ടി.എസ്. ശ്യാംകുമാർ,ഡോ. വിജയകുമാരി,വി​പി​ൻ വി​ജ​യൻ

തൃപ്ത ത്യാഗികൾ കേരളത്തിലും തലപൊക്കുന്നുവോ?

മാനവികത, സഹിഷ്ണുത, സാഹസികമായ അന്വേഷണം, മതനിരപേക്ഷത, സർഗാത്മകത, സൗഹൃദം എന്നീ മൂല്യങ്ങൾ ജീവിതത്തിന് ശക്തിയും സൗന്ദര്യവും പകരുമ്പോഴാണ് പഠനം പ്രകാശപൂർണമാവുന്നത്. ‘A University should be a place of light, of liberty, and of learning’ എന്ന് ബെഞ്ചമിൻ ഡിസ്റേലി. വെളിച്ചവും സ്വാതന്ത്ര്യവും നഷ്ടമാവുമ്പോൾ പഠനം അന്ധമായൊരു അധികാരപ്രയോഗമാവും.

തിരുക്കുറൾ മനുഷ്യരെ വിശേഷിപ്പിക്കുന്നത് ‘അരുൾഉടമൈ’ എന്നത്രെ. അരുളുള്ളവരായി മാറുമ്പോഴാണ് ജീവികൾ മനുഷ്യരാവുന്നത്. ശ്രീനാരായണ ഗുരു അതിനെ വിപുലപ്പെടുത്തിയത് ഇവ്വിധം: ‘അരുൾ, അൻപ്, അനുകമ്പ ഈ മൂന്നിനും പൊരുൾ ഒന്നാണ്. അരുളുള്ളവനാണ് ജീവി. അരുളില്ലെങ്കിൽ മനുഷ്യൻ അസ്ഥി, തോൽ, സിര ഇവകൊണ്ട് തീർത്ത നാറുന്ന ഉടമ്പുമാത്രം’. സ്നേഹം ഉൽപാദിപ്പിക്കപ്പെടാതാവുമ്പോഴാണ്, ശരീരം മരമുട്ടികണക്ക് നിർവികാരമാവുന്നതെന്ന് ചുരുക്കം.

ജാക്വിസ്ഡീലർ പറയുന്ന വിദ്യാഭ്യാസത്തിന്റെ നാല് തൂണും (Learning to know, Learning to do, Learning to live together, Learning to be), ബെഞ്ചമിൻ ഡിസ്റേലി കണ്ട വിദ്യാഭ്യാസത്തിന്റെ മൂന്നു തൂണും (Seeing much, suffering much, and studying much are the three pillars of education) ഒരുമിക്കുന്നത് സ്നേഹ സൗഹൃദ അന്വേഷണ സംവാദങ്ങളിലാണ്. പ്രത്യക്ഷത്തിലുള്ള അകലങ്ങളെ അത് മറികടക്കുന്നത് അഗാധ മാനവികതയുടെ പൊരുളിൽ വെച്ചാണ്.

ഒരുമിച്ച് ജീവിക്കാനുള്ള പരിശീലനം, അറിയാനുള്ള പരിശീലനം, പ്രവർത്തിക്കാനുള്ള പരിശീലനം, ആയിത്തീരാനുള്ള പരിശീലനം എന്ന ഡീലറുടെ നാലു തൂണും! കൂടുതൽ കാണാൻ, കൂടുതൽ പ്രയാസമേറ്റെടുക്കാൻ, കൂടുതൽ പഠിക്കാൻ നിർദേശിക്കുന്ന ഡിസ്റേലിയുടെ മൂന്ന് തൂണും, പിന്നെ പൗളോഫ്രയർ തുടങ്ങിയ വിദ്യാഭ്യാസ വിചക്ഷണർ പറയുന്ന ‘സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള സാംസ്കാരിക പ്രവർത്തനമാണ് വിദ്യാഭ്യാസം’ തുടങ്ങിയ വിദ്യാഭ്യാസം സംബന്ധമായ സമസ്താശയങ്ങളും പരമാവധി വിസ്തൃതപ്പെടാനുള്ള പരിശ്രമങ്ങൾക്കാണ് ഊർജം പകരുന്നത്.

