സർക്കാറിനെ തെരഞ്ഞെടുക്കുന്നതിൽ സംഭവിക്കുന്ന വിവേകശൂന്യത നാടിനെ സർവനാശത്തിലേക്ക് നയിക്കാനിടവരുത്തും. ചിലപ്പോൾ അതിന്റെ കെടുതികൾ വരുംതലമുറകൾപോലും സഹിക്കേണ്ടിവരും
‘‘യജമാനന്മാരെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അടിമത്തം ഇല്ലാതാക്കണമെന്നില്ല’’ -ഹെർബർട്ട് മാർക്യൂസ്
ഇന്ന്, കേരളത്തിന്റെ ജനനായകർ ആരാണെന്ന് വിധിയെഴുതാൻ 2,71,96,936 വോട്ടർമാർ 30,495 ബൂത്തുകളിലേക്ക് പോവുകയാണ്. നിലവിലെ ഭരണത്തിന്റെ വിലയിരുത്തൽ നടത്തി അടുത്ത സർക്കാറിനെ കുറിച്ച നിലപാട് പ്രഖ്യാപനമാണ് ഓരോ വോട്ടും. ജനാധിപത്യത്തിൽ പൗരർക്ക് ഏറ്റവും അധികാരമുള്ള ദിനം. വോട്ട് രാജ്യത്തിന്റെ മാത്രമല്ല, അത് രേഖപ്പെടുത്തുന്നവരുടെ വിധിയും നിർണയിക്കുന്നുവെന്നു ചുരുക്കം. പാർലമെന്റ് ജനാധിപത്യത്തിന്റെ കാതലായ ദൗർബല്യമായി സാമൂഹിക ചിന്തകർ വിലയിരുത്തുന്നത് ‘ജനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളെടുക്കുന്ന സന്ദർഭങ്ങളിൽ ജനങ്ങളില്ല’ എന്ന വസ്തുതയാണ്. അതിന്റെ പരിഹാരം, വോട്ടെടുപ്പിനു മുമ്പും ശേഷവും രാഷ്ട്രീയ ബോധമുള്ളവരായി ജനം ജാഗ്രത്തായി നിലയുറപ്പിക്കുകയാണ്. അതിനാൽ വോട്ട് രേഖപ്പെടുത്തുന്നത് ആലോചിച്ചുറച്ചും വിവേകപൂർവവുമാകണം. അതില്ലാത്ത ജനതയെ അവിവേകികളും അക്രമികളും നയിക്കുമെന്നതിന് ചരിത്രം സാക്ഷി.
പൗരാവകാശങ്ങൾ വിസ്മരിക്കുന്നവരെ അധികാരത്തിൽ നിന്നിറക്കാനും താരതമ്യേന മെച്ചമെന്ന് കരുതുന്നവരെ ഇരുത്താനുമുള്ള സമാധാനപൂർണമായ വഴിയാണ് സമ്മതിദാനം. അതുകൊണ്ട് തന്റെ വോട്ടിനെന്ത് വില, സമ്മതിദാനം ഉപയോഗിച്ചാലും ഇല്ലെങ്കിലും എന്ത്, ആര് ഭരിച്ചാലും പണിയെടുത്താൽ നമുക്ക് ജീവിക്കാം എന്നിത്യാദി വാദങ്ങളിലൂടെ വോട്ടിനെ നിസ്സംഗമായി സമീപിക്കുന്നത് ആപത്താണ്. വോട്ട് ചെയ്യാതിരിക്കുന്നത്. അർഹതയില്ലാത്തവർ അധികാരിയാകാനുള്ള വഴിയൊരുക്കിയേക്കും. സർക്കാറിനെ തെരഞ്ഞെടുക്കുന്നതിൽ സംഭവിക്കുന്ന വിവേകശൂന്യത നാടിനെ സർവനാശത്തിലേക്ക് നയിക്കാനിടവരുത്തും. ചിലപ്പോൾ അതിന്റെ കെടുതികൾ വരുംതലമുറകൾപോലും സഹിക്കേണ്ടിവരും. അതിന്റെ മികച്ച അനുഭവമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ദിനം പ്രതിയുള്ള വിനാശ ചെയ്തികൾ.
നമ്മുടെ തെരഞ്ഞെടുപ്പുകാലം വലിയ ഉത്സവാഘോഷമായി പരിണമിച്ചിരിക്കുന്നു. വാദ്യഘോഷങ്ങളും നൃത്തച്ചുവടുകളും ആർഭാടകരമായ റോഡ്ഷോകളും കൊണ്ട് കളറാണ് പ്രചാരണങ്ങൾ. ചെലവുചുരുക്കൽ നിർദേശങ്ങളൊക്കെ ഏട്ടിലൊതുങ്ങുന്നു. ഈ ബഹളങ്ങൾ ജനങ്ങളറിയേണ്ട അടിസ്ഥാന കാര്യങ്ങൾക്കുമേൽ മറയായിത്തീരുന്നുണ്ടോ എന്ന ചോദ്യത്തെപ്പോലും മറപ്പിക്കുന്നു. ആരുടെ ചെലവിലാണീ ആഘോഷങ്ങൾ എന്ന ചോദ്യമുന്നയിക്കാൻ ഈ തിമിർപ്പ് നമ്മെ അശക്തമാക്കിക്കൂടാ. ‘ഞങ്ങൾ ജനാധിപത്യ ഇന്ത്യയുടെ പൗരർ’ എന്ന് മഷിപുരണ്ട വിരലുകളുയർത്തി സമൂഹമാധ്യമങ്ങൾക്കു വേണ്ടിയുള്ള റീൽ കളിയായി പോകരുത് വോട്ടെടുപ്പ്.
