കെ.എസ്.ഇ.ബിയെ തീപിടിപ്പിക്കുന്ന ഷോർട്ട്​ സർക്യൂട്ടുകൾ




കെ.എസ്.ഇ.ബിയെ തീപിടിപ്പിക്കുന്ന അഴിമതികളെ കുറിച്ച് വൈദ്യുതി ബോർഡ് ചെയർമാൻ ബി. അശോക് ഐ.എ.എസ്, കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക്​ പേജിലെഴുതിയ കുറിപ്പിന്‍റെ തലക്കെട്ട് 'കടക്ക് തീപിടിച്ചിട്ടില്ല; നാട്ടുകാർ ഓടിവരേണ്ടതുമില്ല' എന്നാണ്. യഥാർഥത്തിൽ ആ കുറിപ്പ് പറയുന്നത്, കെ.എസ്.ഇ.ബിക്ക് തീപിടിച്ചിരിക്കുന്നു. നാട്ടുകാർ നിർബന്ധമായും ഓടിവരേണ്ടതുണ്ട് എന്നാണ്. അല്ലെങ്കിൽ അത് കത്തിയമർന്ന് വെണ്ണീറാകും. അതിന്‍റെ മുഴുവൻ ഭാരവും വഹിക്കേണ്ടിവരുക ജനങ്ങളായിരിക്കും എന്ന മുന്നറിയിപ്പുകൂടിയാണാ കുറിപ്പ്. കാരണം, കണക്കുപ്രകാരം 2021 മാർച്ചിലെ നഷ്ടം 7,160.42 കോടി രൂപയാണ്. ശമ്പളവും ആനുകൂല്യവും പെൻഷൻ പരിഷ്കരണവും വരുന്നതോടെ ബാധ്യത 8919 കോ​ടി​യിലേക്കെത്തുമെന്നാണ് റെഗുലേറ്ററി കമീഷന് നൽകിയ റിപ്പോർട്ട് പറയുന്നത്. വരുന്ന അഞ്ചുവർഷത്തിനുള്ളിൽ റവന്യൂ കമ്മി 20,907 കോടിയിലേക്ക് കൂടുമെന്നും അത് വ്യക്തമാക്കുന്നു. അതു പരിഹരിക്കാൻ എന്നത്തേയും പോലെ ബോർഡിനു മുന്നിൽ വഴിയുണ്ട്- വൈദ്യുതി നിരക്ക് കുത്തനെ കൂട്ടുക. 2022-23 മു​ത​ൽ 2026-27 വ​രെയുള്ള കാലയളവിൽ പ്രതിവർഷം വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള ശിപാർശയിൽ തെളിവെടുക്കാനും നിരക്ക് നിശ്ചയിക്കാനുമൊരുങ്ങുകയാണ് കമീഷൻ. ഫിക്സഡ്​ ചാർജിലും ഗാർഹിക വൈദ്യുതിയിലും വൻ വർധന വരുത്താനാണ് നിർദേശം. അടുത്ത അഞ്ചുവർഷവും വരാൻപോകുന്ന വർധനവിൽ ഷോക്കടിച്ചിരിക്കുന്ന ജനത്തിനു മുന്നിലേക്കാണ് അഴിമതിയുടെ തീപിടിച്ച വിവരങ്ങൾ വന്നെത്തിയിരിക്കുന്നത്.

ബോർഡ് ചെയർമാനും യൂനിയൻ നേതാക്കളും തമ്മി​െല അധികാര ബലതന്ത്രങ്ങളുടെ ഉരസലുകൾ ചെറിയ പൊട്ടിത്തെറികളായി പുറത്തുവരാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. എന്നാൽ, ഇടതുപക്ഷ ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ്​ ബോർഡ് ചെയർമാനെതിരെ ഉന്നയിച്ച ആരോപണങ്ങളും അതിനുള്ള മറുപടിക്കുറിപ്പുമുണ്ടാക്കിയ ഘർഷണമാണ് ജനങ്ങളറിയും വിധമുള്ള വലിയ ആളിപ്പടർപ്പിലേക്ക് കാര്യങ്ങളെ നയിച്ചത്. ബി. അശോക് പുറത്തേക്കിട്ട ക്രമക്കേടുകൾ നിസ്സാരമായി തള്ളേണ്ടവയല്ല. ടെൻഡറുകൾ അടക്കം സുപ്രധാനവും രഹസ്യവുമായ വിവരങ്ങൾ ആസ്ഥാനത്തുനിന്ന് ചോരുന്നു. 33,000 ജീവനക്കാരിൽ 6000 പേർ ​െറഗുലേറ്ററി കമീഷന്‍റെ അംഗീകാരം നേടാതെ ചെലവ് കൊടുക്കുന്ന കമ്പനിയാണ് ബോർഡ്. പൂർണ ബോർഡ് മീറ്റിങ്ങോ മാനേജിങ് ഡയറക്​ടറേറ്റോ അറിയാതെ വർഷം 12 കോടിരൂപ ചെലവിൽ 90 ഉ​േദ്യാഗസ്ഥരെ വാട്സ്ആപ്​ സന്ദേശം വഴി നിയമിക്കുകയും ഇപ്പോൾ അച്ചടക്ക നടപടിക്ക് വിധേയമാകുകയും ചെയ്തിരിക്കുന്നു. ടൂറിസം വികസനത്തിന്‍റെ പേരിൽ പല സൊസൈറ്റികൾക്കും കെ.എസ്.ഇ.ബിയുടെ നൂറുകണക്കിന് ഏക്കർ സ്ഥലം സർക്കാറിന്‍റെയോ ബോർഡിന്‍റെയോ അനുമതിയില്ലാതെ വാണിജ്യ പാട്ടത്തിന് വിട്ടുകൊടുത്തിരിക്കുന്നു. സർക്കാർ അനുമതിയില്ലാത്ത, മുൻകാല പ്രാബല്യത്തോടെ നടത്തിയ ശമ്പള പരിഷ്കരണത്തിലൂടെ 2021 ഫെബ്രുവരിയിൽ 1200 കോടി ബാധ്യത ഏറ്റെടുത്തു. 1000 കോടിയിലധികം ബാധ്യത വരുന്ന ചെലവിനങ്ങൾ നിയമപരമായ അനുമതിയില്ലാതെ ഏറ്റെടുക്കുന്നു എന്നുതുടങ്ങിയ അഴിമതിയുടെ വിദ്യുത് പ്രവാഹങ്ങളാണ് ആ വിവരണത്തിലുള്ളത്.

ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി കെ. കൃഷ്ണൻകുട്ടി ഊർജവകുപ്പ് സെക്രട്ടറി രാജേഷ്​ കുമാർ സിൻഹയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അധികാരത്തിന്‍റെ ഭോജനശാലയിൽ വെന്തുകൊണ്ടിരിക്കുന്നത് ഒത്തുതീർപ്പ് ഫോർമുലകളാണ്. യൂനിയൻ നേതാക്കളുടെ സ്വാതന്ത്ര്യമടക്കമുള്ള ആവശ്യങ്ങളിൽ തീർപ്പാക്കി സർക്കാറിന് പ്രതിസന്ധി സൃഷ്ടിക്കുന്ന അഴിമതിയുടെ കേബിളുകൾ സംരക്ഷിക്കപ്പെടാനാണ് സാധ്യത. കാരണം, ഇപ്പോൾ പടർന്ന തീ കൂടുതൽ ആളിപ്പടർന്നാൽ ഈ മന്ത്രിസഭയെ മാത്രമല്ല, മുൻകാല വൈദ്യുതി മന്ത്രിമാരും പാർട്ടികളും ശരിക്കും പിടയേണ്ടിവരും. വിമർശനമുനയേറ്റ മുൻമന്ത്രി എം.എം. മണി പൊട്ടിച്ച വെടിയേൽക്കുന്നത് യു.ഡി.എഫ് കാലത്തെ വൈദ്യുതി മന്ത്രിമാർക്കു കൂടിയാണ്.

വൈദ്യുതി ബോർഡിൽ പതിറ്റാണ്ടുകളായി തുടരുന്ന അഴിമതിയും സ്വജനപക്ഷപാതവും കൊള്ളയും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ചെലവ് വർധിച്ചാലും കുഴപ്പമില്ല, നിരക്കുകൂട്ടി പരിഹരിക്കാമല്ലോ എന്ന യുക്തിയാണ് ഈ അഴിമതിക്കാരുടെ ധൈര്യം. ജീവനക്കാരുടെ നിയമനങ്ങളിലും ശമ്പള പരിഷ്കരണങ്ങളിലും സാമഗ്രികളുടെ വാങ്ങൽ വിതരണസമ്പ്രദായങ്ങളിലും ചട്ടലംഘനങ്ങൾ നിർബാധം നടത്താൻ അവരെ പ്രേരിപ്പിക്കുന്നത് അധികാര ഗർവ് മാത്രമല്ല, നിരക്ക് വർധനവിലൂടെ പണമാർജിക്കാമെന്ന ഉറപ്പുകൂടിയാണ്. ജനങ്ങളുടെ സമ്പത്തിന്‍റെ ഈ കൊള്ള അവസാനിപ്പിക്കാൻ നിരക്ക് നിർണയത്തിൽ ഉൽപാദന ചെലവും ഉൽപാദനേതര ചെലവും തമ്മിൽ കൃത്യതയുള്ള റേഷ്യോ നിർണയിക്കപ്പെടേണ്ടതുണ്ട്. സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കെടുകാര്യസ്ഥതയുടെ ഷോർട്ട്​ സർക്യൂട്ടുകൾ ഇല്ലാതാക്കാനാകൂ. അതിന് നാട്ടുകാർ ഓടിക്കൂടി ഒച്ചയുയർത്തേണ്ടിയിരിക്കുന്നു.

Tags:    
News Summary - feb 18th editorial on upleasant things in KSEB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.