അമേരിക്ക: അനവധാനത സൃഷ്​ടിച്ച പ്രതിസന്ധി

എതിരൻ കതിരവൻ

കിഴക്ക് ന്യൂയോർക്കിലും പടിഞ്ഞാറ് കാലിഫോർണിയയിലും മാത്രം പടർന്നിരുന്ന കോ വിഡ് -19 ഇന്ന് രാജ്യത്താകമാനം ജൈത്രയാത്ര തുടങ്ങിയിരിക്കുന്നു. പൊടുന്നനെ ചില പട്ടണങ്ങളിൽ പൊട്ടിപ്പുറപ്പെടുന്ന അസുഖം എങ്ങനെ അവിടെയെത്തി എന്ന് അറിയാനാവാതെ കുഴങ്ങുന്നു പൊതുജനാരോഗ്യ പ്രവർത്തകർ. ഉൾനാടൻ സംസ്ഥാനമായ അർകൻസോയി ലെ ഒരു പള്ളിയിൽ അവിചാരിതമായാണ് ഈ വൈറസി​​െൻറ സാന്നിധ്യം കണ്ടത്. നേരത്തേ ഒരു അസുഖം പോലും നിരീക്ഷിക്കപ്പെടാതിരു ന്ന സംസ്ഥാനങ്ങളായ ഇലനോയ്​, വിസ്​കോൺസൻ, മിഷിഗൻ, മിസൂറി, ഒഹായോ എന്നിവയിലൊക്കെ രോഗികൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഇലനോയ്​യിലെ അറോറയിൽ മേയർക്കും പൊലീസ് ചീഫിനും കോവിഡ് -19 ബാധിച്ചിരിക്കുന്നു. ഇതോടെ അസുഖം ഗൂഢമായ വഴികളിലൂടെ വ്യാപനം ചെയ്യുന്നു എന്നും കൃത്യമായ അകലങ്ങൾ പാലിക്കേണ്ടത് ഉന്നത ഉദ്യോഗസ്ഥരുടെയും കടമയാണെന്നും അമേരിക്ക നടുക്കത്തോടെ അറിയുകയാണ്. ന്യൂയോർക്കിൽ പൊലീസ് സേനയിൽ അഞ്ഞൂറോളം പേർക്കാണ് അണുബാധ. അവരിൽ നാലുപേർ മരിക്കുകയും ചെയ്തു.

വുഹാനിലെ പകർച്ചയെ, ഇറ്റലിയിലെ മരണനിരക്കിനെ വെല്ലുന്നതാണ് ന്യൂയോർക്കിലെ സ്ഥിതിഗതികൾ എന്ന് നിരീക്ഷിക്കപ്പെടുന്നു. ആകെ 780 പേർ മരിച്ചുകഴിഞ്ഞു ന്യൂയോർക്​ സംസ്ഥാനത്ത്. 53,000 കേസുകൾ, രാജ്യത്ത്​ ആകെയുള്ളതി​​െൻറ മൂന്നിലൊന്ന്. അടുത്ത സംസ്ഥാനമായ മസാചൂസറ്റ്സിൽ ഒരു ദിവസം 100 പേർ വീതം അസുഖബാധിതരാകുന്നു. ന്യൂയോർക്​ സിറ്റിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ആശുപത്രികൾ നിറഞ്ഞുകവിയുകയാണ്. വേണ്ടത്ര മാസ്കുകൾ, ഗൗണുകൾ, മറ്റു സുരക്ഷസാമഗ്രികൾ കിട്ടുന്നില്ല എന്ന് പരക്കെ പരാതിയുണ്ട്. ഒരു ആശുപത്രിയിലെ നഴ്സുമാർ പ്രതിഷേധ സൂചകമായി വാക്കൗട്ട് നടത്തി മിനിഞ്ഞാന്ന്​. ലൂയീസിയാനയിലെ ആശുപത്രികളിൽ ഏപ്രിൽ ആകുമ്പോഴേക്കും വ​െൻറിലേറ്ററുകൾ മതിയാകാതെവരു​മെന്ന് അധികൃതർ. ആശുപത്രി ജീവനക്കാർക്കിടയിൽ അസുഖം പകരുന്നതാണ് മറ്റൊരു വേവലാതി. ന്യൂയോർക് സിറ്റിയിലെ ചില ആശുപത്രികളിൽ മൃതദേഹം കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങൾ കുറഞ്ഞുവരുകയാണ്.

