2024 ഫെബ്രുവരി 15നാണ്, ഇലക്ടറൽ ബോണ്ട് സംവിധാനം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയത്. രാഷ്ട്രീയ പാർട്ടികൾ കേന്ദ്രീകരിച്ചുള്ള കള്ളപ്പണമൊഴുക്ക് തടയാനെന്ന വ്യാജേന ഒന്നാം മോദി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ടിനെ തുടക്കം മുതലേ ജനാധിപത്യസമൂഹം സംശയത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. അതിന് അടിവരയിടുന്നതായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വിധിന്യായം.
പദ്ധതിക്ക് സുതാര്യതയില്ലെന്നും രാഷ്ട്രീയ പാർട്ടികൾക്ക് ആരൊക്കെ സംഭാവന ചെയ്യുന്നുവെന്ന് അറിയാനുള്ള പൗരന്റെ അവകാശം പ്രസ്തുത സംവിധാനം അട്ടിമറിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചത്, ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മോദി സർക്കാറിന് വലിയ തിരിച്ചടിയായി. ബി.ജെ.പിക്ക് വലിയതോതിൽ ഫണ്ട് കണ്ടെത്താനുള്ള പദ്ധതിയെന്ന വിമർശനം പദ്ധതിയെക്കുറിച്ച് നേരത്തേയുണ്ടായിരുന്നു. കേവലം അഞ്ചുവർഷംകൊണ്ട് 6000 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടിലൂടെ ബി.ജെ.പിക്ക് കൈവന്നത്. ഇക്കാലയളവിൽ മൊത്തം രാഷ്ട്രീയ പാർട്ടികൾക്കുകൂടി ലഭിച്ചത് ഒമ്പതിനായിരത്തോളം കോടിയാണെന്നറിയുമ്പോഴാണ് മോദി സർക്കാർ സ്വന്തം പാർട്ടിയുടെ പോക്കറ്റ് വീർപ്പിക്കാനായി വ്യവസ്ഥാപിതമായ അഴിമതിക്ക് കളമൊരുക്കിയത് മനസ്സിലാവുക.
ഇലക്ടറൽ ബോണ്ട് ഇല്ലാതായെങ്കിലും ഭരണവർഗ പാർട്ടികൾക്കുള്ള ഫണ്ട് വരവിൽ ഇപ്പോഴും കുറവില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഇലക്ടറൽ ബോണ്ടിനു പകരം, ഇലക്ടറൽ ട്രസ്റ്റുകളിലൂടെ ബി.ജെ.പി അടക്കമുള്ള പാർട്ടികൾക്ക് കോർപറേറ്റുകൾ വാരിക്കോരി നൽകിക്കൊണ്ടിരിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു.
2024-25 സാമ്പത്തിക വർഷത്തിൽ വ്യക്തികളും കോർപറേറ്റുകളുമായി ബി.ജെ.പിക്ക് 6088 കോടി രൂപ സംഭാവനയായി നൽകിയെന്നാണ് ദിവസങ്ങൾക്കു മുമ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചത്. തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷത്തിൽ, അഥവാ ഇലക്ടറൽ ബോണ്ട് നിലനിന്നിരുന്ന കാലത്ത്, ഇത് 3965 കോടി രൂപയായിരുന്നു. അഥവാ, സുപ്രീംകോടതി ഇടപെട്ട് തെരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കിയിട്ടും പാർട്ടി ഫണ്ടിലേക്ക് 53 ശതാനത്തിന്റെ അധികവരവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള 12 പ്രതിപക്ഷ പാർട്ടികൾക്ക് ഇതേ കാലത്ത് ആകെ കിട്ടിയത് 1343 കോടി മാത്രമാണെന്നും ഈ കണക്കുകളോട് ചേർത്തു വായിക്കേണ്ടതുണ്ട്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ കോർപറേറ്റുകൾ നടത്തുന്ന ഇടപെടലുകൾ എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. തെരഞ്ഞെടുപ്പുകളിലും ഭരണതലത്തിലും അവരുടെ സ്വാധീനവും ശക്തിയും ചില സന്ദർഭങ്ങളിലെങ്കിലും വാർത്തയും വിവാദവുമായി ഉയർന്നു കേട്ടിട്ടുമുണ്ട്. ഇലക്ടറൽ ബോണ്ട് സംവിധാനം ആവിഷ്കരിക്കുകവഴി ഈ കോർപറേറ്റ് ഇടപെടലുകളെ സ്ഥാപനവത്കരിക്കുകയായിരുന്നു മോദി സർക്കാർ. ആര്, ആർക്കൊക്കെ, എത്ര പണം നൽകിയെന്ന് പൗരജനങ്ങൾക്ക് അറിയാൻ കഴിയാത്തവിധം ഭരണചക്രം നിയന്ത്രിക്കുന്നവർക്ക് പിന്നിലുള്ള വൻശക്തികളെ അജ്ഞാതമാക്കി നിലനിർത്തുന്നതായിരുന്നു ആ സംവിധാനം. അതില്ലാതായിട്ടും ഭരണവർഗ-ഫാഷിസ്റ്റ് പാർട്ടിയോടുള്ള കോർപറേറ്റ് സേവ ആരെയും ഞെട്ടിക്കുന്നതാണ്.
ഇലക്ടറൽ ബോണ്ടിനെ എങ്ങനെയാണ് ബി.ജെ.പി മറികടന്നതെന്നതും മേൽസൂചിപ്പിച്ച കണക്കുകളിലുണ്ട്. ആകെ ലഭിച്ച 6088 കോടിയിൽ ഏതാണ്ട് 60 ശതമാനവും (3744 കോടി) ഇലക്ടറൽ ട്രസ്റ്റുകൾ വഴിയാണ് എത്തിയിരിക്കുന്നതെന്ന് കാണാം. എന്താണ് ഇലക്ടറൽ ട്രസ്റ്റുകൾ എന്നുകൂടി അറിയുമ്പോഴാണ് കോർപറേറ്റ്-ബി.ജെ.പി കൂട്ടുകെട്ടിന്റെ ആഴം നമുക്ക് മനസ്സിലാവുക.
ഇലക്ടറൽ ബോണ്ട് തത്ത്വത്തിൽ ലളിതമായിരുന്നു. എസ്.ബി.ഐ പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങൾ വാങ്ങി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏതു രാഷ്ട്രീയപാർട്ടികൾക്കും നൽകാം; പാർട്ടികൾക്ക് അതു പണമാക്കി മാറ്റാം. ഇങ്ങനെ വന്നുചേരുന്ന പണത്തിന്റെ കണക്ക് വർഷാവർഷം തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചാൽ മതി. കേൾക്കുമ്പോൾ സുതാര്യമെന്ന് തോന്നുമെങ്കിലും അതിൽ വ്യവസ്ഥാപിതമായ അഴിമതിക്ക് വലിയ വഴികളുണ്ട്. ആര്, ആർക്കൊക്കെ, എത്ര പണം നൽകിയെന്ന് പൗരജനങ്ങൾക്ക് അറിയാൻ കഴിയാത്തവിധം അണിയറയിലെ വൻശക്തികളെ അജ്ഞാതമാക്കി നിലനിർത്താൻ അതിന് കഴിയുമായിരുന്നു. അതിനായി പ്രത്യേക ഫിനാൻസ് നിയമംതന്നെ മോദി സർക്കാർ കൊണ്ടുവന്നു.
ഈ കള്ളക്കള്ളിയാണ് സുപ്രീംകോടതി പിടികൂടിയത്. എന്നാൽ, ഇലക്ടറൽ ട്രസ്റ്റ് ഇതിൽനിന്ന് ഭിന്നമാണ്. വിവിധ കേന്ദ്രങ്ങളിൽനിന്ന് പാർട്ടി ഫണ്ട് കണ്ടെത്താനായുള്ള സവിശേഷ സംഘങ്ങളാണ് ഈ പറയുന്ന ട്രസ്റ്റുകൾ. ഈ ട്രസ്റ്റുകൾ അവരിലൂടെ വന്ന ഫണ്ടിന്റെ വിവരങ്ങൾ കമീഷന് കൈമാറിയാൽ മതി. പോയ സാമ്പത്തിക വർഷം ഇലക്ടറൽ ട്രസ്റ്റുകളിലൂടെ പാർട്ടികളിലേക്ക് എത്തിയത് 3811 കോടിയാണ്. ഇതിൽ 3744 കോടിയും ബി.ജെ.പിയിലേക്കാണ് പോയത്.
ഇതിൽതന്നെ, കഴിഞ്ഞ 11 വർഷമായി ബി.ജെ.പിക്ക് ഫണ്ട് എത്തിക്കുന്ന പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റ് എന്ന സംഘമാണ് ഏറ്റവും കുടുതൽ സംഭാവന പിരിച്ചിരിക്കുന്നത്. ഇവർക്ക് ഫണ്ട് നൽകുന്നതാകട്ടെ, മുൻകാലങ്ങളിൽ ഇലക്ടറൽ ബോണ്ടിലൂടെ ബി.ജെ.പിയെ കൈയയച്ച് സഹായിച്ച ഭാരതി എയർ ടെൽ, മേഘ എൻജിനീയറിങ്, ഡി.എൽ.എഫ് തുടങ്ങിയ വമ്പൻ കമ്പനികളും. അപ്പോൾ ചിത്രം വ്യക്തമാണ്. ഇലക്ടറൽ ബോണ്ടിലൂടെ വന്നുകൊണ്ടിരുന്ന പണമെല്ലാം ഇപ്പോൾ ഇലക്ടറൽ ട്രസ്റ്റിലൂടെ എത്തേണ്ടവരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. കോർപറേറ്റുകൾ രാജ്യത്തിന്റെ നയം തീരുമാനിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഭരണകൂട-കോർപറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെ സ്ഥാപനവത്കരിക്കുകയാണ് ഇലക്ടറൽ ട്രസ്റ്റ് സംവിധാനവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.