പ്രസിഡൻറു സ്ഥാനത്തേക്ക് അഞ്ചാമൂഴത്തിനില്ലെന്ന് അബ്ദുൽ അസീസ് ബൂതഫ്ലീഖ തിങ്കളാഴ്ച നടത്തിയ പ്രഖ്യ ാപനം അൽജീരിയൻ തെരുവുകളെ മുഖരിതമാക്കിയിരുന്ന ജനകീയ പ്രക്ഷോഭത്തിന് താൽക്കാലിക വിരാമം കുറിച്ചിരിക്കുന്നു. എ ന്നാൽ, ഏപ്രിൽ 18ന് നടക്കേണ്ട തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിവെച്ചതോടെ രാജ്യത്തെ രാഷ്ട്രീയാസ്വാസ്ഥ്യം കെട്ടടങ്ങുന്ന ലക്ഷണമില്ല. നാലു ഉൗഴങ്ങളിലായി ഇരുപതു വർഷം പൂർത്തീകരിച്ച ബൂതഫ്ലീഖയുടെ ഭരണം തൊഴിലില്ലായ്മയ ും തൊഴിൽ, സാമൂഹികരംഗങ്ങളിലെ അസമത്വവും സൈനിക മേൽക്കൈയിലുള്ള അഴിമതിയുമായി പൊറുതിമുട്ടിച്ചപ്പോൾ ജനം കഴിഞ്ഞ മൂന്ന് ആഴ്ചകളായി സ്തംഭിപ്പിക്കൽ സമരങ്ങളുമായി തെരുവിലായിരുന്നു. 82കാരനായ പ്രസിഡൻറ് 2013ൽ പക്ഷാഘാതം ബാധിച്ചതോടെ പൊതുരംഗത്തു നിന്നു നിഷ്ക്രമിച്ച് ചികിത്സയിലാണ്. ജനീവയിലെ രണ്ടാഴ്ചത്തെ ചികിത്സക്കു ശേഷം നാട്ടിലെത്തിയ അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിൽ, അഞ്ചാമൂഴത്തെക്കുറിച്ച് തനിക്ക് ചിന്തയേയില്ലെന്നും പുതിയ റിപ്പബ്ലിക്കിെൻറ അടിത്തറ ഭദ്രമാക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. രാജ്യത്തെ ഭരണമാറ്റം എന്ന ആവശ്യത്തിന് റൂട്ട്മാപ്പും അവതരിപ്പിച്ചിട്ടുണ്ട്്. അതനുസരിച്ച് ഒരു സ്വതന്ത്രസമിതി പുതിയ ഭരണഘടന ഉണ്ടാക്കും. സമിതി ഇൗ വർഷാന്ത്യത്തോടെ തയാറാക്കുന്ന ഭേദഗതികളടങ്ങുന്ന പുതിയ ഭരണഘടന ജനഹിതപരിശോധനയിലൂെട അംഗീകാരം വാങ്ങിയ ശേഷമായിരിക്കും പ്രസിഡൻറ് തെരഞ്ഞെടുപ്പിനു നീങ്ങുക.
