ഖാഇദെ മില്ലത്ത്​ മുഹമ്മദ്​ ഇസ്​മാഇൗൽ, ഹസനുസ്സമാൻ, അബൂതാലിബ്​ ചൗധരി

എവിടെ മുസ്​ലിം ലീഗ്?

മുസ്​ലിം ലീഗ് അണിഞ്ഞൊരുങ്ങിവരുന്ന ദിനമാണിന്ന്​. കോഴിക്കോട് നഗരത്തിൽ സി.എച്ച്. മുഹമ്മദ്കോയയുടെ പേരിലുള്ള മേൽപാലം ഇറങ്ങിച്ചെന്നാൽ അറബിക്കടലിലേക്കുള്ള വഴിയിൽ മുസ്​ലിം ലീഗി​െൻറ സംസ്ഥാന കമ്മിറ്റി ഓഫിസ് ഉണ്ട്​. അത് ആകെപ്പാടെ മിനുക്കി. മുൻഭാഗത്തെ ചുമരുകളും വാതിലുകളും ജനലുകളുമെല്ലാം മാറ്റി. പഴയ ലീഗ് ഹൗസാണെന്ന് ആരും പറയില്ല. ഉടമസ്ഥരുടെ പ്രൗഢി വിളിച്ചോതുന്ന ഒരു വെൺമാടം. അതി​െൻറ ഉദ്ഘാടനമാണിന്ന്. മകളുടെ കല്യാണത്തിന് പിതാവ് വീട് പുതുക്കുന്നതുപോലെയാണ് തെരഞ്ഞെടുപ്പിനെ നേരിടാൻ മുസ്​ലിം ലീഗ് നേതാക്കൾ പാർട്ടിയെ ഒരുക്കുന്നത്. കുറ്റം പറയാനാവില്ല, ഒന്നുരണ്ട്​ മാസം കഴിഞ്ഞ്​ പുതിയാപ്ല വരുന്നപോലെ മന്ത്രിമാർ വന്നുകയറാനുള്ളതല്ലേ!

ഈ ഉദ്ഘാടനദിനത്തിന് വേറൊരു പ്രത്യേകതയുണ്ട്. ഇന്ന് ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗി​െൻറ സ്ഥാപകദിനമാണ്. 1948 മാർച്ച് 10നാണ് പഴയ മദിരാശി നഗരത്തിലെ രാജാജി ഹാളിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ മുസ്​ലിംകളുടെ രാഷ്​ട്രീയവേദി എന്നനിലയിൽ ആ പാർട്ടി രൂപംകൊള്ളുന്നത്. ഇന്നുതന്നെ മലപ്പുറത്ത്​ ഒരുസംഘം വിദ്യാർഥികൾ 'സാമുദായിക രാഷ്​ട്രീയം: വർത്തമാനവും ഭാവിയും' എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിക്കുന്നുണ്ട്​. അതി​െൻറ പ്രചാരണത്തിന്​ തയാറാക്കിയ സോഷ്യൽമീഡിയ പോസ്​റ്ററുകളിലെ ഒരു ചിത്രമുണ്ട്. ഡൽഹി ജുമാമസ്ജിദ് റോഡിലെ പായലും പൂപ്പലും പിടിച്ച ഒരു പഴയ കെട്ടിടത്തി​െൻറ മട്ടുപ്പാവിൽ മുസ്​ലിം ലീഗി​െൻറ കൊടിയും ബോർഡും തൂങ്ങിക്കിടക്കുന്ന ചിത്രം. സാമുദായിക രാഷ്​ട്രീയത്തി​െൻറ യഥാർഥ വർത്തമാനം വിളിച്ചുപറയുന്ന ആ ഓഫിസും കോഴിക്കോട്ടെ മേക്കപ്​ കഴിഞ്ഞ ലീഗ്ഹൗസും ചേർത്തുവെച്ചാൽ സാമുദായിക രാഷ്​ട്രീയത്തി​െൻറ വർത്തമാനവും ഭാവിയും വായിക്കാം.

