വോട്ടിന് കിറ്റ്: കേരളത്തെ പറയിക്കരുത്

മാറാത്തത് മാറും... എന്ന മുദ്രാവാക്യം മുഴക്കുന്ന പാർട്ടി, തെരഞ്ഞെടുപ്പ് കാലത്ത് ഓശാരമായി നൽകുന്ന 900 രൂപയുടെ ഭക്ഷ്യക്കിറ്റ് വഴിയാണ് മാറ്റം കൊണ്ടുവരുന്നതെങ്കിൽ ആ രാഷ്ട്രീയനിലപാടും ആശയഗതികളും എത്രമേൽ ദയനീയം എന്നേ പറയേണ്ടൂ

നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി തൃശൂർ ജില്ലയിലെ ചില നിയോജകമണ്ഡലങ്ങളിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത് പിടികൂടപ്പെട്ടത് ഞായറാഴ്ച ക്രമസമാധാന പ്രശ്നമായി മാറി. മണലൂർ മണ്ഡലത്തിലെ വാടാനപ്പള്ളിയിൽ ബി.ജെ.പി നേതൃത്വത്തിൽ സൂപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ച് ഭക്ഷ്യക്കിറ്റ് വിതരണത്തിന് തയാറാക്കുന്നു എന്നു കേട്ടറിഞ്ഞ് മണലൂരിലെ സ്ഥാനാർഥി ടി.എൻ. പ്രതാപന്റെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകരെത്തി ഗോഡൗണിലേക്ക് കടക്കാൻ ശ്രമിച്ചത് യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിനും അറസ്റ്റിനും ഇടയാക്കി. ഗോഡൗണിൽനിന്ന് ഏതാനും ഭക്ഷ്യക്കിറ്റുകളും പൊലീസ് കണ്ടെടുത്തു. തലേന്നാൾ, ശനിയാഴ്ച, തൃശൂരിലെതന്നെ ഒളരിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ നടന്ന ഭക്ഷ്യക്കിറ്റ് വിതരണം തെരഞ്ഞെടുപ്പ് കമീഷന്റെ സ്പെഷൽ സ്ക്വാഡ് തന്നെ കണ്ടെത്തി തടഞ്ഞിരുന്നു. കിറ്റ് വിതരണമറിഞ്ഞ് ഉദ്യോഗസ്ഥർ എത്തുമ്പോഴേക്ക് 75 കിറ്റുകൾ നൽകിക്കഴിഞ്ഞിരുന്നു. അവശേഷിച്ച 26 കിറ്റുകൾ പിടിച്ചെടുത്തു. സംഭവത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ആലപ്പുഴയിലെ ചേർത്തല, പള്ളിപ്പുറം, തുറവൂർ എന്നിവിടങ്ങളിൽ ബി.ജെ.പി വോട്ടിനുവേണ്ടി സാരി വിതരണം ചെയ്തുവെന്നും പരാതിയുയർന്നിട്ടുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പി സ്ഥാനാർഥിക്കുവേണ്ടി ഇത്തരം സൗജന്യവിതരണങ്ങൾ നടന്നതായി പരാതിയുണ്ടായിരുന്നു. ആ മുന്നനുഭവമുള്ളതു കൊണ്ടാവണം രാഷ്ട്രീയപ്രവർത്തകരുടെ ജാഗ്രതയിൽ ഇപ്പോൾ ഈ അന്യായം പിടികൂടപ്പെടുന്നത്. സംഭവങ്ങളിൽനിന്ന് തടിയൂരാൻ ശ്രമിക്കുന്ന ബി.ജെ.പി നേതൃത്വം അറിഞ്ഞുതന്നെയാണ് ഉത്തരേന്ത്യയിൽ പലയിടത്തും പ്രചാരത്തിലുള്ളതും കേരളത്തിന് അന്യവുമായ ഈ തെരഞ്ഞെടുപ്പ് അത്യാചാരം എന്നുവേണം മനസ്സിലാക്കാൻ.