1991ൽ ജനാധിപത്യരീതിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ട് നേടിയ അഭൂതപൂർവമായ വിജയം അന്നത്തെ പ്രസിഡൻറ് ശാദുലി ബിൻജദീദ് 1992 ജനുവരി 11ന് അട്ടിമറിച്ച ശേഷം രാജ്യം ആഭ്യന്തരകലാപത്തിലമരുകയായിരുന്നു ഒരു പതിറ്റാണ്ട്. പ്രതിപക്ഷത്തെ മൊത്തം വരിഞ്ഞുകെട്ടി 1999ൽ പ്രഹസനമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തിയ ‘തെരഞ്ഞെടുപ്പി’ലൂടെയാണ് ബൂതഫ്ലീഖ അധികാരമേൽക്കുന്നത്. ആഭ്യന്തരയുദ്ധം തള്ളിവിട്ട സാമ്പത്തിക, രാഷ്ട്രീയപ്രതിസന്ധിയിൽനിന്നു രാജ്യത്തെ രക്ഷിക്കുമെന്നായിരുന്നു അദ്ദേഹത്തിെൻറ വാഗ്ദാനം. സായുധ ഗറില വിഭാഗത്തിൽപെട്ടവരടക്കമുള്ള തടവുകാർക്ക് പൊതുമാപ്പ് നൽകിയും ദേശീയ അനുരഞ്ജനത്തിെൻറയും സമവായത്തിെൻറയും വഴി തേടിയും അദ്ദേഹം ജനങ്ങളിൽ പ്രതീക്ഷ ജനിപ്പിക്കുകയും ചെയ്തു. അതേസമയം അകത്ത്, സൈന്യം പിടിമുറുക്കുകയും ഫ്രഞ്ച് എണ്ണ, വാതക ബഹുരാഷ്ട്ര കമ്പനികളെ ആശ്രയിച്ചു നിലകൊണ്ട സമ്പദ്ഘടന കൈപ്പിടിയിലൊതുക്കുകയുമായിരുന്നു. ബിൻജദീദിെൻറ വഴി പിന്തുടർന്ന് നവ ഉദാരീകരണത്തിെൻറ നയപരിപാടികൾതന്നെ ബൂതഫ്ലീഖ നടപ്പിലാക്കിത്തുടങ്ങിയതോടെ കാര്യങ്ങൾ പിന്നെയും കുഴപ്പത്തിലായി. 2004ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിൽ പിന്നെ അടുത്ത ഉൗഴങ്ങൾകൂടി സ്വന്തമാക്കാനായി ശ്രമം. അതിന് ഭരണഘടന ഭേദഗതി ചെയ്തു. അങ്ങനെ ആജീവനാന്ത പ്രസിഡൻറായി സ്വന്തം നില ഭദ്രമാക്കിയെടുത്തപ്പോൾ രാജ്യം തൊഴിലില്ലായ്മയിലേക്കും സാമ്പത്തിക അപചയത്തിലേക്കും കൂപ്പുകുത്തി. 2011ൽ മിനിമം വേതനം വർധിപ്പിക്കാനും പെൻഷൻ പരിഷ്കരണത്തിനുമായി വമ്പിച്ച തൊഴിലാളി സമരങ്ങൾ നടന്നു. 2017ൽ സാമ്പത്തിക നിയമത്തിൽ പരിഷ്കരണം ആവശ്യപ്പെട്ട് രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളുണ്ടായി. എണ്ണ കയറ്റുമതി വർധിക്കുേമ്പാഴും ആഭ്യന്തര സാമ്പത്തികരംഗം വഷളാവുകയായിരുന്നു. മുപ്പതിനുതാഴെ പ്രായമുള്ള നാലു പേരിലൊരാൾ തൊഴിൽരഹിതനെന്ന തോതിലാണ് കണക്കുകൾ.
