വലിയ വലിയ സൗകര്യങ്ങൾക്കൊപ്പം വമ്പിച്ച തട്ടിപ്പു സാധ്യതകളുമായി ഡിജിറ്റൽ വിദ്യ പുതിയ വെല്ലുവിളികൾ ഉയർത്തിക്കൊണ്ടിരിക്കുന്നു. വോട്ടിരട്ടിപ്പും വോട്ടുതട്ടിപ്പും പോലുള്ള ‘അധികൃത’ കുറ്റങ്ങൾ മുതൽ സാധാരണക്കാരന്റെ നിത്യജീവിതത്തെ അട്ടിമറിക്കാൻ പോന്ന ബാങ്ക് തട്ടിപ്പും വ്യാജവിവരങ്ങളും വരെ ഗുരുതരാവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അടിയന്തരമായ പരിഹാരങ്ങൾ ആവശ്യപ്പെടുന്ന സങ്കീർണാവസ്ഥയാണിത്. ഈ മായാലോകത്തിന്റെ ഒരറ്റമാണ് ഞങ്ങൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരിക്കുന്ന ‘അക്കൗണ്ടുകൾ വിൽക്കാനുണ്ട്’ എന്ന പരമ്പര. സൈബർ കുറ്റകൃത്യങ്ങളുടെ ആഗോള ശൃംഖലയിൽ ഭാഗമായ ‘മ്യൂൾ അക്കൗണ്ടു’കൾ ഒരുവശത്ത് യുവാക്കളെ (വിദ്യാർഥികളെ അടക്കം) തട്ടിപ്പിന് ഇരയാക്കുമ്പോൾ മറുവശത്ത് കള്ളപ്പണം വെളുപ്പിക്കാൻ ഉപായമാക്കുന്നു. കുറ്റം നടക്കുമ്പോഴും യഥാർഥ കുറ്റവാളികൾ പിടിക്കപ്പെടാതെ പോകുന്നു. സൗഹൃദ വലയങ്ങൾ ഉപയോഗപ്പെടുത്തിപ്പോലും ആളുകളെ കബളിപ്പിക്കുന്നു. പിടി​കൊടുക്കാതെ രക്ഷപ്പെടാൻ കുറ്റവാളികളെ സഹായിക്കുന്നത് പ്രധാനമായും സൈബർ സൂത്രങ്ങളാണ്. കേരളം മ്യൂൾ അക്കൗണ്ടുകളുടെ വിഹാര ഭൂമിയാണെന്ന് ലഭ്യമായ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഇക്കൊല്ലം ഇതുവരെ 15000ത്തോളം അക്കൗണ്ടുകൾ വഴി 250 കോടിയിലേറെ രൂപയുടെ ഇടപാട് നടന്നുവെന്നാണ് കണക്ക്. സി.ബി.ഐ പറയുന്നത് ഇന്ത്യയിലൊട്ടാകെ എട്ടരലക്ഷം മ്യൂൾ അക്കൗണ്ടുകൾ (മറ്റുള്ളവരുടെ പേരിൽ എടുപ്പിച്ചശേഷം സ്വന്തം വരുതിയിൽ തട്ടിപ്പുകാർ ഉപയോഗിക്കുന്ന അക്കൗണ്ടുകൾ) ഉണ്ടെന്നാണ്. യാഥാർഥ്യം ഈ കണക്കിനെ വലിയ അളവിൽ കവച്ചുവെക്കുമെന്ന് ഇന്ത്യൻ സൈബർ ക്രൈം കോഓഡിനേഷൻ സെന്റർ റിപ്പോർട്ട് ചെയ്യുന്നു. തട്ടിപ്പുകളുടെ അളവും ആഴവും ചെറുതല്ലെന്നർഥം.

