നിയമസഭ തെരഞ്ഞെടുപ്പിൽ 10 വർഷത്തെ ആം ആദ്മി ഭരണത്തിന് അന്ത്യംകുറിച്ച് ആധികാരികജയവുമായി ഡൽഹിയിൽ ബി.ജെ.പി അധികാരത്തിലേറിയിരിക്കുന്നു. 70 അംഗ സഭയിൽ 48ഉം നേടി, 27 വർഷത്തിനുശേഷം അധികാരത്തിൽവരുമ്പോൾ ബി.ജെ.പിക്കിത് അഭിമാന നിമിഷമാണ്. കേന്ദ്രത്തിൽ തുടർച്ചയായി മൂന്നാമൂഴം ലഭിച്ചപ്പോഴും ഇന്ദ്രപ്രസ്ഥത്തിന്റെ താക്കോൽ അവർക്ക് കിട്ടാക്കനിയായിരുന്നു; അഴിമതിവിരുദ്ധ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യവുമായി രംഗത്തെത്തിയ അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാർട്ടിയും ഉയർത്തിയ വെല്ലുവിളികൾ പ്രതിരോധിക്കാൻ പോലുമാകാതെ കഴിഞ്ഞ രണ്ടുതവണയും മോദിയും സംഘവും അക്ഷരാർഥത്തിൽ നിലംപരിശായതാണ്; 10 വർഷം നാമമാത്ര പ്രതിപക്ഷമായി ചുരുണ്ടുകൂടാനായിരുന്നു ബി.ജെ.പി ഡൽഹി ഘടകത്തിന്റെ വിധി.

എന്നാൽ, ഇക്കുറി കേന്ദ്ര ഭരണത്തിന്റെ കൂടി ബലത്തിൽ പുതിയ അടവുകളും പരീക്ഷണങ്ങളുമായി തെരഞ്ഞെടുപ്പ് ഗോദയിലെത്തിയ കാവിപ്പട എക്സിറ്റ് പോളുകളെ പൂർണമായും ശരിവെച്ച് തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ജന്മഭൂമിയിൽ നേരിട്ട ഈ തിരിച്ചടി, ആംആദ്മി പാർട്ടിയുടെ ഭാവിയെത്തന്നെ ഒരുപക്ഷേ, അനിശ്ചിതത്വത്തിലാക്കാൻ പര്യാപ്തമാണ്. തുടർച്ചയായി മൂന്നാം തവണയും സംപൂജ്യരാണെങ്കിലും, രണ്ട് ശതമാനം അധികം വോട്ട് നേടി നില ‘മെച്ചപ്പെടുത്തി’ എന്നതാണ് കോൺഗ്രസിന്റെ ആശ്വാസം.

ഡൽഹി രാഷ്ട്രീയം സൂക്ഷ്മമായി പിന്തുടരുന്നവർക്ക് ബി.ജെ.പിയുടെ ഈ തിരിച്ചുവരവിൽ അത്ഭുതമേതുമില്ല. 2020ൽ, 62 സീറ്റുമായി കെജ്രിവാൾ രണ്ടാമൂഴം നേടിയ നിമിഷംമുതൽ ‘ആപ്’ സർക്കാറിനെ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ തുടങ്ങിവെച്ച പലവിധ ഓപറേഷനുകളുടെ തുടർച്ചയിൽ സ്വാഭാവികമായി സംഭവിച്ചതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. എൻ.ഡി.എ ഇതര പ്രതിപക്ഷ സംസ്ഥാനങ്ങളോടുള്ള കേന്ദ്രസർക്കാറിന്റെ സമീപനം സുവിദിതമാണ്. അത്യന്തം പ്രതിലോമകരമായ ആ ഫാഷിസ്റ്റ് സമീപനത്തിന്റെ ഇരകളായിരുന്നു ആം ആദ്മി സർക്കാർ. കേരളത്തിലേതെന്നപോലെ, വിവിധ പദ്ധതികൾ ഡൽഹിയിലും കേന്ദ്രം തകിടം മറിച്ചു; കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാറിന്റെ ഭരണത്തിൽ നിരന്തരം കൈകടത്തലുകൾ നടത്തി; ക്ഷേമ പദ്ധതികൾക്ക് തുരങ്കംവെച്ചു. മോദി സർക്കാറിന്റെ നോമിനിയായ ഡൽഹി ലഫ്. ഗവർണറുടെ ഇടപെടൽ അതിൽ പ്രധാനമാണ്. കുപ്രസിദ്ധമായ ഡൽഹി മദ്യനയ കേസിന്റെ കാര്യംതന്നെയെടുക്കുക.

