ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ദിശാബോധം പകർന്നുനൽകിയ മഹാശാസ്ത്രകാരനും ഭരണകർത്താവുമായിരുന്നു കഴിഞ്ഞദിവസം വിടപറഞ്ഞ ഡോ.കെ​. കസ്തൂരിരംഗൻ. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐ.എസ്.ആർ.ഒയുടെ അടിസ്ഥാന നേട്ടങ്ങളുടെയെല്ലാം ബൗദ്ധിക സ്രോതസ്സും ചാലകശക്തിയുമായിരുന്നു അദ്ദേഹമെന്ന് നിസ്സംശയം പറയാം. സ്വാതന്ത്ര്യാനന്ത​ര ഇന്ത്യയുടെ വികസനസ്വപ്നങ്ങളിൽ ആദ്യനാൾ മുതലേ ഇടംപിടിച്ച ഒന്നായിരുന്നു സ്വന്തമായൊരു ബഹിരാകാശ ഏജൻസി സ്ഥാപിക്കുക എന്നത്. ആ നെഹ്റൂവിയൻ സ്വപ്നത്തെ സാക്ഷാത്കരിച്ചത് വിക്രം സാരാഭായ്, സതീഷ് ധവാൻ, യു.ആർ. റാവു തുടങ്ങിയവരായിരുന്നു​വെങ്കിൽ, അതിനെ ഇതര രാജ്യങ്ങളുടെ സാ​ങ്കേതിക വിദ്യകളുമായി കിടപിടിക്കുന്ന മഹത്തായ ഗവേഷണസ്ഥാപനമാക്കി ഉയർത്തിയത് കസ്തൂരി രംഗനായിരുന്നു. ഇതുതന്നെയാണ് അദ്ദേഹത്തിന്റെ ഖ്യാതിയും. സതീഷ് ധവാൻ, യു.ആർ. റാവു എന്നിവർക്കുശേഷം ഏറ്റവും കൂടുതൽ കാലം ഐ.എസ്.ആർ.ഒയുടെ തലപ്പത്തിരുന്നതും അദ്ദേഹം തന്നെ. ഇന്ത്യ ആദ്യമായി വികസിപ്പിച്ച് വിക്ഷേപിച്ച കൃത്രിമോപഗ്രഹമായ ‘ആര്യഭട്ട’യുടെ നിർമാണത്തിനായി ഐ.എസ്.ആർ.ഒ രൂപം നൽകിയ ആര്യഭട്ട പ്രോജക്ടിന്റെ മാനേജ്മെന്റ് ബോർഡ് തലവനായി തന്റെ ശാസ്ത്രധിഷണ രാജ്യത്തിന് പകർന്നുനൽകിയ കസ്തൂരിരംഗന്റെ സംഭാവനകൾ എണ്ണിയാലൊതുങ്ങില്ല. ആര്യഭട്ടയിൽ തുടങ്ങി ചാന്ദ്രയാനിൽ അവസാനിക്കുന്ന ഔദ്യോഗിക സംഭാവനകൾക്കുശേഷവും അക്കാദമിക-ഗവേഷണ മേഖലകളിൽ നിറഞ്ഞുനിന്ന അദ്ദേഹം മരണംവരെയും രാജ്യത്തെ സേവിച്ചുകൊണ്ടേയിരുന്നു.


