ലൈംഗിക ന്യൂനപക്ഷമായതിനാൽ കൊല്ലപ്പെടുന്നവരുടെ നാടായി കേരളം

കേരളത്തില്‍ കൊല്ലപ്പെട്ട ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ആണ് ഗൗരി. ആലുവയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ ഗൗരിയുടെ മൃതദേഹം ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി ഏറ്റെടുത്ത് സംസ്‌കരിക്കുകയായിരുന്നു.

ആരും ഏറ്റെടുക്കാൻപോലുമില്ലാതെ ഗൗരിയുടെ അഴുകിയ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിൽ കുറേ ദിവസം കിടന്നിരുന്നു. ഗൗരി തമിഴ്‌നാട് ചിന്നസേലം സ്വദേശിയാണെന്ന സംശയം മാത്രമാണ് ഇപ്പോഴും പൊലീസിനുള്ളത്. യഥാര്‍ഥ സ്ഥലമേതെന്നോ ഗൗരിയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരെന്നോ പൊലീസിനറിയില്ല.

 


ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ മൃതദേഹം സംസ്‌കരിക്കാതെ മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റി മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായതോടെ ഈ പ്രശ്‌നത്തിന് പരിഹാരമായി. ആരോരുമില്ലാതെ, ആരും തിരിച്ചറിയാതെ ഗൗരി യാത്രയായി. അവരുടെ ഘാതകൻ ഇപ്പോഴും നമുക്ക് ചുറ്റും എവിടെയോ ഉണ്ട്. അടുത്ത ഇരയെയും തേടി. കൊലപാതകം അന്വേഷിക്കുന്ന ആലുവ പൊലീസിന് കേസ് സംബന്ധിച്ച ഒരു തുമ്പും ഇതുവരെ കിട്ടിയിട്ടുമില്ല.

കഴിഞ്ഞ ആഗസ്റ്റ് 15ന് വൈകിട്ട് ആറരയോടെ ആലുവ ടൗണ്‍ഹാളിന് സമീപത്തായി ഗൗരിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാവിമുണ്ട് കഴുത്തില്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കണ്ടവര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചെങ്കിലും വെളിച്ചമില്ലെന്ന കാരണം പറഞ്ഞ് പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയില്ല. അടുത്ത ദിവസം ഇന്‍ക്വസ്റ്റ് തയ്യാറാക്കാമെന്ന് പറഞ്ഞ് ആസ്ബസ്റ്റോസ് ഷീറ്റുകൊണ്ട് മൃതദേഹം മൂടി പൊലീസ് മടങ്ങി. ആസ്ബസ്റ്റോസ് ഷീറ്റുകൊണ്ട് മൂടിയ മൃതദേഹം ഒരു രാത്രി മുഴുവന്‍ മഴ നനഞ്ഞ് കിടന്നു.

 


പിറ്റേന്ന് ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്കെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്പോള്‍ അഴുകിയ നിലയിലായിരുന്നു ശരീരമെന്നും രണ്ട് ദിവസം പഴക്കമുണ്ടായിരുന്നുവെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മൃതദേഹം കണ്ടെത്തിയിട്ടും ഇന്‍ക്വസ്റ്റ് തയ്യാറാക്കാനോ ആശുപത്രിയിലേക്ക് മാറ്റാനോ പൊലീസ് തയ്യാറാവാതിരുന്നതിനെതിരെ അന്നേ വിമർശനം ഉയർന്നിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കിയ സംസ്ഥാനത്ത്, ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ നിരത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പൊലീസ് പോലും തിരിഞ്ഞുനോക്കിയില്ല എന്ന് ട്രാൻസ് വിഭാഗത്തിലുള്ളവർ പറയുന്നു. എങ്ങനെയാണ് ഗൗരിയുടെ കൊലപാതകം എന്നത് ആര്‍ക്കുമറിയില്ല. ഗൗരി ട്രാന്‍സ്‌ജെന്‍ഡര്‍ ഓര്‍ഗനൈസേഷനിലൊന്നും ഉണ്ടായിരുന്നയാളുമല്ല. എറണാകുളത്തുള്ള വളരെ കുറച്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മാത്രമാണ് അവരെ അറിയുക.

ഗൗരിയുടെ ഫോണ്‍ പരിശോധിച്ചാല്‍ അവരുമായി അടുത്ത ബന്ധമുണ്ടായിരുന്നവരെ തിരിച്ചറിയാന്‍ പൊലീസിന് വളരെ എളുപ്പം സാധിക്കുമായിരുന്നു. മൃതദേഹം കിടന്ന സ്ഥലത്തു നിന്നുള്ള തെളിവുകള്‍ കൃത്യമായി പരിശോധിച്ചാല്‍ കൊലപാതകം നടത്തിയവരുടെ പിന്നാലെ പോവാന്‍ സാധിക്കും. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ പൊലീസ് വിശദപരിശോധനക്ക് തയ്യാറായില്ല. ഗൗരി ഇപ്പോഴും അനീതിയുടെ മഴ നനയുന്നു.

