ജി.ഡി.പിയും രാഷ്ട്രീയ കസര്‍ത്തോ?

മൊത്തം ആഭ്യന്തരോല്‍പാദനം (ജി.ഡി.പി) ഒരു രാജ്യത്തിന്‍െറ സാമ്പത്തിക സ്വാസ്ഥ്യത്തിന്‍െറയും വളര്‍ച്ചയുടെയും സൂചിക മാത്രമല്ല, മുന്നോട്ടുള്ള ഗതിനിര്‍ണയിക്കാന്‍ സഹായിക്കുന്ന കൃത്യമായ കണക്കുകള്‍ കൂടിയാണ്. കണക്കുകളാകട്ടെ രാഷ്ട്രീയ തത്ത്വശാസ്ത്രനിരപേക്ഷമായതുകൊണ്ട് എല്ലാവര്‍ക്കും എല്ലായ്പോഴും ഒരുപോലെയാകണം. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഈയിടെ കണക്കുകളില്‍വരെ കൃത്രിമം കാണിക്കുന്നു എന്ന ആരോപണം ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നു. നോട്ടുനിരോധന നടപടിക്കുശേഷം സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടായ പരസ്പരവിരുദ്ധ വ്യാഖ്യാനങ്ങളുടെയും വിശദീകരണങ്ങളുടെയും തുടര്‍ച്ച കൂടിയായി വേണം ഈ കൃത്രിമത്തെ മനസ്സിലാക്കാനെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഒന്നാമതായി, നോട്ടുനിരോധനം പ്രഖ്യാപിതലക്ഷ്യങ്ങള്‍ കൈവരിച്ചില്ളെന്നുമാത്രമല്ല, സമ്പദ്രംഗത്ത് വ്യാപകമായ തിരിച്ചടിക്ക് വഴിവെച്ചു എന്നും അനുഭവങ്ങള്‍വെച്ച് വിവിധ മേഖലകളിലുള്ളവര്‍ സാക്ഷ്യപ്പെടുത്തിയതാണ്. രണ്ടാമതായി, കൃഷിയും വ്യാപാരവും വ്യവസായവുംപോലെ ഒട്ടുമിക്ക മേഖലകളിലും മാന്ദ്യമുണ്ടായി എന്ന വസ്തുത കണക്കുകളിലും പഠനങ്ങളിലും തന്നെ നിഴലിക്കുന്നുണ്ട്. മൂന്നാമതായി, ഏതാനും കോര്‍പറേറ്റ് നായകരൊഴിച്ചാല്‍ ഇന്ത്യയിലും പുറത്തുമുള്ള ഒട്ടെല്ലാ വിഖ്യാത സാമ്പത്തികവിദഗ്ധരും നോട്ടുനിരോധനത്തെ വമ്പിച്ച അബദ്ധമായി വിശേഷിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിലാണ്, നോട്ടുനിരോധനത്തിന്‍െറ ആഘാതം ഏറ്റവും ശക്തമായിരുന്ന 2016-17 വര്‍ഷത്തിന്‍െറ മൂന്നാംപാദത്തെക്കുറിച്ച (ഒക്ടോബര്‍-ഡിസംബര്‍) ജി.ഡി.പി വളര്‍ച്ചക്കണക്ക് പുറത്തുവരുന്നത്. ഇന്ത്യയുടെ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ നല്‍കുന്ന കണക്കനുസരിച്ച്, ഏഴു ശതമാനം വളര്‍ച്ചയാണ് ആ സമയത്തുണ്ടായത്. ഈ കണക്കാണിപ്പോള്‍ തര്‍ക്കവിഷയമായിരിക്കുന്നത്.

വളര്‍ച്ച ഗണിക്കുമ്പോള്‍, മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ പാദത്തില്‍ നിലവിലുണ്ടായിരുന്ന സംഖ്യകളില്‍നിന്നാണ് തുടങ്ങുക. ഈ ആദ്യ കണക്കുകളില്‍ കൃത്രിമം ചേര്‍ത്ത് അത് കൂടുതല്‍ താഴ്ത്തിക്കാണിച്ചാണ് വളര്‍ച്ചനിരക്ക് പെരുപ്പിച്ചതത്രെ. സര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ ബോധപൂര്‍വം വെള്ളംചേര്‍ക്കുകയാണ് ചെയ്തതെന്നുതന്നെ പ്രഫ. പ്രഭാത് പട്നായിക്കിനെപ്പോലുള്ളവര്‍ ആരോപിക്കുന്നുണ്ട്. മൂന്നാംപാദത്തിലെ വളര്‍ച്ച കണക്കാക്കുമ്പോള്‍ മുന്‍വര്‍ഷം അതേ പാദത്തിലുണ്ടായിരുന്ന ജി.ഡി.പി നോക്കണമല്ളോ. 28.52 ലക്ഷം കോടിയായിരുന്നു മുന്‍വര്‍ഷത്തെ ഇതേ പാദത്തിലെ ജി.ഡി.പി- പിന്നീട് വന്ന നേരിയ തിരുത്തല്‍കൂടി നോക്കിയാലും ഇക്കൊല്ലത്തെ വളര്‍ച്ച 6.2 ശതമാനമേ വരൂ. എന്നാല്‍, കഴിഞ്ഞ മാസം പെട്ടെന്ന് മുന്‍വര്‍ഷത്തിന്‍െറ ആ അടിസ്ഥാന സംഖ്യ 28.30 ലക്ഷം കൂടിയായി കുറച്ച് കാണിച്ചു; ഇങ്ങനെയാണ് ഏഴുശതമാനം ‘വളര്‍ച്ച’ കിട്ടുന്നത്.

മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച അവകാശവാദങ്ങള്‍ ചോദ്യംചെയ്യപ്പെടുന്നത് ഇതാദ്യമല്ല. 2014-15ലെ മൂന്നാംപാദ കണക്കും (7.5 ശതമാനം വളര്‍ച്ച) വിശ്വസിക്കാനാവാത്തതാണെന്ന വാദം അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നിരുന്നു. വ്യാപാര വളര്‍ച്ച, ബാങ്ക്വായ്പ വളര്‍ച്ച തുടങ്ങിയ സൂചകങ്ങള്‍ ആ കണക്ക് ഊതിവീര്‍പ്പിച്ചതാണെന്ന് തോന്നിക്കുന്നുവെന്നും വാദമുണ്ടായി.  ഇതിന് പുറമെ, അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും ധനകാര്യ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനും ആ ‘വളര്‍ച്ച’ കണക്കുകളിലുള്ള അവിശ്വാസം പരസ്യമായി പ്രകടിപ്പിക്കുകകൂടി ചെയ്തു. അന്നത്തേതിനെക്കാള്‍ വലിയ അത്യുക്തിയാണ് ഇക്കൊല്ലത്തെ കണക്കുകളിലുള്ളത്. സാമ്പത്തിക വിദഗ്ധര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പ്രസക്തമാണ്. ഉദാഹരണത്തിന്, കാശ് ഞെരുക്കം നിലനില്‍ക്കേ ഉപഭോഗം ഇരട്ടിയായി (10.1 ശതമാനം) എന്ന കണക്ക് എങ്ങനെ വിശ്വസിക്കും? നിര്‍മാണമേഖലയിലെ പ്രകടമായ തളര്‍ച്ചക്കിടയില്‍ നിക്ഷേപം വര്‍ധിച്ചു എന്ന് എങ്ങനെ വിശ്വസിക്കും? ഗുരുതരമായി പിന്നോട്ടടിച്ച അസംഘടിത വ്യവസായ മേഖലയിലെ കണക്കുകള്‍ ഉള്‍പ്പെടുത്താതെയാണ് ഇപ്പോഴത്തെ ജി.ഡി.പി നിരക്ക് കണ്ടത്തെിയത് എന്നതിനാലും ഇത് കൃത്യമല്ല.

കണക്കുകള്‍ കുറച്ചൊക്കെ പിഴക്കാം. ലഭ്യമായ വിവരം വെച്ചുള്ള  കണക്ക് പിന്നീട് കൂടുതല്‍ കൃത്യപ്പെടുത്തുകയുമാവാം. പക്ഷേ, ജി.ഡി.പിയില്‍ ഒരു ശതമാനത്തിലേറെ വ്യത്യാസം വരുത്തുന്ന തരത്തില്‍ കണക്കുകൊണ്ടുള്ള കളി എന്തിനാണ്? നോട്ടുനിരോധനംകൊണ്ട് ഒരു ക്ഷീണവും സംഭവിച്ചില്ല എന്ന വ്യാജവാദത്തിന് ബലംനല്‍കാനാണ് ഇതെന്ന് കരുതേണ്ടിവരുന്നു. റിസര്‍വ് ബാങ്കിന്‍െറയും കേന്ദ്രസര്‍ക്കാറിന്‍െറയും വിശ്വാസ്യത ഗണ്യമായി ഇടിച്ച നോട്ടുനിരോധനത്തെ ന്യായീകരിക്കാനുള്ള വ്യഗ്രത മനസ്സിലാക്കാം- പ്രത്യേകിച്ച് തെരഞ്ഞെടുപ്പുകാലത്ത്. എന്നാല്‍, സത്യം പുറത്തുവരുമ്പോള്‍ വിശ്വാസ്യത പിന്നെയും ഇടിയുകയേ  ചെയ്യൂ എന്നുകൂടി മനസ്സിലാക്കുന്നത് ഉചിതമാകും.

Tags:    
News Summary - gdp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.