മാർച്ച് 17 ന്യൂഡൽഹി. 84ാമത് കോൺഗ്രസ് പ്ലീനറി സമ്മേളനവേദി. കാർഷിക പ്രമേയ അവതരണം. കർണാടക മുഖ്യമന്ത്രിയുടെ വായന–പ്രസംഗം. ശേഷം ചർച്ചയിൽ പങ്കെടുക്കുന്നവരുടെ പേരുകൾ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രഖ്യാപിക്കുന്നു.
എനിക്ക് അമ്പരപ്പ് ഉണ്ടായിരുന്നില്ല. തലേദിവസം ‘വാർ റൂമിൽ’ വെച്ച് പറഞ്ഞിരുന്നു. സാംപിേട്രാഡയും മുകുൾ വാസ്നിക്കും. ‘പ്രസംഗിക്കണം’. ഇംഗ്ലീഷ്–ഹിന്ദി ഭാഷയിൽ പ്രാവീണ്യമില്ലാത്ത ഞാനോ? സഭാകമ്പം ഇല്ലെങ്കിലും എന്തോ ഒന്ന് മനസ്സിൽ...
മാർച്ച് പതിനേഴിന് രാത്രി എ.ഐ.സി.സി ആസ്ഥാനത്ത് പുലർച്ചെ രണ്ടു മണി വരെ ഉറക്കമിളച്ചിരുന്നു. ഞാൻ മലയാളത്തിലെഴുതി. ജാമിഅ മില്ലിയ യൂനിവേഴ്സിറ്റിയിലെ കൊടുങ്ങല്ലൂർക്കാരനായ എെൻറ സഹോദരതുല്യൻ വിദ്യാർഥി ഹമീദ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി.
മലയാളം മാത്രം എഴുതുവാനും പറയുവാനും അറിയുന്ന ഞാൻ എ.ഐ.സി.സിസമ്മേളനത്തിൽ പ്രസംഗിക്കുകയോ? ദേശീയ നേതാക്കന്മാരുടെ മഹാസാന്നിധ്യത്തിൽ. എനിക്ക് അസ്വസ്ഥത ഇല്ലാതിരുന്നില്ല.
ഞാൻ പിറന്നത് കേരളത്തിലെ ഒരു കടലോര ഗ്രാമത്തിലാണ്. ഓലമേഞ്ഞ ഒരു കുടിലിൽ. ഒരു മീൻപിടിത്തക്കാരെൻറ മകൻ. എഴുത്തും വായനയും അറിയാത്ത കർഷക തൊഴിലാളിയായിരുന്ന, കൂലിപ്പണി ചെയ്തിരുന്ന ഒരമ്മയുടെ മകൻ. ദാരിദ്യ്രം, പട്ടിണി, ഡിഗ്രിപോലും പാസാകുവാനുള്ള ഭാഗ്യം ലഭിക്കാത്ത പശ്ചാത്തലം. കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ മണ്ണെണ്ണ വിളക്ക് അഭയം. മത–ജാതി–രാഷ്ട്രീയ പരിഗണനയില്ലാതെ കൂട്ടുകാരുടെ സ്നേഹം, പിന്തുണ, സഹായം. വിശപ്പ് മാറ്റാനും, വസ്ത്രം ധരിക്കാനും പുസ്തകം വാങ്ങാനും എല്ലാത്തിനും... എല്ലാത്തിനും.
രാഷ്ട്രീയം, വായന, സൗഹൃദം, സിനിമ, കവിത, പാട്ട്, പ്രസംഗം, കഥയെഴുത്ത്, യാത്ര എല്ലാ പോരായ്മകൾക്കിടയിലും ഇതിനൊന്നും കുറവ് വന്നിരുന്നില്ല. അമ്മയുടെ േപ്രാത്സാഹനം. അച്ഛെൻറ ആശങ്ക. ജീവിതം കണ്ടെത്താനുള്ള സ്നേഹം നിറഞ്ഞ ശാസന, ഉപദേശം.
എനിക്ക് അറിയാം; ഞാൻ എവിടെ നിന്നാണ് വരുന്നതെന്ന്. ഗവൺമെൻറ് മാപ്പിള എൽ.പി സ്കൂൾ, തളിക്കുളം ഗവ. ഹൈസ്കൂൾ, നാട്ടിക ശ്രീനാരായണ കോളജ് – ശേഷം തൃശൂർ ഡി.സി.സി ഓഫിസ് (രാഷ്ട്രീയ വിദ്യാലയം), കൂട്ടുകാരാവുന്ന സർവകലാശാല.
ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യമില്ല. സഹപ്രവർത്തകരെ പോലെ ഡിഗ്രിയും പത്രാസുമില്ല. സത്യമാണ്. പക്ഷേ, കഠിനാധ്വാനം, ത്യാഗത്തോടെയുള്ള സമർപ്പണം. സ്ഥിരോത്സാഹം – അങ്ങനെ ഇവിടെവരെയെത്തി. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിെൻറ വേദിയിൽ വരെ. എല്ലാവർക്കും സഹിക്കണമെന്നില്ല. പൊരുത്തപ്പെടുവാൻ കഴിയണമെന്നുമില്ല. അവർ പറയുന്ന, എഴുതുന്ന ഭാഷയൊന്നും എനിക്ക് അറിയില്ലല്ലോ. ശരിയാണ് – ഞാൻ എഴുതി വായിച്ചു. എെൻറ വായനക്ക് കരുത്ത് ഉണ്ടായിരിക്കില്ല. സ്പഷ്ടത തീരെ വന്ന് കാണില്ല. എെൻറ ഇംഗ്ലീഷ് ‘പണ്ഡിതേശ്രഷ്ഠന്മാർക്ക്’ മനസ്സിലാവണമെന്നില്ല. ഉറപ്പാണ്. എനിക്കറിയാം എെൻറ പരിമിതികൾ. പോരായ്മകൾ. നൂറ് ശതമാനം തിരിച്ചറിയാം.
പക്ഷേ, േപ്രാത്സാഹിപ്പിക്കുന്നതിന് പകരം പരിഹസിക്കുന്ന ചിലരെ ഞാൻ കണ്ടു. പൊട്ടിച്ചിരിക്കുന്ന മറ്റു ചിലരേയും കണ്ടു. അവരിൽ പലരും എെൻറ അടുത്തവരെന്ന് അഭിനയിക്കുന്നവർ. കെട്ടിപ്പിടിക്കുന്നവർ. സാധാരണക്കാരെൻറ ബന്ധുക്കൾ എന്ന് പറയുന്നവർ. കഷ്ടം, മഹാകഷ്ടം, ഇതാണ് നമ്മുടെ പല ‘മഹാന്മാരു’ടേയും മനസ്സ് എന്ന് തിരിച്ചറിയാൻ കഴിഞ്ഞു. നന്ദി. പരിഭവമില്ലാത്ത നന്ദി.
എന്നെ എ.ഐ.സി.സി വേദിയിലെത്തിച്ച രാഹുൽഗാന്ധിയോടും എെൻറ കുറവുകൾ തിരിച്ചറിഞ്ഞ് േപ്രാത്സാഹിപ്പിച്ച എ.കെ. ആൻറണിയോടും എന്ത് പറയണമെന്നറിയില്ല. ഹൃദയം മാത്രം നൽകാം. ഒരു പഴയ വായന ഓർമയിൽ വന്നു. ലൂയിസ് ഫിഷർ എഴുതിയ മഹാത്്മാഗാന്ധിയെക്കുറിച്ചുള്ള വായന. 1901ലെ കൽക്കട്ട എ.ഐ.സി.സി– ദക്ഷിണാഫ്രിക്കയിൽ നിന്നും മോഹൻദാസ് കരംചന്ദ് ഗാന്ധി പങ്കെടുക്കുന്നു. അദ്ദേഹം ഇന്ത്യയിൽ അന്ന് അത്ര പ്രശസ്തനായിരുന്നില്ല. ദക്ഷിണാഫ്രിക്കയെക്കുറിച്ച് ഒരു പ്രമേയം അവതരിപ്പിക്കുവാൻ അവസരം തരണമെന്ന് സംഘാടകരോട് ഗാന്ധി അഭ്യർഥിച്ചു. ആരും അത് ആദ്യം ചെവിക്കൊണ്ടില്ല. അവസാനം തെൻറ രാഷ്ട്രീയ ഗുരുവായി മാറിയ ഗോപാലകൃഷ്ണ ഗോഖലെ അദ്ദേഹത്തിന് അവസരം ഉണ്ടാക്കികൊടുത്തു. ഗാന്ധിജി പ്രമേയം എഴുതി വായിച്ചു. പലർക്കും അത് അത്ര മനസ്സിലായില്ല. വല്ലാതെ ശ്രദ്ധിച്ചുമില്ല. പക്ഷേ, ഗോപാലകൃഷ്ണ ഗോഖലെ അതിനെ പിന്താങ്ങി. ഏകകണ്ഠമായി അത് പാസായി. അങ്ങനെ ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗക്കാരുടെ, ഇന്ത്യൻ വംശജരുടെ ശബ്ദം എ.ഐ.സി.സിയിൽ വന്നു. പിന്നീട് മഹാത്്മാഗാന്ധി ആത്്മകഥയിൽ എഴുതി ‘‘കോൺഗ്രസിെൻറ അംഗീകാരം ഇന്ത്യയുടെ മുഴുവൻ അംഗീകാരമാണ്.’’
