രാജ്യം കണ്ടുവോ ഉജ്ജയിനിലെ കണ്ണുനീർ

മുസ്​ലിം സമൂഹം നേരിടുന്ന അസ്തിത്വപരമായ വെല്ലുവിളികളോടും സംഘ്പരിവാർ അനുകൂല ഭരണകർത്താക്കളുടെ വിവേചനപരമായ നയങ്ങളോടും കോടതികൾ കൂടി പുലർത്തുന്ന ഈ നിഷ്ക്രിയത്വം, അടിച്ചമർത്തപ്പെടുന്നവരുടെ അതിജീവന പ്രതീക്ഷകളുടെ അവസാന സാധ്യതകൂടിയാണ് അടക്കുന്നത്

മധ്യപ്രദേശിലെ ഉജ്ജയിനിൽ 2028ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളക്ക് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്, ഖജൂർ വാലി മസ്ജിദ് മുതൽ ഗണേഷ് ചൗക്ക് വരെയുള്ള റോഡ് വീതികൂട്ടലിന്റെ പേരിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കാൻ നിർബന്ധിതമായ സംഭവം, ഇന്ത്യയിലെ മുസ്‍ലിം ന്യൂനപക്ഷം നേരിടുന്ന അസ്തിത്വ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന വേദനനിറഞ്ഞ ഉദാഹരണമാണ്. കുംഭമേളക്കെത്തുന്ന ഭക്തജനങ്ങളുടെ തിരക്കും ഗതാഗത മാനേജ്‌മെന്റും പൊതുസുരക്ഷയും ഉയർത്തിക്കാട്ടിയുള്ള ഭരണകൂടത്തിന്റെ വാദങ്ങളെ മധ്യപ്രദേശ് ഹൈകോടതി അതേപടി ശരിവെക്കുകയായിരുന്നു. പള്ളിയുടെ പാരമ്പര്യവും ഘടനയും നിലനിർത്തിക്കൊണ്ടുള്ള ബദൽ നിർദേശങ്ങളെല്ലാം നിരസിച്ചുകൊണ്ട് കോടതികളും ഭരണകൂടവും നിർദാക്ഷിണ്യം തള്ളിക്കളഞ്ഞത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആരാധനാലയത്തിന്റെ ചരിത്രപ്രാധാന്യവും അവിടത്തെ വിശ്വാസികളുടെ ഭരണഘടനാപരമായ ആരാധനാവകാശവും പൗരത്വപരമായ തുല്യതയുമാണ്.

ഭരണകൂടവും കോടതികളും ഒരുപോലെ കൈവിട്ടതോടെ, നെഞ്ചുപൊട്ടുന്ന പ്രതിഷേധങ്ങൾക്കുമപ്പുറം ഭരണകൂട സമ്മർദങ്ങൾക്ക് മുന്നിൽ ഒത്തുതീർപ്പുകൾക്ക് വഴങ്ങുകയല്ലാതെ മറ്റുവഴികളൊന്നും ആ മനുഷ്യർക്ക് മുന്നിലുണ്ടായിരുന്നില്ല. ഒത്തുതീർപ്പിനൊടുവിൽ, എട്ടടി പൊളിക്കണമെന്ന നഗരസഭയുടെ ആവശ്യം മൂന്ന് അടിയിലേക്ക് ചുരുക്കാൻ അവർക്കായി. ഉന്മാദം പൂണ്ട ബുൾഡോസറുകൾ ഇരച്ചെത്തി വിശുദ്ധഗേഹം തകർത്തു തരിപ്പണമാക്കാതിരിക്കാൻ ഹൃദയം തകർന്നുകൊണ്ട്, സ്വന്തം കൈകൾ കൊണ്ടുതന്നെ ആ ഭാഗം പൊളിച്ചുനീക്കാൻ വിശ്വാസികൾ നിർബന്ധിതരാവുകയായിരുന്നു.