എന്തുകൊണ്ട് മുസ്​ലിം ലീഗ് ?

സാമുദായിക രാഷ്​ട്രീയം എന്നുപറയുമ്പോൾ എന്തിന് മുസ്​ലിം ലീഗിനെ ചൂണ്ടിക്കാട്ടുന്നു? മുസ്​ലിം സമുദായത്തിൽ വേറെയും രാഷ്​ട്രീയ പാർട്ടികളുണ്ടല്ലോ, വർത്തമാനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും അവരോടും ചോദിക്കേണ്ടതല്ലേ എന്നൊക്കെ ചോദിക്കാം. വേറെയും പാർട്ടികൾ ഉണ്ടായിവരുന്നു എന്നാണ് ഉത്തരം. പശ്ചിമബംഗാളിൽ, അസമിൽ, ഉത്തർപ്രദേശിൽ, തമിഴ്നാട്ടിൽ, കേരളത്തിൽ... അങ്ങനെ നോക്കിയാൽ മുസ്​ലിം ലീഗി​െൻറ പഴയ തട്ടകങ്ങളിലൊക്കെ പുതിയ പ്രസ്ഥാനങ്ങൾ ഉയർന്നുവരുന്നുണ്ട്. പലതും അടിവെച്ച് തുടങ്ങിയിട്ടേയുള്ളൂ.

ഇപ്പോൾ, ഈ ദിനത്തിലെങ്കിലും സമുദായം ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് മുസ്​ലിം ലീഗ്​ നേതൃത്വം തന്നെ. എന്തുകൊണ്ട് പുതിയ പ്രസ്ഥാനങ്ങൾ ഉണ്ടാകുന്നു എന്നതാണ്​ ഏറ്റവും പ്രധാന ചോദ്യം. അതിന്​ മറുപടിതരേണ്ടത് മുസ്​ലിം ലീഗാണ്. ഏറ്റവുമൊടുവിൽ പുതിയ രാഷ്​ട്രീയപ്രസ്ഥാനം ഉണ്ടായത് പശ്ചിമബംഗാളിലാണല്ലോ. ആ സംസ്ഥാനത്തെ സമുദായ രാഷ്​ട്രീയചരിത്രം കേരളത്തി​​േൻറതിൽനിന്ന് ഭിന്നമായിരുന്നില്ല. മുസ്​ലിംലീഗ് കേരളത്തിൽ മുന്നണിഭരണത്തിൽ പങ്കുകൊണ്ട അതേവർഷം പശ്ചിമബംഗാളിലും മുസ്​ലിം ലീഗ് അധികാരം പങ്കിടുന്നുണ്ട്. 1967ൽ സി.പി.എമ്മുമായി ചേർന്ന് ഇ.എം. എസ് നമ്പൂതിരിപ്പാടി​െൻറ മന്ത്രിസഭയിലാണല്ലോ മുസ്​ലിം ലീഗിന് ആദ്യമായി മന്ത്രിമാരുണ്ടായത്. അതേവർഷം പശ്ചിമബംഗാളിൽ ബംഗ്ലാ കോൺഗ്രസുമായി ചേർന്ന് അജോയ് മുഖർജിയുടെ മന്ത്രിസഭയിൽ ലീഗിന് മൂന്നു മന്ത്രിസ്ഥാനം ലഭിച്ചു. കേരളത്തിലെ സി.എച്ച്. മുഹമ്മദ് കോയയെപ്പോലെ ബംഗാളിലും ലീഗിന് തലയെടുപ്പുള്ള നേതാവുണ്ടായിരുന്നു-ഹസനുസ്സമാൻ. മഞ്ചേരിയിൽനിന്നും പൊന്നാനിയിൽനിന്നും ജയിച്ചുപോകുന്ന എം.പിമാരെപ്പോലെ മുർഷിദാബാദിൽനിന്ന്​ മുസ്​ലിം ലീഗ് എം.പി പാർലമെൻറിലേക്ക് വണ്ടികയറിയിട്ടുണ്ട്-അബൂതാലിബ് ചൗധരി. അവിടെനിന്നാണിപ്പോൾ സമുദായരാഷ്​ട്രീയത്തി​െൻറ പുതിയ വർത്തമാനം കേൾക്കുന്നത്.

