മോദിയുടെ കാൽനൂറ്റാണ്ട് ഭരണഗാഥ
വിദേശരാജ്യങ്ങളിലും ലോകവേദികളിലും ഇന്ത്യ കൂടുതൽ സദ്കീർത്തി നേടി എന്ന് പ്രധാനമന്ത്രിയും ആരാധകരും മേനിപറയുമ്പോൾതന്നെ രാജ്യത്തിനകത്തെ ജനതയുടെ അശാന്തിയും അസ്വസ്ഥതയും വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളും പഠനങ്ങളും സർവത്ര ലഭ്യമാണ്
ബി.ജെ.പി കേഡറുകളും ഭരണപങ്കാളികളും ഒഴികെ ആരോടെങ്കിലും ഇന്നലെ, (ഒക്ടോബർ ഏഴ്) 25 വർഷം തികച്ച കാര്യമെന്താണെന്നു ചോദിച്ചാൽ ഉത്തരം എളുപ്പത്തിൽ കിട്ടില്ല. എന്നാൽ, ബി.ജെ.പി-കേന്ദ്രഭരണ പിന്തുണക്കാർക്ക് അതിന് ഉടനടി ഉത്തരമുണ്ട്-പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണം കൈയാളാൻ തുടങ്ങിയിട്ട് ഇന്നലെ കാൽനൂറ്റാണ്ടു തികഞ്ഞു. 2001 ഒക്ടോബർ ഏഴിന് ഗുജറാത്തിൽ മുഖ്യമന്ത്രിയും, ശേഷം 2014 മേയ് 25 മുതൽ പ്രധാനമന്ത്രിയുമായി പന്ത്രണ്ടര വർഷം വീതം ഭരണം നടത്തി. തികച്ചും വ്യത്യസ്തമായ രണ്ടു റോളുകൾ ഒന്നിച്ചുചേർത്ത് രജത ജൂബിലി ആഘോഷിക്കുന്നതിൽ സാംഗത്യമൊന്നുമില്ല. വ്യക്ത്യാധിഷ്ഠിത വീരാരാധനയിൽ പിന്നെ ഔചിത്യത്തിന്റെ പ്രശ്നമുദിക്കുന്നുമില്ല.
അതേസമയം, ഇന്ത്യയുടെ സാമൂഹിക, സാംസ്കാരിക മണ്ഡലത്തിൽ ബി.ജെ.പിയും അതിന്റെ പ്രത്യയശാസ്ത്രവേരായ രാഷ്ട്രീയ സ്വയം സേവക് സംഘും (ആർ.എസ്.എസ്) മോദിയെ മുൻനിർത്തി ഭരിച്ച 25 വർഷത്തിന്റെ സംഭാവനകൾ ചർച്ചാവിഷയമാവുക സ്വാഭാവികം. മോദി ഭരണത്തിന്റെ മുഖ്യസംഭാവനകളായി എണ്ണപ്പെടുന്ന ചിലതുണ്ട്-സമ്പദ് വ്യവസ്ഥയുടെ വലുപ്പവും വളർച്ചയും, ഹൈവേ വികസനം, റെയിൽ ഗതാഗത പരിഷ്കരണങ്ങൾ, വിമാനത്താവള വികസനം, അതിദരിദ്രരുടെ എണ്ണത്തിലുണ്ടായ കുറവ് തുടങ്ങിയവ. എന്നാൽ, കേന്ദ്രഭരണം മോദിക്കു മുമ്പും ശേഷവും എന്ന താരതമ്യത്തിലാണ് ബി.ജെ.പിയുടെ ഊന്നൽ. ഉദാഹരണമായി ദേശീയ ഹൈവേ വികസനത്തിന്റെ കാര്യത്തിൽ 2014ൽ 91,287 കിലോമീറ്റർ ഉണ്ടായിരുന്ന പാതയുടെ ശൃംഖല ഇന്ന് 1,46,000 കിലോമീറ്ററായി വികസിച്ചു. അഥവാ, 54,000 കിലോമീറ്റർ വർധിച്ചു. പക്ഷേ , അതിനു മുമ്പുള്ള പത്ത് വർഷത്തിൽ 57,000 കിലോമീറ്ററിൽ നിന്ന് 2014 ആവുമ്പോഴേക്കും 91,287 കിലോമീറ്ററിലേക്ക് പാത വികസിച്ചിരുന്നുവെന്നത് ഇവിടെ വിസ്മരിക്കപ്പെടുന്നു. ഇക്കഴിഞ്ഞ ഒന്നര പതിറ്റാണ്ടിൽ ഒട്ടേറെ മേഖലകളിൽ ഇന്ത്യ ഗണ്യമായി മുന്നേറിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ള വിഭാഗങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ്. ഒപ്പം പൊതുവിതരണ സംവിധാനത്തിലൂടെ സൗജന്യമായി 80 കോടി ദരിദ്രർക്ക് ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുണ്ട്. അഥവാ, ജനസംഖ്യയിൽ ഏതാണ്ട് മൂന്നിൽ രണ്ടു ഭാഗത്തിന്. നഗരങ്ങളിൽ 50 ശതമാനവും ഗ്രാമങ്ങളിൽ 75 ശതമാനവുമെന്ന വ്യത്യാസമുണ്ട്. ഇത് ഒരർഥത്തിൽ ദാരിദ്ര്യത്തിന്റെ സൂചകം കൂടിയാവും. സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ സ്ഥാനം ഉന്നതതലത്തിലെത്തിയത് ഇക്കഴിഞ്ഞ ദശകത്തിലാണ്. എന്നാൽ, ഇതിനെ വിവര സാങ്കേതിക വിദ്യയിലെ ആഗോള കുതിപ്പിന്റെ ഭാഗം കൂടിയായി കാണണം. വ്യവസായ വികസനത്തിന്റെ ഒരു വലിയ ഭാഗം ഇന്ത്യയുടെ വിവര സാങ്കേതിക വിദ്യയിൽ സമ്പന്നമായ മനുഷ്യ വിഭവത്തിന്റെ പിൻബലത്തിൽ നേടിയെടുത്തതുമാണ്, അതിനുള്ള കളമൊരുക്കലും അടിസ്ഥാന സൗകര്യവികസനവും നടന്നു എന്നതാണ് എടുത്തുപറയേണ്ട വസ്തുത. വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള മാറ്റങ്ങൾ എളുപ്പമാക്കുന്നത് പോലുള്ള നിക്ഷേപക സൗഹൃദ നടപടികൾ ഉണ്ടായി എന്ന് പറയുമ്പോൾ ചങ്ങാത്ത മുതലാളിത്തത്തിലൂടെ ഒരു ചെറിയ വിഭാഗം മൂലധന ശക്തികൾ തടിച്ചുകൊഴുത്തതും ദരിദ്രവിഭാഗത്തിന്റെ ക്രയശേഷി കുറഞ്ഞതും അതോടു ചേർത്തു വായിക്കേണ്ടിവരും.
