ഭക്ഷ്യകിറ്റ് നൽകിയാൽ മാറില്ല ദാരിദ്ര്യം

അതിദരിദ്രരെന്നു കണ്ടെത്തിയവരെ അവരുടെ അവസ്ഥയിൽനിന്ന് മുക്തരാക്കാൻ സ്വീകരിച്ച നടപടികൾ എല്ലാ കുടുംബങ്ങളിലും ഒരുപോലെ ആയിരുന്നില്ല. നാല് ഗ്രാമീണ കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിലോ പ്രധാൻമന്ത്രി ആവാസ് യോജ്ന (PMAY)യിലോ പെടുത്തിയും ഒരു കുടുംബത്തിന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹായത്തോടെയും വീടുകൾ നിർമിച്ചു നൽകിയതിനുപുറമെ മൂന്നു വീടുകളുടെ അറ്റകുറ്റപ്പണി ചെയ്യുന്നതിന് സഹായവും നൽകി. നഗര പ്രദേശത്താകട്ടെ, എട്ടു വീടുകൾക്ക് അറ്റകുറ്റ പ്പണിക്കുള്ള ധനസഹായമാണ് നൽകിയത്. ഭവനരഹിതരായ മൂന്നു നഗര കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ നിരക്കിൽ വാടക വീടുകൾ എടുത്തുനൽകി. പ്രസ്തുത വീടുകളുടെ വാടക കോർപറേഷൻ നേരിട്ട് വീട്ടുടമക്ക് നൽകുകയാണ്. ഇതിനുപുറമെ, നഗര പ്രദേശത്തെ ഒരു കുടുംബത്തിന് പെട്ടിക്കട തുടങ്ങുന്നതിന് അമ്പതിനായിരം രൂപയും അനുവദിച്ചു.

Also Read: ദരിദ്രരെ പുറത്താക്കിയ അതിതീവ്ര ദാരിദ്ര്യ നിർമാർജനം

എല്ലാ കുടുംബങ്ങളെയും ഉൾക്കൊള്ളിച്ച ഏകതാനമായ ഒരു നടപടി ഭക്ഷണകിറ്റുകൾ നൽകുക എന്നതായിരുന്നു. പ്രാദേശിക സർക്കാറുകൾ നൽകുന്ന ഇവ ഭൂരിപക്ഷം പഞ്ചായത്തുകളിലും അതതു മാസംതന്നെ നൽകുമ്പോൾ, ചിലയിടങ്ങളിൽ രണ്ടു മാസത്തിലൊരിക്കലും മറ്റു ചിലയിടങ്ങളിൽ മൂന്നു മാസത്തിലൊരിക്കലുമാണ് നൽകുന്നത്. നിരത്തുകളിൽ അലഞ്ഞുനടക്കുന്ന മാനസിക രോഗികളുടെ പേരിൽ വരെ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യപ്പെടുന്നു. ഏതെങ്കിലും ബന്ധുഗൃഹത്തിലാവും ഇവ നൽകുക. ഓരോ കിറ്റിലും അരി ഒഴികെയുള്ള സാധനങ്ങളാണുണ്ടാവുക. ഇവയാകട്ടെ ഓരോ മാസവും ഓരോ പ്രദേശത്തും വ്യത്യസ്തങ്ങളായിരിക്കും. ഓരോ കിറ്റിലുമുള്ള സാധനങ്ങളുടെ മൂല്യം അതത് പഞ്ചായത് സമിതിയാണ് നിശ്ചയിക്കുന്നത്.

ഓരോ പഞ്ചായത്തിലും ഇത് വ്യത്യസ്തമാണ്. ഒരംഗം മാത്രമുള്ള കുടുംബത്തിനുള്ള കിറ്റിന്റെ മൂല്യം 500 രൂപ മുതൽ 1200 രൂപ വരെയാണ്. രണ്ടംഗങ്ങൾ ഉള്ളിടത്താകട്ടെ ഇത് 700 രൂപ മുതൽ 1200 രൂപ വരെയാണ്. രണ്ടിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് ലഭിക്കുന്ന കിറ്റിന്റെ മൂല്യം പരമാവധി 1300 രൂപയാണ്. ഒരുവ്യക്തിക്ക് ഒരു മാസം ലഭിക്കുന്ന ഭക്ഷണക്കിറ്റിന്റെ ശരാശരി മൂല്യം ഗ്രാമ പ്രദേശത്തിൽ 387 രൂപ 27 പൈസയും നഗരപ്രദേശത്ത് 490 രൂപ 47 പൈസയുമാണ്. അഥവാ, ഒരു ദിവസം ഒരാളിന് ലഭിക്കുന്നത് ഗ്രാമങ്ങളിൽ 12 രൂപ 91 പൈസയുടേതും നഗര പ്രദേശങ്ങളിൽ 16 രൂപ 35 പൈസയുടെയും ഭക്ഷണം.