കർണാടക സൈബർ പൊലീസ് കഴിഞ്ഞദിവസം രജിസ്റ്റർ ചെയ്ത ഒരു കേസ് ഇ-മെയിൽ ഉപയോഗിച്ച് നടത്തിയ വൻ തട്ടിപ്പിന്റേതാണ്. ബംഗളൂരുവിലെ ഗ്രൂപ് ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിക്ക്, ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് 2.16 കോടി രൂപ മരുന്ന് വിറ്റ വകയിൽ കൊടുക്കാനുണ്ട്. നവംബർ മൂന്നിന് കമ്പനിയുടെ ഇ-മെയിൽ സംവിധാനം ആരോ ഹാക്ക് ചെയ്യുന്നു. അവരുടെ ഒരു ഔദ്യോഗിക മെയിലിൽനിന്ന് ഡോ. റെഡ്ഡീസിലെ ധനകാര്യ ടീമിന് ആ പണം ഒരു പ്രത്യേക അക്കൗണ്ടിലേക്ക് നൽകാൻ അപേക്ഷയെത്തുന്നു. അതവർ ചെയ്യുന്നു. ഉടനെ കണ്ടുപിടിക്കാൻ കഴിഞ്ഞതിനാൽ ആ തട്ടിപ്പ് അക്കൗണ്ട് മരവിപ്പിക്കാൻ സാധിച്ചുവെന്നുമാത്രം. പൊലീസിന്റെയും മറ്റ് നിയമപാലക ഏജൻസികളുടെയും വേഷമണിഞ്ഞ് നടത്തുന്ന സൈബർ തട്ടിപ്പാണ് ‘ഡിജിറ്റൽ അറസ്റ്റ്’. ഔദ്യോഗിക ഏജൻസികളെന്ന ഭാവത്തിൽ, വ്യക്തികളെ ‘അറസ്റ്റ്’ ചെയ്യുന്നതും മോചനത്തിന് പണം തട്ടുന്നതുമായ ഈ രീതിക്ക് അന്താരാഷ്ട്ര മാനങ്ങളുണ്ട്. മ്യാന്മർ പോലുള്ള രാജ്യങ്ങളിൽ ഭരണതലത്തിൽ തന്നെ ഇത്തരം തട്ടിപ്പിന് പിന്തുണ കിട്ടുന്നുണ്ടെന്നും കരുതപ്പെടുന്നു. മുൻകാലങ്ങളിലെ സൈബർ തട്ടിപ്പിനെ കൂടുതൽ അപകടകാരിയാക്കുന്നതും ഇതാണ്. വ്യാജ ജോലി വാഗ്ദാനങ്ങൾ, മനുഷ്യക്കടത്ത്, ഭീഷണിയും മർദനവും, മ്യൂൾ അക്കൗണ്ടുകൾ, ക്രിപ്റ്റോ കറൻസി തുടങ്ങി പലതുമടങ്ങുന്ന ഈ ചതിക്കുഴികളെ എളുപ്പവും സാധ്യവുമാക്കുന്നുണ്ട് ഡിജിറ്റൽ മേഖല. ഈ രംഗത്ത് സമഗ്രമായ അന്വേഷണം വേണമെന്ന് സുപ്രീംകോടതി ഈയിടെ ആവശ്യപ്പെട്ടു. യൂനിയൻ സർക്കാർ, സംസ്ഥാന സർക്കാറുകൾ, റിസർവ് ബാങ്ക് തുടങ്ങിയവ ചേർന്ന് ബൃഹത്തായ അ​ന്വേഷണവും നടപടികളും ആവശ്യമാണ്.

സൈബർ കുറ്റങ്ങൾ പലതരത്തിലുണ്ട്. ക്രിപ്റ്റോ കറൻസി തട്ടിപ്പ്, ഓൺലൈൻ ബാലപീഡനം, സൈബർ ഭീകരത തുടങ്ങി അനേകം. ഇതിന് സൗകര്യമൊരുക്കുന്നത് ഡിജിറ്റൽ വിദ്യയാണ്. കുറ്റകൃത്യങ്ങൾ സമൂഹത്തിൽനിന്ന് വേറിട്ടു നിൽക്കുന്ന ഒറ്റയാന്മാരുടെ കളിയുമല്ല. സദ്‍വൃത്തിയോടും സദ്ഭരണത്തോടുമുള്ള അധികാരികളുടെ മനോഭാവത്തിന് ഇതുമായി നേരിട്ടുബന്ധമുണ്ട്. സൈബർ കുറ്റങ്ങളിൽ നേരിട്ട് പങ്കാളിത്തമുള്ള മ്യാന്മർ അതിർത്തി ഗാർഡുകൾ മാത്രമല്ല ഈ ബന്ധത്തിന് ഉദാഹരണം. ഇന്ത്യയിൽ ഇ​സ്രായേലി ചാര സോഫ്റ്റ്​വെയർ വ്യാപകമായി പ്രതിപക്ഷ നേതാക്കളെയും മറ്റും രഹസ്യ നിരീക്ഷണം നടത്തിയത് അധികൃത ഒത്താശയോടെയാണെന്ന് ആരോപണമുയർന്നിരുന്നു. ഇസ്രായേൽ ലബനാനിൽ നടത്തിയ പേജർ കൂട്ടക്കൊല ‘ഔദ്യോഗിക ഭീകരത’ തന്നെയായിരുന്നു. നമ്മുടെ പൊതുജീവിതത്തിലുമുണ്ട് ഡിജിറ്റൽ വിദ്യയുടെ ദുരുപയോഗം അധികൃതരുടെ ഭാഗത്തുതന്നെ. വോട്ടർപട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്തി തടയാൻ 2008 മുതൽ നടപ്പാക്കിവന്നിരുന്നതാണ് ‘ഡീ ഡ്യൂപ്ലിക്കേഷൻ സോഫ്റ്റ് വെയർ’. എളുപ്പത്തിലും കൃത്യതയോടെയും വോട്ടിരട്ടിപ്പ് കണ്ടെത്താൻ അത് സഹായിച്ചിരുന്നു. എന്നാൽ, രണ്ട് വർഷമായി ആ സോഫ്റ്റ് വെയർ നിർജീവമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കർണാടകയിലെയും ഹരിയാനയിലെയും മറ്റും വോട്ടിരട്ടിപ്പ് തട്ടിപ്പുകളെപ്പറ്റി ആരോപണങ്ങൾ നിലനിൽക്കെ അതിൽ ഇലക്ഷൻ അധികൃതർ പങ്കാളികളാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവുതന്നെ കുറ്റപ്പെടുത്തിയിരിക്കെ, ഈ ഡിജിറ്റൽ പരിച എടുത്തുമാറ്റിയതും ഗുരുതരമായ തെറ്റല്ലേ? സൈബർ കുറ്റങ്ങൾ ഇല്ലാതാവുകതന്നെ വേണം. ആരുടെ ഭാഗത്തുനിന്നുള്ളതായാലും.

Tags:    
News Summary - Madhyamam editorial 2025 Nov 10 Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.