വോട്ടർ പട്ടിക തീവ്ര പരിഷ്‍കരണ നടപടിക്രമങ്ങളിലെ അസ്വാഭാവികവും അനാശാസ്യവുമായ പ്രവണതകളിലേക്ക് വിരൽചൂണ്ടി ​തെരഞ്ഞെടുപ്പ് കമീഷണർമാർ തന്നെ മുഖ്യകമീഷണർ​ ഗ്യാനേഷ് കുമാറിനെതിരെ രംഗത്തുവന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ആഗോളശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുന്നു. ഗ്യാനേഷ്‍കുമാറിനെ താൽക്കാലിക ബലിയാടാക്കി മുഖം രക്ഷിക്കാനുള്ള മോദി സർക്കാറിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷവും സി.ജെ.പി നേതൃത്വത്തിലെ രാജ്യത്തെ യുവജനങ്ങളും വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭത്തിനിറങ്ങിത്തിരിച്ചിരിക്കുകയാണ്. എസ്.ഐ.ആർ, ഡീലിമിറ്റേഷൻ, ഒരു രാജ്യം ​ഒരു വോട്ട് എന്നീ മുദ്രാവാക്യങ്ങളുമായി ജനാധിപത്യത്തി​ന്റെ അഭ്യുദയത്തിനെന്ന വ്യാജേന നടപ്പിലാക്കുന്ന പരിഷ്‍കരണത്തിന്റെ ഉള്ളുകള്ളികൾ ഇപ്പോൾ ഏറക്കുറെ പുറത്തുവന്നു കഴിഞ്ഞു. ബി.ജെ.പി ഭരണകൂടം ​കേന്ദ്രത്തിലും അധികാരമുള്ള സംസ്ഥാനങ്ങളിലും സ്ഥിരത കൈവരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വീമ്പുപറയുന്നത് ഇപ്പോൾ തെരഞ്ഞെടുപ്പ് രംഗത്ത് കേന്ദ്രം വരുത്തിക്കൊണ്ടിരിക്കുന്ന പരിഷ്‍കരണങ്ങളുടെ മറവിലാണ് എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയത് ഈ പ്രവണതകൾ മുന്നിൽ കണ്ടാണ്. ജനാധിപത്യത്തിന്റെയും ​തെരഞ്ഞെടുപ്പിന്റെയും നീതിനിഷ്ഠയും സുരക്ഷിതത്വവും ഉയർത്തിക്കാട്ടിയാണ് അതു രണ്ടിനെയും പ്രയോഗത്തിൽ പരിഹാസ്യമാക്കുന്ന ഈ ‘നിയമാനുസൃത നിയമലംഘനങ്ങൾ’ നടന്നുകൊണ്ടിരിക്കുന്നത്. ബി​.ജെ.പിക്ക് അധികാരസ്ഥാനത്ത് ചിരഞ്ജീവിതം നൽകുകയാണ് ഇതെന്നു വ്യക്തമാക്കുന്നു വിവിധ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന എസ്.ഐ.ആർ വേട്ടയും വെട്ടും. സംഘ്പരിവാർ ആശാന്മാർ കാണിച്ചുകൊടുക്കുന്നത് അതിലും വിദഗ്ധമായി നിർവഹിക്കുകയാണ് ശിഷ്യന്മാർ. തെരഞ്ഞെടുപ്പ് കമീഷനെയൊന്നും കാത്തുനിൽക്കാതെ സംസ്ഥാനങ്ങളിൽ ബി.ജെ.പി തന്നെ വോട്ടർപട്ടിക മാനിപുലേഷന്റെ കാര്യകർത്താക്കളായി മാറിക്കഴിഞ്ഞു.