അഗാധമാവാനാണ് ഉപരിപ്ലവമാവാനല്ല, ഏകസ്വരതകളിൽ സ്തംഭിക്കാനല്ല, ബഹുസ്വരതകളിലേക്ക് സഞ്ചരിക്കാനാണ് അതൊക്കെയും ആവശ്യപ്പെടുന്നത്. ക്ലാസ് മുറി, അധ്യാപകർ, പാഠപുസ്തകം, പരീക്ഷ, മാർക്ക്, കൃത്യവൈഭവം എല്ലാം വിദ്യാഭ്യാസത്തിന്റെ ഭാഗമാവുമ്പോഴും, അതിനൊക്കെയപ്പുറമുള്ള വികസിത മനുഷ്യത്വത്തിന്റെ മഹാമൂല്യങ്ങളാണതിന്റെ ന്യൂക്ലിയസ് ആയിരിക്കേണ്ടത്.

‘അവനെ പഠിപ്പിക്കുക, പുസ്തകങ്ങളുടെ അത്ഭുതലോകങ്ങളെപ്പറ്റി, ഒപ്പം പക്ഷികളും പ്രാണികളും പൂവുകളുമെല്ലാമടങ്ങിയ പ്രപഞ്ചത്തിന്റെ നിതാന്തവിസ്മയത്തെക്കുറിച്ച് ചിന്തിക്കാൻ അനുവദിക്കുകയും ചെയ്യുക’ എന്ന്, അബ്രഹാം ലിങ്കൺ പറഞ്ഞത്, വിസ്തൃതപ്പെടലിനും അഗാധമാവലിനും സങ്കുചിതഭാഗികതകളെ അതിജീവിക്കുന്നതിനും സഹായകമാവും. ഫാഷിസ്റ്റുകളൊഴിച്ചുള്ളവർ പങ്കുവെക്കുന്ന വിദ്യാഭ്യാസ കാഴ്ചപ്പാടുകളിലൊക്കെ, ഓരോരുത്തരുടെയും കാഴ്ചപ്പാടിനനുസരിച്ചുള്ള വിമർശനങ്ങൾ അനിവാര്യമായും ഉണ്ടാവുമ്പോഴും, അതിനകത്തൊരു പരിമിതമായ തോതിലെങ്കിലും ഒത്തുചേരലിനുള്ള വേദികളും ഉണ്ടാക്കിയെടുക്കാൻ കഴിയും.

‘യൂനിവേഴ്സിറ്റാസ്’ അഥവാ മുഴുവൻ, പൂർണം എന്ന് അർഥമുള്ള ലാറ്റിൻ വാക്കിൽനിന്നാണ് ഇംഗ്ലീഷിലെ യൂനിവേഴ്സിറ്റിയെന്ന പദാവലി ഉണ്ടായതെങ്കിൽ; മലയാളത്തിലെ സർവകലാശാലയുടെ പൊരുൾ അതിനും അപ്പുറത്തേക്കാണ് പടർന്നു കിടക്കുന്നത്. സർവം എന്ന ആ ഒരൊറ്റവാക്കിൽ സങ്കുചിതത്വമൊഴിച്ച് സർവതിനും നൃത്തംവെക്കാനാവും വിധം വിസ്തൃതമായ ഇടമുണ്ട്. അതിനെ ഇടിച്ചുനിരത്തല്ലേ എന്നാണ് കേരള സർവകലാശാലയിലെ സംസ്കൃത വിഭാഗം തലവിയോട് മതനിരപേക്ഷ കേരളത്തിന് ആവശ്യപ്പെടാനുള്ളത്.

ജാതിബോധം ഒഴിവാക്കാനാവുന്നില്ലെങ്കിൽ, സർവകലാശാലയിലേക്ക് കാലെടുത്തു വെക്കുമ്പോഴെങ്കിലും അതെല്ലാം സ്വന്തം വീട്ടിലെ െപട്ടിയിൽ പൂട്ടിവെക്കാനെങ്കിലും അവരെപ്പോലുള്ളവർ പരിശീലനം നേടണം. മാനവികതയിലേക്ക് ഉയരാനായില്ലെങ്കിലും ജന്തുതയിലേക്ക് താഴരുത്. ‘പലമകളിൽ മഹത്വം’ അനുഭവിക്കാനുള്ള പരിശീലനമാണ്, കാലം ആവശ്യപ്പെടുന്നത്.

