പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ ഒരേയൊരു വഴി
ഫലസ്തീൻ വിമോചന-പ്രതിരോധ സംഘടനയായ ഹമാസിന്റെ ഇസ്രായേൽ ആക്രമണവും പ്രതികാരമായി സയണിസ്റ്റ് സൈന്യം ആരംഭിച്ച വംശഹത്യയും നടന്നിട്ട് ഇന്നേക്ക് മൂന്നുവർഷം പൂർത്തിയാവുന്നു. ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് 1318 ഇസ്രായേലി ഭടന്മാരായിരുന്നെങ്കിൽ സയണിസ്റ്റ് സൈന്യത്തിന്റെ തീമഴയിൽ വെന്തുവെണ്ണീരായവരും ജീവച്ഛവങ്ങളുമടക്കം മുക്കാൽ ലക്ഷം പേരെങ്കിലുമുണ്ടെന്നാണ് ഗസ്സ ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ. ഗസ്സയിലെ വീടുകളും കടകളും സ്കൂളുകളും ആശുപത്രികളുമടക്കം 90 ശതമാനം കെട്ടിടങ്ങളും ഇതിനകം നിലംപരിശായിട്ടുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന നിരന്തര ചർച്ചകൾക്കുശേഷം 2025 ഒക്ടോബർ 10ന് നിലവിൽവന്ന ഇസ്രായേൽ-ഹമാസ് യുദ്ധവിരാമത്തിനു ശേഷവും ഒരു വർഷത്തോളമായി അധിനിവേശപ്പടയുടെ നിഷ്ഠുര ആക്രമണങ്ങൾ ഗസ്സയിൽ തുടരുകയാണ്. കരാറിൽ വ്യവസ്ഥ ചെയ്ത ഗസ്സയുടെ പകുതി ഭാഗത്തുനിന്നുള്ള ഇസ്രായേലി സൈനിക പിന്മാറ്റം ഇതുവരെ യാഥാർഥ്യമായിട്ടില്ല.
20 ലക്ഷത്തിലധികം ഫലസ്തീനികൾ തിങ്ങിവിങ്ങിക്കഴിയുന്ന ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങളും ഗുരുതരമായി തടസ്സപ്പെട്ടിരിക്കുന്നു. ജീവരക്ഷക്കാവശ്യമായ മരുന്നുകളും ആരോഗ്യ സഹായ സാമഗ്രികളും ഗസ്സയിലെത്തിക്കുന്നതിൽ തുടർച്ചയായുണ്ടാവുന്ന കാലതാമസം ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഒടുവിലത്തെ മുന്നറിയിപ്പ്. സഹായ സാമഗ്രികളുടെ നീക്കം ഇസ്രായേൽ നിരന്തരം തടസ്സപ്പെടുത്തുന്നതാണ് ഒരാശുപത്രിപോലും അവശേഷിച്ചിട്ടില്ലാത്ത ഗസ്സയിലെ സ്ഥിതി വഷളാകാൻ കാരണമെന്ന് ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ഗസ്സയിൽ മാനുഷിക സേവന ദൗത്യത്തിലേർപ്പെട്ടിരുന്ന യു.എൻ ഏജൻസിയുടെ മുഴുവൻ ജീവനക്കാരെയും കരാർ പ്രകാരം പിൻവലിച്ചിരിക്കെ, പകരം ക്രമസമാധാനപാലനമടക്കം ദൈനംദിന ഭരണചുമതലയേറ്റ ബഹുരാഷ്ട്ര ഉദ്യോഗസ്ഥർ ഗസ്സയിലെത്തിയിട്ടുണ്ടെന്നാണ് വാർത്തകളെങ്കിലും അവരുടെ വിന്യാസമോ സേവനമോ വ്യവസ്ഥാപിതമായി ആരംഭിച്ചതായുള്ള കൃത്യമായ റിപ്പോർട്ടുകളൊന്നും പുറത്തുവരുന്നുമില്ല. അതേസമയം, ഇസ്രായേലി നിയന്ത്രണത്തിലുള്ള വെസ്റ്റ്ബാങ്കിൽ സൈന്യത്തിന്റെ നരനായാട്ടും പാർപ്പിട നിർമാർജന നടപടികളും അറസ്റ്റുകളും അനുസ്യൂതം തുടരുകയും ചെയ്യുന്നു. ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളെ ഉന്മൂലനം ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ഇസ്രായേൽ ആരംഭിച്ച സമ്പൂർണ നശീകരണ പരിപാടിയും തുടരുകയാണ്.