കർണാടകയിലെ വിജയപുര (പഴയ ബിജാപൂർ), ബെളഗാവി എന്നിവിടങ്ങളിൽ ഒരു വിഭാഗം വോട്ടർമാരുടെ പേരുവിവരങ്ങൾ മായ്ച്ചുകളയാൻ പാർട്ടിക്കാർ തന്നെ രംഗത്തെത്തിയ വാർത്തയാണ് ഈയിടെയായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അനധികൃതമായി വോട്ടർപട്ടികയിൽ കടന്നുകൂടിയവർക്ക് സ്വമേധയാ ഒഴിവാകാനും അവരെ ഒഴിവാക്കാനുമുള്ള ഫോം-ഏഴ് അപേക്ഷാഫോറങ്ങൾ ബി.ജെ.പിക്കാർ മൊത്തമായി പൂരിപ്പിച്ചു കൊണ്ടുവന്ന് ബൂത്ത് ​ലെവൽ ഓഫിസർ (ബി.എൽ.ഒ)മാരെ ഒപ്പിടാൻ നിർബന്ധിക്കുകയാണ് എന്നാണ് ബെളഗാവി നോർത്ത് നിയമസഭ മണ്ഡലത്തിൽ നിന്നു പരാതിയുയർന്നിരിക്കുന്നത്. ഈ മണ്ഡലത്തിൽ വീരഭദ്ര നഗറിൽ നാലും ഷെട്ടിഗലി സ്കൂളിലെ രണ്ടും പോളിങ് സ്റ്റേഷനുകളിൽ നിന്നാണ് ഈ പരാതിയുയർന്നിരിക്കുന്നത്.

ബെളഗാവി സിറ്റി കോർപറേഷൻ ഓഫിസിൽ നിന്നെന്നു പറഞ്ഞുവന്ന രണ്ടുപേർ ഫോം-ഏഴിന്റെ ബണ്ടിലുകൾ നൽകി, എസ്.ഐ.ആർ പട്ടികയിലെ മുസ്‍ലിം പേരുകൾ മായ്ച്ചുകളയാൻ നിർദേശിച്ചുവെന്ന് ‘ദ ഹിന്ദു’ പത്രം റിപ്പോർട്ട് ചെയ്യുന്നു. തിടുക്കത്തിൽ പേരു മായ്ച്ച് ഒപ്പിട്ട ഫോമുകൾ തിരിച്ചേൽപിക്കാനുള്ള നിർദേശം അനുസരിക്കാൻ ബി.എൽ.ഒമാർ തയാറായില്ല. വർഷങ്ങളായി പ്രദേശത്ത് താമസിക്കുന്ന വോട്ടർമാരെ നേരിട്ടറിയാവുന്നതിനാൽ അവരെ ഡിലീറ്റ് ചെയ്യാനാകില്ലെന്ന് അവർ നിലപാടെടുത്തു. ആ സമയത്ത് മുകളിലേക്ക് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ (ഇ.ആർ.ഒ) എന്ന് അവർതന്നെ പരിചയപ്പെടുത്തിയ ആളെ വിളിച്ച് ഫോൺ കൊടുക്കുകയും അയാൾ ബി.എൽ.ഒയോട് ഒപ്പിടാൻ ‘ഉത്തരവിടുകയു’മായിരുന്നു. എന്നാൽ, അത്തരമൊരു നിർദേശം ആർക്കും നൽകിയി​ട്ടില്ലെന്നും ആരോ വ്യാജമായി തന്റെ പേര് ഉപയോഗിച്ചതാവാമെന്നുമാണ് ഇ.ആർ.ഒ ഉദയകുമാർ ബസവന്തപ്പ തലവർ പറയുന്നത്.