കേരളത്തിൽ മുന്നണികൾക്ക് നിർണായകമായ ഒരു നിയമസഭ തെരഞ്ഞെടുപ്പാണ് മുന്നിൽ. ഇടതു-ഐക്യമുന്നണികൾക്ക് ഇത് യഥാക്രമം നൈരന്തര്യത്തിനും നിലനിൽപിനുമുള്ള തെരഞ്ഞെടുപ്പ് യുദ്ധമാണ്. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എക്കാകട്ടെ, വീണ്ടും നിൽക്കക്കള്ളിയൊരുക്കാനും അത് വിപുലപ്പെടുത്താനുമുള്ള ജീവന്മരണ പോരാട്ടവും. കേരളത്തിന്റെ ഭാവി സംബന്ധിച്ച് നിർണായക രാഷ്ട്രീയ ഗതിവിഗതികൾക്ക് വഴിയൊരുക്കിയേക്കാവുന്ന ഈ തെരഞ്ഞെടുപ്പിനെ അത് അർഹിക്കുന്ന ഗൗരവത്തോടെയാണ് എല്ലാ രാഷ്ട്രീയപാർട്ടികളും സമ്മതിദായകരും കാണുന്നത്. രണ്ടു ടേം ഭരിച്ചവരുടെ വികസനസംരംഭങ്ങളും അവരെ മാറ്റാനൊരുങ്ങുന്ന പ്രതിപക്ഷ മുന്നണിയുടെ സ്വപ്നവാഗ്ദാനങ്ങളും മാത്രമല്ല, ഇരുമുന്നണികളുടെ രാഷ്ട്രീയ, സാമൂഹികവീക്ഷണങ്ങളും നിലപാടുകളും പ്രചാരണത്തിൽ സജീവമായി ചർച്ച ചെയ്യപ്പെടുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമൂഹിക ധ്രുവീകരണത്തിനും ശൈഥില്യത്തിനും വഴിയൊരുക്കിയ വിദ്വേഷ രാഷ്ട്രീയത്തെ കേരളത്തിൽ നനച്ചുവളർത്താനുള്ള ശ്രമം ഫാഷിസ്റ്റുകൾ ത്വരിതപ്പെടുത്തിയിരിക്കെ, അതിനോട് സ്വീകരിക്കേണ്ട നിലപാടു സംബന്ധിച്ചും ഇടതു-ഐക്യമുന്നണികൾ തമ്മിൽ ശക്തമായ ആശയസമരവും നടന്നുവരുന്നുണ്ട്. അതിനിടെയാണ് വോട്ടർമാരെ സൗജന്യങ്ങൾ നൽകി പാട്ടിലാക്കാനുള്ള ശ്രമം ഒരുവിഭാഗം നടത്തുന്നത് കൈയോടെ പിടികൂടിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ അവസാനഘട്ടത്തിൽ പാവപ്പെട്ടവരുടെ ദയനീയത ചൂഷണം ചെയ്തു പണവും മദ്യവുമൊക്കെ നൽകി വോട്ടർമാരെ പാട്ടിലാക്കുന്ന ഏർപ്പാട് ഒറ്റപ്പെട്ടെങ്കിലും രഹസ്യമായി നടക്കാറുണ്ട്. എന്നാൽ, പരസ്യമായിതന്നെ സൗജന്യ പ്രഖ്യാപനങ്ങളും സമ്മാനവിതരണങ്ങളും നടത്തുന്ന പരിപാടി ഉത്തരേന്ത്യൻ തെരഞ്ഞെടുപ്പുകളിൽ പറഞ്ഞു കേൾക്കാറുണ്ട്. വോട്ടർമാരെ നാട്ടുമൂപ്പന്മാരുടെ നേതൃത്വത്തിൽ പോളിങ് ബൂത്തിലേക്ക് ആട്ടിത്തെളിക്കുന്ന അന്നാടുകളിൽ അത്തരം സൗജന്യ സമ്മാനവിതരണ മേളകൾ തെരഞ്ഞെടുപ്പിന്റെതന്നെ ഭാഗമായി നടന്നുവരുന്നതാണ്. പണം, സാരി, ടി.വി, സൈക്കിൾ തുടങ്ങിയവയൊക്കെ പല പാർട്ടികളും അവരുടെ ആവതനുസരിച്ചു നൽകിവരുന്നുമുണ്ട്. ഇതേരീതി രാഷ്ട്രീയ പ്രബുദ്ധതയിൽ സാമാന്യേന മികച്ചുനിൽക്കുന്ന കേരളത്തിൽ അതേപടി എടുത്തുപകർത്തുന്നത് അനുചിതവും അനാശാസ്യവും കേരളത്തെ അവമതിക്കുന്നതുമാണ്. തെരഞ്ഞെടുപ്പ് ജയത്തിന് ഇത്തരം വളഞ്ഞ ഒളിവഴികൾ സ്വീകരിക്കുന്നത് അതിന് ധൃഷ്ടരായ രാഷ്ട്രീയപാർട്ടിയുടെയും മുന്നണിയുടെയുമൊക്കെ ആദർശപാപ്പരത്തമാണ് അനാവൃതമാക്കുന്നത്. ‘മാറാത്തത് മാറും, കേരളം വളരും’ എന്ന മുദ്രാവാക്യം മുഴക്കുന്ന ബി.ജെ.പി, തെരഞ്ഞെടുപ്പ് കാലത്ത് ഓശാരമായി നൽകുന്ന 900 രൂപയുടെ ഭക്ഷ്യക്കിറ്റു വഴിയാണ് മാറ്റം കൊണ്ടുവരുന്നതെങ്കിൽ അവരുടെ രാഷ്ട്രീയനിലപാടും ആശയഗതികളും എത്രമേൽ ദയനീയം എന്നേ പറയേണ്ടൂ.