അവിടത്തന്നെ ഒരു കൺവെൻഷൻ സ​െൻറർ ചികിത്സകേന്ദ്രമായി മാറ്റിക്കഴിഞ്ഞു. റിട്ടയർ ചെയ്ത ഡോക്​ടർമാരെ ജോലിക്ക് തിരികെ വിളിച്ചുതുടങ്ങി. മിക്ക അറ്റൻഡിങ് ഡോക്​ടർമാരും 65 വയസ്സ് കഴിഞ്ഞവരായതിനാൽ അവർക്ക് ജോലിക്കു വരാൻ പേടിയാണ്. യാത്രസൗകര്യങ്ങളുടെ അഭാവവും യാത്രകൾ നിഷിദ്ധവുമായതിനാൽ ദൂരെ നിന്ന് പുതിയ ഡോക്​ടർമാരെ കൊണ്ടുവരാൻ വഴിയുമില്ല. ന്യൂയോർക്​ സിറ്റിയിലെ പ്രാന്തപ്രദേശമായ ബ്രോൺക്സിലെ ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിലെ കാത്തിരിപ്പ് സമയം ആറു മണിക്കൂറായിരിക്കുന്നു എന്ന് ഒരു ഡോക്​ടർ പറയുന്നു.

ജയിലുകളിലും വൃദ്ധസദനങ്ങളിലും പകർച്ച ഏറുകയാണ്. വൃദ്ധസദനങ്ങളിൽ മൊത്തത്തിലുള്ള മരണങ്ങളാണ് റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്. ഇലനോയ്​യിലെ ഡു പേജ് കൗണ്ടിയിൽ ഒരു വയോജന ചികിത്സകേന്ദ്രത്തിൽ 42 പേരാണ് ഒരുമിച്ച് മരിച്ചത്. ഷികാഗോയിലെ ഒരു ജയിലിൽ 101 പേർക്കാണ് കോവിഡ് -19 ബാധിച്ചിട്ടുള്ളത്. ന്യൂയോർക്കിൽ എമർജൻസി വിഭാഗങ്ങളിൽ ആരെയാണ് ആദ്യം ചികിത്സിക്കേണ്ടത് എന്നത് തീരുമാനിക്കുന്നത് അസുഖത്തി​​െൻറ തീവ്രത അനുസരിച്ചാണ്. ഇതുമൂലം കുറഞ്ഞ അസുഖലക്ഷണമുള്ളവർക്ക് ചികിത്സ വൈകുന്നു.

മരണം സുനിശ്ചിതം എന്ന് തോന്നുന്നവരെ അതിനനുവദിക്കുകയാണ്. കാരണം, അതിജീവനസാധ്യത കൂടുതലുള്ളവരാണ് ചികിത്സയർഹിക്കുന്നത് എന്ന ലളിതയുക്തി. നേരത്തേതന്നെ അസുഖപരിശോധന നടത്താത്തതാണ് പൊടുന്നനെയുള്ള ഇൗ വമ്പിച്ച വ്യാപനത്തിനു കാരണം. ഏകദേശം രണ്ടു മാസം പിന്നോട്ടടിച്ചു ഗവൺമ​െൻറി​​െൻറ പിന്തിരിപ്പൻനയങ്ങൾ. അനാവശ്യനിയന്ത്രണങ്ങൾ, സാങ്കേതികത്തകരാറുകൾ, ഉചിതമായ നേതൃത്വമില്ലായ്മ- ഒക്കെ ടെസ്​റ്റ്​ കിറ്റുകളുടെ നിർമാണത്തിലും വിതരണത്തിലും പ്രതിസന്ധി സൃഷ്​ടിച്ചു. മാർച്ച് 22നു പോലും ന്യൂ യോർക്​, ഷികാഗോ പോലുള്ള വൻ എയർപോർട്ടുകളിൽ വന്നിറങ്ങുന്ന ആരെയും പരിശോധനവിധേയരാക്കാതെ പുറത്ത് ഇറക്കിവിടുകയായിരുന്നു.

ഏപ്രിൽ 12ന്​ ഈസ്​റ്ററിനു തയാറാകാമെന്നും കുറച്ചു ദിവസങ്ങൾക്കകം കോവിഡ് -19 അപ്രത്യക്ഷമാകുമെന്നും ട്രംപ്​ പ്രസ്താവിച്ചത് ഇന്ന് ഒരു ക്രൂരഫലിതം പോലെ നിലനിൽക്കുന്നു. ട്രംപ്​ ഭരണകൂടത്തി​​െൻറ ശാസ്ത്രവിദഗ്ധൻ ഡോ. ആൻറണി ഫൗസി ഭരണതലത്തിൽ പൊരുതി തോറ്റു മടങ്ങിയ പോലെയാണ്. അതി പുരോഗമനാത്മകമായ ഒരു സമൂഹം ഭരണകൂടത്തി​​െൻറ തെറ്റുകൾമൂലം ദയനീയമായി അഗാധഗർത്തത്തിൽ നിപതിക്കുന്നത് വിരോധാഭാസത്തിനും അപ്പുറമാണ്.

Tags:    
News Summary - US Crisis in covid 19 time-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.