ഇൗ ഏപ്രിലിൽ നാലാമൂഴം പിന്നിടുന്ന ബൂതഫ്ലീഖ അടുത്ത തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി രംഗത്തെത്തുന്നുവെന്ന അറിയിപ്പു കൂടിയായതോടെ ജനരോഷം തിളച്ചുമറിഞ്ഞു. വിദ്യാലയങ്ങളിൽ പഠനവും തൊഴിലിടങ്ങളിൽ ജോലിയും ബഹിഷ്കരിച്ച് വിവിധ നഗരങ്ങളിൽ പ്രക്ഷോഭത്തിനിറങ്ങിയ ജനങ്ങൾ അറബ് വസന്തകാലത്തിനു സമാനമായ സാഹചര്യം സൃഷ്ടിച്ചു. തൊണ്ണൂറുകളിലെ ആഭ്യന്തരകലാപത്തിലേക്കു വിരൽചൂണ്ടി പ്രക്ഷോഭം അടിച്ചമർത്താനൊരുെമ്പട്ടതിന് ഗാന്ധിയൻ മാതൃകയിൽ അക്രമരഹിതസമരം ആസൂത്രണം ചെയ്താണ് പ്രക്ഷോഭക്കാർ പകരം വീട്ടിയത്. വിദ്യാർഥി, തൊഴിലാളി സംഘടനകളും ലോക വനിതദിനത്തിൽ സ്ത്രീകളും വൻനഗരങ്ങൾ നിശ്ചലമാക്കി നടത്തിയ പ്രക്ഷോഭത്തിനൊടുവിൽ അഞ്ചാമൂഴത്തിൽനിന്നു പിന്തിരിയാൻ ബൂതഫ്ലീഖ നിർബന്ധിതനായിരിക്കുന്നു. എന്നാൽ, പ്രക്ഷോഭത്തെ തൽക്കാലം നിർവീര്യമാക്കി നിർത്താനുള്ള തീരുമാനമാണ് ഇൗ പിൻമാറ്റമെന്നും അതിനപ്പുറം ഭരണം പഴയപടി സ്വന്തം താളത്തിൽ സൈന്യത്തിെൻറ അകമ്പടിയോടെ മുന്നോട്ടു കൊണ്ടുപോകുമെന്നുമുള്ള സംശയം സർവത്രയുണ്ട്. മാർച്ച് മൂന്നിന് നാമനിർദേശപത്രിക സമർപ്പിച്ചപ്പോൾതന്നെ ദേശീയസംവാദത്തിലൂടെ ഭരണഘടന ഭേദഗതി ചെയ്യുമെന്നും ഒരു വർഷത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്നുമായിരുന്നു ബൂതഫ്ലീഖയുടെ വാഗ്ദാനം. അതിൽ സ്ഥാനത്യാഗത്തിനു തയാറായി എന്നതൊഴിച്ചാൽ ഭരണത്തിൽ തൽസ്ഥിതി തുടരും എന്ന സൂചനകളാണ് ഇപ്പോൾ തെളിയുന്നത്.
പ്രഖ്യാപനം വന്നതോടെ പ്രധാനമന്ത്രി രാജിവെച്ച സ്ഥാനത്തേക്ക് മുൻ ആഭ്യന്തരമന്ത്രിയും പ്രസിഡൻറിെൻറ അടുപ്പക്കാരനുമായ നൂറുദ്ദീൻ ബിദൂയിയെ നിയമിച്ചിട്ടുണ്ട്. മറ്റൊരു സ്വന്തക്കാരനെ ഉപപ്രധാനമന്ത്രിയുടെ പുതിയ തസ്തികയുണ്ടാക്കി വാഴിച്ചു. ഇൗ നീക്കങ്ങൾ സൈന്യത്തിെൻറ പിന്തുണയോടെ ജനാധിപത്യ പുനഃസ്ഥാപനത്തിനുള്ള സമയം നീട്ടിയെടുക്കാനുള്ള ശ്രമമാണെന്ന ശങ്കയുണ്ട്. ജനങ്ങളുടെ സമരവിജയമായല്ല, അതിനെ മറികടക്കാനുള്ള ഭരണകൂട തന്ത്രമായാണ് ഇൗ നീക്കങ്ങളെ കാണേണ്ടതെന്ന് പ്രതിപക്ഷ നേതാക്കളും രാഷ്ട്രീയനിരീക്ഷകരും ഒരുപോലെ അഭിപ്രായപ്പെടുന്നു. അതിനാൽ, പ്രക്ഷോഭത്തിൽനിന്നു ജനവും പിറകോട്ടു പോകില്ല. ഇരുകൂട്ടർക്കും ഉത്തരാഫ്രിക്കക്കും സംഘർഷമൊഴിവാക്കാൻ അൽജീരിയയുടെ മുമ്പിൽ ജനാധിപത്യ പുനഃസ്ഥാപനം ഒന്നു മാത്രമാണ് വഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.