പോർട്ട് സുഡാനിൽ കപ്പൽ വഴി ഇന്ത്യയിലേക്ക് മടങ്ങാൻ എത്തിയവർ

സുഡാനിൽ സമാധാനം എന്ന്​ തിരിച്ചെത്തും?

സുഡാനിൽ രണ്ട് ആഭ്യന്തര സൈന്യങ്ങളുടെ യുദ്ധസമാനമായ ഏറ്റുമുട്ടൽ മൂന്നാഴ്ച പിന്നിട്ടിരിക്കുന്നു​. തെരുവുയുദ്ധം മുതലെടുത്ത് കൊള്ളസംഘങ്ങൾ രംഗം കൈയടക്കിയിരിക്കുകയാണവിടെ. സുഡാനിലെ ‘ദാൽ’ ഗ്രൂപ്പിൽ ഉദ്യോഗസ്ഥനായ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി എം.കെ. മുഹമ്മദ് ഷഫീഖ് സംഘർഷത്തി​ന്റെയും പലായനത്തി​ന്റെയും അനുഭവങ്ങൾ വിവരിക്കുന്നു.

16 വർഷമായി എനിക്ക്​ അഭയവും അന്നവുമേകുന്ന നാടാണ്​ സുഡാൻ. സ്വർണ ഖനികളുൾപ്പെടെ പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായ ഈ രാജ്യത്തെ ജനങ്ങൾ പരോപകാരികളും നിഷ്കളങ്കരും സ്​നേഹമനസ്​കരുമാണ്​. അതുകൊണ്ടുതന്നെ യുദ്ധത്തിനിടയിൽനിന്ന്​ രക്ഷപ്പെട്ട്​ നാടണഞ്ഞിട്ടും അവരെയോർക്കു​മ്പോൾ നെഞ്ചിലെ തീയണയുന്നില്ല. പ്രത്യയശാസ്‌ത്ര തർക്കങ്ങളോ മത-ഭൂമിശാസ്‌ത്ര ഭിന്നതകളോ ഒന്നുമല്ല, നിലവിലെ ഭരണാധികാരിയും സൈനിക മേധാവിയുമായ അബ്‌ദുൽ ഫത്തഹ്‌ ബുർഹാനും ഉപ ഭരണാധികാരിയും അർധ സൈനിക സംഘമായ റാപിഡ്‌ സപ്പോർട്ട്‌ ഫോഴ്‌സ്‌ (ആർ.എസ്‌.എഫ്‌) മേധാവി ജനറൽ മുഹമ്മദ്‌ ഹംദാൻ ദഗാലോ എന്ന ഹമേത്തിയും തമ്മിലെ അധികാര വടംവലിയാണ്‌ പ്രശ്​നങ്ങൾക്ക്​ വഴിമരുന്നിട്ടത്‌. ദീർഘകാലം രാജ്യം ഭരിച്ച ഉമറുൽ ബഷീറിനെ പുറത്താക്കാൻ 2019ൽ പട്ടാള അട്ടിമറിക്ക് നേതൃത്വം നൽകിയ ഇരുനേതാക്കളും ഒന്നിച്ചായിരുന്നു ഭരണം. അൽബുർഹാൻ ഭരണത്തലവനും ഹാമിദി സഹായിയുമായിരുന്നു. പട്ടാള ഭരണത്തിൽനിന്ന് ജനാധിപത്യ ഭരണത്തിലേക്ക് മാറാൻ ശ്രമം തുടരുന്നതിനിടെ ഇരുവർക്കുമിടയിൽ അധികാരത്തർക്കം ഉടലെടുത്തു. ആർ.എസ്.എഫിനെ ഔദ്യോഗിക സൈന്യമായ എസ്.എ.എഫി​ന്റെ ഭാഗമാക്കാനുള്ള ശ്രമം തർക്കവും കലാപവും യുദ്ധവുമായി മാറി. ഒരു ലക്ഷത്തോളം വരും ആർ.എസ്.എഫി​ന്റെ അംഗസംഖ്യ. എസ്.എ.എഫിൽ രണ്ടര ലക്ഷം പേരും.

