ആമിർ ഖാന്റെ രാജ്യം


'എന്തുകൊണ്ടാണ് ആമിർ ഖാൻ സാകിർ നായിക്കിനെക്കാൾ അപകടകാരിയാവുന്നത്?–ഒരു സംഘ്പരിവാർ അനുകൂല വെബ് പോർട്ടലിൽ അടുത്തദിവസം വന്ന ലേഖനത്തിന്റെ തലക്കെട്ടാണിത്. ഹിന്ദി സിനിമയിൽ കലാമികവു കൊണ്ട് ഇതിനകം വ്യക്തിത്വം അടയാളപ്പെടുത്തിയ നടനാണ് മുഹമ്മദ് ആമിർ ഹുസൈൻ ഖാൻ എന്ന ആമിർ ഖാൻ. അദ്ദേഹം മുഖ്യ നടനായി അഭിനയിച്ച, അദ്ദേഹത്തിന്റെ തന്നെ ഉടമസ്​ഥതയിലുള്ള ആമിർഖാൻ പ്രൊഡക്​ഷൻസ്​ നിർമിച്ച 'ലാൽ സിങ് ചദ്ദ' എന്ന സിനിമ ആഗസ്​റ്റ് 11ന് റിലീസ്​ ചെയ്യാനിരിക്കുകയാണ്. സിനിമക്കെതിരെ ഇപ്പോൾ വലിയതോതിൽ സമൂഹമാധ്യമ പ്രചാരണം നടക്കുന്നുണ്ട്. ആമിർ ഖാനെ ബഹിഷ്കരിക്കുക, ലാൽ സിങ് ചദ്ദ ബഹിഷ്കരിക്കുക, ബോളിവുഡിനെ ബഹിഷ്കരിക്കുക തുടങ്ങിയ സന്ദേശങ്ങളടങ്ങുന്ന ഹാഷ്​ടാഗുകളാണ് ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമസ്​ഥലികളിൽ വലിയതോതിൽ പങ്കുവെക്കപ്പെടുന്നത്. ആ സിനിമ എന്തിന് ബഹിഷ്കരിക്കണം എന്നു പക്ഷേ, ഈ പ്രചാരണങ്ങളിലൊന്നും വ്യക്തമല്ല. സംഘ്പരിവാർ അനുകൂല ഹാൻഡിലുകളാണ് പ്രചാരണത്തിന്റെ മുൻപന്തിയിൽ. 1994ൽ ഹോളിവുഡിൽ പുറത്തിറങ്ങിയ 'ഫോറസ്റ്റ് ഗംപ്' എന്ന ചിത്രത്തിന്റെ റീമേക്ക് എന്ന നിലയിലാണ് 'ലാൽ സിങ് ചദ്ദ' നിർമിക്കപ്പെടുന്നത്. മുമ്പ് ഇറങ്ങിയതോ മറ്റു പ്രദേശങ്ങളിൽ ഇറങ്ങിയതോ ആയ സിനിമകൾ റീമേക്ക് ചെയ്ത് തയാറാക്കുക എന്നത് ആ വ്യവസായത്തിൽ സാധാരണമാണ്. 'ഫോറസ്റ്റ് ഗംപി'ന്റെ ഉടമകളിൽനിന്ന് റീമേക്ക് അവകാശം നേടിയെടുത്ത ശേഷമാണ് 'ലാൽ സിങ് ചദ്ദ'യുടെ പ്രവർത്തനം ആരംഭിക്കുന്നത്. 'ഫോറസ്റ്റ് ഗംപി'നെ അപ്പടി കോപ്പിയടിച്ചതാണ് 'ലാൽ സിങ് ബദ്ദ' എന്ന വിമർശനം സിനിമലോകത്ത് നേരത്തേ ഉയരുന്നുണ്ടായിരുന്നു. ഒരു റീമേക്ക് സിനിമയിൽ കോപ്പിയടി ആരോപിക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല. ഇനി, യഥാർഥത്തിൽ തന്നെ അതൊരു പ്രശ്നമാണെങ്കിൽ ആ വിമർശനം ഉയർത്തുക എന്നതല്ലാതെ, അതിലെ നടനെയും ബോളിവുഡിനെ മൊത്തമായും മുൻനിർത്തി ബഹിഷ്കരണ ആഹ്വാനം നടത്തുന്നത് എന്തിനാണ്? അവിടെയാണ് മറ്റു ചില അജണ്ടകൾ നടപ്പാക്കപ്പെടുന്നുവെന്ന് കാണേണ്ടിവരുന്നത്.

