ആഴ്ചകൾ നീണ്ട പിരിമുറുക്കങ്ങൾക്കും നാലുനാളിന്റെ അതീവ സംഘർഷാവസ്ഥകൾക്കും ശേഷം ഭീതി തെല്ലൊന്നകന്നിരിക്കുന്നു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക് ഭീകരകേന്ദ്രങ്ങൾ ഉന്നമിട്ട് ഇന്ത്യ നടത്തിയ വ്യോമാക്രമണവും ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിലേക്ക് പാകിസ്താൻ നടത്തിയ ഷെൽവർഷവും ഉപഭൂഖണ്ഡത്തെ ദീർഘകാല യുദ്ധത്തിൽ കൊണ്ടെത്തിക്കുമോ എന്ന ആശങ്ക ഇല്ലാതാക്കി ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് വെടിനിർത്തൽ പ്രഖ്യാപനം വന്നത്. ഒരുരാത്രി നീണ്ട യു.എസ് സംഭാഷണങ്ങൾക്കൊടുവിൽ ഇന്ത്യയും പാകിസ്താനും അടിയന്തരമായ സമ്പൂർണ വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ആദ്യം വെളിപ്പെടുത്തിയത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും താനും ഇന്ത്യ-പാക് പ്രധാനമന്ത്രിമാരുമായും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായും 48 മണിക്കൂറായി ചർച്ചകൾ നടത്തിയതിന്റെ ഫലമായാണ് വെടിനിർത്തൽ എന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും വ്യക്തമാക്കി. ഒരു മണിക്കൂറിനുശേഷം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്തസമ്മേളനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. പാകിസ്താന്റെ മിലിട്ടറി ഓപറേഷൻസ് ഡയറക്ടർ ജനറൽ ഇന്ത്യയുടെ പ്രതിനിധിയുമായി ബന്ധപ്പെട്ടതായും ശനിയാഴ്ച വൈകീട്ട് അഞ്ച് മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായും അദ്ദേഹം വ്യക്തമാക്കി.
യുദ്ധത്തിനായി കൊതിപൂണ്ട് നടക്കുന്ന സംഘങ്ങളൊഴികെ ലോകമൊട്ടുക്കുമുള്ള സമാധാന സ്നേഹികൾ ഒരേ സ്വരത്തിൽ വെടിനിർത്തൽ തീരുമാനത്തെ സ്വാഗതം ചെയ്തു. മേഖലയിൽ സംഘർഷം ഒഴിവാക്കണമെന്ന് നേരത്തേതന്നെ ആഹ്വാനം ചെയ്ത യു.കെ, യു.എ.ഇ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ അഭിനന്ദനങ്ങളുമായി മുന്നോട്ടുവന്നു. സ്ഥാനാരോഹണശേഷം ഞായറാഴ്ച നടത്തിയ ആദ്യ പ്രഭാഷണത്തിൽ ലിയോ 14 മാർപാപ്പയും വെടിനിർത്തലിനെ സ്വാഗതം ചെയ്തു.
സമാധാന തീരുമാനത്തോടെ കാര്യങ്ങൾ സാധാരണഗതിയിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലേക്ക് ലോകം നീങ്ങവെ ശനിയാഴ്ച രാത്രി വീണ്ടും ഉഗ്ര സ്ഫോടന ശബ്ദങ്ങൾ മുഴങ്ങിയതോടെ ഉടമ്പടി ലംഘിച്ച പാക് നടപടിക്ക് തക്കതായ മറുപടി നൽകുമെന്നും ഉത്തരവാദിത്തപൂർണമായി പെരുമാറാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാത്രി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വെളിപ്പെടുത്തി. ആശങ്ക നിറഞ്ഞ രാത്രിക്ക് പിന്നാലെ അനിഷ്ട സംഭവങ്ങളില്ലാത്ത പ്രഭാതത്തിലേക്കാണ് ഉപഭൂഖണ്ഡം പ്രവേശിച്ചത്.
വെടിനിർത്തൽ ഏവരും അടിയന്തരമായി ആഗ്രഹിച്ചതാണെങ്കിലും അതിലെ അമേരിക്കൻ മാധ്യസ്ഥ്യം അപ്രതീക്ഷിതവും ഇതുവരെ കാത്തുപോരുന്ന രീതികൾക്ക് വിരുദ്ധവുമാണ്. വിഷയത്തിൽ കക്ഷിയായ രാജ്യവുമായി നേരിട്ട് ഇടപെടുകയും ചർച്ച നടത്തുകയും ചെയ്യുകയാണ് ഇന്ത്യയുടെ ശൈലി. മുൻകാല സംഘർഷങ്ങളിലെല്ലാം പാകിസ്താനൊപ്പം നിന്നിട്ടുള്ള അമേരിക്ക ഇക്കുറി മധ്യസ്ഥ റോളിലെത്തുകയും സമാധാന ദൗത്യത്തിന്റെ അവകാശവാദം ഏറ്റെടുക്കുകയും ചെയ്യുന്നത് ഒട്ടും ആശാസ്യമല്ല. കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിച്ച് അമേരിക്ക മുന്നോട്ടുവന്നതും ഇന്ത്യയോടോ സമാധാനത്തോടോ ഉള്ള ഇഷ്ടം കൊണ്ടല്ല എന്നത് തീർച്ച. കശ്മീർ പ്രശ്നം അന്താരാഷ്ട്രവത്കരിക്കാനും മൂന്നാം കക്ഷികളെ വിഷയത്തിൽ ഇടപെടീക്കാനും പാകിസ്താൻ നടത്തിയ ശ്രമങ്ങളെ പണ്ഡിറ്റ് നെഹ്റുമുതൽ സർദാർ മൻമോഹൻ സിങ് വരെയുള്ള പ്രധാനമന്ത്രിമാർ ഇച്ഛാശക്തിയോടെ ചെറുത്തത് ചരിത്രത്തെ തമസ്കരിച്ചും വളച്ചൊടിച്ചും ‘ഞാനാണ് രാജ്യം’ എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോദിക്ക് അറിയണമെന്നില്ല. രണ്ടുവർഷം മുമ്പ് മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട വേളയിൽ അവിടം സന്ദർശിക്കാൻ കൂട്ടാക്കാതെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അഭിരമിച്ചുനടന്ന പ്രധാനമന്ത്രി പഹൽഗാം ഭീകരാക്രമണശേഷവും തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് തനിക്ക് മുഖ്യമെന്ന് തെളിയിച്ചിരിക്കുകയാണ്. ഇന്ത്യൻ സേന പാകിസ്താന് മറുപടി നൽകുകയും പാക് ഷെൽ വർഷത്തിൽ അതിർത്തി ഗ്രാമങ്ങളിൽ സാധാരണ മനുഷ്യരും സൈനിക ഉദ്യോഗസ്ഥരും രക്തസാക്ഷികളായിക്കൊണ്ടിരിക്കുകയും ചെയ്ത വേളയിൽ മുൻ സർക്കാറിനെ അവഹേളിച്ചും സൈനിക നടപടിയുടെ ക്രെഡിറ്റ് സ്വന്തമാക്കിയും വിഡിയോകളിറക്കി മുതലെടുപ്പ് നടത്തുകയായിരുന്നു രാജ്യം ഭരിക്കുന്ന പാർട്ടി എന്നത് എത്രമാത്രം ലജ്ജാവഹമാണ്.
സമാധാനവും ശാന്തിയുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എന്നതിന്റെ കൃത്യമായ ദൃഷ്ടാന്തമാണ് പാക് സൈന്യത്തിന്റെ വെടിനിർത്തൽ അഭ്യർഥന മുഖവിലക്കെടുക്കാൻ ഇന്ത്യൻ പക്ഷത്തെ പ്രേരിപ്പിച്ചത്. സമാധാന കാംക്ഷ ബലഹീനതയല്ല കരുത്തും മഹാമനസ്കതയുമാണ് എന്ന് ഇന്ത്യയുമായി ശണ്ഠകൂടാൻ വരുന്ന അയൽരാജ്യം മാത്രമല്ല, ദേശീയവാദികളെന്നും ഭക്തരെന്നും സ്വയംവിശേഷിപ്പിക്കുന്ന ഭരണകൂടത്തിന്റെ സ്വന്തക്കാരും സൈബർ അധിക്ഷേപക്കൂട്ടങ്ങളും കൂടി മനസ്സിലാക്കേണ്ടതുണ്ട്. അന്താരാഷ്ട്ര വിഷയങ്ങളിൽ രാജ്യം കൈക്കൊള്ളുന്ന നിലപാടുകൾ അറിയിക്കാൻ ചുമതലപ്പെട്ട വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വെടിനിർത്തൽ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമ അക്കൗണ്ടിൽ കയറി അദ്ദേഹത്തെ ദേശദ്രോഹിയെന്നും ഒറ്റുകാരനെന്നും വിളിക്കാൻ ധാർഷ്ട്യം കാണിച്ചവരെ നിലക്കുനിർത്താൻ സർക്കാറിന് സാധിക്കേണ്ടതുണ്ട്. തെരുവിലോ സൈബർ ഇടത്തിലോ ഇരുന്ന് യുദ്ധം വേണ്ടെന്ന് പറഞ്ഞ പൊതുപ്രവർത്തകരും മാധ്യമ പ്രവർത്തകരും മുതൽ വിദ്യാർഥികൾവരെ യുദ്ധവെറി സംഘത്തിന്റെ അധിക്ഷേപങ്ങൾക്ക് നിരന്തരം ഇരയായിക്കൊണ്ടിരിക്കുന്നു. തൃശൂരിൽ യുദ്ധവിരുദ്ധ പ്രകടനത്തിന് അനുമതി നിഷേധിച്ച പൊലീസ് പ്രകടനം നടത്തിയാൽ അടിച്ചൊതുക്കാനൊരുമ്പിട്ടെത്തിയ സംഘ്പരിവാർ പ്രവർത്തകരെ അവഗണിച്ച് സമാധാന പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തത് എന്നുകൂടി കൂടി ഓർക്കുക.
വരും ദിവസങ്ങളിൽ മേഖല കൂടുതൽ ശാന്തമാകുമെന്നും അതിർത്തിയിലെ മുറിവുകൾ ഉണങ്ങുമെന്നും ആശിക്കാം. ഏപ്രിൽ അവസാനവാരം അബദ്ധത്തിൽ അതിർത്തി കടന്നുവെന്നാരോപിച്ച് പാക് സംഘം പിടിച്ചുകൊണ്ടുപോയ ബി.എസ്.എഫ് ജവാൻ പൂർണം കുമാർ സാഉവിനെ സുരക്ഷിതനായി തിരിച്ചെത്തിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിസ്മൃതിയിലാവരുത്. ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതിലല്ല, മനുഷ്യവിഭവശേഷി സംരക്ഷിച്ച് ശരിയാം വിധം വിനിയോഗിക്കുന്നതിലും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലുമാണ് ശ്രദ്ധ ചെലുത്തേണ്ടതെന്ന് ഇക്കഴിഞ്ഞ സംഘർഷത്തിൽ നിന്നെങ്കിലും ഭരണകൂടങ്ങൾ തിരിച്ചറിവു നേടിയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.