ചെറുതായി തുടങ്ങിയ പോരാട്ടം നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കി രാജ്യമെങ്ങും പടർന്നിരിക്കുന്നു. വിമാനത്താവളവും ജല- വൈദ്യുതി നിലയവുമുള്ള മിറോവ് പട്ടണം പിടിച്ച് അധികാരമുറപ്പിക്കാനുള്ള ശ്രമങ്ങളും ഇരുവിഭാഗവും തുടരുകയാണ്. സ്വർണ ഖനനത്തി​ന്റെ നിയന്ത്രണം പിടിക്കാനും ശ്രമം തുടരുന്നു. ബ്രിട്ടനിൽനിന്ന്‌ 1956ൽ സ്വാതന്ത്ര്യം നേടിയ സുഡാനിൽ അരഡസനിലധികം അട്ടിമറികൾ ഇതിനകം നടന്നിട്ടുണ്ട്‌. ഇപ്പോഴത്തെ അവസ്ഥ ഏതുനിലയിൽ അവസാനിക്കുമെന്ന് ഒരു നിശ്ചയവുമില്ല.

തലക്കുമുകളിലെതീഗോളങ്ങൾ

തലസ്ഥാന നഗരിയായ ഖർത്തൂമിലെ അന്താരാഷ്​ട്ര വിമാനത്താവളത്തിന്​ സമീപമായിരുന്നു എ​ന്റെ താമസം. ഏപ്രിൽ 15ന് രാവിലെ സ്നേഹിതൻ അജയ് ആണ് ‘നിന്റെ തലക്കുമീതെ നടക്കുന്നതൊന്നും അറിഞ്ഞില്ലേ’ എന്ന്​ വിളിച്ചു ചോദിച്ചത്​. അവധി ദിനം ആയതിനാൽ അന്ന് ഓഫിസിലേക്കിറങ്ങേണ്ടതില്ലായിരുന്നു. ജനാല തുറന്ന് പുറത്തുനോക്കിയപ്പോൾ എങ്ങും സൈന്യ സന്നാഹങ്ങൾ. മിസൈലുകളുടെ ഇരമ്പത്തിൽ കെട്ടിടങ്ങൾ കുലുങ്ങിക്കൊണ്ടിരുന്നു. ഔദ്യോഗിക ടെലിവിഷൻ ചാനലുകൾ വിവരങ്ങൾ മൂടിവെച്ചു. റമദാൻ അവസാന പത്തിലേക്ക്​ കടന്നതിനാൽ വീടുകളിൽ ഭക്ഷ്യവസ്​തുക്കളുടെ ശേഖരം കുറഞ്ഞിരുന്നു. രണ്ടാം നാൾ വൈദ്യുതി ബന്ധങ്ങൾ മുറിഞ്ഞതോടെ കുടിനീർ വിതരണവും നിലച്ചു. ഫോൺ ചാർജ് ചെയ്യൽ പോലും ദുഷ്കരമായി. ഡീസൽ കഴിഞ്ഞതോടെ ജനറേറ്ററും നിലച്ചു. ഈദുൽ ഫിത്റിനും വെടി നിർത്തുകയില്ല എന്നറിഞ്ഞതോടെ ജീവിതം ചുരുങ്ങുകയാണെന്ന് ബോധ്യമായി. വീടകം പോലും സുരക്ഷിതമല്ലെന്നായി.

പ്രിയ സുഹൃത്ത്​ ആൽബർട്ട് അഗസ്റ്റി​​ന്റെ വിയോഗം ദാരുണമായിരുന്നു. ജനൽവഴി അപ്പാർട്മെന്റിലേക്ക്​ പാഞ്ഞ വെടിയുണ്ട മുറിയുടെ ചുമരിൽ തട്ടി തലയിൽ പതിക്കുകയായിരുന്നു. ഒരു ആംബുലൻസ് അവിടേക്ക് അയക്കുന്നതിന് കമ്പനിയുടെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച്​ ശ്രമിച്ചിട്ടും സാധിച്ചില്ല. സമീപകാലത്ത് മാത്രം സുഡാനിലെത്തിയ അദ്ദേഹത്തിന്റെ ഭാര്യയും മകളും അപ്പാർട്​മെന്റിൽ ഒറ്റപ്പെട്ടുപോയിരുന്നു. ഏതാണ്ട് 30 മണിക്കൂർ കഴിഞ്ഞാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നത്. ഈസ്റ്ററിന്​ ഒരുമിച്ച് ഭക്ഷണം കഴിച്ച്​, പിറ്റേന്ന് ഇഫ്താറും കഴിഞ്ഞ്​ അടുത്ത ദിവസം അജയ് താമസിക്കുന്ന വീട്ടിൽ വിഷു സദ്യയൊരുക്കാനും തീരുമാനിച്ച് പിരിഞ്ഞതായിരുന്നു. പക്ഷേ, ആൽബർട്ടിന്റെ മുഖം പിന്നെ കാണാനായില്ല.