2001 നവംബറിലെ ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിൽ പറയുന്നത്, സാംസ്കാരിക ആവിഷ്കാരങ്ങളുടെ വൈവിധ്യത്തെ സംരക്ഷിക്കുന്നതിനും േപ്രാത്സാഹിപ്പിക്കുന്നതിനും ഉതകുന്ന രൂപത്തിൽ വിജ്ഞാനസമൂഹം രൂപപ്പെടുത്തപ്പെടണം എന്നാണ്. മനുഷ്യർ കെട്ടുപോയാൽ ലോകത്തിൽ സുഖമുണ്ടായിട്ട് എന്തു പ്രയോജനം, ജാതിയാണ് മനുഷ്യനെ കെടുത്തുന്നത് എന്ന് പതിറ്റാണ്ടുകൾക്കുമുമ്പ് ഗുരു പറഞ്ഞത് ഏത് കൊമ്പത്തുള്ളവരും സദാ ഓർമിക്കണം. സത്യം ശ്വസിച്ചും/ സമത്വമാർന്നും/ സ്നേഹസത്തു നുകർന്നും/ കൃതാർഥരായി/ സദ് ധർമത്തൂടെ ചരിക്കട്ടെ മാനവി-/ രിദ്ധര സ്വർഗമായിത്തീർന്നിടട്ടേ എന്ന് ഗുരുവിന്റെ ചുവടുപിടിച്ച് കുമാരനാശാൻ എഴുതിയതും മറക്കരുത്.

2023ലാണ് യു.പിയിലെ മുസാഫർ നഗറിലെ കുബ്ബാപൂർ ഗ്രാമത്തിലെ നേഹ സ്കൂളും ആ സ്കൂളിലെ പ്രിൻസിപ്പൽ തൃപ്തത്യാഗിയും ഇന്ത്യ മുഴുവനറിയപ്പെടും വിധം കുപ്രശസ്തമായത്. രണ്ടാം ക്ലാസിൽ പഠിക്കുന്ന ഏഴു വയസ്സുള്ള ഒരു വിദ്യാർഥിയെയാണ്, ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ സ്വന്തം സഹപാഠികളെക്കൊണ്ട് ആ ടീച്ചർദുഷ്ട അടിപ്പിച്ചത്. അതോടൊപ്പം തൃപ്തി ത്യാഗിയെന്ന ആ അധ്യാപിക കുട്ടിയുടെ മതംപറഞ്ഞുള്ള അധിക്ഷേപവും നടത്തി.

ഒരധ്യാപികയിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാൻ പറ്റാത്തവിധമുണ്ടായ ഗുരുതരമായ തെറ്റിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നപ്പോൾ, ഒരു നിർവാഹമില്ലാതെ വന്നപ്പോൾ, അവർക്ക് ചെയ്തുകൂട്ടിയ വൻതെറ്റ് തുറന്നു സമ്മതിക്കേണ്ടിവന്നു. പക്ഷേ, ഇതൊക്കെ ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഒരു ചെറിയകാര്യം മാത്രമാണെന്നും, അതുകൊണ്ടുതന്നെ ഞാനിതിൽ ലജ്ജിക്കുന്നില്ലെന്നും കൂടി അവർ പ്രഖ്യാപിച്ചു കളഞ്ഞു! അടികൊണ്ട കുട്ടിക്കും, അധ്യാപികയുടെ നിർബന്ധം നിമിത്തം സ്വന്തം സുഹൃത്തിനെ അടിക്കേണ്ടിവന്ന കുട്ടികൾക്കും ഉണ്ടായ മാനസിക സംഘർഷത്തെക്കുറിച്ചുപോലും അസ്വസ്ഥപ്പെടാതെ, ആ അധ്യാപികക്ക് അനുകൂലമായി അവിടെ പ്രകടനവും നടന്നു!

സുപ്രീംകോടതി യു.പി സർക്കാറിനെ വിമർശിച്ചു എന്നുള്ളതും ആ സ്കൂൾ അടച്ചുപൂട്ടേണ്ടി വന്നു എന്നുള്ളതുമാണ് തുടർന്നു സംഭവിച്ച ശ്രദ്ധേയമായ കാര്യം. ആ കുട്ടിയുടെ വീട് സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസിനോടും കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവ് സുഭാഷിണി അലിയോടും അവഹേളിതനും പീഡിതനുമായ ആ കുട്ടിയുടെ ഉപ്പ ഇർശാദ് പറഞ്ഞത്, ഇനി മുതൽ ഞാനെന്റെ പ്രാർഥനയിൽ മതനിരപേക്ഷ പ്രബുദ്ധ കേരളത്തിന്റെ കൂടി പേര് ഉൾപ്പെടുത്തുമെന്നായിരുന്നു.

