ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് ആഗോള സമാധാനത്തിനോ മാനുഷികനീതിക്കോ നയതന്ത്ര ധാർമികതക്കോ ഇന്ത്യയുടെതന്നെ താൽപര്യങ്ങൾക്കോ നിരക്കുന്നതായില്ല. സ്പെയിൻ കൊണ്ടുവന്ന പ്രമേയത്തെ മൊത്തം അംഗങ്ങളുടെ അഞ്ചിൽ നാലിലധികവും അനുകൂലിച്ചു. വൻഭൂരിപക്ഷത്തോടെ പ്രമേയം പാസായപ്പോൾ ഇന്ത്യയുടെ വിട്ടുനിൽക്കൽ മുഴച്ചുനിന്നു. 180 രാജ്യങ്ങളിൽ 149 എണ്ണമാണ് വെടിനിർത്തലിന് അനുകൂലമായി നിലകൊണ്ടത്. എക്വഡോർ, കിരിബാസ്, മലാവി തുടങ്ങിയ അപ്രധാന രാജ്യങ്ങൾക്കൊപ്പം ഇന്ത്യ വിട്ടുനിന്നു. ഇസ്രായേലും യു.എസും മറ്റ് 10 രാജ്യങ്ങളും വെടിനിർത്തൽ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. വിട്ടുനിന്നതിനെ ന്യായീകരിച്ചുകൊണ്ട് ഇന്ത്യയുടെ യു.എൻ സ്ഥിരംപ്രതിനിധി ഹരീഷ് പറഞ്ഞത്, മുമ്പും ഇങ്ങനെ വിട്ടുനിന്നിട്ടുണ്ട് എന്നാണ്. ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ വിമർശിക്കുന്ന 2022 ഡിസംബറിലെ പ്രമേയം, ഇസ്രായേലിന്റെ ഗസ്സ ഹിംസ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ)യുടെ പരിഗണനക്ക് വിടുന്ന 2024 ഡിസംബറിലെ പ്രമേയം എന്നിവയുടെ വോട്ടിങ്ങിൽനിന്നാണ് ഇതിനു മുമ്പ് ഇന്ത്യ വിട്ടുനിന്നത്. ഇതു രണ്ടും ന്യായമായ നിലപാടായില്ല എന്നതിരിക്കട്ടെ; 2024 ഡിസംബറിലെ ഗസ്സ വെടിനിർത്തൽ പ്രമേയം വോട്ടിനിട്ടപ്പോൾ ഇന്ത്യ വെടിനിർത്തണമെന്ന ആവശ്യത്തെ പിന്തുണച്ചിരുന്നു. ഇന്ന്, ഇസ്രായേലിന്റെ വംശഹത്യ കൂടുതൽ രൗദ്രഭാവം കൈക്കൊള്ളുകയും 60,000മോ അതിലധികമോ മനുഷ്യരെ കൂട്ടക്കൊല ചെയ്യുകയും പ്രദേശമാകെ ബോംബിട്ട് നിരപ്പാക്കുകയും ദശലക്ഷങ്ങളെ കൂട്ടിലാക്കി പട്ടിണിക്കിടുകയും ചെയ്യുമ്പോൾ അരുത് എന്ന പ്രമേയത്തെ പിന്തുണക്കാതിരിക്കാൻ നമുക്കെങ്ങനെ സാധിച്ചു?
ഇന്ത്യയെപ്പോലെ ബ്രിട്ടീഷുകാരുടേതടക്കമുള്ള അധിനിവേശം ഏറെക്കാലം അനുഭവിച്ച നാടാണ് ഫലസ്തീൻ. എന്നാൽ, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച കാലഘട്ടത്തിൽ ഫലസ്തീന്റെ ഭൂമിയിൽ ഇസ്രായേലിനെ കുടിയിരുത്തുകയാണ് യു.എൻ അടക്കം ചെയ്തത്. അതിൽപിന്നീട് ഫലസ്തീൻ ഭൂമി കൈയേറുകയും ജനങ്ങൾക്കെതിരെ വംശീയ ക്രൂരതകൾ നടത്തിവരുകയും ചെയ്യുകയാണ് സയണിസ്റ്റ് രാജ്യം. ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടേതാണ്, ഫ്രാൻസ് ഫ്രഞ്ചുകാരുടേതാണ് എന്നപോലെ ഫലസ്തീൻ ഫലസ്തീൻകാരുടേതാണെന്ന് പ്രഖ്യാപിക്കുകയും ഫലസ്തീന് പൂർണപിന്തുണ നൽകുകയും ചെയ്ത ഗാന്ധിജിയുടെ നാടാണ് ഇന്ത്യ. ഫലസ്തീൻ രാഷ്ട്രത്തിന് 1988ൽ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുണ്ട് നമ്മൾ-യു.എന്നിലെ 193 അംഗരാജ്യങ്ങളിൽ ഫലസ്തീനെ അംഗീകരിച്ച 147 രാജ്യങ്ങളിലൊന്ന്. നമ്മുടെതന്നെ സുചിന്തിത നിലപാടിനെയും താൽപര്യങ്ങളെയും ഇസ്രായേലിനുവേണ്ടി കൈയൊഴിഞ്ഞത് എന്തിനെന്ന് വിശദീകരിക്കപ്പെട്ടിട്ടില്ല. യുദ്ധകുറ്റങ്ങളുടെ പേരിൽ ഇസ്രായേൽ നേതാക്കൾക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ കേസുണ്ട്. വംശഹത്യയുടെ പേരിൽ ഇസ്രായേൽതന്നെ ഐ.