ബോളിവുഡിനോട് സംഘ്പരിവാറിന് നേരത്തേ തന്നെ കലിപ്പുണ്ട്. ഖാൻത്രയം എന്ന് അവർ വിശേഷിപ്പിക്കുന്ന മൂന്നു മുസ്​ലിം നടന്മാർ ആ വ്യവസായത്തിൽ ഉന്നതസ്​ഥാനത്ത് നിൽക്കുന്നുവെന്നതാണ് ആ വെറുപ്പിന്റെ ഒരു കാരണം. ബോളിവുഡിനെ ആകപ്പാടെ പരിശോധിച്ചാൽ മതേതരമായ ഒരു ഇടമായി അത് നിലനിൽക്കുന്നുണ്ട്. സംഘ്പരിവാരത്തിന്റെ സാംസ്​കാരിക ലക്ഷ്യങ്ങൾക്ക് അനുസരിച്ച് ചലിക്കുന്ന വ്യവസായമല്ല അത്. ഇന്ത്യയുടെ സഹജമായ വൈവിധ്യങ്ങളെയും സഹിഷ്ണുതയെയും പ്രതിനിധാനംചെയ്യുന്ന ഒരു സെക്കുലർ സ്​പേസ്​ എന്നതാണ് ബോളിവുഡിന്റെ പ്രത്യേകത. അതിനാൽതന്നെ, ബോളിവുഡിനെ അവഹേളിക്കുക, അതിന്റെ വിശ്വാസ്യത തകർക്കുക തുടങ്ങിയവ അവരുടെ പദ്ധതിയാണ്. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ ഈയിടെയുണ്ടായ മയക്കുമരുന്ന് കേസും തുടർ സംഭവങ്ങളും അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഒരു കുട്ടിയെ മുൻനിർത്തി നാർകോട്ടിക്സ്​ കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിൽ അന്ന് നടത്തിയ കാട്ടിക്കൂട്ടലുകൾ ഓർത്തു നോക്കൂ. എന്തുമാത്രം വൈരനിര്യാതന ബുദ്ധിയോടെയാണ് ദേശീയ അന്വേഷണ ഏജൻസികൾ ആ ചെറുപ്പക്കാരന്റെ പിന്നാലെ കൂടിയത്. പിന്നീട് എല്ലാം വെറും വ്യാജങ്ങളായിരുന്നു എന്ന് തെളിയിക്കപ്പെട്ടു.

