ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് 12.01ന് ആക്സിയം-4 എന്ന പേടകം കുതിച്ചുയർന്നത് ഒരുപാട് ചരിത്ര സന്ദർഭങ്ങളിലേക്കാണ്. ഒമ്പതുവർഷം മുമ്പ് മാത്രം തുടങ്ങിയ ആക്സിയം സ്പേസ് എന്ന സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ തുടർച്ചയായ നാലാം ദൗത്യവും വിജയകരമായിരിക്കുന്നു എന്നതാണ് ആഗോള ശാസ്ത്ര സമൂഹത്തെ സംബന്ധിച്ച് ഈ യാത്രയെ പ്രസക്തമാക്കുന്ന വലിയ ഘടകങ്ങളിലൊന്ന്. സ്വകാര്യ ഗവേഷണ സ്ഥാപനങ്ങൾക്ക് മേൽക്കൈ ലഭിക്കുന്ന പുതിയ കാലത്ത് ഭാവിയിലെ ബഹിരാകാശ യാത്രകളുടെ ദിശാസൂചകമായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഇത് വലിയ കുതിപ്പും അഭിമാന നിമിഷവുമാണ്. നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനാണ് ഇവിടെ അറുതിയായിരിക്കുന്നത്. 1984ൽ, സോവിയറ്റ് പേടകത്തിൽ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശർമയായിരുന്നു ഇതുവരെയും ഇന്ത്യയുടെ ഏക ഗഗനചാരി.
ആക്സിയം-4, ഭൂമിയുടെ ആകർഷണ വലയം ഭേദിച്ച് ശൂന്യാകാശത്തേക്ക് പറന്നതോടെ പുതിയ ചരിത്രം പിറന്നിരിക്കുന്നു. ശുഭാൻഷു ശുക്ലയെന്ന ലഖ്നോ സ്വദേശിയിലൂടെ ഒരിക്കൽകൂടി ഇന്ത്യ ആകാശം കീഴടക്കിയിരിക്കുകയാണ്; ഏതാണ്ട് 28 മണിക്കൂർ യാത്രക്കുശേഷം വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് ആക്സിയം പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) ഡോക്ക് ചെയ്യുന്നതോടെ ആകാശത്തെ ‘അത്ഭുത ദ്വീപി’ലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോഡും ശുഭാൻഷുവിന്റെ പേരിലാവും. പുതിയ നൂറ്റാണ്ടിൽ ബഹിരാകാശ ഗവേഷണ മേഖലയിൽ, വിശേഷിച്ച് പര്യവേക്ഷണ രംഗത്ത്, വൻകുതിപ്പ് നടത്തിയിട്ടുള്ള ഇന്ത്യയുടെയും ഐ.എസ്.ആർ.ഒയുടെയും മികവിന്റെ നിദർശനം കൂടിയാണ് ഈ യാത്ര എന്നത് ആക്സിയം ദൗത്യത്തെ കൂടുതൽ തെളിച്ചമുള്ളതാക്കുന്നു.
ഐ.എസ്.എസിലേക്കുള്ള യാത്ര ഇന്നൊരു വാർത്തയല്ലാതായിട്ടുണ്ട്. ഒരുകാലത്ത്, ദുർഘടമായിരുന്ന ബഹിരാകാശ യാത്ര ഇപ്പോൾ അത്രകണ്ട് അപകടകരമല്ല. അമ്പത് വർഷത്തെ ബഹിരാകാശ പര്യവേക്ഷണത്തിന്റെ ചരിത്രമെടുത്താൽ ചാലഞ്ചർ പോലുള്ള ഏതാനും ദുരന്തങ്ങൾ മാത്രമാണ് സംഭവിച്ചിട്ടുള്ളത്. ഇതിനിടയിൽ ഐ.എസ്.എസ് ആകട്ടെ, വലിയതോതിൽ വിപുലീകരിക്കപ്പെടുകയും ചെയ്തു. ഒമ്പത് യാത്രികർക്ക് ആറുമാസം കഴിയാനുള്ള സൗകര്യമുണ്ട് അവിടെ. ഇപ്പോൾ ശുഭാൻഷുവിനൊപ്പം യാത്രതിരിച്ചിട്ടുള്ള പെഗ്ഗി വിൻസ്റ്റൺ അഞ്ചുതവണത്തെ യാത്രകളിലായി നിലയത്തിൽ ചെലവഴിച്ച് പരീക്ഷണ-നിരീക്ഷണങ്ങൾ നടത്തിയത് 675 ദിവസമാണ്; ഇന്ത്യൻ വംശജയായ സുനിത വില്യംസ് അവിടെ 608 ദിവസം തങ്ങിയിട്ടുണ്ട്. കാൽനൂറ്റാണ്ടിനിടെ അവിടേക്ക് യാത്ര ചെയ്തവരുടെ എണ്ണം 285ൽ കൂടുതലാണ്. ആ അർഥത്തിൽ, ഐ.എസ്.എസിലേക്കുള്ള യാത്ര ഇക്കാലത്ത് ഒരു സാധാരണ സംഭവം മാത്രമാണ്. അതുകൊണ്ടാണ്, അന്താരാഷ്ട്ര മാധ്യമങ്ങൾ ആക്സിയം-4 ദൗത്യത്തിന് വലിയ പ്രാധാന്യം നൽകാത്തത്. എന്നാൽ, ഇന്ത്യയെ സംബന്ധിച്ച് അങ്ങനെയല്ല. ആദ്യമായൊരു ഇന്ത്യക്കാരൻ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് കുതിക്കുന്നുവെന്നതിനപ്പുറമുള്ള മാനങ്ങൾ ഈ യാത്രക്കുണ്ട്.