ആ കേരളത്തിലാണ്, തൃപ്തി ത്യാഗി മോഡൽ അവതാരങ്ങൾ ആവിർഭവിച്ചുകൊണ്ടിരിക്കുന്നത്. രോഹിത് വെമുല മുതൽ, സവർണർക്കുള്ള പാത്രത്തിലെ വെള്ളം കുടിച്ചതിന്റെ പേരിൽ ചായിൽസിങ് എന്ന അധ്യാപകന്റെ ചവിട്ടേറ്റ് മരിച്ച രാജസ്ഥാനിലെ ഇന്ദ്രകുമാർ മേഘ്‍വാൾ എന്ന ഒമ്പത് വയസ്സുകാരൻ മുതൽ, എത്രയെത്രയോ പേർ ജാതിപീഡനത്തിന്റെ അറിയപ്പെടുന്ന ഇരകളായി നമ്മുടെ മുന്നിലുണ്ട്. അറിയപ്പെടാത്തവരായി എത്രപേർ അതുപോലെ വേറെയും!

മലയാളിയുടെ അഭിമാനമായ മതനിരപേക്ഷ കേരളത്തിലും, അതും സർവകലാശാലകളിൽ ഇത്തരം ജീർണതകൾ ഇപ്പോഴും ശക്തിപ്രകടനം നിർവഹിക്കുകയാണെന്നുള്ളത്, നമ്മുടെ മതനിരപേക്ഷതയുടെ നിസ്സഹായതയെ കൂടിയാണ് അടയാളപ്പെടുത്തുന്നത്. അപ്പോഴാണ്, കേരളത്തിൽനിന്നും ‘ജാതിയൊക്കെ പോയപ്പാ’ എന്നു പറയുന്നവരുടെ ജാതി അന്വേഷിക്കേണ്ടി വരുന്നത്!

എം.എയും, എം.എഡും, എം.ഫിലും വിജയകരമായി പൂർത്തിയാക്കിയ വിപിൻ വിജയനെന്ന പ്രതിഭാശാലിയായൊരു വിദ്യാർഥിയെയാണ്, ബഹുമാന്യയായ വിജയകുമാരി ടീച്ചർക്കൊപ്പം ചേർന്ന് മുഖ്യധാരാ മാധ്യമങ്ങൾ ചുളുവിൽ പി.എച്ച്ഡി നേടാൻ നോക്കുന്ന വിവരംകെട്ടൊരു എസ്.എഫ്.ഐക്കാരൻ എന്ന ചാപ്പ കുത്തിയത്. എസ്.എഫ്.ഐ ആണെങ്കിൽ പിന്നെ ഒരന്വേഷണവും കൂടാതെ എന്ത് തെറിയും ആർക്കും വിളിക്കാമെന്ന, സ്വന്തം ന്യായമാണവർ പതിവുപോലെ നടപ്പിലാക്കിയത്. സംസ്കൃതമറിയാത്തവന് സംസ്കൃതത്തിൽ പി.എച്ച്ഡി നൽകുന്നു എന്ന സംഭ്രമജനകമായ വാർത്ത മാധ്യമങ്ങളിൽ കത്തിപ്പടർന്നു.

സംസ്കൃതത്തിലെ പി.എച്ച്ഡി പ്രബന്ധം ഇംഗ്ലീഷിലും സമർപ്പിക്കാമെന്നും സംസ്കൃതം നന്നായി പഠിച്ച ഒരാൾക്കും, അതൊരു പൊതു സംഭാഷണഭാഷയല്ലാത്തതിനാൽ, അതിൽ വേണ്ടവിധം സംസാരിക്കാൻ കഴിയണമെന്നില്ലെന്നുള്ളതും, സമർഥമായി മറച്ചുവെക്കപ്പെട്ടു. അത്തരമൊരു പശ്ചാത്തലത്തിലാണ്, പ്രശസ്ത സാംസ്കാരിക വിമർശകനും പ്രഭാഷകനും സംസ്കൃതപണ്ഡിതനുമായ ടി.എസ്. ശ്യാംകുമാറിന്റെ ജനായത്ത കേരളത്തെ ആവേശംകൊള്ളിച്ച, മേൽച്ചൊന്ന സംസ്കൃതവിഷയത്തിൽ ഒരു ധൈഷണിക സംവാദത്തിന് ഡോ. വിജയകുമാരി ടീച്ചർ സന്നദ്ധയാണോ എന്നചോദ്യം, ഏറെ പ്രസക്തമാവുന്നത്.