മരണം, പ്രായപൂർത്തിയെത്തായ്ക, മേൽവിലാസത്തിൽ ഇല്ലാത്തതോ സ്ഥിരമായി സ്ഥലം മാറിപ്പോയതോ ആവുക, മറ്റൊരിടത്ത് എൻറോൾ ചെയ്യപ്പെടുക, പൗരത്വമില്ലാതിരിക്കുക എന്നീ കാരണങ്ങളാലാണ് ഫോം ഏഴ് അനുസരിച്ച് ഒരാളെ പട്ടികയിൽ നിന്നു ഒഴിവാക്കാൻ അപേക്ഷ നൽകാൻ കഴിയുക. ഈ പഴുതുപയോഗിച്ചാണ് പട്ടികയിൽനിന്നു മുസ്‍ലിംകളെ തിരഞ്ഞുപിടിച്ച് പുറന്തള്ളാനുള്ള യജ്ഞവുമായി ബി.ജെ.പിക്കാർ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. പുറത്താക്കാനുള്ളവരുടെ പേരുവിവരങ്ങളൊക്കെ പൂരിപ്പിച്ചു നൽകിയ അപേക്ഷയിൽ പ്രശ്നമുന്നയിക്കുന്ന ആളുടെ പേര് എഴുതിച്ചേർക്കുകയോ ശൂന്യമാക്കി ഇടുകയോ ​ചെയ്യുന്നു. തുടർന്ന് യഥോചിതം നിർദേശകന്റെ പേര് നൽകുകയാണ് ചെയ്യുന്നത്. ഇങ്ങനെ കൊണ്ടുവന്ന അപേക്ഷാക്കെട്ടുകൾ, 15 വർഷമായി ബൂത്ത് ​ലെവൽ ഏജന്റായി പ്രവർത്തിക്കുന്ന വീര​ഭദ്ര സ്‍കൂളി​ന്റെ ചെയർ​മാൻ കൂടിയായ മീർസാബ് സനദിക്കു മുന്നിലുമെത്തി, ഒപ്പുവെക്കാൻ. അത് പരിശോധിച്ചപ്പോൾ സനദിയുടെയും സഹോദരന്റെയും ബന്ധുക്കളുടെയുമൊക്കെ പേരുകൾ അതിൽ കണ്ടു. കൃത്രിമം അവിടെയും തീരുന്നില്ല. പരാതിക്കാരുടെ കോളത്തിൽ എല്ലാം പരമാവധി ഒരു പേരുതന്നെയാണ് ചേർത്തിരിക്കുന്നത്. ആ വിലാസത്തിലുള്ളയാളെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം അങ്ങനെ പരാതി നൽകിയി​ട്ടേയില്ല. എത്ര ചിട്ടയാർന്ന രീതിയിലാണ് തട്ടിപ്പുകൾ സംഘടിപ്പിക്കുന്നത് എന്നു നോക്കുക.

കേന്ദ്ര ഭരണത്തിലുള്ളവർ കമീഷനെ ഉപയോഗിച്ച് വ്യവസ്ഥാപിതമായി ചെയ്യുന്ന വഴിവിട്ട കളികൾ പകർത്തുന്ന പാർട്ടി അണികൾ അവരുടേതായ വഴിയിൽ കൃത്രിമങ്ങൾക്കുള്ള വകുപ്പുകളൊരുക്കുന്നു. അങ്ങനെ സംഘ്പരിവാർ പാർട്ടിയും ഭരണകൂടങ്ങളും ഒന്നിച്ച് ഏറ്റെടുത്തിരിക്കുന്ന ദൗത്യം ഒന്നു തന്നെ. മുസ്‍ലിം ജനവിഭാഗത്തെ തിരഞ്ഞുപിടിച്ചു ആധികാരിക രേഖകളിൽ നിന്നെല്ലാം അദൃശ്യമാക്കുക. രാജ്യത്തെ ശിഥിലീകരണത്തിലേക്ക് നയിക്കുന്ന വിധ്വംസക പ്രവണതകൾക്കെതിരെ ഇൻഡ്യ സഖ്യവും രാജ്യത്തെ യുവജന സംഘങ്ങളും വിളിച്ചുപറയുന്നതുപോലെ തെരുവുകളുണരുകയേ വഴിയുള്ളൂ.

Tags:    
News Summary - Democracy Under Siege: The Electoral Roll Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.