ഇന്ത്യയിലെ മുസ്​ലിം സാന്നിധ്യത്തെയും ചരിത്രപരമായ നിർമിതികളെയും പൊതുദൃശ്യതയിൽ നിന്ന് മായ്ച്ചുകളയുന്ന സംഘ് പരിവാറിന്‍റെ ബോധപൂർവമായ നീക്കങ്ങളുടെ തുടർച്ചതന്നെയാണ് ഈ സംഭവവും. പള്ളികളും ദർഗകളും പുരാതനനിർമിതികളും അനധികൃതകൈയേറ്റങ്ങളായോ വികസനത്തിന് തടസ്സമായോ ചിത്രീകരിക്കുകയും കോടതികളുടെ തീർപ്പിൽ തകർക്കപ്പെടുകയും ചെയ്യുന്നത് രാജ്യത്ത് പതിവായിരിക്കുന്നു. കഴിഞ്ഞ ആറു വർഷത്തിനിടെ വികസനത്തിന്റെയും ​കൈയേറ്റമൊഴിപ്പിക്കലിന്റെയും പേരിൽ രണ്ടായിരത്തിലധികം മസ്ജിദുകളും മദ്റസകളും ദർഗകളുമാണ് വിവിധ സർക്കാർ സംവിധാനങ്ങൾ നേരിട്ട് പൊളിച്ചുനീക്കിയത്.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, അസം എന്നീ സംസ്ഥാനങ്ങളിലാണ് വ്യാപകമായി ഇത്തരം ബുൾഡോസർ നടപടികൾ അരങ്ങേറിയത്. ഉത്തരാഖണ്ഡിൽ 538 മുസ്​ലിം ആരാധനാലയങ്ങളും ഗുജറാത്തിൽ 108 ദർഗകളുമാണ് തകർക്കപ്പെട്ടത്. ആംനസ്റ്റിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നതുപോലെ, കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങൾ പ്രതിഷേധിക്കുന്ന മുസ്​ലിംകൾക്കെതിരെ ബുൾഡോസറുകളെ ‘കൂട്ടശിക്ഷാ ആയുധമായി’ ഉപയോഗിക്കുകയാണ്.

1991ലെ ‘ആരാധനാലയ സംരക്ഷണ നിയമം’ നിലനിൽക്കെത്തന്നെ, മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പുറപ്പെടുവിച്ച നിയമവ്യാഖ്യാനമാണ്, 1947 ആഗസ്റ്റ് 15ന് മുമ്പുള്ള ആരാധനാലയങ്ങൾക്കുള്ള പരിരക്ഷ ഇല്ലാതാക്കുകയും ഇത്തരം തകർക്കലുകൾക്ക് ആക്കംകൂട്ടുകയും ചെയ്തത്. നീതിപീഠങ്ങളിൽനിന്ന് ലഭിക്കേണ്ട ഭരണഘടനാപരമായ സംരക്ഷണം ദുർബലമായതോടെ മജിസ്ട്രേറ്റ് കോടതികളും ഹൈകോടതികളും പൊളിക്കലുകൾക്ക് അനുകൂലമായി നിർബാധം ഉത്തരവിടുന്നു. ഇത് തടയാനോ നിയന്ത്രിക്കാനോ പരമോന്നത കോടതിയുടെ ഭാഗത്തുനിന്ന് അടിയന്തര ജാഗ്രതയുണ്ടാകുന്നുമില്ല. മുസ്​ലിം സമൂഹം നേരിടുന്ന അസ്തിത്വപരമായ വെല്ലുവിളികളോടും സംഘ്പരിവാർ അനുകൂല ഭരണകർത്താക്കളുടെ വിവേചനപരമായ നയങ്ങളോടും കോടതികൾകൂടി പുലർത്തുന്ന ഈ നിഷ്ക്രിയത്വം, അടിച്ചമർത്തപ്പെടുന്നവരുടെ അതിജീവന പ്രതീക്ഷകളുടെ അവസാന സാധ്യതകൂടിയാണ് അടക്കുന്നത്.