ഒരുപക്ഷേ കേരളത്തിലാദ്യമായിട്ടാവും ഒരു ‘അക്കാദമിക് പണ്ഡിത’ ഇത്തരമൊരു ചോദ്യത്തിനു മുന്നിൽ പതറിപ്പോവുന്നത്... മുമ്പ് സാർത്ര് ഫാനന്റെ പ്രശസ്തമായ, ‘ഭൂമിയിലെ നിന്ദിതർ’ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ, ഈ പുസ്തകം വായിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ എന്ന് ചോദിച്ചതിനെ അനുസ്മരിപ്പിക്കും വിധമാണ്, ടി.എസ്. ശ്യാംകുമാറിന്റെ ചോദ്യം കേരളത്തിലെ സവർണ കോട്ടകളെ കിടിലംകൊള്ളിക്കുംവിധം ഇടിനാദം കണക്കെ മുഴുങ്ങിക്കൊണ്ടിരിക്കുന്നത് സാർത്രിന്റെ ചോദ്യം പ്രതീകാത്മകമാണെങ്കിൽ ടി.എസ്. ശ്യാംകുമാറിന്റേത് അക്ഷരാർഥത്തിലും പ്രതീകാർഥത്തിലും പ്രസക്തമാണ്.

സംസ്കൃത ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി സംസ്കൃതഭാഷയിൽ ഡോ. വിജയകുമാരി ടീച്ചർ ഒരു ചോദ്യപരീക്ഷക്ക് തയാറുണ്ടോ? ചോദ്യങ്ങൾ പൂർണമായും സംസ്കൃതത്തിലായിരിക്കും. ഉത്തരം ടീച്ചർ സംസ്കൃതത്തിൽതന്നെ പറയണം. കേരളത്തിലെ മുഴുവൻ മാധ്യമങ്ങളുടെയും മുന്നിൽ ഞങ്ങൾ നടത്തുന്ന പരസ്യസംസ്കൃത ചോദ്യപരീക്ഷക്ക് വിജയകുമാരി ടീച്ചർ തയാറുണ്ടോ? ടി.എസ്. ശ്യാംകുമാറിന്റെ പ്രസക്തമായ ചോദ്യത്തോട് ടീച്ചറുടെ പ്രതികരണം എന്തായിരിക്കുമെന്നറിയാൻ, അക്കാദമിക്, അക്കാദമികേതര മനുഷ്യർക്ക് അവകാശമുണ്ട്.

താൻ സെക്കുലറാണെന്ന് ആത്മാർഥമായി കരുതുകയും ആവിധം ജീവിക്കുകയും ചെയ്ത മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ പ്രഫസർ എസ്. വേണുഗോപൻനായർ സെക്കുലറിസത്തിന് പരിക്കേൽപിക്കുന്ന തന്റെ ഉള്ളിലെ ജാതി കണ്ടെത്തുന്നത് വളരെ വൈകി മഞ്ചേരിയിലെ ഒരു മുസ്‍ലിം ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചപ്പോഴാണ്. തിരുവനന്തപുരത്തുനിന്ന് മഞ്ചേരി എൻ.എസ്.എസ് കോളജിൽ അധ്യാപകനായി വന്നപ്പോഴാണ് പ്രഫസർ മാംസക്കറിയും പച്ചക്കറിയും വിളമ്പുന്ന ഒരു ഹോട്ടലിൽ ആദ്യമായി കയറുന്നത്.

പച്ചക്കറിയനായ അദ്ദേഹം കഴിച്ച ഭക്ഷണം മുഴുവൻ ഛർദിച്ചു. അപ്പോഴാണ് സ്വന്തം ഉള്ളിലെ ജാതി എത്ര തീവ്രമാണെന്ന് അദ്ദേഹത്തിന് ബോധ്യമായത്. 2012 സെപ്റ്റംബറിലെ ഒരു മാതൃഭൂമി ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം സ്വയമറിയാതെ അതുവരെയും ചുമന്ന് നടന്നൊരു ജാതിപരിമിതി തിരിച്ചറിയുന്നതും തുറന്ന് പറയുന്നതും! ‘മിയാകൾപാ മിയാകൾപാ’ അഥവാ ‘എന്റെ കുറ്റം എന്റെ കുറ്റം’ എന്ന് പറയുന്നതിനു പകരം, ഹോട്ടലിലെ വൃത്തിക്കുറവാണ് എന്നെ വിമ്മിട്ടപ്പെടുത്തിയതെന്ന് അദ്ദേഹത്തിന് തട്ടിവിടാമായിരുന്നു.