പീരങ്കികൾക്കിടയിലെ പലായനം

ഖർത്തൂമിൽ 4,000ത്തോളം ഇന്ത്യക്കാരാണ്​ കുടുങ്ങിയത്​. അതിൽ 200ലധികം മലയാളികൾ. അമേരിക്കയും സൗദിയും ഇടപെട്ട് 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും അന്തരീക്ഷം ശാന്തമായിരുന്നില്ല. ഇന്ത്യൻ എംബസി നാട്ടുകാരുടെ ഗ്രൂപ് ഓപൺ ചെയ്തത്​ ആശയവിനിമയത്തിന് വഴിതുറന്നു. ഓപറേഷൻ കാവേരി എന്ന പേരിൽ പോർട്ട് സുഡാനിലെ കമ്പോണി സ്കൂളിൽ എംബസി തുറന്ന ക്യാമ്പിലെത്തിയത്​ അതിസാഹസികമായാണ്​. കിട്ടാവുന്നത് വാരിവലിച്ച് ബാഗിൽ നിറച്ച് കൊച്ചുമകനെയും ഭാര്യയെയും കൂട്ടി ഇറങ്ങി നടന്നു. ഇടത്താവളമായി നിശ്ചയിച്ച അറാക്ക് സിറ്റിയിലെത്താൻ 10 കിലോമീറ്റർ നടക്കണമായിരുന്നു. സ്ത്രീകളും കുട്ടികളുമായി യുദ്ധത്തിന്റെ തീപ്പുകയുന്ന തെരുവിലൂടെയുള്ള യാത്ര ഹൃദയമിടിപ്പ് വർധിപ്പിച്ചു. അതിനിടെ കടന്നുവന്ന ടാക്​സിക്കാരനോട്​ യാചിച്ചു. എത്ര സങ്കീർണ ഘട്ടത്തിലും സുഡാനിയുടെ മനസ്സ് അലിവുള്ളതാണ്. അയാൾ ഡോർ തുറന്നു. പക്ഷേ, നാലിരട്ടി നിരക്ക്​ ചോദിച്ചു. എല്ലാവർക്കും വാഹനത്തിൽ കയറാനാവില്ല. സ്ത്രീകളെ മാത്രം വാഹനത്തിൽ വിടുന്നതും അപകടമാണ്. വരുന്നതുവരട്ടെ എന്നാലോചിച്ച് സ്ത്രീകളെ കയറ്റി. കൂട്ടത്തിൽ ഒരു പുരുഷനും കയറി എംബസിക്ക് മുന്നിലെത്തി. മറ്റുള്ളവർ തെരുവിലൂടെ നടന്നു. നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച ബസ്​ കയറി പോർട്ടിലെത്തിയപ്പോഴേക്ക്​ അവിടമാകെ അഭയാർഥികളാൽ നിറഞ്ഞിരുന്നു. കനിവി​ന്റെ ചെറുകണങ്ങൾ ആ കൂരിരുൾ രാത്രിയിലും വെളിച്ചം പകർന്നു- തലശ്ശേരി സ്വദേശി അംജദ്, പോർട്ട് സുഡാനിലെ തന്റെ വീട് പലായനം ചെയ്യുന്നവർക്കുള്ള വിശ്രമ കേന്ദ്രമായി വിട്ടുകൊടുത്തത് എത്രപേർക്കാണ്​ ആശ്വാസമായതെന്ന്​ പറഞ്ഞറിയിക്കാനാവില്ല.