ലീഗിന് വേണ്ട, കോൺഗ്രസിന് വേണം

പടിഞ്ഞാറൻ ഇന്ത്യയിലെ രാജസ്ഥാനിലെ അജ്മീർ ശരീഫ്പോലെ കിഴക്കേ ഇന്ത്യയിൽ പ്രശസ്തമാണ് പശ്ചിമബംഗാളിലെ ഫുർഫുറ ശരീഫ്. ഹുഗ്ലിയിൽ സ്ഥിതിചെയ്യുന്ന ഹസ്രത്​ അബൂബക്കർ സിദ്ദീഖ് എന്ന സൂഫിവര്യ​െൻറ മഖ്ബറയാണത്​. ബംഗാളിലെ മുസ്​ലിം പണ്ഡിതരുടെ ആസ്ഥാനം. ആ പണ്ഡിതരിൽ പ്രമുഖനായ അബ്ബാസ് സിദ്ദീഖി അടുത്തിടെ ഒരു രാഷ്​ട്രീയനീക്കം നടത്തി. ഇന്ത്യൻ സെക്കുലർ ഫ്രൻറ്​ എന്ന പേരിൽ ഒരുപ്രസ്ഥാനത്തിന് രൂപംനൽകി.

പശ്ചിമബംഗാളിനെ പോലെയോ അതിലധികമോ മുസ്​ലിം ജനസംഖ്യയുള്ള ഉത്തർപ്രദേശിലും ഗുജറാത്തിലും സംഭവിച്ചത് അബ്ബാസ് സിദ്ദീഖിയെ പോലുള്ള മതപണ്ഡിത​െൻറ രാഷ്​ട്രീയ ചിന്തയെപ്പോലും ഉണർത്തിയിട്ടുണ്ട്. ആ രണ്ടു സംസ്ഥാനങ്ങളിലും ഏറ്റവും വലിയ പാർട്ടിയായ ബി.ജെ.പി പേരിനുപോലും മുസ്​ലിംകളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നില്ല. ബി.ജെ.പി എന്തു കരുതും എന്ന് പേടിച്ചാകണം കോൺഗ്രസും മത്സരിപ്പിക്കുന്നില്ല. അത്​ പശ്ചിമബംഗാളിലും വരുമെന്ന് മുൻകൂട്ടി കാണാൻ സിദ്ദീഖിക്ക് കഴിഞ്ഞു.

സിദ്ദീഖിയുടെ ഉന്നം തുടക്കത്തിലേ മനസ്സിലാക്കി ബംഗാളിൽനിന്നുള്ള യൂത്ത് ലീഗ് നേതാവ് സാബിർ ഗഫാർ. ​അദ്ദേഹം സിദ്ദീഖിയുമായി ചർച്ചനടത്തി അദ്ദേഹത്തെ കൂട്ടി കേരളത്തിലെത്തി പാണക്കാട് തങ്ങളെ സന്ദർശിച്ചു. സെക്കുലർ ഫ്രൻറും മുസ്​ലിം ലീഗും ഒന്നിച്ചുനീങ്ങാനും തീരുമാനിച്ചു. ഇത്രയുമായപ്പോൾ ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗി​െൻറ കേരളത്തിൽ പ്രവർത്തിക്കുന്ന അഖിലേന്ത്യാ നേതാക്കൾ ഇടപെട്ടു. അവർ സാബിർ ഗഫാറി​െൻറ നീക്കം തടഞ്ഞു. സെക്കുലർ ഫ്രൻറുമായി ഉണ്ടാക്കിയ സഖ്യം റദ്ദുചെയ്യാൻ ആവശ്യപ്പെട്ടു. സെക്കുലർ ഫ്രൻറ്​ തെരഞ്ഞെടുപ്പുരംഗത്ത് ഇറങ്ങിയാൽ കോൺഗ്രസിന് കിട്ടേണ്ട ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കുമെന്നായിരുന്നു കേരളത്തിലെ ലീഗ് നേതാക്കളുടെ ആശങ്ക.