പക്ഷേ അദ്ദേഹം അത് ചെയ്തില്ല. ആദരണീയയായ സംസ്കൃതം ടീച്ചർ എന്തുചെയ്യുമെന്നാണ് മലയാളി സമൂഹം പ്രതീക്ഷാപൂർവം കാത്തിരിക്കുന്നത്. കുറ്റപ്പെടുത്താനല്ല, ഒന്നോർക്കാൻ, ഒന്നോർമിപ്പിക്കാൻ വേണ്ടിമാത്രം, സഹോദരൻ അയ്യപ്പൻ മുമ്പെഴുതിയ, ‘ജാതിശിക്ഷാസംഗ്രഹം’ എന്ന, അന്നും ഇന്നും പ്രസക്തമായ കവിത, വായിക്കാത്തവർ അറിഞ്ഞ് വായിക്കാനും, വായിച്ചവർ ഒന്നുകൂടി അമർത്തി അനുഭവിച്ച് വായിക്കാനും, വേണ്ടിമാത്രം എടുത്തുചേർക്കുന്നു. ജാതിബോധശീലങ്ങൾ/ മാറുമ്പോൾ/ മനുഷ്യർ ആദ്യമായി/ മനുഷ്യരെ മനുഷ്യരായി കാണും/ ആരോഗ്യമാർന്നിടും/ നരന്റെ ഗുണദോഷങ്ങൾ/ മഹത്വഅൽപത്തരങ്ങളും/ അവന്റെ ജാതിനോക്കാതെ/ കണ്ടിട്ടും ജാതിപോയവർ/ എത്ര വിദ്യപഠിച്ചാലും/ എത്രബുദ്ധി വളർന്നാലും/ ജാതിപോകാതെ/ ആ സിദ്ധികൈവന്നീടില്ലൊരുത്തനും. ‘Learning to see another human being as a full person, rather than a thing, is not an automatic achievement (Dealer)’ അധ്യാപകരായാലും വിദ്യാർഥികളായാലും!

ഇന്നും അടിസ്ഥാന ജനവിഭാഗത്തിൽപെട്ട വിദ്യാർഥികളെ രണ്ടാംതരക്കാരായി കാണുന്ന അധ്യാപക കുലശ്രേഷ്ഠ സംസ്കൃതവിദ്വൽപ്രകാണ്ഡങ്ങളുടെ കുറ്റിയറ്റിട്ടില്ല. ഒരു മുഴുമനുഷ്യരായി സ്വന്തം വിദ്യാർഥികളെ കാണാനവർക്ക് കഴിയാത്തത് അവർ ഇപ്പോഴും കഴിഞ്ഞുകൂടുന്നത് ഒരു അടച്ചുപൂട്ടി ലോകത്തിലായതിനാലാണ്. അവരറിഞ്ഞാലും ഇല്ലെങ്കിലും അവരുടെ വിദ്യാർഥികളിൽ ഒരുപാടുപേർ ചിന്തയുടെ തുറന്ന ലോകങ്ങളിലേക്ക് പറന്ന് തുടങ്ങിയിരിക്കുന്നു. ‘താങ്കൾ എന്റെ സ്ഥാനത്തായിരുന്നെങ്കിൽ സ്കൂൾ ഫൈനൽ പരീക്ഷ പാസാകില്ലായിരുന്നു.

ഞാൻ താങ്കളുടെ സ്ഥാനത്തായിരുന്നെങ്കിൽ ഒരു നൊേബൽ സമ്മാന ജേതാവായേനെ. ഈ വ്യത്യാസം നമ്മൾ തമ്മിലുണ്ട്’, എന്ന് മലയാളത്തിന്റെ അഭിമാനമായ ഡോ. കെ.എൻ. രാജ് എന്ന സ്വന്തം ഗൈഡിനോട് എടുത്തടിക്കും വിധം പറഞ്ഞ, ജനപക്ഷ ഗവേഷകപ്രതിഭ ഡോ. എം. കുഞ്ഞാമന്റെ ഒട്ടേറെ കുട്ടികൾ, കരുത്തരായി കാമ്പസുകളിൽ പൊരുതി ഇടംപിടിച്ചിരിക്കുന്നുവെന്നുള്ളത് ജാതിമേൽക്കോയ്മാ ദുഷ്പ്രഭുകൂട്ടങ്ങൾ മറക്കാതിരുന്നാൽ, അത്രയും അവർക്ക് കൊള്ളാം.