ഇതിൽനിന്നൊക്കെ ശ്രദ്ധ തിരിക്കാൻ കൂടി അമേരിക്കയും ഇസ്രായേലും ആരംഭിച്ച ഇറാൻ ആക്രമണവും താൽക്കാലിക വെടിനിർത്തലിന്റെ അവധികഴിഞ്ഞ് തികഞ്ഞ അനിശ്ചിതത്വത്തിലാണ്. പാകിസ്താനും തുർക്കിയയും ഖത്തറും ചേർന്ന് നടത്തുന്ന മധ്യസ്ഥ ചർച്ചകൾ ശുഭപ്രതീക്ഷക്ക് വകനൽകുന്ന വിധത്തിലല്ല തുടരുന്നത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന്റെ സമ്പൂർണ നശീകരണം പ്രഖ്യാപിച്ച് പുതിയ കപ്പൽപടയും മറ്റു സന്നാഹങ്ങളും സജ്ജമാക്കിയിട്ടുണ്ട്. അതേസമയം ഹുർമുസിലെ കപ്പൽ ഗതാഗത പ്രതിസന്ധി അനിശ്ചിതമായി തുടരുന്നത് ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെത്തന്നെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവിലത്തെ സൗദി-ഹൂതി ഏറ്റുമുട്ടലാവട്ടെ കൂനിന്മേൽ കുരുവെന്നവണ്ണം ബാബുൽ മന്തബിലൂടെയുള്ള കപ്പൽ ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ആഗോളതലത്തിൽ അനിയന്ത്രിത വിലക്കയറ്റത്തിനും തൊഴിൽ സ്തംഭനത്തിനും തന്മൂലം പട്ടിണിക്കും വഴിമരുന്നിട്ടിരിക്കുന്ന ഈ പ്രതിസന്ധി എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ നടക്കുന്ന നീക്കങ്ങൾക്ക് മുന്നിലെ മുഖ്യതടസ്സം ട്രംപിന്റെ പ്രവചനാതീതമായ നിലപാട് മാറ്റങ്ങളും അത്യാഗ്രഹങ്ങളുമാണെന്ന് ചൂണ്ടിക്കാട്ടാതെ വയ്യ. ബ്രിട്ടനും ഫ്രാൻസും സ്പെയിനും കാനഡയുമൊക്കെ യാങ്കി മുഖ്യന്റെ നിലപാടുകളെ തള്ളിപ്പറയുന്നുണ്ടെങ്കിലും വീണ്ടുവിചാരത്തിന് അയാൾ തയാറില്ലെന്നതാണ് ലോകം അനുഭവിക്കുന്ന പ്രതിസന്ധി. സ്വന്തം നാടുകളിലെ തെരഞ്ഞെടുപ്പ് വിജയമാണ്, മനുഷ്യരാശിയുടെ സമാധാനപൂർണമായ നിലനിൽപിനേക്കാൾ ട്രംപ്, നെതന്യാഹു പോലുള്ളവരുടെ മുഖ്യ അജണ്ട എന്ന സ്ഥിതിവിശേഷം ലജ്ജാകരമാണെന്നേ പറയാനാവൂ.
രാഷ്ട്രത്തലവന്മാർ പങ്കെടുത്ത ഐക്യരാഷ്ട്ര ജനറൽ അസംബ്ലിയുടെ ഒടുവിലത്തെ ഉച്ചകോടിയിൽ യുദ്ധക്കെടുതികളും അതിലേക്ക് നയിക്കുന്ന അപകടകരമായ നയങ്ങൾ പുനഃപരിശോധിക്കേണ്ടതിന്റെ അത്യാവശ്യകതയും പല രാഷ്ട്രത്തലവന്മാരും ഊന്നിപ്പറഞ്ഞതാണ്. 2001 ഒക്ടോബർ ഏഴിന് ആരംഭിച്ച അമേരിക്കയുടെ അഫ്ഗാൻ അധിനിവേശം ഇരുപത് വർഷങ്ങൾ ശേഷം 2021 ആഗസ്റ്റ് 30ന് അവസാനിപ്പിച്ചു. താലിബാന്റെ നീരാളിപ്പിടിത്തത്തിൽനിന്ന് യാങ്കിപ്പടയെ പിൻവലിക്കാനുള്ള മാധ്യസ്ഥശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത് കൊച്ചുഖത്തറായിരുന്നു. ദോഹയിൽ വർഷം മുഴുവൻ നീണ്ട യു.എസ്-താലിബാൻ ചർച്ചകൾക്കൊടുവിലാണ് 2456 ഭടന്മാരെ ബലികൊടുത്തശേഷം യാങ്കികൾക്ക് അഫ്ഗാൻ വിടേണ്ടിവന്നത്. അന്നതിന് വഴിയൊരുക്കിയ അതേ ഖത്തറാണ് ഇസ്രായേൽ-ഹമാസ് യുദ്ധവിരാമ ചർച്ചകൾക്കും ചുക്കാൻ പിടിച്ചത്. ‘ഫലസ്തീൻ പ്രശ്നം നീതിപൂർവം പരിഹരിക്കപ്പെടാതെയും ഗസ്സയിൽ സമ്പൂർണ വെടിനിർത്തലും ഉപരോധാവസാനവും ഉറപ്പുവരുത്താതെയും പശ്ചിമേഷ്യയിൽ സുസ്ഥിരമായൊരു സമാധാനക്രമം സാധ്യമാവില്ല’ എന്ന് യു.എൻ ജനറൽ അസംബ്ലിയിൽ ലോകരാഷ്ട്രങ്ങളുടെ മുമ്പാകെ ഖത്തർ ഭരണാധികാരി ശൈഖ് തമീം ആൽഥാനി നൽകിയ മുന്നറിയിപ്പിനു അടിവരയിടുന്നതാണ് ലോകജനതയുടെ പൊതുവായ മനഃസാക്ഷി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.