‘നമുക്കതിനാവുമോ എന്ന ചോദ്യത്തിനപ്പുറം, അങ്ങനെയൊരു സ്വപ്നം നമുക്ക് അവഗണിക്കാനാകുമോ എന്നതാണ് പ്രധാനപ്പെട്ട കാര്യം’ -ചാന്ദ്രയാൻ പദ്ധതിയുടെ പ്രായോഗികത സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ കസ്തൂരിരംഗന്റെ മറുപടി ഇതായിരുന്നു. കസ്തൂരിരംഗൻ എന്ന പ്രതിഭയുടെ നിശ്ചയദാർഢ്യത്തെ സൂചിപ്പിക്കാൻ ഈ ഉദ്ധരണി ശാസ്ത്രസമൂഹം വ്യാപകമായി ഉപയോഗിക്കാറുണ്ട്. 2003ലാണ് സംഭവം. അന്ന്, ഐ.എസ്.ആർ.ഒയുടെ ചെയർമാനാണ് അദ്ദേഹം. പദ്ധതിക്കായി ആകെയുണ്ടായിരുന്നത് പി.എസ്.എൽ.വിയുടെ തികവാർന്ന റോക്കറ്റ് മാത്രം. എന്നിട്ടും, പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന കസ്തൂരിരംഗന്റെ നിശ്ചയദാർഢ്യത്തിനുമുന്നിൽ കേന്ദ്രസർക്കാർ വഴങ്ങിയതോടെയാണ് ചാന്ദ്രയാൻ -ഒന്ന്​ യാഥാർഥ്യമായത്. പദ്ധതി പ്രയോഗത്തിലെത്തും മുമ്പേ അദ്ദേഹം ഐ.എസ്.ആർ.ഒയുടെ പടിയിറങ്ങിയിരുന്നുവെങ്കിലും ആ ദൗത്യത്തിന്റെ അടിസ്ഥാന സങ്കൽപം രൂപപ്പെടുത്തിയത് കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഈ നിശ്ചയദാർഢ്യത്തിനും ആത്മാർഥമായ പ്രവർത്തനങ്ങൾക്കും ‘ആര്യഭട്ട’ വികസിപ്പിക്കുന്ന കാലം തൊട്ടേ ഐ.എസ്.ആർ.ഒ സാക്ഷിയാണ്. ഇന്ത്യയുടെ ആദ്യ ​ലോ ഓർബിറ്റ് ഉപഗ്രഹമായ ‘ഭാസ്കര’യുടെ ആസൂത്രകനും അദ്ദേഹമായിരുന്നു. 1990-94 കാലത്ത് ഇന്ത്യാ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറായി കസ്തൂരിരംഗൻ പ്രവർത്തിച്ചത് എടുത്തുപ​റ​യേണ്ടതുണ്ട്. ആസ്ട്രോ ഫിസിക്സിലും സാറ്റലൈറ്റ് ടെക്നോളജിയിലും ഗവേഷണ ബിരുദധാരിയായ അദ്ദേഹത്തിന്റെ അറിവും കഴിവും ഏറ്റവും കൂടുതൽ ഐ.എസ്.ആർ.ഒ ഉപയോഗപ്പെടുത്തിയത് ഇക്കാലത്താണ്. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളായ പി.എസ്‌.എല്‍.വിയും ജി.എസ്‌.എല്‍.വിയും വികസിപ്പിച്ചത് ഈ കാലത്താണ്. അതോടൊപ്പം, ന്യൂജെൻ സാറ്റലൈറ്റുകൾ എന്ന് വിശേഷിപ്പിക്കാവുന്ന ഇൻസാറ്റ്, ഇന്ത്യൻ റിമോട്ട് സെൻസിങ് സാറ്റലൈറ്റ് എന്നിവയും യഥാര്‍ഥ്യമാക്കാൻ അദ്ദേഹത്തിന്റെ ശ്രമഫലമായി സാധിച്ചു. ഈ വികസന നേട്ടങ്ങളുടെ തുടർച്ചയിലാണ് നമുക്ക് ചാന്ദ്രയാനുകളും മംഗൾയാനുമെല്ലാം സാധ്യമായതെന്ന് വിസ്മരിച്ചുകൂടാ. അതോ​ടൊപ്പം, പ്രകാശേതര തരംഗദൈർഘ്യത്തിലുള്ള ആകാശനിരീക്ഷണത്തിനും പ്രപഞ്ചപഠനത്തിനുമുള്ള ഗാമാ റേ അസ്ട്രോണമിയിലും മറ്റും ഐ.എസ്.ആർ.ഒയും ഇതര ശാസ്ത്രസ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പുതിയ ഗവേഷണ തലം രൂപപ്പെടുത്തുന്നതിലും അദ്ദേഹം വിജയിച്ചു. സാ​ങ്കേതിക വിദ്യയുടെ സ്വാഭാവികവളർച്ച ത്വരിതപ്പെടുന്നതിനൊപ്പം പ്രപഞ്ച വിജ്ഞാനീയത്തിന്റെ വികാസത്തിന് ഐ.എസ്.ആർ.ഒയെയും ഇന്ത്യയുടെ ശാസ്ത്ര സമൂഹത്തെയും പ്രാപ്തമാക്കാൻകൂടി അദ്ദേഹം ശ്രദ്ധിച്ചു. ആ അർഥത്തിൽ, ഐ.എസ്.ആർ.ഒയെ നയിച്ച മറ്റു പ്രതിഭകളിൽനിന്ന് അദ്ദേഹം വേറിട്ടുനിന്നുവെന്ന് പറയാം.