കോൺഗ്രസിെൻറ 84ാം പ്ലീനറി സമ്മേളനവേദിയിൽ പ്രസംഗിച്ച് ഇറങ്ങിവരുമ്പോൾ ഇരുകൈകളും പിടിച്ചു കുലുക്കി അഭിനന്ദിച്ചുകൊണ്ട് എ.കെ. ആൻറണി പറഞ്ഞു: ‘‘ആദ്യമായാണ് ദുർബലരായ ഈയൊരു ജനതയുടെ ശബ്ദം കോൺഗ്രസിെൻറ ദേശീയ സമ്മേളനവേദിയിൽ വരുന്നത്. ആദ്യമായി അവരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള ശബ്ദം. അഭിനന്ദനങ്ങൾ.’’ മതി, എനിക്ക് ഇത്ര മാത്രം മതി. ഇതാണ് എെൻറ സർവകലാശാല ബിരുദം. എെൻറ പിഎച്ച്.ഡി സർട്ടിഫിക്കറ്റ്.
മാർച്ച് 18ലെ സാമ്പത്തിക പ്രമേയ ചർച്ചകൾ കഴിഞ്ഞ് അവതാരകനായ മുൻ ധനമന്ത്രി പി. ചിദംബരം വേദിയിൽ വന്ന് പ്രമേയം പാസാക്കുന്നതിന് പ്രതിനിധികൾ കൈപൊക്കുവാൻ ആവശ്യപ്പെടുന്നതിന് മുമ്പ് പറഞ്ഞു. ‘‘പ്രമേയത്തിന് ഒരു ഭേദഗതിയുണ്ട്. കേരളത്തിൽ നിന്നുള്ള ഭേദഗതി. ടി.എൻ. പ്രതാപനാണ് എഴുതി തന്നിരിക്കുന്നത്. ഇന്ത്യയിലെ മത്സ്യത്തൊഴിലാളികളുടെ ഭാവിയെ സംബന്ധിച്ചുള്ളതാണ്. അവരുടെ ജീവിത പ്രയാസങ്ങളാണ്. സാമ്പത്തിക ദുരിതങ്ങളെകുറിച്ചാണ്. അത് അംഗീകരിക്കണം’’.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഡോ. മൻമോഹൻ സിങ്, എ.കെ. ആൻറണി, ഗുലാംനബി ആസാദ് ഉൾപ്പെടെയുള്ള ആയിരങ്ങൾ ഒന്നിച്ച് കൈ ഉയർത്തി. ഒരേയൊരു പ്രമേയ ഭേദഗതി. പലരും കളിയാക്കിയ, പരിഹസിച്ച ‘മലയാളം മാത്രം’ അറിയുന്ന ഒരു സാധാരണക്കാരനായ കേരളീയെൻറ ആശയങ്ങൾക്ക് ലഭിച്ച അംഗീകാരമായി ഇതിനെ കാണണം. നേരിയ അഭിമാനം. രണ്ടുദിവസത്തെ പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിച്ച മറ്റ് പ്രമേയങ്ങളിലൊന്നും ഒരു ഭേദഗതിയും ഉണ്ടായിരുന്നില്ല എന്നുകൂടി ഓർക്കുമ്പോഴാണ് ആത്്മവിശ്വാസം നൽകുന്ന ഈ അംഗീകാരം അഭിമാനമാകുന്നത്.
ക്ഷമിക്കുക, ഈ കുറിപ്പ് ആരുടെയെങ്കിലും മനസ്സിൽ സ്വയം തറച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.
‘‘വക്ത് ഹേ ബദലാവ് കാ’’ എന്നതിെൻറ മലയാളം: ‘‘മാറ്റത്തിനുള്ള സമയം ഇതാണ്.’’
എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിെൻറ മുദ്രാവാക്യം ഇതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.