അഴിമതി ലക്ഷ്യമിട്ട് മദ്യനയത്തിൽ കാതലായ മാറ്റം വരുത്തിയെന്ന ഗവർണറുടെ റിപ്പോർട്ടാണ് പിന്നീട് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലേക്കും തുടർന്ന് കെജ്രിവാൾ ഉൾപ്പെടെയുള്ളവരുടെ ജയിൽവാസത്തിലേക്കും നയിച്ചത്. ദീർഘകാലം, പാർട്ടി നേതൃത്വത്തെ അനിശ്ചിതത്വത്തിലാക്കാൻ ഈ നീക്കത്തിലൂടെ കഴിഞ്ഞു. കഴിഞ്ഞവർഷം ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ പാർട്ടിയുടെ അഞ്ച് നേതാക്കളെങ്കിലും ജയിലിലായിരുന്നു: കൺവീനറും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മുൻ ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്ൻ, പാർട്ടി വക്താവ് വിജയ് നായർ, രാജ്യസഭാംഗം സഞ്ജയ് സിങ് എന്നിവരില്ലാതെയാണ് അന്ന് പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കംകുറിച്ചത്. ഇതിൽ സത്യേന്ദ്ര ജെയിൻ അറസ്റ്റിലായത് കള്ളപ്പണ ഇടപാടിന്റെ പേരിലായിരുന്നു; ബാക്കിയുള്ളവർ മദ്യനയക്കേസിന്റെ കാര്യത്തിലും. തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേ, കെജ്രിവാളിന് ജാമ്യം ലഭിച്ചെങ്കിലും പാർട്ടിയുടെ തെരഞ്ഞെടുപ്പ് പോരാട്ടത്തെ അത് വല്ലാതെ ബാധിച്ചു. കോൺഗ്രസുമായി ചേർന്ന് മത്സരിച്ച പാർട്ടി എല്ലായിടത്തും തോൽക്കുകയും ചെയ്തു. മദ്യനയ കേസ് ചൂണ്ടിക്കാട്ടി, കെജ്രിവാൾ അടക്കമുള്ള അഴിമതിവിരുദ്ധ പോരാളികൾ സ്വയം അഴിമതിക്കാരായി മാറിയിരിക്കുന്നുവെന്ന ആഖ്യാനം തീർക്കുന്നതിൽ ബി.ജെ.പി വിജയിച്ചതോടെയാണ് ഇത് സാധ്യമായത്. ഈ തെരഞ്ഞെടുപ്പിലും ആ ആഖ്യാനത്തിന് വലിയ സ്വീകാര്യത ലഭിച്ചുവെന്നുവേണം മനസ്സിലാക്കാൻ.

ഈ വിശ്വാസ്യതപ്രശ്നത്തെ മറികടക്കാൻ കൂടുതൽ ജനക്ഷേമ പദ്ധതികളും മറ്റും അവതരിപ്പിക്കുകയാണ് ആം ആദ്മി പാർട്ടി ചെയ്തത്. അതൊരു അമിത ആത്മവിശ്വാസം മാത്രമാണെന്ന് അന്നേ നിരീക്ഷിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ, ഇൻഡ്യ മുന്നണി എന്ന നിലയിൽ ബി.ജെ.പിയെ നേരിടുന്നതാകും നന്നാവുക എന്ന അഭിപ്രായവും ഉയർന്നു. പക്ഷേ, അതൊന്നും കെജ്രിവാൾ ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സഖ്യത്തിലുള്ള കോൺഗ്രസുമായി ഇടയുകയും ചെയ്തു. ഡൽഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ തങ്ങളുടെ ശക്തിക്ഷയത്തിന് പിന്നിൽ ആം ആദ്മിയാണെന്ന് തിരിച്ചറിഞ്ഞ കോൺഗ്രസാകട്ടെ, ഡൽഹിയിൽ ത്രികോണ മത്സരത്തിന് രംഗമൊരുക്കി. ഒന്നും നഷ്ടപ്പെടാനില്ലായിരുന്ന കോൺഗ്രസിന് വോട്ടുവിഹിതം ഉയർത്തുകയായിരുന്നു ലക്ഷ്യം. അതിൽ അവർ വിജയിക്കുകയും ചെയ്തു. അതിന്റെ സന്തോഷവും പാർട്ടി നേതാക്കളുടെ പ്രസ്താവനകളിൽനിന്ന് വായിച്ചെടുക്കാം. ‘ആപി’നാകട്ടെ, ഈ ത്രികോണ മത്സരം വലിയ നഷ്ടം ക്ഷണിച്ചുവരുത്തി; തെരഞ്ഞെടുപ്പ് ഫലം പ്രാഥമികമായി വിശകലനം ചെയ്യുമ്പോൾ ചുരുങ്ങിയത് 13 മണ്ഡലങ്ങളെങ്കിലും അവർക്ക് കോൺഗ്രസ് സാന്നിധ്യം കാരണം നഷ്ടപ്പെട്ടു. അതിൽ കെജ്രിവാളിന്റെയും സിസോദിയയുടെയും മണ്ഡലങ്ങളുമുണ്ട്. ഡൽഹിയിലെ മധ്യവർഗത്തെ മുൻനിർത്തി കെജ്‍രിവാൾ ഉയർത്തിയ വികസന രാഷ്ട്രീയത്തിനുമേൽ ബി.ജെ.പി ആപ്പ് വെക്കുകകൂടി ചെയ്തതോടെ ആം ആദ്മി പാർട്ടിയുടെ പതനം പൂർത്തിയായി. മോദിക്കെതിരെ ‘നികുതി രാജ്’ എന്ന വിമർശനമായിരുന്നു പ്രധാനമായും കെജ്രിവാൾ ഉയർത്തിയത്. ഇക്കഴിഞ്ഞ ബജറ്റിൽ, ആദായനികുതി പരിധി ഉയർത്തി ബി.ജെ.പി മധ്യവർഗത്തിന്റെ പുതിയ ‘രക്ഷകരായ’തോടെ ആ മുദ്രാവാക്യം തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ അപ്രസക്തമായി. അത് കൃത്യമായി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്തു.

