ജനാധിപത്യ മര്യാദകളോട് ഗെറ്റൗട്ട് പറയുമ്പോൾ


അത്യന്തം ജനാധിപത്യവിരുദ്ധമായ ഒരുകാഴ്ചക്ക് കേരളം ഇന്നലെ സാക്ഷ്യംവഹിച്ചു. രാജ്ഭവനിൽനിന്നുള്ള അറിയിപ്പിൻപ്രകാരം മുൻകൂർ അനുമതി വാങ്ങി വാർത്തസമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആട്ടിയിറക്കിവിട്ടിരിക്കുന്നു. വാർത്തസമ്മേളനം റദ്ദാക്കുകയല്ല; കൈരളി, മീഡിയവൺ ചാനലുകളുടെ വാർത്താസംഘങ്ങളെ പ്രത്യേകം പേരെടുത്തുപറഞ്ഞ് പുറത്താക്കുകയാണുണ്ടായത്.

ആ മാധ്യമങ്ങൾ തനിക്കെതിരെ കാമ്പയിൻ ചെയ്യുന്നുവെന്നാണ് ഇറക്കിവിടലിന് പറഞ്ഞ കാരണം. ജയ് ഹിന്ദ് വാർത്താസംഘത്തിന് ഹാളിൽ കയറാൻ അനുമതി നൽകിയതുമില്ല. തന്റെ കാറിൽ ചാരിനിന്ന കുഞ്ഞിനെ ചവിട്ടിത്തെറിപ്പിച്ചയാളെ ഓർമപ്പെടുത്തുന്ന ധാർഷ്ട്യമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ആരിഫ് മുഹമ്മദ് ഖാനെപ്പോലെ ഇത്രയേറെ രാഷ്ട്രീയ പരിചയസമ്പന്നതയുള്ള ഒരു വ്യക്തിയിൽനിന്ന് പ്രതീക്ഷിക്കാനാവാത്ത ബാലിശമായ പ്രവൃത്തിയും ന്യായീകരണവുമാണിത്. അതിലേറെ അദ്ദേഹം വഹിക്കുന്ന ഗവർണർ എന്ന പദവിയുടെ അന്തസ്സിടിച്ചുകളയുന്ന മര്യാദകേടും.

കുറച്ചുകാലമായി കേരളരാഷ്ട്രീയത്തിൽ ഗവർണർ നടത്തുന്ന ഇടപെടലുകൾ എല്ലാവരും സശ്രദ്ധം വീക്ഷിക്കുന്നുണ്ട്. അതിലെ ശരിതെറ്റുകളും അസ്വാഭാവികതയും സംഘ്പരിവാർ താൽപര്യവുമെല്ലാം ജനങ്ങൾ ചർച്ചചെയ്യുന്നുമുണ്ട്. ഗവർണറുടെ ഓഫിസിനെ ഉപയോഗിച്ച് മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രസർക്കാർ നടത്തിപ്പോരുന്ന അട്ടിമറിനാടകങ്ങളുമായുള്ള സാമ്യം ആരിഫ് ഖാന്റെ നീക്കങ്ങളിൽ നിഴലിച്ചുനിൽക്കുന്നത് ഏവരും തിരിച്ചറിയുന്നുണ്ട്. താൻ ചെയ്യുന്നത് ശരിയും സുതാര്യവുമാണെന്ന് അദ്ദേഹം കരുതുന്നുണ്ടാവാം. അത് സകലരും ശരിവെക്കണമെന്ന് ശഠിക്കാനാവില്ല.

ശരികേടുകളെ ചോദ്യംചെയ്യുക എന്നത് മാധ്യമങ്ങളുടെ കടമയും ഉത്തരവാദിത്തവുമാണ്. തന്നെ വിമർശിക്കുന്ന മന്ത്രിമാർക്കുള്ള 'പ്രീതി' പിൻവലിക്കുമെന്നുപറഞ്ഞതും വിമർശനം നടത്തിയ ധനമന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതുമെല്ലാം തികച്ചും പരിഹാസ്യനടപടികളായാണ് ഒരു മാധ്യമസ്ഥാപനം എന്ന നിലയിൽ ഞങ്ങൾ വിലയിരുത്തിയത്. ലോകമാദരിക്കുന്ന ചരിത്രപണ്ഡിതൻ പ്രഫ. ഇർഫാൻ ഹബീബിനെ വ്യക്തി-രാഷ്ട്രീയവിരോധത്തിന്റെ പേരിൽ 'ഗുണ്ട' എന്ന് ആക്ഷേപിച്ചതും തികഞ്ഞ മര്യാദകേടായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗവർണറെ മാത്രമല്ല, കേന്ദ്ര-സംസ്ഥാന സർക്കാറുകളെയും പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രതിപക്ഷത്തെയുമെല്ലാം മാധ്യമങ്ങൾ നിശിതവിമർശനത്തിന് വിധേയമാക്കാറുണ്ട്.

