മലയാളി മേനി നടിക്കുന്ന പ്രബുദ്ധതയെ പരിഹസിച്ച് എല്ലായിടത്തും സാമ്പത്തിക തട്ടിപ്പുകൾ നിരന്തരം, നിർബാധം തകർത്താടുകയാണ്. പാവപ്പെട്ടവർ, പണക്കാർ, വിദ്യാഭ്യാസമുള്ളവർ, ഇല്ലാത്തവർ, പുരുഷൻ, സ്ത്രീ തുടങ്ങി എല്ലാത്തരം പേരും ഇത്തരം മോഹന വാഗ്ദാന പദ്ധതികളിൽ തീയിൽ ഈയാംപാറ്റകളെന്ന പോലെ ചെന്നുചാടിച്ചാവാൻ ധിറുതി കൂട്ടുന്ന കാഴ്ചയാണ് പതിവായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഈ രീതിയിലുള്ള തട്ടിപ്പുകൾ വെല്ലുവിളിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടനയെ മാത്രമല്ല, സാമൂഹിക സുരക്ഷാബോധത്തെ കൂടിയാണ്. പാതിവിലയ്ക്ക് സ്കൂട്ടറുകൾ, ലാപ്ടോപ്, തയ്യൽ മെഷീൻ വാഗ്ദാനംചെയ്തു നടത്തിയ തട്ടിപ്പിൽ ഇരകളായിരിക്കുന്നത് പതിനായിരങ്ങളാണ്. പണവും മാനവും നഷ്ടമായവരിൽ ജനപ്രതിനിധികളും സാമൂഹികപ്രവർത്തകരും പ്രാദേശിക സന്നദ്ധ കൂട്ടായ്മകളുമുണ്ട് എന്നത് തട്ടിപ്പിന്റെ വ്യാപ്തിയും ഗൗരവവും വർധിപ്പിക്കുന്നു. ഈ സംഭവം സാമ്പത്തിക തട്ടിപ്പുകളുടെ പുതിയ ഇനങ്ങളെ തുറന്നുകാണിക്കുകയും, സ്ത്രീശാക്തീകരണത്തിന്റെയും എൻ.ജി.ഒകളുടെയും പേരിൽ നടക്കുന്ന അഴിമതികളെ അനാവൃതമാക്കുകയും ചെയ്യുന്നു.
പാവപ്പെട്ടവരെയും സ്ത്രീകളെയും ശാക്തീകരിക്കാനുള്ള സന്നദ്ധസംഘടനാ സംവിധാനത്തിന്റെ സ്വഭാവത്തിലാണ് അനന്തുകൃഷ്ണൻ എന്നയാൾ നേതൃത്വം നൽകിയ തട്ടിപ്പുസംഘം ഒറ്റയടിക്ക് ഒരായിരം പേരെ കബളിപ്പിക്കുന്ന നിക്ഷേപത്തട്ടിപ്പ് പദ്ധതികൾ ആസൂത്രണംചെയ്തത്. എൻ.ജി.ഒ പ്രവർത്തനങ്ങളിലെ പരിചയസമ്പന്നതയും അതിലൂടെ നേടിയ ബന്ധങ്ങളും ജനവിശ്വാസമാർജിക്കാനുള്ള ഉപകരണമാക്കുന്നതിൽ മുഖ്യ സൂത്രധാരൻ വിജയിച്ചു. പാതി തുക നിക്ഷേപിച്ചാൽ കോർപറേറ്റ് സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടിന്റെ ഗുണഭോക്താക്കളാക്കി 45 ദിവസത്തിനകം വണ്ടികളും ലാപ്ടോപ്പുകളും ലഭ്യമാക്കുമെന്ന ചൂണ്ടയിൽ കുരുങ്ങിയത് സാധാരണക്കാർക്കൊപ്പം ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന വലിയൊരു ശൃംഖല കൂടിയാണ്. പ്രധാനമന്ത്രിയടക്കമുള്ള നേതാക്കളുമായി ബന്ധം സ്ഥാപിക്കാൻ സാധിച്ചെങ്കിൽ സൂത്രധാരന്റെ പിന്നണിയിലുള്ളവരും ചില്ലറക്കാരാവാൻ തരമില്ല. പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും നാടുനീളെയുള്ള ചുമരുകളിലും നിറഞ്ഞുനിന്നിരുന്നു. പല പ്രദേശങ്ങളിലും സർക്കാർ സംവിധാനമെന്ന് തെറ്റിദ്ധരിക്കുന്ന പേരുകളിൽ എൻ.ജി.ഒകൾ രൂപവത്കരിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്. 2024ൽ എറണാകുളം ജില്ല പരിപാടി ഉദ്ഘാടനം നിർവഹിച്ചത് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ശോഭ കരന്തലാജെ. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, കോൺഗ്രസ് നേതാവ് ലാലി വിൻസന്റ് എന്നിവർ മേൽനോട്ടം വഹിക്കുന്ന എൻ.ജി.ഒകളായിരുന്നു പ്രധാന പ്രമോട്ടർമാർ. ഉദ്ഘാടന പരിപാടികളിൽ എം.എൽ.എമാരും പ്രാദേശിക ജനപ്രതിനിധികളും പങ്കാളികളായി. ഇത്തരം പ്രചാരണരീതികളുടെ ഫലമായാണ് ഇത്രയധികം ജനങ്ങൾ വഞ്ചിക്കപ്പെടാനും 1100ലധികം കോടി രൂപ ഇത്രയെളുപ്പം തട്ടിയെടുക്കാനും ഇടയായത്.
