ബഹിരാകാശ പര്യവേക്ഷണത്തിൽ മറ്റൊരു ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ. കൃത്രിമോപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽവെച്ച് കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണം (സ്പെഡെക്സ്) രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐ.എസ്.ആർ.ഒ വിജയകരമാക്കിയിരിക്കുന്നു. ഡിസംബർ 30ന് രണ്ട് കുഞ്ഞു ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിൽനിന്ന് കുതിച്ചുയർന്ന പി.എസ്.എൽ.വി-60 റോക്കറ്റ്, അവയെ ഭൂമിയിൽനിന്ന് 475 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽവെച്ച് രണ്ടിടത്തായി പരിക്രമണത്തിന് അനുവദിക്കുകയും പിന്നീട്, അവയെ വീണ്ടും സംയോജിപ്പിക്കുകയും ചെയ്യുന്ന പരീക്ഷണമാണ് സ്പെഡെക്സ്. ബഹിരാകാശ പര്യവേക്ഷണത്തിൽ ഏറെ നിർണായകമായ ഈ പരീക്ഷണം ഇതിനുമുമ്പ് അമേരിക്കയും സോവിയറ്റ് യൂനിയനും ചൈനയും മാത്രമാണ് വിജയകരമായി നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ചാന്ദ്രയാൻ പോലെ ഏറെ സുപ്രധാനമായൊരു നേട്ടമാണ് ഇന്ത്യയും ഐ.എസ്.ആർ.ഒയും കൈവരിച്ചിരിക്കുന്നതെന്ന് പറയാം. ഈ ഉദ്യമത്തിനുപിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളെയും അഭിനന്ദിച്ചേ മതിയാകൂ.

ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യക്ക് വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതാണ് സ്പെഡെക്സ് പരീക്ഷണമെന്ന് നിസ്സംശയം പറയാം. സമീപ ഭാവിയിൽത്തന്നെ യാഥാർഥ്യമാകാൻ പോകുന്ന ചാന്ദ്രയാൻ-4, ഭാരതീയ അന്തരീക്ഷ് എന്ന ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം തുടങ്ങിയ ദൗത്യങ്ങൾ പൂർണമാകാൻ ഈ പരീക്ഷണത്തിലൂടെ സ്വായത്തമാക്കുന്ന സാങ്കേതിക വിദ്യ ഉപകരിക്കും. അതിലേക്കുള്ള ആദ്യ ചവിട്ടുപടിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ചേസർ (എസ്.ഡി.എക്സ് 01) എന്നും ടാർഗറ്റ് (എസ്.ഡി.എക്സ് 02) എന്നും പേരിട്ട രണ്ട് കൃത്രിമോപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഭ്രമണപഥത്തിൽ അവയെ ‘ഉപേക്ഷിക്കു’മ്പോൾ അവ പരസ്പരം 1500 മീറ്റർ അകലത്തിലാണ് ഭൂമിയെ പരിക്രമണം ചെയ്തുകൊണ്ടിരുന്നത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി ചേസറിനെ ടാർഗറ്റ് ഉപഗ്രഹത്തിലേക്ക് അടുപ്പിച്ചു. 1500ൽനിന്ന് 500ലേക്കും പിന്നീട് 225ലേക്കും ഒടുവിൽ 15 മീറ്ററിലേക്കും ഉപഗ്രഹങ്ങളെ പരസ്പരം അടുപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച നടത്തിയ ട്രയൽ റണ്ണിൽ മൂന്നു മീറ്റർ വരെ അടുപ്പിച്ചശേഷം വീണ്ടും സുരക്ഷിത അകലത്തിലേക്ക് പിൻവലിച്ചു. അതുകഴിഞ്ഞാണ് പരസ്പരം കൂടിച്ചേരുംവിധത്തിൽ (ഡോക്കിങ്) അവയെ ബന്ധിപ്പിച്ചത്. അതോടെ ദൗത്യത്തിന്റെ ആദ്യഘട്ടം പൂർണം. ഇനി ഇവയെ വിഘടിപ്പിക്കുന്ന (അൺഡോക്കിങ്) പ്രക്രിയ വരും ദിവസങ്ങളിൽ വിജയകരമായി നടക്കുമെന്ന് പ്രതീക്ഷിക്കാം. ചാന്ദ്രയാൻ-4 വിക്ഷേപണം സ്പെഡെക്സ് മാതൃകയിലായിരിക്കുമെന്ന് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.എസ്.സോമനാഥ് പ്രഖ്യാപിച്ചിരുന്നു. ചാന്ദ്രയാനിലെ ചാന്ദ്ര വാഹനങ്ങളും മറ്റു പേ ലോഡുകളുമെല്ലാം പ്രത്യേകം ബഹിരാകാശത്ത് എത്തിച്ച് അവിടെവെച്ച് കൂട്ടിച്ചേർക്കുന്നതുമൂലം, വിക്ഷേപണത്തിലെ സങ്കീർണതയും ചെലവും കുറക്കാനാകും. അതുപോലെ, ഭാവിയിൽ ബഹിരാകാശ നിലയം സ്ഥാപിച്ചുകഴിഞ്ഞാൽ, ഭൂമിയിൽനിന്നുള്ള യാത്രികർക്ക് അവിടെയെത്താനും സുരക്ഷിതമായി മടങ്ങാനുമെല്ലാം ഡോക്കിങ്, അൺ ഡോക്കിങ് സാങ്കേതികവിദ്യ ആർജിച്ചേ മതിയാകൂ. ഇത് സ്വായത്തമാക്കിയതോടെയാണ് ചൈന അവരുടെ തിയാങ് കോങ് ബഹിരാകാശ നിലയം യാഥാർഥ്യമാക്കിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ.എസ്.എസ്) പോലെത്തന്നെ സമീപഭാവിയിൽത്തന്നെ തിയാങ് കോങ്ങും പൂർണ പ്രവർത്തനസജ്ജമാകും. അതേ വഴിയിലാണിപ്പോൾ ഇന്ത്യയും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ ഈ വിജയപരീക്ഷണത്തിന്റെ സാധ്യതകൾ നാം ഭാവനയിൽ കാണുന്നതിനും അപ്പുറമാണ്.