അതിന്റെ പേരിൽ ആരും അസ്വസ്ഥപ്പെടുകയോ അസഹിഷ്ണുത പുലർത്തുകയോ വേണ്ടാ, സ്വന്തവും സ്വതന്ത്രവുമായ അഭിപ്രായം സൂക്ഷിക്കാനും പ്രകടിപ്പിക്കാനും നമ്മുടെ രാജ്യത്തിന്റെ ഭരണഘടന നൽകുന്ന അവകാശമാണ് അതിന് ഞങ്ങൾക്ക് കരുത്തേകുന്നത്. വിയോജിപ്പിനും വിമർശനങ്ങൾക്കും തിരുത്തലുകൾക്കും അവസരമൊരുക്കുന്ന ആ അവകാശത്തെയാണ് ദൗർഭാഗ്യവശാൽ ഗവർണർ ഇല്ലാതാക്കാൻ നോക്കുന്നത്. ഏകാധിപത്യ-ഫാഷിസ്റ്റ് ഭരണക്രമങ്ങൾക്ക് മാത്രം യോജിക്കുന്ന ഇത്തരം വിലക്കും വിവേചനവും കേരളത്തിന് ശീലമില്ലെന്ന് മാത്രമല്ല, ജനാധിപത്യ ഇന്ത്യക്ക് അപമാനകരവുമാണ്. തന്നെ വിമർശിക്കുന്ന കാർട്ടൂൺ കണ്ട് പൊട്ടിച്ചിരിച്ച പ്രധാനമന്ത്രി ഭരിച്ചിരുന്ന ഒരു രാജ്യമാണിത്.

വിമർശിക്കുന്ന പത്രസ്ഥാപനങ്ങളെ കേഡർ മാധ്യമങ്ങൾ എന്ന് വിശേഷിപ്പിച്ച ഗവർണർക്ക് നീരസം തോന്നുകയോ, ഇതിന്റെ പേരിൽ അടുത്ത സമ്മേളനത്തിൽ ഞങ്ങളുടെ പ്രതിനിധിയെ ഇറക്കിവിടുകയോ ചെയ്താലും ശരി ഒരുകാര്യം കൃത്യമായി പറയാൻ ആഗ്രഹിക്കുന്നു- സർക്കാറിന്റെയോ മറ്റേതെങ്കിലും അധികാരികളുടെയോ നിലപാടുകൾക്കെല്ലാം സ്തുതിപ്പാട്ട് പാടുന്ന ന്യൂസ് ബുള്ളറ്റിൻ പുറത്തിറക്കുകയല്ല ഞങ്ങളുടെ ജോലി, എംബഡഡ് പത്രപ്രവർത്തനമല്ല ഞങ്ങളുടെ രീതി.

സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്തുന്ന ഞങ്ങൾക്ക് രാജ്യത്തെ ജനങ്ങളോടും ഭരണഘടനയോടുമാണ് കടമയും ഉത്തരവാദിത്തവും. ഇനിയും ചോദ്യങ്ങളുന്നയിക്കും, വിമർശിക്കേണ്ട ഘട്ടങ്ങളിൽ വിമർശിക്കും. അതിനായുള്ള അവകാശം കാത്തുസൂക്ഷിക്കാൻ പൊരുതുകയും ചെയ്യും. ജനാധിപത്യത്തിലെ ഏറ്റവും അപകടംപിടിച്ച സമയം മാധ്യമങ്ങൾ നിശ്ശബ്ദമാക്കപ്പെടുന്ന നിമിഷമാണ്. അത് സംഭവിക്കാൻ അനുവദിച്ചുകൂടാ.

Tags:    
News Summary - Kerala Governor shout against media Persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.