കഴിഞ്ഞദിവസം ആമിർഖാൻ നടത്തിയ പ്രസ്​താവന ആരെയും ചിന്തിപ്പിക്കേണ്ടതാണ്. ഞാൻ ഇന്ത്യക്കാരനാണ്, ഇന്ത്യയെ സ്​നേഹിക്കുന്നയാളാണ്; ദയവുചെയ്ത് എന്റെ സിനിമ ബഹിഷ്കരിക്കരുത് എന്ന് ലോകപ്രശസ്​തനായ ഒരു ഇന്ത്യൻ കലാകാരന് മാധ്യമങ്ങളുടെ മുന്നിൽ വന്ന് കെഞ്ചേണ്ടിവരുന്ന സാഹചര്യം ഒന്നാ​േലാചിച്ചു നോക്കൂ. 'ലാൽസിങ് ചദ്ദ'യുടെ ഉള്ളടക്കത്തിൽ ഹിന്ദുത്വ വിരുദ്ധമായ എന്തെങ്കിലും സന്ദേശങ്ങളുള്ളതുകൊണ്ടല്ല അതിനെതിരായ കാമ്പയിൻ നടക്കുന്നത്. അത് ആമിർ ഖാന്റെ പടമാണ് എന്നതുകൊണ്ട് മാത്രമാണ്. ഇന്ത്യയിൽ അസഹിഷ്ണുത പടരുന്നുണ്ട് എന്നൊരു പ്രസ്​താവന 2015ൽ ആമിർ ഖാൻ നടത്തിയിരുന്നു. കുട്ടികളുടെ ഭാവിയോർത്ത് ഇന്ത്യ വിടാൻ ആലോചിക്കുന്നതായി ആമിറിന്റെ അന്നത്തെ ഭാര്യ കിരൺ റാവുവും പറഞ്ഞിരുന്നു. അതിനുശേഷം ആമിറിനോടുള്ള വെറുപ്പ് ഹിന്ദുത്വവാദികൾ നിരന്തരം പങ്കുവെച്ചുപോരുന്നുണ്ട്. അതിന്റെ തുടർച്ചയായി മാത്രമേ ലാൽ സിങ് ചദ്ദക്കെതിരായ പ്രചാരണത്തെയും കാണാൻ പറ്റൂ.

ഉന്മാദ ദേശീയത ഉണർത്തുന്നതും പഴയകാലത്തെ ഹിന്ദു രാജാക്കന്മാരെയും യോദ്ധാക്കളെയും പൊലിപ്പിക്കുന്നതുമായ ബയോപിക് സിനിമകൾ അടുത്ത കാലത്തായി ധാരാളമായി വരുന്നുണ്ട്. ഈയിടെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ അജയ് ദേവ്ഗണിന്റെ 'തൻഹാജി' എന്ന സിനിമ ആ ഗണത്തിൽ പെടുന്നു. പ്രസ്​തുത സിനിമയിലെ അഭിനയത്തിനാണ് ദേവ്ഗൺ അവാർഡിന് അർഹനാവുന്നതും. കാനഡയിൽ താമസമാക്കിയ അക്ഷയ് കുമാറാണ് ഹിന്ദുത്വ വാദികളുടെ മറ്റൊരു പ്രിയപ്പെട്ട സിനിമക്കാരൻ. തീവ്ര ദേശീയത, ഇന്ത്യയിലെ മുസ്​ലിം രാജവംശങ്ങളോടുള്ള വെറുപ്പ് എന്നിവ ഉൽപാദിപ്പിക്കുന്ന സിനിമകൾ ഇറക്കുന്നവരാണ് ഇവർ. സംഘ്പരിവാർ പിന്തുണയുണ്ടായിട്ടും അത്തരം സിനിമകൾ ബോക്സ്​ ഓഫിസിൽ പരാജയപ്പെടുന്നത് അവരെ അസ്വസ്​ഥമാക്കുന്നുണ്ടാവണം.

ലോകത്തിനുനേരെ പിടിച്ച ഇന്ത്യയുടെ കണ്ണാടിയാണ് ബോളിവുഡ്. വിദേശരാജ്യങ്ങളിൽ ബോളിവുഡ് സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യത ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. മറ്റൊരർഥത്തിൽ ഇന്ത്യയുടെ പ്രധാനപ്പെട്ടൊരു കയറ്റുമതിച്ചരക്കും സോഫ്റ്റ് പവറുമാണ് ബോളിവുഡ്. എന്നാൽ, അത് തങ്ങളുടെ കാഴ്ചപ്പാടുകൾക്കൊപ്പം തുള്ളുന്നില്ല എന്നതിന്റെ പേരിൽ മാത്രം അതിനെ തകർക്കാൻ ഭരിക്കുന്ന പാർട്ടിയുടെ ആളുകൾ തന്നെ രംഗത്തുവരുന്നത് എന്തുമാത്രം മോശം ഏർപ്പാടാണ്!

Tags:    
News Summary - agenda behind campaign against movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.