സത്യത്തിനും ധർമത്തിനും വേണ്ടി സുസ്ഥിരമായി നിലകൊള്ളുന്ന മഹത്തായ സ്ഥാപനമാണ് സർവകലാശാല എന്ന ഉന്നത സങ്കല്പമൊക്കെ കടങ്കഥയായി പരിണമിക്കുന്ന കാലമാണിത്. അതി വിചിത്ര ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ കാലിക്കറ്റ് സർവകലാശാല എക്കാലത്തും മുന്നിൽതന്നെ. സർവകലാശാലയുടെ അന്തസ്സിന് കളങ്കം ചാർത്തുന്നതിലും നിയമന ക്രമക്കേടുകളിലും കുപ്രസിദ്ധി ആർജിച്ച സർവകലാശാല, നിലവിലുള്ള ചട്ടങ്ങൾ കാറ്റിൽപറത്തി, മാനദണ്ഡങ്ങൾ തിരുത്തിയെഴുതി, വിരമിച്ചവർക്ക് പ്രഫസർ പദവി വിളിച്ചുവരുത്തി നൽകാൻ ഉത്തരവിട്ടിരിക്കുന്നു. അവിശ്വസനീയം. അധ്യാപക കാലയളവ് കഴിഞ്ഞ് വിശ്രമ ജീവിതത്തിലേക്ക് കടന്ന അസോസിയേറ്റ് പ്രഫസർമാർ ഇന്ത്യയിൽ ആദ്യമായി ഒരു സർവകലാശാല പുറത്തിറക്കിയ അത്യുദാരമായ ഉത്തരവ് കണ്ടു ഞെട്ടിയിരിക്കണം.

2018ലെ യു.ജി.സി റെഗുലേഷൻ സെക്ഷൻ 6.3(5) പ്രകാരം സർവിസിൽ തുടരുന്നവരെ മാത്രമേ പ്രഫസർ പദവിയിലേക്ക് പരിഗണിക്കാൻ കഴിയൂ. യു.ജി.സി റഗുലേഷനിൽ ഇപ്രകാരം വ്യക്തമാക്കുന്നു " For the promotion under the CAS, the applicant teacher must be on the roll and in active service of the university or college on the date of the consideration of the selection committee (6.3(v),UGC regulation, 2018 ) അതായത്​ സ്​ഥാനക്കയറ്റത്തിന്​ പരിഗണിക്കപ്പെടണമെങ്കിൽ സർവകലാശാലയിലോ കോളജിലോ സജീവമായി ജോലിയിൽ ഏർ​െപ്പട്ടുവരുന്നവരാവണം അപേക്ഷകരായ അധ്യാപകർ.

എന്നാൽ, യു.ജി.സി റെഗുലേഷൻ പ്രകാരമുള്ള ഉത്തരവ് എന്ന മട്ടിലാണെങ്കിലും വ്യവസ്ഥകളെ അടിമുടി വളച്ചൊടിച്ച ഉത്തരവാണ് കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി 18 -1 - 22 ന് പുറത്തിറക്കിയിരിക്കുന്നത്. 2018 മുതൽതന്നെ അഫിലിയേറ്റഡ് കോളജുകളിൽ അർഹരായവർക്ക് പ്രഫസർ പദവി അനുവദിക്കാൻ വ്യവസ്ഥചെയ്യുന്ന ഉത്തരവ് യു.ജി.സി പുറപ്പെടുവിച്ചിരുന്നു.

എന്നാൽ, കേരളത്തിൽ അതിൻപ്രകാരം സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത് 20.2.2021-ൽ മാത്രമായിരുന്നു. സർവിസിൽ തുടരുന്ന അർഹതയുള്ള അധ്യാപകരെ അതിൻപ്രകാരം പരിഗണിക്കാൻ സ്ക്രീനിങ് കം സെലക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയാണ് വേണ്ടത്. എന്നാൽ, കാലിക്കറ്റ് സർവകലാശാല പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരിക്കുന്നത് Retired and relieved teachers of affiliated colleges whose professor placement due on or after 18-7-2018 may process the proposals from the college they were actively in roll on the CAS due date as per the qualification above ".എന്നാണല്ലോ.

യു.ജി.സി വ്യവസ്‌ഥയിൽ യൂനിവേഴ്സിറ്റി വരുത്തിയ നഗ്നമായായ കൃത്രിമത്വമാണിത്. സർവിസിൽ തുടരുന്ന അധ്യാപകരുടെ കാര്യത്തിൽ മുൻകാല പ്രാബല്യം നൽകുന്നതിൽ തെറ്റില്ല. എന്നാൽ, വിരമിച്ചവർക്കും സർവിസ് കാലാവധി കഴിഞ്ഞവർക്കും അത് ബാധകമല്ല എന്ന വ്യക്തമായ വ്യവസ്ഥയെ വളച്ചൊടിച്ചത് ആർക്കുവേണ്ടി എന്ന സുപ്രധാന ചോദ്യം ഉയരുന്നത് ഇവിടെയാണ്. നിശ്ചയമായും സങ്കുചിത രാഷ്ട്രീയ ബന്ധുജന നിയമനസാധ്യതയിലേക്ക് വിരൽചൂണ്ടുന്ന നടപടി.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു വളച്ചൊടിക്കപ്പെട്ട റെഗുലേഷൻ വ്യവസ്ഥകൾ പ്രകാരം തയാറാക്കിയ ഉത്തരവി​െൻറ ഗുണഭോക്താവായി വരുന്നുവെന്നതിലാണ് പ്രശ്നം രാഷ്ട്രീയ മാനം കൈവരിക്കുന്നത്. മന്ത്രി ബിന്ദു അസോസിയേറ്റ് പ്രഫസറായി വിരമിക്കുന്നത് 2021 മാർച്ച് മാസമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർഥിയാകാൻ വേണ്ടി സർവിസിൽനിന്ന് വിരമിച്ചില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ പ്രഫസർ പദവിയിലേക്ക് പരിഗണിക്കപ്പെടാൻ അവർക്ക് നിശ്ചയമായും യോഗ്യത നേടാമായിരുന്നു.