രണ്ടര പതിറ്റാണ്ടിനുശേഷം, ബി.ജെ.പി ഇന്ദ്രപ്രസ്ഥത്തിൽ തിരിച്ചുവരുമ്പോൾ രാജ്യത്തെ മതേതര ചേരിയുടെ ആശങ്ക ഇരട്ടിക്കുകയാണ്. നേരത്തേ, ബി.ജെ.പി ഡൽഹി ഭരിക്കുമ്പോൾ കേന്ദ്രത്തിൽ മതേതരപക്ഷമായിരുന്നു. രണ്ട് ഘട്ടങ്ങളിലായി എൻ.ഡി.എ സർക്കാർ 15 വർഷത്തിലധികം കാലം ഭരിച്ചപ്പോഴും ബി.ജെ.പിക്ക് ഡൽഹി ബാലികേറാമലയായി. 2019ൽ, വൻഭൂരിപക്ഷത്തോടെ മോദിക്ക് രണ്ടാമൂഴം ലഭിച്ചിട്ടും ആ സ്വപ്നം ബാക്കിയായി. കേന്ദ്രഭരണത്തിന്റെ ബലത്തിലും രാഷ്ട്രതലസ്ഥാനം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ, അധികാരത്തിന്റെ ‘പൂർണത’ അവർക്ക് കൈവന്നിരുന്നില്ല. പാർലമെന്റിൽ അൽപം ക്ഷീണിച്ചെങ്കിലും ഇപ്പോഴവർ ആ ലക്ഷ്യം കൈവരിച്ചിരിക്കുന്നു. സ്വാഭാവികമായും, ഇനിയങ്ങോട്ട് ഇന്ദ്രപ്രസ്ഥത്തിന്റെ കാഴ്ചകൾ മറ്റൊന്നായിരിക്കുമെന്നതിൽ തർക്കമില്ല. ഇതുതന്നെയാണ് മതനിരപേക്ഷ സമൂഹത്തിന്റെ ആശങ്കയുടെ അടിസ്ഥാനവും. കൃത്യമായ ആസൂത്രണത്തോടെയും ഐക്യത്തോടെയും തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നായേനെ. ലോക്സഭ തെരഞ്ഞെടുപ്പാനന്തരമുള്ള ‘ഇൻഡ്യ’ സഖ്യം പൊതുവെ ദുർബലമാണ്. ആ ദൗർബല്യം, മതേതരസഖ്യത്തിന്റെ തകർച്ചയിലേക്ക് വഴിവെക്കുന്നുവെന്ന സന്ദേശവും തെരഞ്ഞെടുപ്പ് ഫലം നൽകുന്നു. അതുകൊണ്ടുതന്നെ, ഈ ഫലം ഒരു മുന്നറിയിപ്പുകൂടിയാണ്.

Tags:    
News Summary - Madhyamam Editorial on Delhi Assembly Election 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.