്ല, സീറ്റ് വിഭജനത്തിലും പങ്കുവെപ്പിലും കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തതും ഇൻഡ്യയെക്കുറിച്ച ജനങ്ങളുടെ പ്രതീക്ഷകൾക്ക് കരുത്തേകി. അവ്വിധത്തിലാണ് പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പിൽ, കോർപറേറ്റ് ഭീമന്മാരുടെ പൂർണ ധനസഹായത്തോടെയും മീഡിയയുടെ പിൻബലത്തോടെയും നരേന്ദ്ര മോദി രാജ്യവ്യാപകമായി പ്രചാരണം അതിശക്തമായി നടത്തിയിട്ടും ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നേടാനാവാതെ പോയത്. ടി.ഡി.പിയും ജനതാദൾ(യു)വും പിന്തുണ പിൻവലിക്കുന്ന നിമിഷം മോദി സർക്കാർ നിലംപതിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യം.

പക്ഷേ, സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇൻഡ്യ മുന്നണി വേണ്ടവിധം പ്രവർത്തിച്ചില്ല. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും ഹരിയാനയിലും കോൺഗ്രസ് പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിൽ ഒരു കാരണം പ്രതിപക്ഷ ശൈഥില്യമാണ്. അതേറ്റവും പ്രകടമായത് പക്ഷേ, ഒടുവിലത്തെ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലാണ്. ഒറ്റക്ക് മത്സരിച്ച് വിജയം ആവർത്തിക്കാമെന്ന അരവിന്ദ് കെജ്രിവാളിന്റെ മോഹമാണ് അവിടെ നേരിട്ട തിരിച്ചടിയുടെ ഒരു പ്രധാന കാരണം. അതേസമയം, ഡൽഹി ഭരിച്ചിരുന്ന കോൺഗ്രസിനെ തറപറ്റിച്ചാണ് ‘ആപ്’ ഒന്നാമതായി അധികാരത്തിലേറിയതെന്ന തിക്തസത്യം ആ പാർട്ടിയിൽ വളർത്തിയ പ്രതികാരബുദ്ധി, തങ്ങൾക്ക് ജയിക്കാനായില്ലെങ്കിലും കെജ്രിവാൾ ടീം ഇനി ഭരണത്തിൽ തിരിച്ചുവരരുത് എന്ന വികാരമാണ് കോൺഗ്രസിന്റെ നേതാക്കളെ ഗ്രസിച്ചതെന്ന് ഇലക്​ഷൻ പ്രചാരണരംഗത്തെ വാക്പയറ്റുകൾ തെളിയിക്കുന്നു. കോൺഗ്രസുമായി ഒരുതരത്തിലുള്ള നീക്കുപോക്കിനും കെജ്രിവാളും തയാറായില്ല. അദ്ദേഹം മദ്യം അഴിമതിക്കേസിൽ ഇ.ഡിയുടെ പിടിയിലായപ്പോൾ അനുഭാവപൂർവമായ സമീപനമല്ല കോൺഗ്രസ് സ്വീകരിച്ചത്. ഫലം തലസ്ഥാന നഗരിയുടെ മേൽ ഫാഷിസ്റ്റ് പിടിമുറുകി ‘ആപും’ കോൺഗ്രസും ഒരുപോലെ പ്രതിരോധത്തിലായി എന്നതുതന്നെ.

എന്നിട്ടും ഇരുപാർട്ടികളും പുനരാലോചനക്ക് തയാറില്ലെന്നു തന്നെയല്ല ‘ആപ്’ ഭരിക്കുന്ന പഞ്ചാബ് അട്ടിമറിയിലൂടെ തിരിച്ചുപിടിക്കാനുള്ള നീക്കങ്ങളിലാണ് കോൺഗ്രസ് ഏർപ്പെട്ടിരിക്കുന്നതെന്ന വാർത്തകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം കെജ്രിവാൾ ഡൽഹിയിൽ വിളിച്ചുചേർത്ത പാർട്ടി നേതാക്കളുടെ യോഗം പിരിഞ്ഞശേഷവും മൂടൽമഞ്ഞ് നീങ്ങിയിട്ടില്ലെന്നാണ് വിവരം. പഞ്ചാബിനെ വീണ്ടെടുക്കാൻ സുവർണാവസരം കാത്തിരിക്കുകയാണുതാനും ബി.ജെ.പി. കേവലമായ ബി.ജെ.പി വിരോധം തത്ത്വാധിഷ്ഠിതവും കെട്ടുറപ്പുള്ളതുമായ ഒരു മതേതര ബദലിന് ഇന്ധനമാവുകയില്ലെന്ന ഗുണപാഠമാണ് ഇതുവഴി തെളിയുന്നത്. ഭരണഘടനയുടെ മൗലികതത്ത്വങ്ങളായ ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹിക നീതിയും വീണ്ടെടുക്കാൻ പ്രതിജ്ഞാബദ്ധമായ പ്രതിപക്ഷ കൂട്ടായ്മക്ക് പകരം നിൽക്കാൻ തട്ടിക്കൂട്ട് മുന്നണികൾ പര്യാപ്തമാവില്ലെന്നുറപ്പാണ്. ഹിന്ദുത്വത്തോട് ആദർശപരമോ പ്രത്യയശാസ്ത്രപരമോ ആയ ഒരു വിയോജിപ്പും ചൂൽ പാർട്ടി ഇതേവരെ പ്രകടിപ്പിച്ചിട്ടില്ല. എന്നല്ല ഹിന്ദുത്വത്തോട് ഗൃഹാതുരത പുലർത്തുന്ന കെജ്രിവാളിൽനിന്ന് വംശീയ വിദ്വേഷ രാഷ്ട്രീയത്തോടോ സാംസ്കാരിക ഫാഷിസത്തോടോ മൗലിക വിയോജിപ്പുള്ളതായി തെളിയിക്കുന്ന വാക്കോ പ്രവൃത്തിയോ ഇതുവരെ കാണാനായിട്ടുമില്ല. അഴിമതിമുക്ത ഭരണവും സാധാരണ ജനങ്ങളുടെ ക്ഷേമവുമായിരുന്നു അദ്ദേഹം ഇതപര്യന്തം മുന്നോട്ടുവെച്ച ആശയങ്ങൾ. ഗതകാല ഡൽഹി ഭരണത്തിൽ ഒരു പരിധിവരെ ജനപിന്തുണ നേടിയെടുക്കുന്നതിൽ ‘ആപ്’ വിജയിച്ചതും ഇക്കാര്യങ്ങളിലാണ്.

പക്ഷേ, അതിലും മുന്തിയ വാഗ്ദാനങ്ങൾ ഡബ്ൾ എൻജിൻ ഉറപ്പിലൂടെ വാരിവിതറുന്നതിലും രാഷ്ട്രീയ ഭാഗധേയം നിർണയിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ഇടത്തരക്കാരെ വശീകരിക്കുന്നതിലും മോദി സംഘം വിജയിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത്. നിലപാടുകളുടെ സമഗ്രമായ പുനഃപരിശോധനയും തദ്ഫലമായ തിരുത്തും ‘ആപും’ കോൺഗ്രസും ഇതര പ്രതിപക്ഷ പാർട്ടികളും ഉദ്ദേശിക്കുന്നുവെങ്കിൽ മാത്രമേ ഇൻഡ്യ മുന്നണിയെ തുറിച്ചുനോക്കുന്ന തകർച്ചയെ പ്രതിരോധിക്കാനാവൂ.

Tags:    
News Summary - Madhyamam editorial on india Front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.