അതിൽ ഏറ്റവും പ്രധാനം, ഇന്ത്യയുടെ തദ്ദേശീയ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ മുന്നോടിയായിട്ടുള്ള പരിശീലന യാത്രയാണ് ഇതെന്നാണ്. ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാല് യാത്രികരിലൊരാളാണ് ശുഭാൻഷു. സഹയാത്രികനായി തിരഞ്ഞെടുക്കപ്പെട്ട മലയാളികൂടിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർക്കൊപ്പം ശുഭാൻഷു ഏതാനും മാസങ്ങളായി പരിശീലനത്തിലായിരുന്നു. ഇതിനിടയിലാണ് ആക്സിയം-4 ദൗത്യത്തിൽ അണിചേരാൻ അവസരം കൈവന്നത്. ഗഗൻയാൻ ദൗത്യത്തെ സംബന്ധിച്ച് ഇത് വലിയ സാധ്യതയാണ്. അതോടൊപ്പം, ഐ.എസ്.ആർ.ഒയുടെ പല ബഹിരാകാശ പരീക്ഷണങ്ങളും ഇതുവഴി നിർവഹിക്കാനും കഴിയും. ചുരുക്കത്തിൽ, ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ സ്വപ്നങ്ങളിലേക്ക് വലിയ പ്രതീക്ഷകളുടെ ചിറകുവിരിച്ചാണ് ശുഭാൻഷു യാത്രതിരിച്ചിരിക്കുന്നത്. അതുകൊണ്ടുകൂടിയായിരിക്കാം, ‘ഇതൊരു തുടക്ക’മെന്ന് അദ്ദേഹം യാത്രയുടെ ആരംഭത്തിൽ കുറിച്ചിട്ടത്.
ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യക്ക് വലിയൊരു കുതിച്ചുചാട്ടത്തിനുള്ള വഴിയൊരുങ്ങിയിരിക്കുകയാണ് ശുഭാൻഷുവിലൂടെ. അല്ലെങ്കിലും, ഈ മേഖലയിൽ ലോകത്തെ വൻശക്തി രാഷ്ട്രങ്ങൾക്കൊപ്പമാണ് ഇപ്പോൾ ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ 25 വർഷത്തിനിടെ, ഐ.എസ്.ആർ.ഒയുടെ പ്രധാന ദൗത്യങ്ങളൊന്നും ഉന്നംതെറ്റിയിട്ടില്ല. ചാന്ദ്രയാൻ-1 (2008), മംഗൾയാൻ (2014), അസ്ട്രോസാറ്റ് (2015) തുടങ്ങിയവയുടെ വിജയ വിക്ഷേപണങ്ങളോടെതന്നെ ഈ രംഗത്ത് നമ്മുടെ രാജ്യം ആർജിച്ച മികവ് ലോകം കണ്ടതാണ്. ആകെക്കൂടി പറയാവുന്ന അപവാദം, സോഫ്റ്റ് ലാൻഡിങ്ങിൽ ചാന്ദ്രയാൻ-2നുണ്ടായ (2019) പരാജയമായിരുന്നു. അതിൽനിന്ന് പാഠം ഉൾക്കൊണ്ട് പ്രവർത്തിച്ചപ്പോൾ ചാന്ദ്രയാൻ -3 (2023) വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തി. അതിനുശേഷം ആദിത്യ -എൽ1 എന്ന സൗരദൗത്യവും വിജയിച്ചു. ‘എക്സ്പോ സാറ്റ്’, സ്പേഡ് എക്സ് തുടങ്ങിയ ഇന്ത്യൻ ദൗത്യങ്ങളും പ്രപഞ്ചവിജ്ഞാനീയത്തിൽ പുത്തനറിവുകൾ തേടിയുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങൾക്ക് കരുത്തുപകർന്നു. ഈ ദൗത്യങ്ങൾക്കിടയിൽതന്നെയാണ് ഗഗൻയാനും ഐ.എസ്.ആർ.ഒ പ്രഖ്യാപിച്ചത്. മൂന്നുവർഷത്തിനുള്ളിൽ മനുഷ്യനെ ശൂന്യാകാശത്തെത്തിക്കാനുള്ള പദ്ധതികളും ആവിഷ്കരിച്ചു. അതിന്റെ ആദ്യ ചുവടും ഇപ്പോൾ വിജയിച്ചിരിക്കുന്നു. തീർച്ചയായും, ഇന്ത്യക്ക് അഭിമാനിക്കാവുന്ന നിമിഷം തന്നെയാണ്. ഈ ദൗത്യത്തിൽ പങ്കാളികളായ രാജ്യത്തെ ശാസ്ത്ര സമൂഹത്തെ ഈ ആഹ്ലാദ നിമിഷത്തിൽ ‘മാധ്യമം‘ ഹൃദയത്തോട് ചേർത്തുപിടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.