എന്നാൽ, സാബിർ ഗഫാറിന് ബംഗാളിലെ രാഷ്​ട്രീയവായുവാണ്​ ശ്വസിക്കേണ്ടത്. അദ്ദേഹം മുസ്​ലിം ലീഗ് വിട്ട്​ നേരെ ഇന്ത്യൻ സെക്കുലർ ഫ്രൻറിൽതന്നെ ചേർന്നു. രാഷ്​ട്രീയമെന്ന നാടകം കൗതുകം പുറത്തെടുക്കുന്നത് പിന്നീടാണ്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുമെന്ന് പറഞ്ഞ് കേരളത്തിലെ മുസ്​ലിം ലീഗ് നേതൃത്വം തള്ളിയ ആ പാർട്ടിയെ ബംഗാളിലെ കോൺഗ്രസ് കൂടെക്കൂട്ടി. കോൺഗ്രസ്​ മാത്രമല്ല; സി.പി.എമ്മും കൂട്ടി!

ചുരുക്കിപ്പറഞ്ഞാൽ, ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സി.പി.എമ്മും ഇന്ത്യൻ സെക്കുലർ ഫ്രൻറും ഒരു മുന്നണിയായി മത്സരിക്കുകയാണിപ്പോൾ. മുസ്​ലിം ലീഗ് ചിത്രത്തിലേ ഇല്ല.

ബംഗാളിലെപ്പോലെ ബിഹാറിലും

മുസ്​ലിം ലീഗി​െൻറ ബംഗാൾ അനുഭവം ഒറ്റപ്പെട്ടതല്ല. ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ്​ നടന്നപ്പോഴും ഇതുതന്നെയാണ് സംഭവിച്ചത്​. അവിടെ തെരഞ്ഞെടുപ്പ്​വന്നപ്പോൾ സംസ്ഥാന മുസ്​ലിം ലീഗ്‌ നേതൃത്വം അവി​ടത്തെ സാഹചര്യങ്ങൾക്കൊത്ത മുന്നണിയിൽ ചേർന്നു. പപ്പു യാദവി​െൻറ ജൻ അധികാർ പാർട്ടി, ചന്ദ്രശേഖർ ആസാദ് രാവണി​െൻറ ആസാദ് സമാജ് പാർട്ടി, പ്രകാശ് അംബേദ്​കറി​െൻറ വഞ്ചിത് ബഹുജൻ അഗാഡി എന്നിവയോടൊപ്പം ലീഗ് പ്രോഗ്രസീവ്​ ​െഡമോക്രാറ്റിക് അലയൻസിൽ അംഗമായി.