ഇത്രയും മോദി എന്ന പ്രധാനമന്ത്രിയുടെ കാര്യം. അതിനു മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലിരുന്ന പന്ത്രണ്ടു വർഷത്തിൽ ഗുജറാത്ത്, വികസനത്തിൽ മാതൃകാ സംസ്ഥാനമാണെന്ന പ്രചാരണവും സുലഭമാണ്. അതോടൊപ്പം മാനവിക വികസനത്തിലും സാമൂഹികതലത്തിലും ജനങ്ങൾക്കിടയിൽ എത്രമാത്രം ഐക്യവും സൗഹൃദവും നിലനിർത്തി എന്നും ജനാധിപത്യത്തിന്റെ മാതൃകയായി ഭരണകൂടം വർത്തിച്ചോ എന്നുമുള്ള ചോദ്യങ്ങൾക്ക് നിഷേധാത്മകമാവും മറുപടി. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലെ ഏറെ ചോരപുരണ്ട സംഭവമായ ഗുജറാത്ത് വംശഹത്യ നടന്നത് മോദി അധികാരമേറ്റ് വെറും നാല് മാസത്തിനുള്ളിലാണ്. ഈ വംശഹത്യയിൽ ഔദ്യോഗിക കണക്കുപ്രകാരം ആയിരത്തിൽ പരവും സ്വതന്ത്ര അന്വേഷണ ഏജൻസികളുടെ കണക്കനുസരിച്ച് രണ്ടായിരത്തിനു മേലും മുസ്ലിംകൾ കൊല്ലപ്പെട്ടു. സ്ത്രീകൾക്ക് നേരെ കൊടിയ ലൈംഗിക അതിക്രമങ്ങൾ നടമാടി. സ്വന്തം മണ്ണിൽ നിന്ന് ആയിരങ്ങൾ ആട്ടിപ്പായിക്കപ്പെട്ടു. അതിനു പിന്നാലെ ഇന്ത്യയുടെ ബഹുമത ഐക്യത്തിനും സാഹോദര്യത്തിനും ഗുരുതരമായ പരുക്കേൽപിക്കുന്ന സംഭവങ്ങളുടെ പരമ്പര തന്നെ നടന്നതും മോദി ഭരണ കാലത്താണ്. അന്തിമമായി ഒരു രാഷ്ട്രമെന്നാൽ അതിലെ ജനങ്ങളും അവർക്കിടയിലെ ഐക്യവും സഹവർത്തിത്വവുമാണ്. ന്യൂനപക്ഷങ്ങളെയും ദലിതുകളെയും വിരുദ്ധാഭിപ്രായം പറയുന്നവരെയും നിരന്തരം ഭരണകൂടവും ഭരണകക്ഷിയും വേട്ടയാടുകയും സ്വത്തുക്കളും ആരാധനാലയങ്ങളും നശിപ്പിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം തന്നെ രാജ്യത്ത് രൂപപ്പെട്ടതിലും രാജ്യത്തിന്റെ ഭരണനേതൃത്വത്തിനു തന്നെയാണ് ഉത്തരവാദിത്തം. വിദേശരാജ്യങ്ങളിലും ലോകവേദികളിലും ഇന്ത്യ കൂടുതൽ സദ്കീർത്തി നേടി എന്ന് പ്രധാനമന്ത്രിയും ആരാധകരും മേനിപറയുമ്പോൾതന്നെ രാജ്യത്തിനകത്തെ ജനതയുടെ അശാന്തിയും അസ്വസ്ഥതയും വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളും പഠനങ്ങളും സർവത്ര ലഭ്യമാണ്. അതൊന്നും ചർച്ചയിൽ വരുത്താതെ അപദാനങ്ങൾ മാത്രം വാഴ്ത്തിപ്പാടി അധികാര ജൂബിലി കൊണ്ടാടുന്നത് ജനത്തിന്റെ സാമാന്യബുദ്ധിയെ പരിഹസിക്കലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.