തീവ്ര ദാരിദ്ര്യ നിർമാർജനത്തിന് Extreme Poverty Eradication Project (EPEP) പ്രകാരം നൽകുന്ന ഏക ഉപഭോഗ പിന്തുണ ഭക്ഷണകിറ്റ് വിതരണം ആണെന്നിരിക്കെ, ഇത്രയും ചെറിയ ഒരു തുകക്കുള്ള ഭക്ഷണം അതിദാരിദ്ര്യം അനുഭവിക്കുന്ന ഒരാളിന്റെ ഉപഭോഗ വിടവ് (consumption gap) നികത്തുന്നതിന് പര്യാപ്തമാകുന്നില്ല. എല്ലാ അതിദരിദ്ര കുടുംബങ്ങൾക്കും മഞ്ഞ റേഷൻ കാർഡ് ലഭ്യമാക്കിയിട്ടുള്ളതുകൊണ്ട്, അന്ത്യോദയ പദ്ധതി (AAY) അനുസരിച്ച് സൗജന്യമായി ലഭിക്കുന്ന 35 കിലോ ധാന്യത്തിന് ദാരിദ്ര്യ രേഖക്ക് മുകളിലുള്ളവർക്ക് ലഭിക്കുന്ന റേഷൻ ധാന്യത്തിന്റെ വില കൽപിച്ചാൽ (imputed price) പോലും അതിതീവ്ര ദാരിദ്ര്യം അനുഭവിക്കുന്ന ഒരു വ്യക്തിയുടെ ഒരു ദിവസത്തെ ആകെ ഭക്ഷ്യ ഉപഭോഗം ഗ്രാമങ്ങളിൽ കേവലം 19 രൂപ 83 പൈസയും നഗര പ്രദേശത്ത് 23 രൂപ 61 പൈസയും മാത്രമാണ്. നഗരത്തെയും ഗ്രാമങ്ങളെയും സംയോജിപ്പിച്ചു കൊണ്ടുള്ള ഭക്ഷണ ചെലവാകട്ടെ 20 രൂപ 86 പൈസയും. ഇത് ദേശീയ ദാരിദ്ര്യ രേഖയേക്കാൾ വളരെ പിന്നിലാണെന്ന് മാത്രമല്ല, ലോകബാങ്ക് കണക്കാക്കിയിട്ടുള്ള തീവ്ര ദാരിദ്ര്യ മാനദണ്ഡത്തിന്റെ (3 :PPP) മൂന്നിൽ ഒന്ന് മാത്രമാണ്.

ഭക്ഷ്യകിറ്റുകളിലൂടെയോ താൽക്കാലികമായി നൽകുന്ന സാമ്പത്തിക സഹായങ്ങളിലൂടെയോ പരിഹരിക്കത്തക്കതല്ല അതിതീവ്രമായ ദാരിദ്ര്യം. അന്തസ്സോടെ ജീവിക്കാൻ പര്യാപ്തമായ ജീവന മാർഗങ്ങൾ ലഭ്യമാക്കുകയായിരിക്കും, കുറഞ്ഞ പക്ഷം ശാരീരികവും മാനസികവുമായി പൂർണമായ വെല്ലുവിളി നേരിടുന്നവർക്കൊഴിച്ചെങ്കിലും, ദാരിദ്ര്യത്തിൽ നിന്നുള്ള മോചനത്തിനുള്ള സുസ്ഥിര മാർഗം. ദരിദ്രരെ അടയാളപ്പെടു ത്തുന്നതിനും ദാരിദ്ര്യത്തിന്റെ മാനങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നതിനും കൂടുതൽ ഗൗരവതരമായ പഠനങ്ങൾ വരേണ്ടിയിരിക്കുന്നു. അക്കാദമിക് സമൂഹത്തെക്കൂടി വിശ്വാസത്തിലെടുത്തും ശാസ്ത്രീയ അടിത്തറയിലൂന്നിയുമാവണം അത്തരം പഠനങ്ങൾ.

(തിരുവനന്തപുരം സർക്കാർ വനിതാ കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവനായി വിരമിച്ച ലേഖകൻ,
സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ വിസിറ്റിങ് സ്കോളറും കണ്ണൂർ സർവകലാശാലയിലെ വിസിറ്റിങ് ഫാക്കൽറ്റിയുമായിരുന്നു).

(അവസാനിച്ചു)

Tags:    
News Summary - Providing food kits will not eliminate poverty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.