സർവകലാശാലാ വിദ്യാഭ്യാസം സ്വന്തം ലക്ഷ്യം സാക്ഷാത്കരിക്കുന്നത്, വിവേകസ്നേഹവും (Love of Wisdom) സ്നേഹവിവേകവും (Wisdom of love) സർഗ്ഗാത്മകമായി സമന്വയിക്കപ്പെടുമ്പോളാണ്. അറിവിനെപ്പറ്റിയുള്ള അന്വേഷണത്തോടൊപ്പം വിദ്യാഭ്യാസത്തിൽ അഗാധമായ മനുഷ്യപ്പറ്റും അനിവാര്യമാണ്. ആ മനുഷ്യപ്പറ്റിനെയാണ്, സ്നേഹവഴിയുള്ള അറിവിനെയാണ്, ‘സ്നേഹവിജ്ഞാനം’ അല്ലെങ്കിൽ സ്നേഹവിവേകം എന്ന് വിളിക്കുന്നത്. അതില്ലാതായാൽ മറ്റെന്തുണ്ടായാലും മനുഷ്യത്വം പൂത്ത് സുഗന്ധം പരത്തില്ല. അതില്ലാതായാൽ ചേർത്തുപിടിക്കേണ്ടവർ തമ്മിൽ തമ്മിൽ തള്ളി വീഴ്ത്തും.

നാവിൽനിന്നും കവി പാടിയ ആ ‘നാനോജഗന്മനോരമ്യഭാഷ’ എങ്ങോ പോയിമറയും. അനുതാപവും (Empathy) എന്തിന് സഹതാപവും (Sympathy) ഇല്ലാതാവും. തൊഴിലിൽ വൈദഗ്ധ്യം നേടുമെങ്കിലും മനുഷ്യർ മരമുട്ടി കണക്ക് മരവിച്ചുപോകും. പ്രശസ്ത ചിന്തകനായ ഡോ. അപൂർവാനന്ദ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ വിചക്ഷണർ വ്യക്തമാക്കുംവിധം സർവകലാശാലകൾ പാഠശാലകൾ മാത്രമല്ല, പ്രിയകേന്ദ്രങ്ങൾകൂടിയാവണം.

വിദ്യാർഥികളെന്നപോലെ അധ്യാപകരും അന്വേഷകരാവണം. മനുഷ്യരെ ‘ജന്തുത’യിലേക്ക് ചുരുക്കുന്ന, ജാതിപൊളിക്കുന്ന സമരവേദികളായി സർവകലാശാലകൾ വളരണം. ഉയർന്ന പഠനത്തിനുവേണ്ടി മാത്രമല്ല, ബന്ധവിസ്തൃതിക്കുവേണ്ടികൂടിയാവണം ഒരു സർവകലാശാല നിലകൊള്ളേണ്ടത്.

‘ഒരു സർവകലാശാല നിലകൊള്ളുന്നത് മാനവികതക്കുവേണ്ടിയും, സഹിഷ്ണുതക്കു വേണ്ടിയും, ആശയങ്ങളുടെ സാഹസികതക്കുവേണ്ടിയും സത്യാന്വേഷണങ്ങൾക്കു വേണ്ടിയുമാണ്. കൂടുതൽ ഉയരത്തിലുള്ള ലക്ഷ്യങ്ങളിലേക്കുള്ള മനുഷ്യരാശിയുടെ മുന്നോട്ടുപോക്കിനുവേണ്ടിയാണ് അത് നിലകൊള്ളുന്നത്. സർവകലാശാലകൾ അവരുടെ കടമകൾ കൃത്യമായി നിർവഹിക്കുകയാണെങ്കിൽ, രാജ്യവും ജനതയും സംതൃപ്തരായിരിക്കും’ (നെഹ്റു).

Tags:    
News Summary - ken special story about caste,Humanity, tolerance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.