സി.ജെക്ക് മുന്നിൽ പ്രതിയാണ്. കൈയൂക്ക് രാഷ്ട്രീയം പയറ്റുന്ന കുറെ പാശ്ചാത്യ രാജ്യങ്ങളൊഴിച്ച് ലോകം മുഴുവൻ ഇസ്രായേലി ക്രൂരതകളെ അപലപിക്കുന്നു. മാത്രമല്ല, അക്കൂട്ടത്തിൽപെട്ട ഫ്രാൻസും ബ്രിട്ടനുമെല്ലാം ഇത്തവണ ഗസ്സ വെടിനിർത്തലിനനുകൂലമായി വോട്ട് ചെയ്തു. എന്നിട്ടും അതിനു തടയിടുന്ന നിലപാട് നാം എന്തിനെടുത്തു? ഇസ്രായേലിന്റെ താൽപര്യത്തിനുവേണ്ടി, നമ്മുടെതന്നെ താൽപര്യങ്ങൾക്കു വിരുദ്ധമായി, നിഷ്ഠുരമായ വംശഹത്യയെയും യുദ്ധകുറ്റങ്ങളെയും നിയന്ത്രിക്കാൻ സഹായിച്ചേക്കാവുന്ന ഒരവസരം പരമാവധി ഉപയോഗപ്പെടുത്തുന്നതിനു പകരം മുഖംതിരിച്ച് മാറിനിന്നതിന് നാം ചരിത്രത്തോട് മറുപടി പറയേണ്ടി വരും. ലോകത്തിനു മുമ്പാകെയുള്ള നമ്മുടെ ഒറ്റപ്പെടലിന് ഇത് ആക്കം കൂട്ടുകയേ ഉള്ളൂ. വെടിനിർത്തലിനെ അനുകൂലിക്കാതെ മാറിനിന്ന തെക്കനേഷ്യയിലെ ഏക രാജ്യമായിരിക്കുന്നു നമ്മൾ. ബ്രിക്സ്, ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷൻ തുടങ്ങിയ കൂട്ടായ്മകളിലും ഇതോടെ നാം ഒറ്റക്കായി. ഫലസ്തീനെ മാത്രമല്ല, നാം നമ്മെത്തന്നെയാണ് ഇതിലൂടെ പുറന്തള്ളുന്നത്.
സമാധാനത്തിനുവേണ്ടിയും ഫലസ്തീൻ ജനതയുടെ സുരക്ഷക്കുവേണ്ടിയും പരസ്യ പ്രസ്താവനകൾ നടത്താറുണ്ട് ഇന്ത്യ. എന്നാൽ, ചൊല്ലും ചെയ്തിയും തമ്മിലുള്ള അകൽച്ച ഇതിലും പ്രകടമാണ്. സമാധാനത്തിലേക്കും ഫലസ്തീന്റെ സുരക്ഷയിലേക്കുമുള്ള ഒരു ചുവടുപോലും നമ്മുടെ പിന്തുണക്ക് അർഹമല്ലെങ്കിൽ പിന്നെ വായ് ത്താരികൾ കൊണ്ടെന്തു കാര്യം? യുദ്ധത്തിലും സംഹാരത്തിലും ഇസ്രായേലിന്റെ സഹകാരിയായിരിക്കുന്നു നാം. ഫലസ്തീൻകാരിൽ ‘പരീക്ഷിച്ച്’ ഫലപ്രദമെന്നുകണ്ട് വിറ്റഴിക്കപ്പെടുന്ന ഇസ്രായേലി ആയുധങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യങ്ങളിലൊന്നായിട്ടുണ്ട് ഇന്ത്യ. 2001നും 2021നുമിടക്ക് 420 കോടി ഡോളറിന്റെ ഇസ്രായേലി ആയുധങ്ങൾ ഇന്ത്യ വാങ്ങിയതായാണ് കണക്കുകൾ. തിരിച്ച് യുദ്ധത്തിൽ ഇസ്രായേലിനെ നാം സഹായിക്കുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. 2024ൽ ഇസ്രായേലിലെ ഹൈഫയിലേക്കുള്ള ആയുധങ്ങളുമായി ചെന്ന കപ്പലിനെ സ്പെയിൻ തടഞ്ഞപ്പോൾ, അതിലെ ആയുധങ്ങൾ ചെന്നൈയിൽനിന്നയച്ചതാണെന്ന് വെളിപ്പെട്ടു. ആയുധക്കച്ചവടത്തിൽ ‘അദാനി-എൽബിറ്റ്’ സംരംഭം ഇന്ത്യൻ-ഇസ്രായേലി സഹകരണത്തിന്റെ പ്രത്യക്ഷ മാതൃകയാണ്. ഗസ്സയിലെ നുസൈറാത് അഭയാർഥി ക്യാമ്പിലിട്ട മിസൈലുകളിൽ ചിലതിനുമേൽ ‘ഇന്ത്യാ നിർമിതം’ എന്ന് കാണിച്ചിരുന്നതായും വാർത്ത വന്നതാണ്. ഇതെല്ലാം നടക്കുമ്പോഴും ലോകത്തിനു മുമ്പാകെ പ്രത്യക്ഷമായി ഫലസ്തീനെതിരായ നിലപാട് നാം എടുത്തിട്ടില്ലായിരുന്നു. ഇപ്പോൾ അതുമായി. ചരിത്രം നമ്മോട് പൊറുക്കുമോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.