പൊലീസ് പറയുന്നതും പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടും തമ്മില്‍ പ്രകടമായ പൊരുത്തക്കേടുകൾ പോലും ഗൗരി വിഷയത്തിൽ സംഭവിച്ചിരുന്നു. മരണം സംഭവിച്ച് 24 മണിക്കൂറിനുള്ളില്‍ മൃദേഹം ആശുപത്രിയില്‍ എത്തിച്ചു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറഞ്ഞത്, ആശുപത്രിയിലെത്തുമ്പോള്‍ മൃതദേഹത്തിന് ഏകദേശം രണ്ട് ദിവസം പഴക്കമുണ്ടായിരുന്നു എന്നാണ്. കാല്‍ വിരല്‍ നായ കടിച്ചുകീറിയിരുന്നു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അവിടെ ഒരു ആള്‍ക്കൂട്ടമുണ്ടായിരുന്നു. അങ്ങനെ ഒരവസ്ഥയില്‍ ആ മൃതദേഹം അവിടെ കിടന്നു എന്ന് പറയുന്നത് അത്ര നല്ല സൂചനയല്ല. കേസന്വേഷിക്കുന്ന പൊലീസ് ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണ്.

 


അഴുകിയ ശരീരത്തില്‍ നിന്ന് നിര്‍ണായകമായി തെളിവുകള്‍ പലതും ശേഖരിക്കാനായില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ ഹിതേഷ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കനത്ത മഴയായിരുന്നതിനാല്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഫൂട്ട്പ്രിന്റുകളോ ഫിംഗര്‍പ്രിന്റുകളോ ​പൊലീസിന് ശേഖരിക്കാനായതുമില്ല. ഇത്തരം തെളിവുകളെല്ലാം നശിക്കാനുള്ള അവസരമാണ് പൊലീസിന്റെ അനാസ്ഥമൂലം ഉണ്ടായതെന്ന് ട്രാന്‍സ്‌ജെന്‍ഡറുകൾ പറയുന്നു.

ഗൗരിയുടെ കൊലപാതകം ട്രാൻസ്ജൻഡർ കമ്യൂണിറ്റിക്ക് ഇടയിൽപോലും ഒരു ഒച്ചപ്പാടും സൃഷ്ടിച്ചില്ല. ലിംഗ-ലൈംഗീക ന്യൂനപക്ഷങ്ങളോടുള്ള മലയാളിയുടെ പൊതു കാഴ്ചപ്പാടിന് ഇനിയും വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന് വേണം മനസിലാക്കാൻ.

ട്രാന്‍സ്ജന്‍ഡർ ഷാലു

ട്രാന്‍സ്ജന്‍ഡർ ഷാലു കോഴിക്കോട് നഗരത്തിൽ കൊല്ലപ്പെടുന്നത് 2019 മാർച്ച് 31നാണ്. കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുള്ള ഇടുങ്ങിയ വഴിയിൽ സാരി കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് ഷാലുവിന്റെ മൃതദേഹം കണ്ടെത്തിയത്. വാക്കുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ കൊലപാതകമെന്നാണ് പൊലീസ് പറഞ്ഞത്. കഴുത്തില്‍ സാരി കുരുക്കി ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

 


ശരീരത്തില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. കേസിലെ പ്രതികളും ഷാലുവും ഷൊര്‍ണൂരില്‍വച്ച് വാക്കുതർക്കം ഉണ്ടായിരുന്നു. ഷൊര്‍ണൂരെത്തിയ ഷാലു ജീവനുഭീഷണിയുണ്ടെന്ന് കോഴിക്കോട്ടെ ട്രാന്‍സ്‍ജന്‍ഡര്‍ കൂട്ടായ്മയായ പുനര്‍ജനിയുടെ പ്രതിനിധികളെ വിളിച്ചറിയിച്ചിരുന്നു. തന്നെ സംരക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാമെന്ന് പുനര്‍ജനി സംഘടനയുടെ പ്രതിനിധികള്‍ ഷാലുവിനെ അറിയിച്ചിരുന്നു.

കൊല്ലപ്പെടുന്നതിന് തലേദിവസം ഉച്ചക്കുശേഷമായിരുന്നു ഷാലു കോഴിക്കോട്ടെത്തിയത്. പിറ്റെദിവസം പുലര്‍ച്ചയാണ് മൃതദേഹം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു പിന്‍വശത്തുള്ള ഇടറോഡില്‍ കണ്ടത്. ശരീരത്തില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം ഷാലുവിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു. സുഹൃത്തുക്കളില്‍നിന്ന് ലഭിച്ച മൊഴിയും സി.സി ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ഷാലുവിന്റെ മൃതദേഹം വെസ്റ്റ് ഹില്ലിലെ ശ്മശാനത്തില്‍ പിന്നീട് സംസ്കരിച്ചു. കണ്ണൂർ ആലക്കോട് സ്വദേശിയാണ് ഷാലു. 

Tags:    
News Summary - kerala transgenders lives matter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.