ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളും ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യും ഗുജറാത്തിൽ

മോദിയുടെയും ഷായുടെയും തട്ടകമായ ഗുജറാത്തിലേക്ക് കടന്നുകയറാൻ ആം ആദ്മി പാർട്ടി ശ്രമിക്കുന്നതിനിടെയാണ് അവരുടെ എം.എൽ.എമാരെപ്പിടിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണം പുറത്തുവരുന്നത്. മൂന്നു പതിറ്റാണ്ടായി ഭരിക്കുന്ന ഗുജറാത്തിൽ തങ്ങളിനിയും അജയ്യരാണെന്ന് ബി.ജെ.പി അവകാശപ്പെടുമ്പോഴും ഡൽഹിയിലെയും പഞ്ചാബിലെയും ആത്മവിശ്വാസം കൈമുതലാക്കി ആം ആദ്മി നേതാക്കൾ സംസ്ഥാനത്തേക്ക് വണ്ടി കയറുന്നത് കാവിപ്പടയെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്.

ആപ്പിന്റെ വരവ് മുൻകൂട്ടിക്കണ്ടാണ് ബി.ജെ.പി മന്ത്രിസഭതന്നെ മാറ്റിപ്പണിത് സംശുദ്ധ പ്രതിച്ഛായ സൃഷ്ടിക്കാൻ പുതുമുഖമായ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിപദമേൽപിച്ചതുതന്നെ. ബി.ജെ.പി സർക്കാർ മറച്ചുവെക്കാൻ ശ്രമിക്കുന്ന സംസ്ഥാനത്തെ കോവിഡ് മരണക്കണക്കുകൾ ഉയർത്തിക്കാട്ടി ഗുജറാത്തിലെമ്പാടും ആപ് നടത്തിയ ജന സംവേദന യാത്രക്ക് മറുപടി നൽകാൻ ജന ആശിർവാദ് യാത്ര നടത്താനും അവർ നിർബന്ധിതരായി.

ഭരണകക്ഷിയായ ബി.ജെ.പിക്ക് ക്ഷീണം സൃഷ്ടിക്കുന്നതിനൊപ്പം ഒരുകാലത്ത് സ്വന്തം കോട്ടകണക്കെ ഗുജറാത്ത് ഭരിച്ചിരുന്ന കോൺഗ്രസിനെ പ്രതിപക്ഷമെന്ന നിലയിൽപോലും അപ്രസക്തവുമാക്കാൻ ആപ് ശ്രമിക്കുന്നുണ്ട്. കോവിഡ് മഹാമാരി തികച്ചും നിരുത്തരവാദപരമായി കൈകാര്യം ചെയ്ത സർക്കാറിനെ വേണ്ടവിധം തുറന്നുകാണിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടിടത്താണ് ആപ് സ്കോർ ചെയ്യാൻ നോക്കുന്നത്. 'ജന ആശിർവാദ് യാത്ര' കോവിഡ് ദുരിതത്തിൽ മരണപ്പെട്ടവരോടും കുടുംബങ്ങളോടുമുള്ള അവഹേളനമാണെന്ന കടുത്ത പ്രയോഗംപോലും അവർ നടത്തി.

120 സീറ്റുകളുള്ള സൂറത്ത് നഗരസഭ കോർപറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 27 സീറ്റുകളിലേക്ക് വിജയിച്ചാണ് പാർട്ടി സംസ്ഥാനത്ത് അരങ്ങേറ്റം കുറിച്ചത്. ഒരു സീറ്റ് പോലും നേടാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നു വന്നതോടെ പ്രതിപക്ഷ പാർട്ടി എന്ന പരിവേഷം ആപ് നേടി.മദ്യനയത്തിന്റെ പേരിൽ കേന്ദ്രം പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെ ഒരു കുലുക്കവുമില്ലാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും നടത്തിയ ദ്വിദിന ഗുജറാത്ത് സന്ദർശനം ഇരു പാർട്ടികളെയും പിടിച്ചുകുലുക്കുകതന്നെ ചെയ്തു.