കേവലം ബാലറ്റ് പെട്ടിയിൽ വോട്ട് ഇടുന്നതല്ല ജനാധിപത്യം. വോട്ട് ചെയ്യുന്നതിനുമുമ്പ് ജനങ്ങൾക്കിടയിൽ നടക്കുന്ന ചർച്ചകളും സംവാദങ്ങളും മാധ്യമ സ്വാതന്ത്ര്യവുമാണ് ജനാധിപത്യത്തിന്റെ ജീവൻ. അത് നഷ്ടപ്പെടുന്നതിലൂടെ ഏറ്റവും മൂർച്ചയുള്ള ജനാധിപത്യത്തിലെ ആയുധം നിഷ്ഫലമാകുകയാണ്. അതിന്റെ നഷ്ടം ജനങ്ങൾക്കാണ്. പ്രയോജനം അധികാരികൾക്കും. അതുകൊണ്ട്, വിരലിൽ പുരളുന്ന മഷി റിയൽ ജീവിതത്തെ നിർണയിക്കാനുള്ള ജാഗ്രതയുടെ അടയാളമാകട്ടെ.
ആധുനിക ജനാധിപത്യം ഡേറ്റാ ജനാധിപത്യം കൂടിയാണ്. അൽഗോരിതങ്ങളും ബിഗ് ഡേറ്റകളും വോട്ടർമാരുടെ വൈകാരികതകളെയും നിലപാടുകളെയും നിർമിക്കുന്ന കാലം. സ്വതന്ത്രമായി ചിന്തിക്കുന്നുവെന്ന് തന്നത്താൻ വിശ്വസിപ്പിച്ചുതന്നെ മനുഷ്യരുടെ ഉള്ളിലേക്കിറങ്ങാനും വിചാരമിടിപ്പുകളെ മാറ്റിമറിക്കാനും അവരുടേത് മാത്രമായ വെർച്വൽ ലോകം നൽകാനും ഭരണകൂടങ്ങൾക്ക് സാധിക്കുന്ന കാലം. സ്വകാര്യ വിവരങ്ങളെല്ലാം ചോർന്നുപോയി വികാരങ്ങളും നിലപാടുകളും ഹാക്ക് ചെയ്യപ്പെട്ട മനുഷ്യർ കൂടിയാണ് ബൂത്തുകളിൽ വരിനിൽക്കുന്നത്. നമ്മുടെ എത്രയോ സ്ഥിതിവിവരങ്ങൾ ചോർന്നുവെന്ന് ഈ തെരഞ്ഞെടുപ്പുകാലത്ത് നമ്മുടെ മൊബൈലുകളിലേക്ക് വന്ന സന്ദേശങ്ങൾ വ്യക്തമാക്കിത്തരുന്നുണ്ട്. സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകളും വ്യക്തികളെയും പ്രത്യേക ജാതി, മത, സമുദായ സംഘങ്ങളെയും ലക്ഷ്യം വെച്ചുള്ള ടാർഗറ്റഡ് പരസ്യങ്ങളും വോട്ടർമാരെ വഴിതെറ്റിക്കുമെന്ന് ട്രംപിന്റെയും മോദിയുടെയും വിജയങ്ങൾ വിശകലനം ചെയ്തുകൊണ്ടുള്ള പഠനങ്ങൾ പറയുന്നു. വോട്ടറുടെ മസ്തിഷ്കം മോഷ്ടിക്കുന്നതാണ് അധികാരത്തിലേക്കുള്ള എളുപ്പവഴിയെന്ന സാങ്കേതികവിദ്യകാലത്തെ രാഷ്ട്രീയതന്ത്രത്തെക്കൂടി അതിജീവിച്ചാലേ ജനങ്ങളോട് ഉത്തരം പറയാൻ നിർബന്ധിതമാകുന്ന സർക്കാറുകൾ രൂപവത്കരിക്കപ്പെടൂ. അതിനുള്ള രാഷ്ട്രീയ പ്രാപ്തിയാർജിച്ചതിന്റെ തെളിവാകട്ടെ നമ്മുടെ സമ്മതിദാന വിനിയോഗം.
സംസ്ഥാനത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയുടെ വഴികളെക്കുറിച്ച അന്വേഷണങ്ങളിൽ ഈ തെരഞ്ഞെടുപ്പിൽ ഊന്നലുണ്ടായില്ല എന്നത് ഖേദകരമാണ്. ജാതിസമവാക്യങ്ങൾക്കും മതപരമായ ധ്രുവീകരണങ്ങൾക്കും വേണ്ടി ‘അപരരെ’ ശത്രുവായി പ്രതിഷ്ഠിച്ചുകൊണ്ട് വോട്ട് സമാഹരിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ സാമൂഹികാന്തരീക്ഷത്തിൽ സൃഷ്ടിച്ച വിള്ളലുകൾ ആഴമേറിയതാണ്. വോട്ട് നിർമാണാത്മകമായി മാത്രമല്ല, നിഷേധാത്മകമായി ഉപയോഗിച്ചും രാഷ്ട്രീയ നേതാക്കളുടെ തെറ്റിനെ നമുക്ക് തിരുത്താനാകുമെന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. ബൂത്തിൽ പോകാതെ ഇരിക്കുന്നതിനേക്കാൾ, ബൂത്തിൽ പോയി ആർക്കും വോട്ടില്ല എന്ന് രേഖപ്പെടുത്തുന്നതുപോലും ജനാധിപത്യത്തെ നവീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്യും. ഭരണാധികാരികളുടെ അധികാര ദുർവിനിയോഗങ്ങൾക്ക് നിസ്സംഗതയല്ല മറുപടി. വോട്ടർമാരുടെ പിഴവുകൾക്കും രാജ്യവും ഭാവിതലമുറകളും കനത്ത വില നൽകേണ്ടിവരുമെന്നോർക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.