അടുത്ത അഞ്ച് വർഷംകൊണ്ട് സംസ്ഥാനത്ത് നടപ്പിലാക്കുന്ന വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ ദിശാസൂചിക എന്ന ആമുഖത്തോടെ, ധനകാര്യ വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച കന്നി ബജറ്റ് നടപ്പു സാമ്പത്തിക വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികളുടെ രൂപരേഖ എന്നതിനപ്പുറം കൃത്യമായും ഒരു നയപ്രഖ്യാപനമാണ്. പ്രതിപക്ഷ നേതാവായിരിക്കെ, പുതുയുഗ കേരള യാത്രക്കാലത്ത് അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങളുടെ പ്രവർത്തന രേഖയാണിതെന്ന് പറയാം; അതോടൊപ്പം, മുൻസർക്കാറിന്റെ കാലത്ത് പ്രതിപക്ഷം വിമർശന വിധേയമാക്കിയ പദ്ധതികളുടെയും നയങ്ങളുടെയും തിരുത്തുമാണ് ഈ പുതുക്കിയ ബജറ്റ്.
കേരളത്തിന്റെ വികസന സ്വപ്നങ്ങളെ പുതിയ കാലത്തേക്കും ദിശയിലേക്കും പരിവർത്തിപ്പിക്കാൻ പര്യാപ്തമായ നവീനമായ ഒട്ടേറെ ആശയങ്ങളുൾക്കൊള്ളുന്ന നയരേഖ എന്ന നിലയിൽ ഈ ബജറ്റ് പ്രതീക്ഷകളുണർത്തുന്നുണ്ട്. എന്നാൽ, അവ ചില ചോദ്യങ്ങൾ ബാക്കിവെക്കുന്നുമുണ്ട്. പോപ്പുലിസത്തിന്റെ അതിപ്രസരത്തോടെ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തി കൈയടി നേടുക എന്നതിനപ്പുറം കൃത്യമായൊരു നയരൂപവത്കരണത്തിലൂടെ അവ യാഥാർഥ്യമാക്കുന്നതിനുള്ള നിലമൊരുക്കുക എന്ന സമീപനമാണ് ഈ സർക്കാറിനുള്ളതെന്ന് തോന്നുന്നു. അതിനാൽ, ബജറ്റിൽ വിസ്മയങ്ങൾ പ്രതീക്ഷിച്ചവർക്ക് തൽക്കാലം നിരാശപ്പെടേണ്ടി വരും. നിലവിൽ സംസ്ഥാനം അഭിമുഖീകരിക്കുന്ന പലവിധ വെല്ലുവിളികളുണ്ട്. അതിൽ ഏറ്റവും പ്രധാനം സാമ്പത്തിക വെല്ലുവിളി തന്നെയാണ്.
അഞ്ച് ലക്ഷം കോടിയിൽ പരമാണ് കേരളത്തിന്റെ കടം; റവന്യൂ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളത്തിനും പെൻഷനും പലിശയടക്കുന്നതിനുമൊക്കെയായി നീക്കിവെക്കേണ്ടി വരുന്നു. തനത് നികുതി വരുമാനമാകട്ടെ, പ്രധാന സംസ്ഥാനങ്ങളുടെ വരുമാന ശരാശരിയേക്കാൾ കുറവുമാണ്. കേന്ദ്ര സർക്കാറിൽനിന്നുള്ള വിഹിതവും പലപ്പോഴും കിട്ടുന്നുമില്ല. ഈ പ്രതിസന്ധിക്കൊപ്പം, സംസ്ഥാന ജനസംഖ്യയിൽ ഘടനാപരമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിൽ യുവാക്കൾ കുറയുകയും വയോജനങ്ങൾ കൂടുകയും ചെയ്തിരിക്കുന്നു.
നമ്മുടെ യുവാക്കളാകട്ടെ ഉന്നത വിദ്യാഭ്യാസത്തിനും ജോലി തേടിയുമെല്ലാം നിത്യപ്രവാസത്തിലേക്ക് മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇത്തരത്തിൽ, സാമ്പത്തിക പരാധീനതകളും ജനസംഖ്യാ വിതരണമാറ്റങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികളും പരിഹരിക്കാൻ പരമ്പരാഗത മാർഗങ്ങൾ മതിയാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. അതുകൊണ്ടുതന്നെ, ആധുനികവും നൂതനവുമായ മാർഗങ്ങളിലൂടെ സമ്പദ്‍വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും അതുവഴി ഖജനാവിൽ പണം സമാഹരിച്ച് നീതിപൂർവമായ വിതരണം ഉറപ്പുവരുത്തുകയുമാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് ബജറ്റ് പ്രസംഗം വ്യക്തമാക്കുന്നുണ്ട്. ഈ സമീപനത്തോട് വിയോജിക്കാവുന്ന ഒട്ടേറെ മേഖലകളുണ്ടാകാമെങ്കിലും, ഇതൊരു കൃത്യവും കെട്ടുറപ്പുള്ളതുമായ നയമാണെന്ന് സമ്മതിക്കേണ്ടിവരും.