തെരഞ്ഞെടുപ്പിൽ സൗജന്യവാഗ്ദാനങ്ങൾ ചൊരിഞ്ഞ് ‘മധുരം നുണപ്പിക്കുന്ന സംസ്കാരം’ (റെവ്ഡി കൾച്ചർ) വളർത്തുന്നതിനെതിരെ വലിയ വായിൽ ഒച്ചവെക്കുന്ന കക്ഷിയാണ് ബി.ജെ.പി. ഇപ്പോൾ കേരളത്തിൽ ഇരുമുന്നണികളും ചെയ്തുവരുന്നതു പോലെ വിജയിച്ചാൽ നടപ്പാക്കുന്ന വാഗ്ദാനങ്ങളിലെ സൗജന്യപ്പെരുമഴയെ പലപ്പോഴും എതിർക്കുക മാത്രമല്ല, അതിനെതിരെ കോടതി കയറിയിട്ടുമുണ്ട് ബി.ജെ.പി. ബി.ജെ.പിയുടെ ഡൽഹി ഘടകം നേതാവും സംഘ്പരിവാറിന്റെ സ്ഥിരം വ്യവഹാരക്കാരനുമായ അശ്വിനികുമാർ ഉപാധ്യായ 2022ൽ സുപ്രീംകോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൊതുഖജനാവിലെ പണം ഉപയോഗിച്ച് ഈ ആകാശസ്വപ്നങ്ങൾ നടപ്പിൽവരുത്താൻ ശ്രമിക്കുന്നതിലെ അധാർമികതയായിരുന്നു കേസിൽ ഉയർത്തിക്കാട്ടിയത്. അതേ കക്ഷിയാണ് കിറ്റുകൾ ഒളിച്ചുകടത്തി വോട്ടുറപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് എന്ന ഗുരുതര പ്രക്രിയയെ, കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയെ തൊള്ളായിരം രൂപാ കിറ്റിനു തള്ളി പുച്ഛിക്കരുതേ എന്നേ പറയാനുള്ളൂ.

Tags:    
News Summary - Food kit supplyed for kerala assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.