എന്നാൽ,വളന്ററി റിട്ടയർമെന്റ് സ്വീകരിച്ചതോടെ അസോസിയേറ്റ് പ്രഫസർ പദവി മാത്രമേ അവർക്ക് അവകാശപ്പെടാനാകൂവെന്നത് വ്യക്തം. അപ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനുവേണ്ടി പ്രഫസർ ബിന്ദു എന്ന് ഉപയോഗിച്ചത് വലിയ വിവാദമായി. സത്യം മാത്രം ബോധിപ്പിച്ച് ഭരണഘടനാനുസൃതമായി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യേണ്ട വേളയിൽ പ്രഫസർ ബിന്ദു എന്ന് തെറ്റായി പ്രയോഗിച്ചത് സുവ്യക്തമായ സത്യപ്രതിജ്ഞാലംഘനം ആയിരുന്നു. എന്തായാലും, അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഗവൺമെന്റ് ആ തെറ്റ് തിരുത്തി. എന്നാൽ, അസാധാരണ ഗസറ്റ് വിജ്ഞാപനത്തെ അത്യസാധാരണമായ മറ്റൊരു ഉത്തരവിലൂടെ മറികടക്കാൻ പൂഴിക്കടകൻ അടവാണ് കാലിക്കറ്റ് സർവകലാശാല നടത്തിയിരിക്കുന്നത്.

ഒരേസമയം യു.ജി.സി റെഗുലേഷനെയും അതിൻപ്രകാരം ഉത്തരവിറക്കിയ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിനെയും നോക്കുകുത്തിയാക്കി, എല്ലാ ചട്ടങ്ങളെയും പട്ടം പോലെ പറത്തുകയാണ് ഈ സർവകലാശാല. മന്ത്രിക്ക് വേണ്ടിയല്ല മേൽപറഞ്ഞ ഉത്തരവ് എന്ന് വേണമെങ്കിൽ സർവകലാശാലക്ക് വാദിക്കാം. അങ്ങനെയെങ്കിൽ മറ്റാർക്കുവേണ്ടി?. ഒന്നുമറിയാതെ വിരമിച്ചു പോയ അധ്യാപകർക്ക് വേണ്ടിയാണോ ഈ ശീർഷാസന പ്രകടനങ്ങൾ? പൊതുഖജനാവിൽനിന്ന് അധികമായി, അതിലേറെ അനാവശ്യമായി, അഞ്ചു കോടി രൂപയെങ്കിലും ചെലവഴിച്ചാൽ മാത്രമേ ഈ മുൻകാലപ്രാബല്യം സഫലമാക്കാൻ കഴിയൂ.

അപ്പോൾ വിരമിച്ചവർക്ക് അനർഹമായി കോടികളുടെ ആനുകൂല്യം നൽകാനല്ല എന്ന് വ്യക്തം. അവശേഷിക്കുന്നത് ഒരേയൊരു സാധ്യത മാത്രം. തെരഞ്ഞെടുപ്പു വേളയിൽ ആർ. ബിന്ദു ബാലറ്റ് പേപ്പറിൽ പ്രഫസർ എന്ന് രേഖപ്പെടുത്തിയതും ആ പദവി ഉപയോഗിച്ച് സത്യപ്രതിജ്ഞ ചെയ്തതും ഹൈകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതിനാൽ അതിനെ നേരിടാൻ ഏറ്റവും ഫലപ്രദമായ ആയുധമായിരിക്കും മുൻകാല പ്രാബല്യത്തിൽ വന്നുചേരുന്ന പ്രഫസർ പദവി എന്ന ചാണക്യ ഉപദേശം തന്നെയല്ലേ ഇതിന് പിന്നിൽ?.

അങ്ങനെയെങ്കിൽ അതിന്റെ അധാർമികതയെക്കുറിച്ച് മന്ത്രി സ്വയം ഒരുവേള പുനർവിചിന്തനം ചെയ്തു നോക്കുക. രാഷ്ട്രീയ കരുനീക്കങ്ങൾക്ക്‌ ചരട് വലിച്ചവരുടെ ധാർമികത നിൽക്കട്ടെ, അതിനെക്കാൾ എത്രയോ മടങ്ങ് പ്രധാനമാണ് ചട്ടങ്ങൾ മാറ്റിയെഴുതിയ സർവകലാശാലയുടെ വിശ്വാസ്യതക്കുമേൽ തീരാകളങ്കമാകാൻ പോകുന്ന ഈ ഉത്തരവിലെ അധാർമിക വരികൾ. ഇത് അവിശ്വസനീയമായ അട്ടിമറി ഉത്തരവുതന്നെ എന്ന് പറയാതെ വയ്യ.

(സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറിയാണ്​ ലേഖകൻ)

Tags:    
News Summary - The university where the rules fly like a kite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.