അത്രയുമായപ്പോൾ മുസ്​ലിം ലീഗി​െൻറ കേരളത്തിൽ പ്രവർത്തിക്കുന്ന അഖിലേന്ത്യാ നേതൃത്വം ഇടപെട്ടു. അങ്ങനെയൊരു മുന്നണിയിൽ മത്സരിക്കുന്നത് കോൺഗ്രസി​െൻറ സാധ്യതകളെ തകർക്കുമെന്നായി. അതിനാൽ അലയൻസിൽനിന്ന് പിന്മാറണം എന്നാവശ്യപ്പെട്ട് ബിഹാർ സംസ്ഥാന സെക്രട്ടറി നയീം അഖ്​തറിന് കത്തയച്ചു. അത് അംഗീകരിക്കുന്നതായി അറിയിച്ച്​ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് അഖ്​തർ എഴുതിയ മറുപടിയിൽ ഇത്തിരി പരിഹാസവുമുണ്ടായിരുന്നു: 'ഇനി എന്താണ് ഞങ്ങൾ ചെയ്യേണ്ടത് എന്നുകൂടി അവിടെനിന്ന് തീരുമാനിച്ചുതരണം' എന്നൊരു അപേക്ഷ. ബിഹാറിലെ മുസ്​ലിം ഭൂരിപക്ഷ ജില്ലയെന്ന് പേരുകേട്ട കിഷൻ ഗഞ്ചിലെ ജില്ല കമ്മിറ്റി എസ്.ഡി.പി.ഐയിൽ ചേരുകയാണെന്നും അദ്ദേഹം അറിയിച്ചു. അങ്ങനെ അവിടെയും മുസ്​ലിം ലീഗ് ചരിത്രത്തി​െൻറ ഭാഗമായി.

1990െൻറ പ്രത്യാഘാതം

ഇങ്ങനെ ഇഴകീറി പരിശോധിച്ചാൽ ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗ് എന്ന പാർട്ടി എല്ലാ സംസ്ഥാനങ്ങളിൽനിന്നും നിഷ്ക്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് കാണാം. 1948ൽ മുഹമ്മദ് ഇസ്മാഇൗൽ സാഹിബി​െൻറ നേതൃത്വത്തിൽ രൂപം കൊടുത്തപ്പോൾ പഴയ മദിരാശി സംസ്ഥാനത്തു മാത്രമേ ലീഗിന് വ്യാപകമായ സാന്നിധ്യം ഉണ്ടായിരുന്നുള്ളൂ എങ്കിൽ 1970കൾ ആയപ്പോഴേക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാന്നിധ്യം പ്രകടമാക്കിയിരുന്നു. '67ൽ കേരളത്തിലെ പോലെ ബംഗാളിലും അധികാരത്തിൽ വന്നു. ബിഹാറിലും കർണാടകയിലും തമിഴ്നാട്ടിലും എം.എൽ.എമാരുണ്ടായി. പാർലമെൻറിൽ ഏഴ് എം.പിമാരുണ്ടായിരുന്ന കാലമുണ്ട്. മീററ്റ് കോർപറേഷനിലും ഡൽഹി മെട്രോപൊളിറ്റൻ കോർപറേഷനിലും കൗൺസിലർമാരുണ്ടായി.

ആ സുവർണകാലം 1990കളിൽ അവസാനിച്ചു. അതിന് രണ്ടു കാരണങ്ങളുണ്ട്. ബാബരി മസ്ജിദി​െൻറ തകർച്ചയെ തുടർന്ന് ഇന്ത്യൻ മുസ്​ലിംകളുടെ പൊതുവികാരം കോൺഗ്രസിന്​ എതിരെ നിന്നപ്പോൾ മുസ്​ലിം ലീഗ് ആ വികാരത്തിന് എതിരായിരുന്നു. മറ്റൊന്ന്, 1990 കാലത്ത്​ കേരള മുസ്​ലിം ലീഗിൽ ഉയർന്നുവന്ന പുതിയ നേതൃത്വമാണ്. ലീഗിനെ മുസ്​ലിം ചരിത്രവുമായും സംസ്കാരവുമായും അടുപ്പിച്ചുനിർത്തിയിരുന്ന പഴയ നേതൃനിരയെ മുഴുവൻ ഒതുക്കിയോ പിണക്കി പുറത്തുചാടിച്ചോ ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗിനെ കേരള സംസ്ഥാന മുസ്​ലിം ലീഗി​െൻറ നേതാക്കൾ കൈയിലൊതുക്കി. കേരള സംസ്ഥാന മുസ്​ലിം ലീഗി​െൻറ കോണി ചിഹ്നത്തിൽ മത്സരിച്ച് എം.പിമാർ ആയവർക്ക് അയോഗ്യതാഭീഷണി വന്നതും പിന്നീട് ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗിൽ ലയിച്ചതായി രേഖയുണ്ടാക്കിയതും എല്ലാം സമീപകാല ചരിത്രമാണല്ലോ.

ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്

ഇ. അഹമ്മദി​െൻറ നിര്യാണശേഷം പി.കെ. കുഞ്ഞാലിക്കുട്ടി പാർലമെൻറിലേക്ക് മത്സരിച്ചപ്പോൾ പിന്നെയും കുതിപ്പ് പ്രഖ്യാപിച്ചതാണ്. താൻ ഡൽഹിയിൽ എത്തിയാൽ അഖിലേന്ത്യാ കമ്മിറ്റിക്ക് അവിടെ ആസ്ഥാനം ഉണ്ടാക്കും എന്നായിരുന്നു ഒരു പ്രഖ്യാപനം. എം.എസ്.എഫ്​, യൂത്ത് ലീഗ്​ പ്രവർത്തനങ്ങൾ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കും എന്നും പറഞ്ഞു. ഒക്കെ നടപ്പിൽവരുത്തും എന്ന് തോന്നിപ്പിക്കും വിധം ചില ചലനങ്ങളൊക്കെയുണ്ടായി. അങ്ങനെയാണ് സാബിർ ഗഫാർ ഭാരവാഹിയായ അഖിലേന്ത്യാ യൂത്ത് ലീഗ്‌ കമ്മിറ്റി വന്നത്. ഒപ്പം എം.എസ്.എഫ്, വനിതാലീഗ്, എസ്.ടി.യു എന്നീ പോഷകസംഘടനകൾക്കും അഖിലേന്ത്യാ കമ്മിറ്റിയുണ്ടാക്കി.

മുന്നോട്ടുവന്നതി​െൻറ ഇരട്ടിവേഗത്തിൽ പിന്നോട്ടു കുതിക്കുകയാണിപ്പോൾ ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗ്‌. പി.കെ. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്​ട്രീയമോഹങ്ങൾ ഉപേക്ഷിച്ച് സംസ്ഥാന രാഷ്​ട്രീ യത്തിലേക്ക് തിരിച്ചിറങ്ങിയപ്പോൾ പാർട്ടിയുടെ ദേശീയ അസ്​തിത്വവും മടക്കിച്ചുരുട്ടി തെക്കോട്ടെടുത്തു. അതുകൊണ്ടാണ് ഈ സ്ഥാപകദിനത്തിൽ എവിടെ മുസ്​ലിം ലീഗ് എന്ന് ചോദിക്കേണ്ടിവരുന്നത്.

സ്വതന്ത്ര ഇന്ത്യയിൽ മുസ്​ലിംകളുടെ അന്തസ്സോടെയുള്ള അതിജീവനത്തിന് സ്വന്തം രാഷ്​ട്രീയപാർട്ടി അത്യാവശ്യമാണ് എന്ന ന്യായം പറഞ്ഞാണ് മുഹമ്മദ് ഇസ്മാഇൗൽ സാഹിബും സഹപ്രവർത്തകരും 1948 മാർച്ച് 10ന് ലീഗിന് രൂപംകൊടുത്തത്. മുസ്​ലിംകൾക്ക് അങ്ങനെയൊരു വേദി അത്യാവശ്യമായിവന്ന കാലമാണിത്. ഇപ്പോൾ ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗില്ല. അതി​െൻറ നിഴൽ മാത്രമേയുള്ളൂ. ഈ നിഴൽനാടകം എത്രകാലം?

Tags:    
News Summary - where is muslim league-article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.