ദരിദ്ര ജനങ്ങളുടെയും സ്ത്രീകളുടെയും ഉന്നമനത്തിന് പ്രയത്നിക്കുന്ന എൻ.ജി.ഒകളെപ്പോലും സംശയത്തിന്റെ നിഴലിലാക്കുന്നതാണ് ഈ സംഭവം. ജനോപകാരത്തിന് പ്രയോജനപ്പെടേണ്ട സി.എസ്.ആർ ഫണ്ടുകൾ ദുരുപയോഗിക്കാനുള്ള വഴികൾ ധാരാളമുണ്ടെന്നും ഈ തട്ടിപ്പ് തെളിയിക്കുന്നു. സൗജന്യ വാഗ്ദാനങ്ങളുടെ മറുവശങ്ങളും കൃത്യതകളും മനസ്സിലാക്കാതെ കൈയടിനേടാനുള്ള ജനപ്രതിനിധികളുടെ അമിതോത്സാഹങ്ങളും വലിയ തട്ടിപ്പുകളുടെ ചൂണ്ടയാകുന്നുണ്ട്. വയനാട് ഉരുൾ ദുരന്തബാധിതരും തോട്ടം തൊഴിലാളികളും സർക്കാർ പദ്ധതിയാണിതെന്ന് തെറ്റിദ്ധരിച്ച് വഞ്ചിക്കപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ സാധാരണ സാമ്പത്തിക കുറ്റകൃത്യത്തിന്റെ മാനദണ്ഡത്തിലല്ല സർക്കാർ ഈ വിഷയം കൈകാര്യംചെയ്യേണ്ടത്. സർക്കാറിന്റെയും സന്നദ്ധസംഘടനകളുടെയും വിശ്വാസ്യതയെക്കൂടി പണയംവെച്ചു നടത്തിയ ഈ ചൂതാട്ടത്തെ ആ ഗൗരവത്തിൽ കണ്ട് നടപടികളെടുക്കാൻ സർക്കാർ സന്നദ്ധമാകേണ്ടതുണ്ട്.
സാമ്പത്തിക തട്ടിപ്പു കേസുകളിൽ ഭരണകൂടം സ്വീകരിച്ച ലാഘവസമീപനം തന്നെയാണ് കേരളത്തെ ഇത്തരം കുറ്റവാളികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നത് എന്നു കൂടി പറയാതെ വയ്യ. ഏതാണ്ടെല്ലാ തട്ടിപ്പുകാരും മുളച്ചതും പടർന്നു പന്തലിച്ചതും ഏതെങ്കിലും രാഷ്ട്രീയ-സാമുദായിക നേതാക്കളുടെ തണൽപറ്റിയാണെന്നും ഇതുവരെയുള്ള കേസുകളിൽ ചിലത് പരിശോധിച്ചാൽ കാണാനാവും. ആരോപണ പ്രത്യാരോപണങ്ങൾ നടത്തിയാലും മുന്നണിഭേദമില്ലാത്ത ഒരു ഐക്യവും ഇക്കാര്യത്തിലുണ്ട്. ജനം വഞ്ചിക്കപ്പെടാനുള്ള സകല സാധ്യതകളുമുണ്ടെന്ന് വ്യക്തമാക്കപ്പെട്ടാലും പൊലീസ് നിസ്സംഗത പാലിച്ചു നിലകൊള്ളും. ഒടുവിൽ ഇപ്പോൾ സംഭവിച്ചതുപോലെ പരാതികൾ പെരുകുകയും മാധ്യമങ്ങളിൽ വാർത്ത നിറയുകയും ചെയ്യുമ്പോൾ മാത്രമാണ് ഭരണസംവിധാനങ്ങൾ ഇടപെടുന്നതും നാമമാത്ര നടപടികൾ കൈക്കൊള്ളുന്നതും. ജനരോഷം തണുക്കുന്നതോടെ പുറത്തുവരുന്ന കുറ്റവാളികൾ മറ്റൊരു രൂപത്തിൽ അവതരിക്കുകയും നൂതനമായ തട്ടിപ്പുരീതികളിലൂടെ പിന്നെയും ജനങ്ങളെ കൊള്ളയടിക്കുകയുംചെയ്ത എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും എടുത്തു കാണിക്കാനാവും. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന തട്ടിപ്പ് അവസാനത്തേതാവാൻ ഒരു സാധ്യതയും കാണുന്നില്ല എന്നു ചുരുക്കം.
പഠനാവശ്യത്തിന് ലാപ്ടോപ്പും മൊബൈൽഫോണും ലഭിക്കുമെന്ന് കരുതിയ വിദ്യാർഥികൾ, സ്വാശ്രയത്വത്തിന് തുണയായി ഇരുചക്രവാഹനം ലഭിക്കുമെന്ന് കരുതിയ സ്ത്രീകൾ, വയനാട്ടിലെ ഉരുൾ ദുരന്ത ബാധിതർ എന്നിവരുൾപ്പെടെ സമൂഹത്തിന്റെ അടിത്തട്ടിലുള്ള വിഭാഗങ്ങളാണ് ഈ തട്ടിപ്പിൽ മുഖ്യമായും ഇരയാക്കപ്പെട്ടിരിക്കുന്നത്. അവരിൽനിന്ന് തട്ടിയെടുത്ത പണം തട്ടിപ്പുകാരിൽ നിന്നു പിടിച്ചുവാങ്ങി തിരിച്ചു കൊടുക്കാനും വഞ്ചകസംഘങ്ങളെ തളയ്ക്കാനും സർക്കാർ ധൈര്യം കാണിച്ചേ തീരൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.