കരുതലായി ഇന്ത്യൻ സൈനികരും സേവകരും

ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നവരെ ഐ.എൻ.എസ് ടഗ് എന്ന കപ്പലിൽ സർവസജ്ജീകരണങ്ങളുമൊരുക്കിയാണ്​ ഇന്ത്യൻ നാവിക സേന സ്വീകരിച്ചത്. വൈകീട്ട് അഞ്ചുമണിക്ക് പുറപ്പെട്ട കപ്പൽ സാധാരണ നിലയിൽ രാത്രി പതിനൊന്നിനകം ജിദ്ദയിൽ എത്തുമായിരുന്നു. പക്ഷേ, കടലിൽ ഒരു രാത്രി മുഴുവൻ തങ്ങി പിറ്റേന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ജിദ്ദയിലെത്തിയത്​. സകല ആശങ്കകളെയും അലിയിക്കുന്നതായിരുന്നു സേനാംഗങ്ങളുടെ ഹൃദയസ്പൃക്കായ പെരുമാറ്റം. ജിദ്ദ പോർട്ടിൽ ഇന്ത്യൻ വളന്റിയർമാരും ലുലു ഗ്രൂപ്പിന്റെ ഒഫിഷ്യലുകളും എത്തിയിരുന്നു. അഭയാർഥി ക്യാമ്പിൽ കേരളത്തിലെ എല്ലാ സംഘടനകളുടെയും വളന്റിയർമാർ രാവും പകലുമെന്നില്ലാതെ സേവന നിരതരായിരുന്നു. രക്ഷാ പ്രവർത്തനത്തിൽ ഇന്ത്യൻ അധികൃതർ മികച്ച ജാഗ്രതയാണ് പുലർത്തിയത് എന്നു പറയാതെ വയ്യ.

കരുണാർദ്രമീ അനുഭവങ്ങൾ

കറൻസികൾ അത്യാവശ്യത്തിനുമാത്രം കൈവശം വെക്കുന്ന ഇന്റർനെറ്റ് ഇടപാടുകാലത്ത് പൊട്ടിപ്പുറപ്പെട്ട യുദ്ധം അതിസമ്പ​ന്നരെപ്പോലും ദരിദ്രസമാനരാക്കി. അക്കൗണ്ടിൽ പണമുണ്ടായിട്ടും ഉപകാരപ്പെടാതെ ആളുകൾ നെട്ടോട്ടമോടി. യുദ്ധത്തിന്​ തകർക്കാനാവാത്ത കരുണയുടെയും സാഹോദര്യത്തി​ന്റെയും മനുഷ്യരൂപങ്ങൾ അവർക്ക്​ തണലേകാനെത്തി.

കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്​ഥരി​ലൊരാൾക്ക്​ പലായന വഴിയിൽ രാപ്പാർക്കാൻ മുറിവാടക നൽകാൻ കാശില്ലാത്ത വിവരമറിഞ്ഞ്​ 100 ഡോളർ മാത്രം മാസശമ്പളമുള്ള സുഡാൻ പൗരൻ അബ്ദുൽഅലീം, കരുതൽ ശേഖരമായി സൂക്ഷിച്ചിരുന്ന 125 ഡോളർ കൈയിൽ വെച്ചുകൊടുത്ത്​ പറഞ്ഞു:‘‘താങ്കൾ എന്നെ സഹോദരൻ എന്നല്ലേ വിളിക്കാറ്. ഇപ്പോൾ ഞാൻ സഹായിച്ചില്ലെങ്കിൽ പിന്നെ നമ്മൾ തമ്മിലെ സാഹോദര്യത്തിന് എന്ത് അർഥം?’’

തമിഴ്നാട്ടുകാരൻ സാദിഖ് ഒരു പൊതി കറൻസിയുമായി വന്ന് സ്നേഹിതനോട് പറഞ്ഞത്​ ഇങ്ങനെയായിരുന്നു- ‘‘ഈ പൊതി എണ്ണിനോക്കരുത്. ഉപയോഗിച്ചോളൂ. എനിക്ക് തിരിച്ചുതരുകയും അരുത്. ശരിക്കും നമ്മൾ അന്ത്യദിനത്തിലാണെന്ന് കരുതി യാത്രക്കിറങ്ങുക. ദൈവം സഹായിച്ചാൽ നാട്ടിലെത്തും’’. ഇതുപോലുള്ള മനുഷ്യരുടെ നന്മയോർത്തി​ട്ടെങ്കിലും ആ നാടിന്​ രക്ഷയും സമാധാനവും നൽകൂ നാഥാ എന്ന് ​ഓരോ നിമിഷവും പ്രാർഥിച്ചു കൊണ്ടിരിക്കുന്നു.​

Tags:    
News Summary - Will peace return to Sudan?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.