വാസ്തവത്തിൽ സ്പെഡെക്സ് വിജയത്തിൽ അത്ഭുതമേതുമില്ല. പുതിയ നൂറ്റാണ്ടിൽ, ബഹിരാകാശ ഗവേഷണ മേഖലയിൽ ലോകത്തെ വൻശക്തി രാഷ്ട്രങ്ങൾക്കൊപ്പംതന്നെയാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ 25 വർഷത്തിനിടെ, ഐ.എസ്.ആർ.ഒയുടെ പ്രധാന ദൗത്യങ്ങളൊന്നും ഉന്നംതെറ്റിയിട്ടില്ല. ചാന്ദ്രയാൻ-1 (2008), മംഗൾയാൻ (2014), അസ്ട്രോസാറ്റ് (2015) തുടങ്ങിയവയുടെ വിജയ വിക്ഷേപണങ്ങളോടെതന്നെ ഈ രംഗത്ത് നമ്മുടെ രാജ്യം ആർജിച്ച മികവ് ലോകം കണ്ടതാണ്. ആകെക്കൂടി പറയാവുന്ന ഒരപവാദം, സോഫ്റ്റ് ലാൻഡിങ്ങിൽ ചാന്ദ്രയാൻ-2നുണ്ടായ (2019) പരാജയമായിരുന്നു. അതിൽനിന്ന് പാഠം ഉൾക്കൊണ്ടാണ് 2023ൽ, ചാന്ദ്രയാൻ -3 വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. അതിനുശേഷം ആദിത്യ -എൽ1 എന്ന സൗര്യദൗത്യവും വിജയിച്ചു. കഴിഞ്ഞവർഷം ജനുവരിയിൽ വിക്ഷേപിച്ച ‘എക്സ്പോ സാറ്റ്’ പ്രപഞ്ചവിജ്ഞാനീയത്തിൽ പുത്തനറിവുകൾ പകരാൻ ശേഷിയുള്ള ഈ നൂറ്റാണ്ടിലെതന്നെ വലിയ ശാസ്ത്ര പരീക്ഷണങ്ങളിലൊന്നാണ്. വരും വർഷങ്ങളിൽ ഗഗൻയാൻ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യക്കാരായ ഏതാനും പേർ ബഹിരാകാശ സഞ്ചാരം നടത്തുന്ന കാലവും വിദൂരമല്ല. കാൽ നൂറ്റാണ്ടിനിടെ, ബഹിരാകാശ ഗവേഷണ മേഖലയിൽ നാം ആർജിച്ച അറിവുകളുടെയും സാങ്കേതിക വിദ്യയുടെയും സ്വാഭാവികമായ ഫലം മാത്രമാണ് ഇപ്പോൾ ഡോക്കിങ് പരീക്ഷണത്തിലും പ്രതിഫലിച്ചിരിക്കുന്നത്. ഈ പരീക്ഷണത്തിന്റെ തുടർച്ചയിൽ പത്ത് വർഷത്തിനുള്ളിൽ ഇന്ത്യക്ക് സ്വന്തമായൊരു ബഹിരാകാശ നിലയം യാഥാർഥ്യമാക്കാനാകുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

Tags:    
News Summary - Madhyamam Editorial 2024 Jan 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.