എൻ.ആർ.സി വിരുദ്ധ പ്രക്ഷോഭങ്ങളെ അട്ടിമറിക്കാൻ ആസൂത്രണം ചെയ്ത കലാപങ്ങൾ പകൽവെളിച്ചത്തിൽ അരങ്ങേറിയത് കോടതികളുടെ കൺമുന്നിലായിരുന്നു. എന്നാൽ, തെരുവിൽ പരസ്യമായി തോക്കെടുത്ത് വെടിയുതിർത്തവരല്ല, വിചാരണകൂടാതെ ഇപ്പോഴും കൽതുറുങ്കലുകളിൽ അടക്കപ്പെട്ടത് ശർജീൽ ഇമാമുമാരും ഉമർ ഖാലിദുമാരുമാണ്. മുസ്​ലിംകൾക്കുനേരെയുള്ള നിയമപരവും ഭരണപരവുമായ വിവേചനങ്ങളെ തുറന്നെതിർക്കുന്നതിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ പരാജയപ്പെടുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഉജ്ജയിനിലെ പള്ളി തകർക്കലിൽ അവർ പുലർത്തിയ നിശ്ശബ്ദത.

മറുവശത്ത്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുകീഴിൽ ജനസംഖ്യാ വ്യതിയാനങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതി, കഴിഞ്ഞ 15 വർഷത്തിനിടെ നടന്ന ജനനനിരക്ക് മുതൽ സ്വത്തുവിവരങ്ങൾ വരെയുള്ള മതാധിഷ്ഠിത കണക്കുകൾ നൽകാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ന്യൂനപക്ഷസമുദായങ്ങളെ നിരന്തരം ഭീതിയുടെയും സംശയത്തിന്റെയും മുൾമുനയിൽ നിർത്തി അവരുടെ ആത്മവിശ്വാസത്തെയും ഉൽകർഷേച്ഛകളെയും പൈതൃകങ്ങളെ തകർക്കുന്നതുപോലെ നശിപ്പിക്കുന്നതും രാജ്യത്ത് പതിവാകുകയാണ്. വംശീയ വിവേചനത്തിനെതിരെ പ്രതിഷേധിക്കാനുള്ള അടിസ്ഥാന അവകാശങ്ങളിൽപോലും ഭരണകൂടം ഇരട്ടത്താപ്പാണ് പുലർത്തുന്നത്.

ഭരണകൂട അനീതികൾക്കെതിരെ ഏവർക്കും പ്രതിഷേധിക്കാനുള്ള പൊതുവേദിയായ ജന്തർ മന്തറിൽ, രാജ്യത്തുടനീളം നടക്കുന്ന എസ്.ഐ.ആർ വോട്ട് വെട്ടിനിരത്തലിനും ആരാധനാലയങ്ങൾ തകർക്കുന്നതിനുമെതിരെ മുസ്​ലിം നേതൃത്വം സംഘടിപ്പിച്ച ബഹുജന പ്രതിഷേധത്തിനുനേരെ ക്രൂരമായ അടിച്ചമർത്തലാണ് പൊലീസ് അഴിച്ചുവിട്ടത്. ദേശീയ-സംസ്ഥാന നേതാക്കളെയും പ്രതിപക്ഷ എം.പിമാരെയും പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയും പലരെയും വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ചരിത്രപരമായ പള്ളികളും സ്മാരകങ്ങളും തകർത്ത് ദൃശ്യപരമായ സാന്നിധ്യം റദ്ദാക്കിയും വോട്ടവകാശങ്ങളും നിയമപരിരക്ഷകളും ഇല്ലാതാക്കിയും ഇന്ത്യയിലെ മുസ്‍ലിംകൾ സ്വന്തം മണ്ണിൽ പൂർണമായും ‘അപൗരത്വത്തിലേക്ക്’ തള്ളപ്പെടുന്ന ഭരണകൂട വേട്ടക്കെതിരെയും ജനകീയ പ്രതിഷേധം ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Tags:    
News Summary - Ujjain Shahi Masjid Demolition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.