കസ്തൂരിരംഗന്റെ ഈ ധിഷണ ഇന്ത്യൻ സമൂഹവും മാറിമാറി വന്ന ഭരണകൂടങ്ങളും നന്നായി തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ്, ശാസ്ത്ര-സാ​ങ്കേതികമേഖലകളിലും അക്കാദമികരംഗങ്ങളിലും ഔദ്യോഗിക സേവനകാലത്തിനുശേഷവും അദ്ദേഹം തുടർന്നത്. എത്രത്തോളമെന്നാൽ, പശ്ചിമ മലനിരകളെയും അതിനോടനുബന്ധിച്ചുള്ള പാരിസ്ഥിതിക വ്യൂഹവും നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച പഠനത്തിനുപോലും കേന്ദ്ര സർക്കാർ അദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയത്. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ച് ഗാഡ്ഗിൽ കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിനെച്ചൊല്ലി വിവിധ കോണുകളിൽനിന്ന് ആശങ്കയുണർന്നപ്പോഴായിരുന്നു ഇത്. ഗാഡ്ഗിൽ റിപ്പോർട്ടിനെ തത്ത്വത്തിൽ കസ്തൂരിരംഗനും അംഗീകരിച്ചുവെങ്കിലും പ്രായോഗികതലത്തിലുണ്ടായ അഭിപ്രായവ്യത്യാസം, ചില വിവാദങ്ങൾക്ക് തിരികൊളുത്തി. ആ വിവാദങ്ങൾ ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ കസ്തൂരിരംഗന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചുവെന്നതും നേരാണ്. പിന്നീട്, ദേശീയ കരിക്കുലം കമ്മിറ്റിയുടെ തലപ്പത്ത് എത്തിയപ്പോഴും ഐ.എസ്.ആർ.ഒ കാലത്തെ ഓർമിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിനായില്ല. അപ്പോഴും, കസ്തൂരിരംഗൻ വലിയൊരു പാഠപുസ്തകമായി നമുക്ക് മുന്നിലുണ്ട്. ആത്മാർഥതയുടെയും നിശ്ചയദാർഢ്യത്തിന്റെയും നേതൃപാടവത്തിന്റെയും ഗവേഷണപരതയുടെയുമെല്ലാം നിസ്തുല മാതൃകയായി എക്കാലവും ആ മഹാപുരുഷൻ സ്മരിക്ക​പ്പെടും. രാജ്യം ലോകത്തിന് സമ്മാനിച്ച അത്യപൂർവ പ്രതിഭയുടെ വിയോഗദുഃഖത്തിൽ ‘മാധ്യമ’വും പങ്കുചേരുന്നു.

Tags:    
News Summary - Madhyamam Editorial 2025 April 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.