ഡൽഹിയിൽ നടപ്പാക്കി വിജയിച്ച ആരോഗ്യ-വിദ്യാഭ്യാസ മോഡലുകൾ ഉയർത്തിക്കാട്ടി അഞ്ച് വാഗ്ദാനങ്ങളാണ് അവർ ജനങ്ങൾക്കു മുന്നിൽവെച്ചത്. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എന്നിവക്ക് പുറമെ 300 യൂനിറ്റ് വൈദ്യുതിയും സൗജന്യമായി നൽകുമെന്ന മോഹനവാഗ്ദാനമാണ് അതിൽ പ്രധാനം. തെരഞ്ഞെടുപ്പിന് ഇനിയും മാസങ്ങളിരിക്കെ 20 സ്ഥാനാർഥികളുടെ പട്ടികയും പ്രഖ്യാപിച്ചു ആപ്. മധ്യഗുജറാത്തിലെ ഗോത്രവർഗ മേഖലയിൽ വലിയ സ്വാധീനമുള്ള ഛോട്ടുവാസവൻ എം.എൽ.എ നയിക്കുന്ന ഭാരതീയ ട്രൈബൽ പാർട്ടി (ബി.ടി.പി)യുമായും അവർ സഖ്യമുണ്ടാക്കി.

മധ്യവർഗത്തിനിടയിലും സാമ്പത്തികമായി ദുർബലമായ ജനങ്ങൾക്കിടയിലും കുറഞ്ഞ വേതനക്കാരായ സർക്കാർ ജീവനക്കാർക്കിടയിലും പാർട്ടി സ്വാധീനം നേടുന്നുണ്ട്. കുറഞ്ഞ ശമ്പളക്കാരായ പൊലീസുകാർക്ക് ആപ്പിന്റെ വരവ് ഗുണം ചെയ്തുവെന്നുവേണം പറയാൻ. കെജ്രിവാളിന്റെ യോഗങ്ങളിൽ പങ്കെടുക്കുമെന്ന് അവർ പരസ്യ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ അലവൻസുകളിൽ വർധന വരുത്താൻ സർക്കാർ തയാറായി. ഏറെക്കാലമായി ചെയ്തുവരുന്ന സമരംകൊണ്ട് സാധിക്കാഞ്ഞ ആവശ്യമാണ് ഒറ്റ പ്രഖ്യാപനംകൊണ്ട് നേടാനായത്.

സൗജന്യ വാഗ്ദാനങ്ങൾ വഴി ആപ് ജനങ്ങളെ കൈയിലെടുക്കുമെന്നുറപ്പ്, അതിന് തടയിടാൻ ബി.ജെ.പി ബദൽ വാഗ്ദാനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. പട്ടിണിയും കൂട്ടമരണവുമെല്ലാം മറവിയിൽ മൂടാൻ കെൽപ്പുള്ള പതിവ് ആയുധംതന്നെയാണ് അവർ ഉപയോഗിക്കുക. ഹിന്ദുത്വ ലബോറട്ടറി എന്ന ദുഷ്പേരു പോലും അഭിമാനകരമായി കരുതുന്ന പാർട്ടി അതിനുള്ള ചേരുവകൾ ഒരുക്കിത്തുടങ്ങി.

2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ 11 പ്രതികൾക്ക് ജയിലിൽനിന്ന് വിടുതലും മാലയിട്ട് സ്വീകരണവും നൽകി അവർ കാഹളം മുഴക്കിക്കഴിഞ്ഞു. ബി.ജെ.പിയുടെ നയങ്ങളെയും നടപടികളെയും കടുത്ത ശബ്ദത്തിൽ വിമർശിക്കുന്ന ആം ആദ്മി പാർട്ടി ബലാത്സംഗ-കൊലക്കേസ് പ്രതികളെ വിട്ടയച്ച വിഷയത്തിൽ മാത്രം 'മൗനാചരണം' തുടരുകയാണ്. 

Tags:    
News Summary - When the Aam Aadmi plays on the saffron soil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.