ഇതിനെയൊരു സമ്പൂർണ ബജറ്റ് എന്ന് വിശേഷിപ്പിക്കാനാവില്ല. 2026 ജനുവരി 29ന് കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച, രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റിന്റെ പുതുക്കൽ മാത്രമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. പ്രസ്തുത ബജറ്റിൽ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ്, കേന്ദ്ര നികുതി വിഹിതം തുടങ്ങിയ ഇനങ്ങളിലായി 20,500 കോടി രൂപ അധികമായി കണക്കാക്കിയിരുന്നു. സ്വാഭാവികമായും അത്രയും തുകയുടെ കുറവ് പുതുക്കിയ ബജറ്റിലുണ്ടായതിനാൽ ആനുപാതികമായി അടങ്കൽ തുകയിലും കുറവ് വന്നിട്ടുണ്ട്. അപ്പോഴും, സംസ്ഥാനത്തിന്റെ ദൈനംദിന ചെലവുകൾക്ക് പണം നീക്കിവെച്ചതിനൊപ്പം യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പുകാല വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഇന്ദിര ഗാരന്റി നടപ്പാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
അടങ്കൽ തുകയിൽ കുറവ് വന്നപ്പോഴും എസ്.സി, എസ്.ടി വിഭാഗങ്ങൾക്കായി നീക്കിവെച്ച തുകയിൽ കുറവ് വന്നില്ല എന്നതും കേന്ദ്ര സർക്കാറിന്റെ പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യ ബജറ്റിനേക്കാൾ കൂടുതൽ തുക മാറ്റിവെച്ചു എന്നതും ഈ സർക്കാറിന്റെ അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള കരുതലായി കാണാനാകും; മത്സ്യത്തൊഴിലാളി സമൂഹത്തിനും വലിയ പരിഗണന ലഭിച്ചിരിക്കുന്നു. ഇതിന് പുറമെയാണ് പുതിയ ആശയങ്ങൾ ബജറ്റ് ചർച്ചയാക്കുന്നത്. അതിൽ ഏറ്റവും പ്രധാനം മിഷൻ സമുദ്രയാണ്.
കേരളത്തിലെ വലുതും ചെറുതുമായ തുറമുഖങ്ങളെയും ജലസ്രോതസ്സുകളെയും ബന്ധിപ്പിച്ചുകൊണ്ട് ലോക മാരിടൈം ഭൂപടത്തിൽ നമ്മുടെ നാടിനെയും അടയാളപ്പെടുത്തുകയും അതുവഴി പുതിയൊരു കടൽ സമ്പദ്‍വ്യവസ്ഥക്ക് രൂപംനൽകുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ, ഈ പദ്ധതിക്ക് വലിയ സാധ്യതകളുണ്ട്. എന്നാൽ, അതിന്റേതായ അപകടങ്ങളുമുണ്ട്. ഇക്കാര്യങ്ങൾകൂടി തിരിച്ചറിഞ്ഞുള്ള വികസന സ്വപ്നങ്ങൾക്കേ അർഥമുള്ളൂ. വൺ കേരള, ഡെസ്റ്റിനേഷൻ പോയന്റ്, ട്രൈബൽ യൂനിവേഴ്സിറ്റി തുടങ്ങി ഒട്ടേറെ പുതിയ ആശയങ്ങളും ബജറ്റ് മുന്നോട്ടുവെക്കുന്നുണ്ട്.
മേൽസൂചിപ്പിച്ച ആശയങ്ങളുടെ പ്രയോഗവത്കരണം എങ്ങനെ എന്നതാണ് അവശേഷിക്കുന്ന ഒരു ചോദ്യം. ബജറ്റ് പ്രസംഗത്തിലും അതിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിലും മുഖ്യമന്ത്രി അതിന് മറുപടി നൽകുന്നുണ്ട്. അത് സ്വകാര്യ നിക്ഷേപത്തിന്റെ മാർഗങ്ങളാണ്. കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലടക്കം വൻ സ്വകാര്യ നിക്ഷേപത്തിന് വഴിയൊരുക്കുന്നതാണ് വി.ഡി. സതീശൻ അവതരിപ്പിച്ച ആശയങ്ങളിൽ പലതും. മിഷൻ സമുദ്ര സമ്പൂർണമായും അത്തരമൊരു പദ്ധതിയാണ്.
സ്വാഭാവികമായും ആ പദ്ധതികളുടെ മുന്നോട്ടുപോക്കിൽ സർക്കാറിന് വിമർശനങ്ങളുണ്ടാകും. അതോടൊപ്പം, വികസന പദ്ധതികളുടെ വിതരണത്തിലെ അസമത്വം ഈ ബജറ്റിലും മുഴച്ചുനിൽക്കുന്നു. പുതുതായി വരുന്ന രണ്ട് മെഡിക്കൽ കോളജുകളും തെക്കൻ കേരളത്തിലാണ്; പതിവുപോലെ, ‘അപ്ഗ്രേഡി’ന് വിധിക്കപ്പെട്ടിരിക്കുകയാണ് മലബാറിലെ ആതുരാലയങ്ങൾ. ഹയർ സെക്കൻഡറി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മലബാറിലെ വിദ്യാർഥികൾ നേരിടുന്ന പ്രതിസന്ധിക്ക് ഈ ആശയ ബാഹുല്യങ്ങൾക്കിടയിലും പരിഹാരം കാണാനായില്ല എന്നതും നിരാശജനകമാണ്.
അതേസമയം, പുതിയ ജില്ലകളുടെ രൂപവത്കരണം സംബന്ധിച്ച പുതിയ പഠന നിർദേശം സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെ. എന്തായാലും, ടീം യു.ഡി.എഫിന്റെ വികസന-സാമ്പത്തിക നയം വി.ഡി. സതീശൻ സംശയലേശമന്യേ വ്യക്തമാക്കിയിരിക്കുന്നു. അവയുടെ പ്രയോഗവത്കരണത്തിലേക്കുള്ള പാത അത്യന്തം ദുർഘടമാണെന്ന യാഥാർഥ്യബോധവും സർക്കാറിനുണ്ടെന്നാണ് ബജറ്റ് പ്രസംഗത്തിന്റെ പ്രാഥമിക വായനയിൽനിന്ന് സാമാന്യമായി മനസ്സിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.